ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട ശതകം നേടി ശുഭ്മന്‍ ഗില്‍

ആദ്യ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായെങ്കിലും അതിന്റെ കോട്ടം രണ്ടാം ഇന്നിംഗ്സില്‍ നികത്തി ശുഭ്മന്‍ ഗില്‍. വിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ 5ാം വിക്കറ്റില്‍ 315 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഹനുമ വിഹാരിയോടൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ശുഭ്മന്‍ ഗില്‍ നടത്തിയിരിക്കുന്നത്. ഗില്‍ 204 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ഹനുമ വിഹാരി 118 റണ്‍സ് നേടിയാണ് ക്രീസില്‍ നിന്നിരുന്നത്. ഇരുവരുടെയും അപരാജിത കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 365/4 എന്ന സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ചേസ് ചെയ്ത വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 194 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 14/3 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷമാണ് 365 റണ്‍സിലേക്ക് എത്തിയത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് നേടിയിട്ടുണ്ട്.

വിജയത്തിനായി 336 റണ്‍സാണ് ടീം ഇനിയും നേടേണ്ടത്. 15 റണ്‍സുമായി മോന്റസിന്‍ ഹോഡ്ജും 20 റണ്‍സ് നേടി ജെറമി സോളാന്‍സോയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

Exit mobile version