“താൻ ആയിരുന്നു സെലക്ടർ എങ്കിലും ഗില്ലിനെ ആകും തിരഞ്ഞെടുക്കുക, എന്നെ ആയിരിക്കില്ല” – ധവാൻ

താൻ ഇന്ത്യൻ സെലക്ടർ ആയിരുന്നു എങ്കിൽ പോലും ഗില്ലിനെ ആകും ടീമിലേക്ക് തിരഞ്ഞെടുക്കുക എന്നും തന്നെ ആയിരിക്കില്ല തിരഞ്ഞെടുക്കുക എന്നും ഇന്ത്യൻ താരം ധവാൻ. ഗിൽ ഫോമിൽ ആയതോടെ ധവാന് ഇന്ത്യൻ ടീമിൽ അവസരം ഇല്ലാതായിട്ടുണ്ട്. ടെസ്റ്റിലും ടി20യിലും ഗിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും തന്നേക്കാൾ കൂടുതൽ മത്സരങ്ങൾ അന്താരാഷ്ട്ര സർക്യൂട്ടിൽ കളിക്കുന്നുണ്ടെന്നും ധവാൻ ഇന്നലെ ആജ് തക്കിനോട് പറഞ്ഞു.

താൻ ഇന്ത്യൻ ടീം സെലക്ടറായിരുന്നെങ്കിൽ തീർച്ചയായും ഗില്ലിനെ തനിക്കു പകരം തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ധവാൻ പറഞ്ഞു.

“ശുബ്മാൻ വളരെ നല്ലതായാണ് കളിക്കുന്നത്. അവൻ ടെസ്റ്റുകളിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം അന്താരാഷ്ട്ര സർക്യൂട്ടിൽ ഏറെ മത്സരങ്ങൾ കളിക്കുന്നു, എന്നേക്കാൾ കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ട്” ധവാൻ പറഞ്ഞു.

“ഞാൻ സെലക്ടറായിരുന്നെങ്കിൽ തീർച്ചയായും ശുഭ്മാന് അവസരം നൽകുമായിരുന്നു. ശിഖറിന് പകരം ശുഭ്മാനെ തിരഞ്ഞെടുക്കുമായിരുന്നു,” ധവാൻ പറഞ്ഞു.

“ഗിൽ ഉണ്ടാകുമ്പോൾ രാഹുൽ ആദ്യ ഇലവനിൽ പോലും ഉണ്ടാകരുത്”

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ് ഇന്ത്യൻ പ്ലേയിംഗ് ഇലവനെ കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു, പ്രത്യേകിച്ച് ഓപ്പണിംഗ് കൂട്ടുകെട്ട്, ശുഭ്മാൻ ഗിൽ ഉള്ളപ്പോൾ കെ എൽ രാഹുലിന് ലൈനപ്പിൽ വരാൻ അർഹതയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. “രാഹുൽ ടീമിൽ ഒരു സ്ഥാനത്തിന് പോലും അർഹനല്ല. ശുഭ്മാൻ ഗിൽ ഉള്ളപ്പോൾ ആദ്യ ഇലവനിൽ രാഹുൽ ഉണ്ടാകരുത്. ഇവിടെ ഒഴികഴിവില്ല. പക്ഷെ അദ്ദേഹത്തെ കളിപ്പിക്കാനാണ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. ലത്തീഫ് പറഞ്ഞു.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ രാഹുൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിന്റെ പരാമർശം, അതേസമയം ഗിൽ എല്ലാ ഫോർമാറ്റുകളിലും തകർപ്പൻ ഫോമിലാണ്. രോഹിത് ശർമ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ ഗില്ലിന് അവസരം നൽകണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്, ലത്തീഫും ഈ വികാരം പ്രകടിപ്പിച്ചു.

മൂന്നാം ടെസ്റ്റിൽ രാഹുലിന് പകരം ഗിൽ ആദ്യ ഇലവനിൽ എത്തും

മൂന്നാം ടെസ്റ്റിൽ കെ എൽ രാഹുൽ ഉണ്ടാകില്ല എന്ന് സൂചന. നല്ല ഫോമിൽ ഉള്ള ശുഭ്മാൻ ഗിൽ ഓപ്പണറായി എത്തും എന്ന് റിപ്പോർട്ടുകൾ വരുന്നു. കെ എൽ രാഹുലിന് ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാൻ ആയിരുന്നില്ല. രണ്ട് ടെസ്റ്റിൽ മാത്രമല്ല രാഹുൽ സമീപ കാലത്തായി ഫോമിലേ അല്ല. അതുകൊണ്ട് തന്നെ താരം ഏറെ വിമർശനങ്ങൾ നേരിടുന്നുമുണ്ട്. രാഹുലിന്റെ സാന്നിദ്ധ്യം കൊണ്ട് തന്നെ ഇന്ത്യക്ക് ഒരു ഇന്നിങ്സിലും നല്ല തുടക്കം ലഭിക്കുന്നുമില്ല.

ഗിൽ ആകട്ടെ സമീപകാലത്ത് മികച്ച ഫോമിൽ ആണ്. വൈറ്റ് ബോളിൽ ഇന്ത്യക്കായി ഗംഭീരമായി സ്കോർ ചെയ്യുന്ന ഗിൽ ടെസ്റ്റിലും ആ മികവ് തുടരും എന്നാണ് പ്രതീക്ഷ. മാർച്ച് 1ആം തീയതിയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ഇന്ത്യ ഇപ്പോൾ പരമ്പരയിൽ 2-0ന് മുന്നിലാണ്‌.

ഗിൽ ഒരു കില്ലാടി തന്നെ!!! ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ന്യൂസിലാണ്ടിനെിരെ അഹമ്മദാബാദിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ശുഭ്മന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും സൂര്യകുമാര്‍ യാദവും അടിച്ച് തകര്‍ത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 234/4 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.

ഇഷാന്‍ കിഷനെ തുടക്കത്തിൽ നഷ്ടമായ ശേഷം രാഹുല്‍ ത്രിപാഠി – ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ രണ്ടാം വിക്കറ്റിൽ 80 റൺസാണ് നേടിയത്. 22 പന്തിൽ 44 റൺസ് നേടിയ ത്രിപാഠിയെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. 4 ഫോറും 3 സിക്സുമായിരുന്നു ത്രിപാഠി നേടിയത്.

പകരം വന്ന സൂര്യകുമാര്‍ യാദവ് 13 പന്തിൽ 24 റൺസ് നേടിയപ്പോള്‍ ബ്ലെയര്‍ ടിക്നര്‍ ആണ് താരത്തെ പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ ഇന്ത്യ 38 റൺസാണ് നേടിയത്. പിന്നീട് ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

54 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഗിൽ 63 പന്തിൽ 126 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 17 പന്തിൽ 30 റൺസ് നേടി പുറത്തായി.

രോഹിതും ഗില്ലും നൽകിയ മിന്നും തുടക്കം!!! അവസാന ആടിതകര്‍ത്ത് ഹാര്‍ദ്ദിക്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ഒരു ഘട്ടത്തിൽ 400ന് മേലെ സ്കോറിലേക്ക് ഇന്ത്യ എത്തുമെന്ന് തോന്നിയെങ്കിലും വിക്കറ്റുകളുമായി തിരിച്ചുവരവ് നടത്തി ന്യൂസിലാണ്ട്. 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 385 റൺസാണ് ഇന്ന് നേടിയത്.

212 റൺസാണ് രോഹിത്തും ഗില്ലും ചേര്‍ന്ന് നേടിയത്. എന്നാൽ പിന്നീട് തുടരെ വിക്കറ്റുകളുമായി ന്യൂസിലാണ്ട് മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. രോഹിത് 101 റൺസും ശുഭ്മന്‍ ഗിൽ 112 റൺസും നേടിയപ്പോള്‍ വിരാട് കോഹ്‍ലി 36 റൺസ് നേടി പുറത്തായി.

അവസാന ഓവറുകളിൽ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കൂറ്റനടികളാണ് ഇന്ത്യയെ 385 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്.  38 പന്തിൽ നിന്ന് 54 റൺസാണ് ഹാര്‍ദ്ദിക് നേടിയത്.   ന്യൂസിലാണ്ടിനായി ബ്ലെയര്‍ ടിക്നറും ജേക്കബ് ഡഫിയും മൂന്ന് വീതം വിക്കറ്റ് നേടി.

ഗിൽ ഒരു മിനി രോഹിത് ശർമ്മ ആണെന്ന് റമീസ് രാജ

ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ രോഹിത് ശർമ്മയുടെ മിനി പതിപ്പ് പോലെയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റമീസ് രാജ. ശുഭ്മാൻ ഗിൽ ഒരു മിനി-രോഹിത് ശർമ്മയെപ്പോലെയാണ്. ഗില്ലിന് ഇനിയും ധാരാളം സമയമുണ്ട്. റമീസ് രാജ പറഞ്ഞു. ഗില്ലിന് മതിയായ കഴിവുണ്ട്. കാലക്രമേണ ആക്രമണാത്മകതയും ഗില്ലിൽ വികസിക്കും. അവൻ ഒന്നും മാറ്റേണ്ടതില്ല. രാജ പറയുന്നു. അടുത്തിടെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടിയത് അതിന് തെളിവാണെന്നും രാജ പറഞ്ഞു.

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി ഇന്ത്യൻ ക്യാപ്റ്റനെയും പ്രശംസിച്ചു. രോഹിത് ഹുക്ക്, പുൾ ഷോട്ടുകളുടെ അതിശയകരമായ സ്‌ട്രൈക്കറാണെന്ന് റമീസ് രാജ പറഞ്ഞു. രോഹിത് ശർമ്മയെപ്പോലെ മികച്ച ബാറ്റ്‌സ്മാൻ ഉള്ളതിനാൽ ഇന്ത്യക്ക് ബാറ്റിംഗ് എളുപ്പമാണെന്നും രാജ പറഞ്ഞു.

“ഓപ്പണർ ആരാകണം എന്ന ചർച്ചകൾ ഗിൽ അവസാനിപ്പിച്ചു”

ആരാണ് ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യേണ്ടത് എന്ന ചർച്ചകൾക്ക് ഗിൽ അവസാനം കുറിച്ചു എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്നലത്തെ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുക ആയിരുന്നു ചോപ്ര.

ഇഷാൻ കിഷന്റെ ഡബിൾ സെഞ്ചുറിക്ക് ശേഷം ഓപ്പണിൽ ആര് ഇറങ്ങണം എന്ന് ചില ചർച്ചകൾ നടന്നിരുന്നു, അതിന് മുമ്പ് ശിഖർ ധവാനെക്കുറിച്ചും ചില ചർച്ചകൾ നടന്നിരുന്നു. കെഎൽ രാഹുൽ ശരിയായ നമ്പറിൽ ആണോ ബാറ്റ് ചെയ്യുന്നത് എന്നും ചർച്ചകൾ നടന്നു. എന്നാൽ ശുഭ്മാൻ ഗിൽ ആണ് ഓപ്പൺ ചെയ്യേണ്ടത് ഇപ്പോൾ വളരെ വ്യക്തമായിരിക്കുകയാണ്. ചോപ്ര പറഞ്ഞു.

ഗിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ആദ്യം തന്നെ ഇറങ്ങേണ്ട താരമാണ്. കഴിഞ്ഞ ഒന്നര രണ്ട് മാസത്തിനിടെ ഇന്ത്യക്ക് രണ്ട് ഇരട്ട സെഞ്ചുറികൾ ലഭിച്ചു. 50 ഓവർ ഫോർമാറ്റാണ് ഗില്ലിന് ഏറ്റവും അനുയോജ്യമെന്നും മുൻ ക്രിക്കറ്റ് താരം ചോപ്ര പറഞ്ഞു, അവൻ ബാറ്റ് ചെയ്യുമ്പോഴെല്ലാം മനോഹരമായ രീതിയിലാണ് ബാറ്റു ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗില്ലാടി!!! ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട ശതകത്തിന്റെ ബലത്തിൽ ന്യൂസിലാണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ

ശുഭ്മന്‍ ഗില്ലിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാണ്ടിനെതിരെ 349 റൺസെന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. രോഹിത് ശര്‍മ്മ(34), സൂര്യകുമാര്‍ യാദവ്(31), ഹാര്‍ദ്ദിക് പാണ്ഡ്യ(28) എന്നിവരാണ് ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ശുഭ്മന്‍ ഗിൽ 145 പന്തിൽ തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണേ തുടരെ മൂന്ന് സിക്സുകള്‍ നേടിയാണ് താരം ഇരട്ട ശതകത്തിലേക്ക് എത്തിയത്. 19 ഫോറും 9 സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. താരം 149 പന്തിൽ 208 റൺസ് നേടി പുറത്തായി.

8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ നേടിയത്.

 

ഏറ്റവും വേഗത്തിൽ ആയിരം റൺസ്, ചരിത്രം കുറിച്ച് ഗിൽ

ഇന്ന് ന്യൂസിലൻഡിന് എതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ പുതിയ ഒരു റെക്കോർഡ് കുറിച്ചു. ഇന്ത്യക്ക് ആയി ഏറ്റവും വേഗത്തിൽ ആയിരം റൺസ് തികയ്ക്കുന്ന താരമായി ഗിൽ മാറി. വെറും 19 ഇന്നിങ്സിൽ നിന്ന് ആണ് ഗിൽ 1000 ഏകസിന റൺസിൽ എത്തിയത്. വിരാട് കോഹ്ലിയുടെ 24 ഇന്നിങ്സിൽ 1000 റൺസ് എന്ന റെക്കോർഡ് ആണ് ഗിൽ പഴങ്കഥ ആയത്. ഗിൽ ലോക ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ ആയിരം റൺസ് തികക്കുന്ന രണ്ടാം താരമായും ഗിൽ മാറി.

18 ഇന്നിങ്സിൽ നിന്ന് 1000 ഏകദിന റൺസ് നേടിയ ഫഖർ സമാൻ മാത്രമാണ് ഗില്ലിനെക്കാൾ വേഗത്തിൽ ഏകദിനത്തിൽ ആയിരം റൺസ് തികച്ചിട്ടുള്ളത്.

FASTEST TO 1000 ODI runs for India

19 : Shubman GILL
24 : Dhawan & V Kohli
25 : N Sidhu & S Iyer
27 : Kl Rahul
29 : MS Dhoni & Rayudu
30 : S Manjrekar

Fastest to Score 1000 ODI runs

18 Inngs – Fakhar Zaman
19 Inngs – Shubman Gill*
19 Inngs – Imam ul haq

കോഹ്‍‍ലിയുടെ 45ാം ഏകദിന ശതകം, രോഹിത്തും ഗില്ലും തിളങ്ങി, കരുത്ത് കാണിച്ച് ഇന്ത്യ

ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ കരുതുറ്റ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഗുവഹാത്തി ഏകദിനത്തിൽ 373 റൺസ് നേടി ഇന്ത്യ. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ സ്കോര്‍. വിരാട് കോഹ്‍ലി 87 പന്തിൽ 113 റൺസുമായി പുറത്തായപ്പോള്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും അര്‍ദ്ധ ശതകങ്ങള്‍ നേടി ഇന്ത്യയുടെ ബാറ്റിംഗിന് കരുത്തേകി. ശ്രീലങ്കയ്ക്കായി കസുന്‍ രജിത മൂന്ന് വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റിൽ ശുഭ്മന്‍ ഗിൽ – രോഹിത് കൂട്ടുകെട്ട് 19.4 ഓവറിൽ 143 റൺസാണ് നേടിയത്. 60 പന്തിൽ 70 റൺസ് നേടിയ ഗില്ലിനെ ഷനക പുറത്താക്കിയപ്പോള്‍ 67 പന്തിൽ 83 റൺസ് നേടിയ രോഹിത് ശര്‍മ്മയെ അരങ്ങേറ്റക്കാരന്‍ ദിൽഷന്‍ മധുഷങ്ക പുറത്താക്കി.

വിരാട് കോഹ്‍ലിയും ശ്രേയസ്സ് അയ്യരും 40 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും 28 റൺസ് നേടിയ അയ്യരെ ഇന്ത്യയ്ക്ക് നഷ്ടമായി.

ഗില്ലിനെ പോലൊരു താരത്തെ ഏറെ കാലം മാറ്റി നിര്‍ത്തുവാന്‍ കഴിയില്ല – മൊഹമ്മദ് കൈഫ്

ശുഭ്മന്‍ ഗില്ലിനെ വാനോളം പുകഴ്ത്തി മൊഹമ്മദ് കൈഫ്. ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിൽ തന്റെ കന്നി ടെസ്റ്റ് ശതകം ഗിൽ നേടിയിരുന്നു. ആദ്യ ടെസ്റ്റിൽ 188 റൺസിന്റെ മികച്ച വിജയം ആണ് ഇന്ത്യ നേടിയത്. 110 റൺസാണ് ശുഭ്മന്‍ ഗിൽ നേടിയത്.

രോഹിത് ശര്‍മ്മയുടെ പരിക്കാണ് ഗില്ലിന് അവസരമായി മാറിയത്. ചേതേശ്വര്‍ പുജാരയോടൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുവാന്‍ ഗില്ലിന് സാധിച്ചപ്പോള്‍ 513 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യന്‍ ടീം ബംഗ്ലാദേശിന് മുന്നിൽ വെച്ചത്.

ഇന്ത്യന്‍ ടീമിൽ നിന്ന് ഏറെക്കാലം ഗില്ലിനെ മാറ്റി നിര്‍ത്തുവാന്‍ സാധിക്കുകയില്ലെന്നാണ് കൈഫ് പ്രതികരിച്ചത്. താരം ഇത്തരം ഇന്നിംഗ്സുകള്‍ പുറത്തെടുക്കുമ്പോള്‍ ഇന്ത്യയ്ക്ക് എത്ര കാലം താരത്തെ പ്ലേയിംഗ് കോമ്പിനേഷനുകളിൽ നിന്ന് മാറ്റി നിര്‍ത്താനാകുമെന്നും കൈഫ് ചോദിച്ചു.

രോഹിത് തിരിച്ചു വരുമ്പോള്‍ ഗില്ലിന് സ്ഥാനത്തിനായി കെഎൽ രാഹുലിനെയോ ശ്രേയസ്സ് അയ്യരെയോ പുറത്തിരുത്തേണ്ടി വന്നാലും ഗില്ലിന് അവസരം കൊടുക്കണമെന്നാണ് താന്‍ പറയുന്നതെന്നും കൈഫ് കൂട്ടിചേര്‍ത്തു.

ഗില്ലിനും പുജാരയ്ക്കും ശതകം, 258/2 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, ബംഗ്ലാദേശിന് ജയിക്കുവാന്‍ 513 റൺസ്

ചട്ടോഗ്രാമിൽ 513 റൺസ് വിജയലക്ഷ്യം നൽകി ഇന്ത്യ. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഇന്ത്യ 258/2 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുമ്പോള്‍ മത്സരത്തിൽ 512 റൺസ് ലീഡായിരുന്നു ഇന്ത്യയുടെ കൈവശം.

ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്. ഗിൽ 110 റൺസ് നേടി പുറത്തായപ്പോള്‍ പുജാര 102 റൺസുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്‍ലി 19 റൺസുമായി ക്രീസിലുണ്ടായിരുന്നു.

Exit mobile version