മുംബൈയ്ക്കെതിരെ 284 റണ്‍സ് നേടി സൗരാഷ്ട്ര

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 284 റണ്‍സ് നേടി സൗരാഷ്ട്ര. മുംബൈയ്ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍. 71 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ സമര്‍ത്ഥ് വ്യാസും 38 പന്തില്‍ 53 റണ്‍സ് നേടിയ ചിരാഗ് ഗനിയും ആണ് അവസാന ഓവറുകളില്‍ സൗരാഷ്ട്രയെ മുന്നോട്ട് നയിച്ചത്.

വിശ്വരാജ്സിന്‍ഹ് ജഡേജ 53 റണ്‍സും സ്നെല്‍ പട്ടേല്‍ 30 റണ്‍സും നേടിയപ്പോള്‍ അവി ബാരോത് 37 റണ്‍സ് നേടി. മുംബൈയ്ക്കായി ഷംസ് മുലാനി 2 വിക്കറ്റ് നേടി.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ നയിക്കുക ജയ്ദേവ് ഉനഡ്കട്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ നയിക്കുക ജയ്ദേവ് ഉനഡ്കട് എന്നറിയിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ സെലക്ഷന്‍ കമ്മിറ്റി ഇന്ന് സൗരാഷ്ട്രയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള സ്ക്വാഡിനെയും പ്രഖ്യാപിച്ചു.

ജനുവരി 10 മുതലാണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുക. എലൈറ്റ് ഗ്രൂപ്പ് ഡി യിലാണ് സൗരാഷ്ട്ര. ഇന്‍ഡോറില്‍ നടക്കുന്ന മത്സരങ്ങളില്‍ സൗരാഷ്ട്ര രാജസ്ഥാന്‍, മധ്യ പ്രദേശ്, ഗോവ, വിദര്‍ഭ, സര്‍വ്വീസസ് എന്നിവരെ നേരിടും. നിലവിലെ ര‍‍‍ഞ്ജി ട്രോഫി ജേതാക്കള്‍ കൂടിയാണ് സൗരാഷ്ട്ര.

സൗരാഷ്ട്ര സ്ക്വാഡ്: Jaydev Unadkat (ക്യാപ്റ്റന്‍), Chirag Jani, Dharmendrasinh Jadeja, Avi Barot, Harvik Desai, Arpit Vasavada, Samarth Vyas, Vishwarajsinh Jadeja, Chetan Sakariya, Prerak Mankad, Divyarajsinh Chauhan, Vandit Jivrajani, Parth Bhut, Agnivesh Ayachi, Kunal Karamchandani, Yuvraj Chudasama, Himalay Barad, Kushang Patel, Parth Chauhan and Devang Karamta.

സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍

ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. കോവിഡ് കാരണം നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ തന്നെ ക്രിക്കറ്റ് ഇതുവരെ കേരളത്തില്‍ പുനരാരംഭിച്ചിട്ടില്ലെന്നും പരിശീലനമോ പ്രീ സീസണ്‍ തയ്യാറെടുപ്പുകളോ ഇല്ലാതെ ടീം സജ്ജമാക്കുക പ്രയാസകരമാണെന്നാണ് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ബിസിസിഐയോട് അറിയിച്ചത്.

ഡിസംബര്‍ 20ന് സംസ്ഥാന ടീമിനെ ഈ ടൂര്‍ണ്ണമെന്റിന് തയ്യാറാക്കുക പ്രയാസമാണെന്നും ഏതൊരു സാഹചര്യത്തിലും അത് സാധ്യമാകില്ലെന്നും ടൂര്‍ണ്ണമെന്റ് ജനുവരി 2021ല്‍ നടത്തുകയാവും അഭികാമ്യമെന്നും കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ വ്യക്തമാക്കി.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷനും സമാനമായ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 2021 ജനുവരിയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നതാണ് നല്ലതെന്നും അത് സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ടീമുകളെ സജ്ജമാക്കുവാന്‍ സാധ്യമാക്കുമെന്നും ബിസിസിഐയ്ക്ക് അയയ്ച്ച കത്തില്‍ സൗരാഷ്ട്ര അറിയിച്ചു

സൗരാഷ്ട്രയോട് വിട, ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി പുതുച്ചേരിയില്‍

സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്ന ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി മുതല്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിക്കുമെന്നുള്ള പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 809 റണ്‍സാണ് താരം നേടിത്. സൗരാഷ്ട്രയുടെ രഞ്ജി കിരീട നേട്ടത്തില്‍ മുഖ്യ പങ്കുവഹിച്ചതും താരമായിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കളിച്ചിട്ടുള്ളയാളാണ് ജാക്സണ്‍.

76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5634 റണ്‍സാണ് ഷെല്‍ഡണ്‍ ജാക്സണ്‍ നേടിയിട്ടുള്ളത്. 19 ശതകങ്ങളും 27 അര്‍ദ്ധ ശതകങ്ങളും താരം നേടിയിട്ടുണ്ട്. പുതുച്ചേരിയ്ക്ക് വേണ്ടി തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിജയം നേടുവാനാകാതെ കേരളം

സൗരാഷ്ട്രയ്ക്കെതിരെ വിനൂ മങ്കഡ് ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് കേരളത്തിന് 167/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ കഴിയുന്നത്ര പൊരുതി നോക്കി സൗരാഷ്ട്രയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഒടുവില്‍ 4 വിക്കറ്റ് ജയം സ്വന്തമാക്കി സൗരാഷ്ട്ര. ചെറിയ ലക്ഷ്യം 33 ഓവറിലാണ് സൗരാഷ്ട്ര മറികടന്നത്. 37 റണ്‍സ് നേടിയ ഓപ്പണര്‍ പ്രശാം തപന്‍ രാജ്ദേവും 56 റണ്‍സ് നേടിയ ഭാഗ്യരാജ്സിംഗ് ചുഡാസാമയും ചേര്‍ന്നാണ് സൗരാഷ്ട്രയുടെ വിജയം ഉറപ്പാക്കിയത്. ഹെത്വിക് സിറ്റാന്‍ഷുവും(20) സിദ്ധാന്ത് ജയ്ദേവ്സിംഗ് റാണയും(17) നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

കേരളത്തിനായി കിരണ്‍ സാഗര്‍ മൂന്നും ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ രണ്ടും വിക്കറ്റ് നേടി.

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് ബാറ്റിംഗ് ദുഷ്കരം തന്നെ, തിളങ്ങിയത് വരുണ്‍ ദീപക് നായനാര്‍ മാത്രം

വിനൂ മങ്കഡ് ട്രോഫിയില്‍ കേരളത്തിന് വീണ്ടും മോശം ബാറ്റിംഗ് പ്രകടനം. സൗരാഷ്ട്രയ്ക്കെതിരെ ഇന്നത്തെ മത്സരത്തില്‍ കേരളത്തിന് 50 ഓവറില്‍ നിന്ന് 167/6 എന്ന സ്കോര്‍ മാത്രമാണ് നേടാനായത്. 69 റണ്‍സ് നേടിയ വരുണ്‍ ദീപക് നായനാര്‍ മാത്രമാണ് കേരള നിരയില്‍ തിളങ്ങിയത്. ഷൗന്‍ ആന്റണി റോജര്‍ 39 റണ്‍സും നേടി. നീരജ് സെല്‍വന്‍ 22 റണ്‍സും നേടി. സൗരാഷ്ട്രയ്ക്ക് വേണ്ടി ആദിത്യസിന്‍ഹ ഹനുബ ജഡേജ മൂന്ന് വിക്കറ്റ് നേടി.

മുന്‍ മത്സരങ്ങളിലും കേരളത്തിന് ബാറ്റിംഗ് മികവ് നേടാനായിരുന്നില്ല. ഹിമാച്ചലിനെതിരെ ബൗളിംഗ് കരുത്തില്‍ കേരളം വിജയം കുറിയ്ക്കുകയായിരുന്നു.

ചേതേശ്വര്‍ പുജാരയ്ക്ക് ഗ്രേഡ് എ+ കരാര്‍ നല്‍കാത്തതില്‍ നിരാശ

ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര പരമ്പര വിജയത്തില്‍ ഇന്ത്യന്‍ നിരയില്‍ മിന്നി തിളങ്ങിയ താരമാണ് ചേതേശ്വര്‍ പുജാര. എന്നാല്‍ താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ താരത്തിനു കേന്ദ്ര കരാര്‍ നല്‍കിയപ്പോള്‍ ഗ്രേഡ് എ കരാര്‍ മാത്രമാണ് നല്‍കിയത്. എന്നാല്‍ ഇത് പോരെന്നും ഗ്രേഡ് എ+ കരാറിനു താരം അര്‍ഹമാണെന്നുമുള്ള ചര്‍ച്ച കൊഴുക്കുമ്പോളാണ് മുന്‍ ബിസിസി സെക്രട്ടറി നിരഞ്ജന്‍ ഷാ ഈ തീരുമാനം നിരാശയുളവാക്കുന്നതെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുജാര കളിക്കുന്ന സൗരാഷ്ട്രയുടെ മുന്‍ സെക്രട്ടറി കൂടിയായ നിരഞ്ജന്‍ ഷാ പറയുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ അവഗണിക്കുന്ന സമീപനമാണ് സിഒഎ കൈക്കൊണ്ടിരിക്കുന്നത് എന്നാണ്. പുജാര എ+ കരാര്‍ അര്‍ഹിക്കുന്നുവെന്നും സിഒഎ ക്രിക്കറ്റിനെ നശിപ്പിക്കുവാനാണോ മുതിരുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നും നിരഞ്ജന്‍ ഷാ അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയയില്‍ മറ്റു താരങ്ങളാരും 350ല്‍ അധികം റണ്‍സ് നേടാതിരുന്നപ്പോള്‍ പുജാര മാത്രം 521 റണ്‍സാണ് മൂന്ന് ശതകം ഉള്‍പ്പെടെ നേടിയത്. ഈ പ്രകടനം ഒന്ന് തന്നെ പുജാരയ്ക്ക് എ+ കരാര്‍ നല്‍കുവാന്‍ പോന്നതാണെന്നാണ് നിരഞ്ജന്‍ ഷായുടെ അഭിപ്രായം. എന്നാല്‍ ഈ വാദങ്ങളില്‍ കഴമ്പില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

മൂന്ന് ഫോര്‍മാറ്റുകളിലും കളിയ്ക്കുന്ന താരങ്ങള്‍ക്ക് മാത്രമോ അല്ലെങ്കില്‍ ആദ്യ പത്ത് റാങ്കിലോ ഉള്ളവര്‍ക്ക് മാത്രമാണ് ഈ കരാര്‍ നല്‍കുന്നതെന്നുമാണ് ബിസിസിഐ അധികാരികളുടെ വിശദീകരണം. രോഹിത് ശര്‍മ്മ പരിമിത ഓവര്‍ക്രിക്കറ്റില്‍ സജീവമാണെങ്കിലും താരം ടെസ്റ്റില്‍ സ്ഥിരം സാന്നിദ്ധ്യമല്ല. പക്ഷേ ഏകദിനത്തില്‍ ആദ്യ പത്ത് റാങ്കിലുള്ള താരം അതിനാല്‍ തന്നെ എ+ ഗ്രേഡ് കരാര്‍ ലഭിക്കുവാന്‍ അര്‍ഹനാണെന്നാണ് ബിസിസിഐയുടെ വിശദീകരണം. കോഹ്‍ലിയും ജസ്പ്രീത് ബുംറയുമാണ് രോഹിത് ശര്‍മ്മ കഴിഞ്ഞാല്‍ ഗ്രേഡ് എ+ കരാര്‍ ഉള്ള താരങ്ങള്‍.

ടി20യിലും താന്‍ മോശകാരനല്ലെന്ന് തെളിയിച്ച് പുജാര, 61 പന്തില്‍ 100*

ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം വന്‍ മതിലാണെങ്കിലും ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ ഈ സൂപ്പര്‍ താരത്തെ പരിഗണിക്കാറില്ല എന്നതാണ് സത്യാവസ്ഥ. ഐപിഎലിലെ ഇന്ത്യന്‍ ദേശീയ ടീമിലോ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ കാര്യമായ ഇടം നേടുവാന്‍ സാധിക്കാത്ത താരം തനിക്ക് ലഭിച്ച അവസരങ്ങള്‍ എന്നാല്‍ കൃത്യമായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റില്‍ റെയില്‍വേയ്ക്കെതിരെ ശതകം നേടിയാണ് താരം ഈ വര്‍ഷത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയത്.

റെയില്‍വേസിനെതിരെ 3 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി സൗരാഷ്ട്രയ്ക്കായി പുജാര 61 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. റോബി 46 റണ്‍സും ദേശായി 34 റണ്‍സും നേടി പുജാരയ്ക്ക് മികച്ച പിന്തുണ നല്‍കി.

14 ബൗണ്ടറിയും ഒരു സിക്സും അടക്കമായിരുന്നു പുജാരയുടെ ഇന്നിംഗ്സ്. സൗരാഷട്രയ്ക്കായി ടി20യില്‍ ആദ്യമായി ശതകം നേടുന്ന താരമാണ് ചേതേശ്വര്‍ പുജാര.

ബേസില്‍ തമ്പിയ്ക്ക് നാല് വിക്കറ്റ്, 46 റണ്‍സിനു സൗരാഷ്ട്രയെ പരാജയപ്പെടുത്തി കേരളം

316/7 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം സൗരാഷ്ട്രയെ 270 റണ്‍സിനു എറിഞ്ഞിട്ട കേരളത്തിനു 46 റണ്‍സ് വിജയം. ഇന്ന് വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ-ബി മത്സരത്തിലാണ് സൗരാഷ്ട്രയെ കേരളം കീഴടക്കിയത്. കേരളത്തിന്റെ നാലാം ജയമാണിത്. ബേസില്‍ തമ്പിയുടെ നാല് വിക്കറ്റ് നേട്ടത്തിനൊപ്പം അക്ഷയ് കെസി നേടിയ മൂന്ന് വിക്കറ്റുകള്‍ കൂടി ചേര്‍ന്നപ്പോളാണ് കേരളത്തിനു മികച്ച വിജയം സാധിച്ചത്.

66 റണ്‍സ് നേടിയ ചിരാഗ് ജാനിയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. സിദ്ധാര്‍ത്ഥ് വ്യാസ് 91 റണ്‍സുമായി അവസാന വിക്കറ്റായി പുറത്തായി. അവസാന ഓവറുകളില്‍ സമര്‍ത്ഥ് വ്യാസ് തകര്‍ത്തടിച്ചുവെങ്കിലും ലക്ഷ്യം ഏറെ വലുതായതിനാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ താരത്തിനായില്ല. 8 ബൗണ്ടറിയും 5 സിക്സും ഉള്‍പ്പെടെയായിരുന്നു വ്യാസിന്റെ ഇന്നിംഗ്സ്. പത്താം വിക്കറ്റില്‍ വ്യാസിന്റെ മികവില്‍ സൗരാഷ്ട്ര 77 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ സച്ചിന്‍ ബേബിയാണ് വ്യാസിനെ പുറത്താക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബി(93), വിഷ്ണു വിനോദ്(62), വിഎ ജഗദീഷ്(41), അരുണ്‍ കാര്‍ത്തിക്(38*) എന്നിവരുടെ മികവില്‍ 316 റണ്‍സാണ് 50 ഓവറില്‍ നിന്ന് നേടിയത്.

കൂറ്റന്‍ സ്കോര്‍ നേടി കേരളം, സച്ചിന്‍ ബേബിയ്ക്ക് 93 റണ്‍സ്

സച്ചിന്‍ ബേബിയ്ക്കും വിഷ്ണു വിനോദിനുമൊപ്പം അരുണ്‍ കാര്‍ത്തിക്ക്(38*), വിഎ ജഗദീഷ്(41), സഞ്ജു സാംസണ്‍(30), ജലജ് സക്സേന(33) എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ പടുകൂറ്റന്‍ സ്കോര്‍ നേടി കേരളം. സൗരാഷ്ട്രയ്ക്കെതിരെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ശേഷം കേരളം മികച്ച തുടക്കമാണ് നേടിയത്. വിഷ്ണു വിനോദ് തന്റെ സ്വതസിദ്ധ ശൈലിയിലല്ലെങ്കിലും 62 റണ്‍സ് നേടിയപ്പോള്‍ സച്ചിന്‍ ബേബിയുടെ വെടിക്കെട്ടാണ് കേരളത്തിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 316 റണ്‍സാണ് കേരളം നേടിയത്.

38 റണ്‍സ് നേടിയ അരു‍ണ്‍ കാര്‍ത്തിക്ക് വെറും 14 പന്തുകളാണ് നേരിട്ടത്. മൂന്ന് വിക്കറ്റുമായി ജയ് ചൗഹാനും രണ്ട് വിക്കറ്റ് നേടിയ യുവരാജ് ചാഡുസാമയുമാണ് സൗരാഷ്ട്രയുടെ പ്രധാന വിക്കറ്റ് നേട്ടക്കാര്‍.

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്. സൗരാഷ്ട്രം റോബിന്‍ ഉത്തപ്പയുടെയും(97) ഷെല്‍ഡണ്‍ ജാക്സണിന്റെയും(107) മികവില്‍ 303/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 73 റണ്‍സ് വഴങ്ങിയ ശിവം മാവി ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റ് സ്വന്തമാക്കി.

ഉത്തര്‍ പ്രദേശ് 278 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗരാഷ്ട്ര 25 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി. ഉത്തര്‍ പ്രദേശ് നായകന്‍ സുരേഷ് റെയ്‍നയ്ക്ക് 22 റണ്‍സ് മാത്രമേ നേടാനായുള്ളു. ആകാഷ്ദീപ് നാഥ് 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

ശക്തരായ സൗരാഷ്ട്രയെ മറികടന്ന് ജമ്മു കാശ്മീര്‍

വിജയ് ഹസാരെ ട്രോഫിയില്‍ ശക്തരായ സൗരാഷ്ട്രയെ മറികടന്ന് വിജയം സ്വന്തമാക്കി ജമ്മു കാശ്മീര്‍. റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, ജയ്ദേവ് ഉനഡ്കട് തുടങ്ങിയ മികച്ച താരങ്ങളെ അണിനിരത്തിയിട്ടും ജമ്മുവിനെതിരെ ജയം നേടാനാകാതെ സൗരാഷ്ട്ര മടങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട് 267/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ഒരോവര്‍ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി ജമ്മു 6 വിക്കറ്റ് ജയം സ്വന്തമാക്കി.

85* റണ്‍സ് നേടിയ അര്‍പിത് വാസവഡയാണ് ടീമിന്റെ ടോപ് സ്കോറര്‍ പുജാര(27), ഉത്തപ്പ(20), ജഡേജ(13) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ ആറാം വിക്കറ്റില്‍ ആര്‍പിതിനൊപ്പമെത്തിയ പ്രേരക് മങ്കഡ്(67) ആണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്. കൂട്ടുകെട്ട് 134 റണ്‍സാണ് നേടിയത്.

തിരിച്ച് ജമ്മു നായകന്‍ പര്‍വേസ് റസൂല്‍(67*) ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അഹമ്മദ് ബാന്‍ഡി(65), ശുഭം പുന്ദിര്‍(55) എന്നിവരോടൊപ്പം 30 റണ്‍സ് വീതം നേടി ബന്‍ദീപ് സിംഗും ജതിന്‍ വാദ്വനും തിളങ്ങി. 6 പന്ത് ശേഷിക്കെയാണ് ജമ്മു കാശ്മീര്‍ വിജയം സ്വന്തമാക്കിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി കമലേഷ് മക്വാന മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version