മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറെ പരിശീലകനായി എത്തിച്ച് പുതുച്ചേരി

മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഷോൺ ടൈറ്റിനെ ബൗളിംഗ് പരിശീലകനായി നിയമിച്ച് പുതുച്ചേരി. ദിശാന്ത് യാഗ്നിക് ആണ് നിലവിൽ പുതുച്ചേരി ടീമിന്റെ പരിശീലകൻ. നേരത്തെ അഞ്ച് മാസത്തേക്ക് ഷോൺ ടൈറ്റിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചിരുന്നു.

എന്നാൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമുമാമായി ബന്ധപ്പെട്ട് കിടക്കുന്ന അനിശ്ചിതാവസ്ഥയെ തുടർന്നാണ് ടൈറ്റ് പുതുച്ചേരി പരിശീലകനാവാൻ സമ്മതം മൂളിയത്. ഈ മാസം ടൈറ്റ് പുതുച്ചേരി ടീമിനൊപ്പം ചേരുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനൊപ്പം ടൈറ്റിന് ചേരേണ്ടി വന്നാൽ അവിടെത്തെ കാലാവധി കഴിഞ്ഞതിന് ശേഷമാവും ടൈറ്റ് പുതുച്ചേരി ടീമിനൊപ്പം ചേരുക.

മുംബൈയ്ക്ക് വീണ്ടും നാണക്കേട്, പുതുച്ചേരിയോട് 94 റണ്‍സിന് പുറത്ത്, ശാന്ത മൂര്‍ത്തിയ്ക്ക് അഞ്ച് വിക്കറ്റ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ തോല്‍വികള്‍ നേരിടുന്ന മുംബൈയ്ക്ക് ഇന്ന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. പുതുച്ചേരിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 94 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19 ഓവറിലാണ് ടീം ഓള്‍ഔട്ട് ആയത്.

ശാന്ത മൂര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് മുംബൈയുടെ നടുവൊടിച്ചത്. ശിവം ഡുബേ 28 റണ്‍സുമായി മുംബൈയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആകാശ് പാര്‍ക്കര്‍ 20 റണ്‍സ് നേടി പുറത്താകാതെ നിന്നു.

പുതുച്ചേരിയ്ക്ക് വേണ്ടി അരവിന്ദരാജ് രണ്ട് വിക്കറ്റ് നേടി.

കേരളത്തിന്റെ റെക്കോര്‍ഡ് മറികടന്ന് പുതുച്ചേരി

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വലിയ സ്കോര്‍ ചേസ് ചെയ്ത വിജയിച്ച റെക്കോര്‍ഡ് കേരളത്തില്‍ നിന്ന് തട്ടിയെടുത്ത് പുതുച്ചേരി. ഇന്ന് ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തില്‍ 227 റണ്‍സ് ചേസ് ചെയ്ത് പുതുച്ചേരി വിജയത്തോടെയാണ് ഈ റെക്കോര്‍ഡ് അവര്‍ സ്വന്തമാക്കിയത്. ഉച്ചയ്ക്ക് നടന്ന മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെ കേരളം 213 റണ്‍സ് ചേസ് ചെയ്തിരുന്നു.

മത്സരത്തില്‍ 29 സിക്സുകളാണ് പുതുച്ചേരിയും ആന്ധ്രയും കൂടി നേടിയത്. ആന്ധ്ര 15 സിക്സും പുതുച്ചേരി 14 സിക്സുമാണ് മത്സരത്തില്‍ നേടിയത്. കേരളവും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ നിന്ന് 28 സിക്സുകളാണ് പിറന്നത്. കേരളം 16 സിക്സും ഡല്‍ഹി 12 സിക്സും നേടി.

ആന്ധ്ര 226 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടിയതെങ്കില്‍ പുതുച്ചേരി 19.2 ഓവറില്‍ 228 റണ്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. ഷെല്‍ഡണ്‍ ജാക്സണ്‍ 50 പന്തില്‍ നിന്ന് 106 റണ്‍സും പരസ് ഡോഗ്ര 18 പന്തില്‍ നിന്ന് 51 റണ്‍സും നേടിയാണ് ആന്ധ്രയുടെ വിജയത്തിന് കാരണമായത്.

നേരത്തെ ആന്ധ്രയ്ക്ക് വേണ്ടി അശ്വിന്‍ ഹെബ്ബാര്‍(45), ശ്രീകര്‍ ഭരത്(62), അമ്പാട്ടി റായിഡു(62*), പ്രശാന്ത് കുമാര്‍(32) എന്നിവര്‍ തിളങ്ങി.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിയ്ക്കെതിരെ വിജയവുമായി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. ഇന്ന് മുംബൈയില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ഇ മത്സരത്തില്‍ ടോസ് നേടിയ പുതുച്ചേരി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടിയപ്പോള്‍ കേരളം ലക്ഷ്യം 18.2 ഓവറില്‍ മറികടന്നു.

കേരളത്തിനായി ജലജ് സക്സേന മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഏറെ കാലത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്തിന് ഒരു വിക്കറ്റ് ലഭിച്ചു. 4 ഓവറില്‍ 29 റണ്‍സാണ് മുന്‍ ഇന്ത്യന്‍ താരം വഴങ്ങിയത്. കെഎം ആസിഫിനും ഒരു വിക്കറ്റ് ലഭിച്ചു. പുതുച്ചേരി നിരയില്‍ പുറത്താകാതെ 33 റണ്‍സ് നേടിയ ആസിത് ആണ് ടോപ് സ്കോറര്‍. പികെ ഡോഗ്ര 26 റണ്‍സ് നേടി. താമരൈകണ്ണന്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സാഗര്‍ ത്രിവേദി 14 റണ്‍സ് നേടി.

കേരളത്തിനായി സഞ്ജു സാംസണ്‍ ആണ് ടോപ് സ്കോറര്‍. 32 റണ്‍സ് നേടുവാന്‍ സഞ്ജുവിനായപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 18 പന്തില്‍ 30 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ 12 പന്തില്‍ 21 റണ്‍സ് നേടി. ഉത്തപ്പയും അസ്ഹറുദ്ദീനും ചേര്‍ന്ന് കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. 4.3 ഓവറില്‍ 52 റണ്‍സ് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തത് അസ്ഹറുദ്ദീനെ പുറത്താക്കി സാഗര്‍ ആയിരുന്നു. അടുത്ത ഓവറില്‍ തന്നെ റോബിന്‍ ഉത്തപ്പയെയും കേരളത്തിന് നഷ്ടമായെങ്കിലും സച്ചിന്‍ ബേബിയും(18) സഞ്ജുവും ചേര്‍ന്ന് 53 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി കേരളത്തെ വിജയത്തിനോടടുത്തെത്തിച്ചു.

റോബിന്റെയും സച്ചിന്റെയും സഞ്ജുവിന്റെയും വിക്കറ്റ് വീഴ്ത്തിയത് ആസിത് ആയിരുന്നു. അതിന് ശേഷം സല്‍മാന്‍ നിസാറും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിസാര്‍ 20 റണ്‍സും വിഷ്ണു വിനോദ് 11 റണ്‍സും നേടിയാണ് കേരളത്തിന്റെ വിജയം ഉറപ്പാക്കിയത്.

സയ്യദ് മുഷ്താഖ് അലി ട്രോഫി, കേരളത്തിന്റെ ആദ്യ മത്സരം നാളെ പുതുച്ചേരിയ്ക്കെതിരെ

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരളം നാളെ ഇറങ്ങുന്നു. പുതുച്ചേരിയ്ക്കെതിരെ ആണ് കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഇയിലെ മത്സരം നാളെ രാത്രി ഏഴ് മണിയ്ക്ക് വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കും. സഞ്ജു സാംസണ്‍ നയിക്കുന്ന കേരള ടീമില്‍ ശ്രീശാന്തിന്റെ മടങ്ങി വരവുണ്ടെന്നതിനാല്‍ തന്നെ ഏറെ പ്രസക്തിയുള്ള മത്സരമാണ് നാളത്തേത്.

മുംബൈ, ഡല്‍ഹി, ആന്ധ്ര, ഹരിയാന, പുതുച്ചേരി എന്നിവരാണ് കേരളത്തിനെ കൂടാതെ എലൈറ്റ് ഗ്രൂപ്പ് ഇ യിലെ അംഗങ്ങള്‍.

സൗരാഷ്ട്രയോട് വിട, ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി പുതുച്ചേരിയില്‍

സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്ന ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി മുതല്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിക്കുമെന്നുള്ള പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 809 റണ്‍സാണ് താരം നേടിത്. സൗരാഷ്ട്രയുടെ രഞ്ജി കിരീട നേട്ടത്തില്‍ മുഖ്യ പങ്കുവഹിച്ചതും താരമായിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കളിച്ചിട്ടുള്ളയാളാണ് ജാക്സണ്‍.

76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5634 റണ്‍സാണ് ഷെല്‍ഡണ്‍ ജാക്സണ്‍ നേടിയിട്ടുള്ളത്. 19 ശതകങ്ങളും 27 അര്‍ദ്ധ ശതകങ്ങളും താരം നേടിയിട്ടുണ്ട്. പുതുച്ചേരിയ്ക്ക് വേണ്ടി തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

പുതുച്ചേരിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്

പുതുച്ചേരിയ്ക്ക് വേണ്ടി രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്. ഇന്ന് മണിപ്പൂരിനെതിരെ പത്ത് വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിപ്പോള്‍ ആദ്യ ഇന്നിംഗ്സിലായിരുന്നു റൈഫിയുടെ മികച്ച പ്രകടനം. തന്റെ പന്ത്രണ്ടോവറില്‍ റൈഫി 4 വിക്കറ്റാണ് വീഴ്ത്തിയത്. ഒപ്പം പങ്കജ് സിംഗും നാല് വിക്കറ്റ് വീഴ്ത്തിയതോടെ മണിപ്പൂര്‍ 132 റണ്‍സിനു ഓള്‍ഔട്ട് ആയി.

238 റണ്‍സാണ് പുതുച്ചേരി തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ നേടിയത്. റൈഫി പൂജ്യത്തിനു പുറത്തായപ്പോള്‍ സായി കാര്‍ത്തിക്(55), സൈജു ടൈറ്റസ്(42), വിഗ്നേശ്വരന്‍ മാരിമുത്തു(37) എന്നിവര്‍ക്കൊപ്പം ഫാബിദ് അഹമ്മദ് 41 റണ്‍സ് നേടി തിളങ്ങി. തോക്ചോം കിഷന്‍ നാല് വിക്കറ്റും ബിശ്വോര്‍ജിത്ത് കോന്‍തൗജം മൂന്നും വിക്കറ്റ് നേടി മണിപ്പൂര്‍ നിരയില്‍ തിളങ്ങി.

രണ്ടാം ഇന്നിംഗ്സില്‍ മണിപ്പൂര്‍ 118 റണ്‍സിനു ഓള്‍ഔട്ട് ആയി. 52 റണ്‍സ് നേടിയ യശ്പാല്‍ സിംഗ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. പങ്കജ് സിംഗ് രണ്ടാം ഇന്നിംഗ്സിലും മൂന്ന് വിക്കറ്റ് നേടി തിളങ്ങി. റൈഫിയ്ക്കും ഫാബിദ് അഹമ്മദിനും ഓരോ വിക്കറ്റ് ലഭിച്ചു.

ലക്ഷ്യമായ 13 റണ്‍സ് 1.1 ഓവറില്‍ നേടി പുതുച്ചേരി 10 വിക്കറ്റ് വിജയം നേടി.

റൈഫി വിന്‍സെന്റ് ഗോമസ് പുതുച്ചേരിയുടെ അതിഥി താരം

കേരളത്തിന്റെ മുന്‍ താരവും നായകനുമായിരുന്നു റൈഫി വിന്‍സെന്റ് ഗോമസ് പതുച്ചേരിയുടെ അതിഥി താരമായി കളിയ്ക്കും. ടീമിന്റെ മുഖ്യ സെലക്ടറായിരുന്നു റെയ്ഫി കുറച്ച് കാലം മുമ്പ് വരെ. മലയാളി താരങ്ങളായ ഫാബിദ് അഹമ്മദ്, നിലേഷ് സുരേന്ദ്രന്‍, ഇഖ്ലാസ് നാഹ, അബ്ദുള്‍ സഫര്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ പുതുച്ചേരിയ്ക്ക് വേണ്ടി കളിയ്ക്കുന്നുണ്ട്.

ഇതില്‍ ഫാബിദും നിഖിലേഷും കേരളത്തിനു വേണ്ടി രഞ്ജി കളിച്ചിട്ടുള്ള താരങ്ങളാണ്. മറ്റു രണ്ട് താരങ്ങള്‍ ജൂനിയര്‍ ക്രിക്കറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫാബിദും റൈഫിയുമെല്ലാം കേരളത്തിന്റെ നിലവിലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ക്യാപ്റ്റന്‍സിയ്ക്കെതിരെ കത്ത് നല്‍കിയ താരങ്ങളില്‍ പെടുന്നവരാണ്.

പങ്കജ് സിംഗ്, അഭിഷേക് നയ്യാര്‍, പരസ് ഡോഗ്ര എന്നിവരും ടീമിലെ അതിഥി താരങ്ങളാണ്.

നിഖിലേഷ് സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ട് പുതുച്ചേരി താരങ്ങളുടെ രജസിട്രേഷന്‍ റദ്ദാക്കി ബിസിസിഐ

യോഗ്യത മാനദണ്ഡങ്ങള്‍ തെറ്റായി കാണിച്ചുവെന്നാരോപിച്ച് പുതുച്ചേരിയുടെ എട്ട് താരങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി ബിസിസിഐ. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തരാഖണ്ഡിനെ നേരിടാനൊരുങ്ങുന്ന ടീമിനു ഈ നീക്കം തിരിച്ചടിയായിട്ടുണ്ട്. എട്ട് താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതുതായി ബിസിസിഐയില്‍ അംഗത്വം നേടിയ പുതുച്ചേരി ഇന്ന് മത്സരത്തിനിറങ്ങിയത്.

പുതുച്ചേരി അതിഥി താരങ്ങളായി കൊണ്ടുവന്ന താരങ്ങളുടെ എണ്ണം അധികമായിയെന്നാണ് പുറത്ത് വരുന്ന ഒരു കാരണം. ബിസിസിഐ ഇത് 3 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിലധികം താരങ്ങള്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിച്ചുവെന്നാണ് അറിയുന്നത്. മലയാളി താരം നിഖിലേഷ് സുരേന്ദ്രനും രജിസട്രേഷന്‍ റദ്ദാക്കപ്പെട്ട താരങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന് അറിയുന്നു.

ഇത് കൂടാതെ താരങ്ങളുടെ വിദ്യാഭ്യാസ അല്ലെങ്കില്‍ തൊഴില്‍ രേഖകളും ഒരു മാസത്തില്‍ താഴെ മാത്രമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് 2018 മുതല്‍ മാത്രം പുതുച്ചേരിയില്‍ താമസിക്കുന്നതോ പഠിക്കുന്നതോ ആയ താരങ്ങള്‍ക്ക് അവര്‍ക്കായി കളിക്കാനാകില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഇത്.

അഭിഷേക് നയ്യാരെ സമീപിച്ച് പുതുച്ചേരി

പുതിയ സീസണില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പുതുച്ചേരിയ്ക്കായി കളിക്കാനാകുമോയെന്ന് അഭിഷേക് നയ്യാരോട് ആവശ്യപ്പെട്ട് പുതുച്ചേരി ക്രിക്കറ്റ് അസോസ്സിയേഷന്‍. മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നയ്യാര്‍ കഴിഞ്ഞ സീസണില്‍ മുംബൈയ്ക്ക് വേണ്ടിയാണ് കളിച്ചത്. മുംബൈയ്ക്ക് വേണ്ടി 5 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലാണ് താരത്തിന്റെ സേവനം കഴിഞ്ഞ സീസണിലുണ്ടായത്.

ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് പുതുച്ചേരി സെക്രട്ടറിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. തനിക്ക് ഇത്തരത്തിലൊരു അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനം താന്‍ എടുത്തിട്ടില്ലെന്നാണ് അഭിഷേക് പറഞ്ഞത്. അരങ്ങേറ്റ സീസണില്‍ ടീമില്‍ അഭിഷേകിനെ പോലൊരാളുണ്ടെങ്കില്‍ അത് ടീമിനു ഏറെ ഗുണം ചെയ്യുമെന്നാണ് അസോസ്സിയേഷന്‍ ഭാരവാഹികളുടെ അഭിപ്രായം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version