പെരുമാറ്റ ചട്ട ലംഘനം സാം കറനെതിരെ പിഴ!!!

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ പെരുമാറ്റ ചട്ട ലംഘനത്തിന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെതിരെ പിഴ ചുമത്തി. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയാണ് ചുമത്തിയിരിക്കുന്നത്.

മത്സരത്തിന്റെ 28ാം ഓവറിൽ ടെംബ ബാവുമയെ പുറത്താക്കിയ ശേഷം താരത്തിന്റെ വളരെ അടുത്ത് ചെന്ന് പ്രകോപനപരമായ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് താരത്തിനെതിരെയുള്ള ശിക്ഷ വിധിക്കുവാന്‍ കാരണം ആയത്.

പിഴയ്ക്ക് പുറമെ താരത്തിനെതിരെ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. കഴി‍ഞ്ഞ 24 മാസ കാലയളവിൽ താരത്തിന്റെ ഇത്തരത്തിലുള്ള ആദ്യ പെരുമാറ്റ ചട്ട ലംഘനം ആണ് ഇത്.

സാം കറന്‍ പഞ്ചാബിനെ വലിയ നേട്ടങ്ങളിലേക്ക് നയിക്കും – സുരേഷ് റെയ്‍ന

സാം കറന്‍ പഞ്ചാബ് കിംഗ്സിനെ ഇത്തവണത്തെ ഐപിഎൽ സീസണിൽ ടോപ് 4 സ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്ന.
കഴിഞ്ഞ സീസണിൽ ഐപിഎലില്‍ താരം പങ്കെടുത്തിട്ടില്ലെങ്കിലും വലിയ വില നൽകിയാണ് പഞ്ചാബ് കിംഗ്സ് താരത്തെ സ്വന്തമാക്കിയത്. 18.5 കോടി രൂപയ്ക്കാണ് സാം കറനെ പഞ്ചാബ് കിംഗ്സ് ഇത്തവണത്തെ ലേലത്തിൽ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമായിരുന്നു സാം കറന്‍. സാം കറന്‍ 2019ൽ പ‍ഞ്ചാബിന് വേണ്ടി കളിച്ചാണ് ഐപിഎൽ കരിയര്‍ ആരംഭിച്ചത്. പിന്നീട് 2020, 21 സീസണുകളിൽ ചെന്നൈയ്ക്കായി താരം കളിച്ചു.

പഞ്ചാബിനെ പ്ലേ ഓഫിലേക്ക് എത്തിക്കുവാന്‍ സാം കറന്റെ വരവ് സഹായിക്കുമെന്നാണ് സുരേഷ് റെയ്ന അഭിപ്രായപ്പെട്ടത്.

ഫൈനലിലെ താരം ബെന്‍ സ്റ്റോക്സ് ആണ് – സാം കറന്‍

ടി20 ലോകകപ്പ് ഫൈനലിലെ താരമായി സാം കറനെ തന്റെ മികച്ച ബൗളിംഗ് സ്പെല്ലിന്റെ പേരിൽ തിരഞ്ഞെടുത്തുവെങ്കിലും താന്‍ ആ അവാര്‍ഡ് നൽകുക ബെന്‍ സ്റ്റോക്സിനെന്ന് പറഞ്ഞ് സാം കറന്‍. ബെന്‍ സ്റ്റോക്സ് പുറത്താകാതെ നിന്ന് 52 റൺസ് നേടിയാണ് പാക്കിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ചേസിംഗിനെ മുന്നോട്ട് നയിച്ചത്.

താന്‍ ഉറ്റുനോക്കുന്ന ഒരു താരമാണ് ബെന്‍ സ്റ്റോക്സ് എന്നും തനിക്കല്ല സ്റ്റോക്സിന്റെ ഫൈനലിലെ ഫിഫ്റ്റിയ്ക്കായിരുന്നു പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിയ്ക്കേണ്ടിയിരുന്നതെന്നും സാം കറന്‍ വ്യക്തമാക്കി.

കളിയിലെ താരം മാത്രമല്ല, ലോകകപ്പിലെ താരവും സാം കറന്‍

പാക്കിസ്ഥാനെ 137/8 എന്ന സ്കോറിലൊതുക്കിയ ഇംഗ്ലണ്ട് നിരയിൽ മിന്നും പ്രകടനം പുറത്തെടുത്തത് സാം കറന്‍ ആയിരുന്നു. തന്റെ നാലോവറിൽ വെറും 12 റൺസ് മാത്രം വിട്ട് നൽകി താരം 3 വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് റിസ്വാന്‍, ഷാന്‍ മസൂദ്, മൊഹമ്മദ് നവാസ് എന്നിവരുടെ വിക്കറ്റുകള്‍ ആണ് താരം വീഴ്ത്തിയത്.

ഈ പ്രകടനം താരത്തിന് ഫൈനലിലെ താരം നേട്ടം നേടിക്കൊടുത്തപ്പോള്‍ ടി20 ലോകകപ്പിലെ താരമായും സാം കറനെയാണ് തിരഞ്ഞെടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരു സ്പെഷ്യലിസ്റ്റ് ബൗളര്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്നത്.

പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്, സാം കറന് മൂന്ന് വിക്കറ്റ്, ലോക ചാമ്പ്യനാകുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 138 റൺസ്

ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 137/8 എന്ന സ്കോറിൽ പിടിച്ചുകെട്ട് ഇംഗ്ലണ്ട്. സാം കറന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ആദിൽ റഷീദും ക്രിസ് ജോര്‍ദ്ദനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ പാക് നിരയിൽ 38 റൺസ് നേടിയ ഷാന്‍ മസൂദ് ആണ് ടോപ് സ്കോറര്‍. സാം കറന്‍ തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 12 റൺസ് വിട്ട് നൽകിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്.

29 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ പാക് ഓപ്പണിംഗ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 15 റൺസ് നേടിയ മൊഹമ്മദ് റിസ്വാനെ ആണ് താരം മടക്കിയയച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണ് നേടിയത്.

പവര്‍പ്ലേ കഴിഞ്ഞ് അധികം വൈകാതെ ഹാരിസിനെ(8) ആദിൽ റഷീദ് പുറത്താക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 68/2 എന്ന നിലയിലായിരന്നു. ലിയാം ലിവിംഗ്സ്റ്റൺ എറിഞ്ഞ 11ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും നേടി ഷാന്‍ മസൂദ് പാക്കിസ്ഥാന് ഏറെ ആശ്വാസമായി റൺ റേറ്റ് ഉയര്‍ത്തുകയായിരുന്നു. ആ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്.

എന്നാൽ തൊട്ടടുത്ത ഓവറിൽ ബാബര്‍ അസമിനെ പുറത്താക്കി ആദിൽ റഷീദ് തന്റെ രണ്ടാമത്തെ വിക്കറ്റ് സ്വന്തമാക്കി. 39 റൺസുമായി ബാബര്‍ അസമും ഷാന്‍ മസൂദും ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ 32 റൺസ് നേടിയാണ് ബാബര്‍ പുറത്തായത്. തൊട്ടടുത്ത ഓവറിൽ ഇഫ്തിക്കര്‍ അഹമ്മദിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ നാലാം വിക്കറ്റും നഷ്ടമായി. 84/2 എന്ന നിലയിൽ നിന്ന് 85/4 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ തകരുകയായിരുന്നു.

അവിടെ നിന്ന് അഞ്ചാം വിക്കറ്റിൽ ഷാന്‍ മസൂദും ഷദബ് ഖാനും ചേര്‍ന്ന് നേടിയ 36 റൺസാണ് ടീം സ്കോര്‍ 120 കടത്തിയത്. 38 റൺസ് നേടിയ ഷാന്‍ മസൂദിനെ സാം കറനും 20 റൺസ് നേടിയ ഷദബ് ഖാനെ ക്രിസ് ജോര്‍ദ്ദനും അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തി പാക് പ്രതീക്ഷകളെ തകര്‍ക്കുകയായിരുന്നു.

തന്റെ അവസാന ഓവറിൽ മൊഹമ്മദ് നവാസിനെ പുറത്താക്കി സാം കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. ഇംഗ്ലണ്ട് പാക്കിസ്ഥാനെ 20 ഓവറിൽ 137/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു.

ഓള്‍റൗണ്ട് പ്രകടനവുമായി സാം കറന്‍, സറേ ഒന്നാം സ്ഥാനത്ത്

ടി20 ബ്ലാസ്റ്റിൽ സാം കറന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ സൗത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് സാം കറന്‍. സറേയുടെ ഇന്നലത്തെ ഹാംഷയറിനെതിരെയുള്ള വിജയത്തിൽ സാം കറന്റെ തിളക്കമാര്‍ന്ന പ്രകടനം ആണ് ടീമിന് തുണയായത്.

69 റൺസ് നേടിയ സാം കറന്‍ 5 വിക്കറ്റും നേടിയാണ് ഹാംഷയറിനെ തകര്‍ത്തെറിഞ്ഞത്. സറേയ്ക്കായി വിൽ ജാക്സ്(64), സുനിൽ നരൈന്‍(52) എന്നിവരും തിളങ്ങിയപ്പോള്‍ ടീം 228 റൺസാണ് നേടിയത്. എന്നിട്ട് ഹാംഷയറിനെ 156 റൺസിലൊതുക്കി 72 റൺസിന്റെ വിജയവും ടീം സ്വന്തമാക്കി.

നെതര്‍ലാണ്ട്സിനെതിരെയുള്ള ഇംഗ്ലണ്ട് ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു, സാം കറന്‍ ടീമിലേക്ക്

നെതര്‍ലാണ്ട്സിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു. സാം കറന്‍ ടീമിലേക്ക് ഏറെ കാലത്തിന് ശേഷം മടങ്ങിയെത്തുമ്പോള്‍ പേസര്‍ ലൂക്ക് വുഡിന് ആദ്യമായി ഏകദിന ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. നെതര്‍ലാണ്ട്സിനെതിരെ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കായുള്ള 14 അംഗ സ്ക്വാഡിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പേസര്‍ ഡേവിഡ് പെയിന്‍ ആണ് ടീമില്‍ ഇടം പിടിച്ച മറ്റൊരു താരം. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ മുഖ്യ കോച്ച് മാത്യു മോട്ടിന് കീഴിലുള്ള ആദ്യ പരമ്പര കൂടിയാകും ഇത്.

ജൂൺ 17, 19, 22 തീയ്യതികളിലാണ് മൂന്ന് മത്സരങ്ങള്‍ നടക്കുക.

ഇംഗ്ലണ്ട്: Eoin Morgan (c), Moeen Ali, Jos Buttler, Brydon Carse, Sam Curran, Liam Livingstone, Dawid Malan, David Payne, Adil Rashid, Jason Roy, Phil Salt, Reece Topley, David Willey, Luke Wood.

സാം കറന് പകരക്കാരനെ കണ്ടെത്താന്‍ അനുമതി നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്

പരിക്കേറ്റ് പുറത്തായ സാം കറന് പകരം താരത്തെ കണ്ടെത്തുവാന്‍ ബിസിസിഐ അനുമതി സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. നാല് വിന്‍ഡീസ് താരങ്ങളാണ് പരിഗണനയിലുള്ളത്. ഇവര്‍ നാല് പേരും പല ഫ്രാഞ്ചൈസികളുടെ സ്റ്റാന്‍ഡ് ബൈ ബൗളര്‍മാരായി യുഎഇയിൽ ഉണ്ട്.

ഇനി ചെന്നൈയ്ക്ക് പ്ലേ ഓഫിന് മുമ്പ് ഒരു ഗ്രൂപ്പ് മത്സരമാണ് അവശേഷിക്കുന്നത്. ഫിഡൽ എഡ്വേര്‍ഡ്സ്, ഷെൽഡൺ കോട്രൽ, ഡൊമിനിക്ക് ഡ്രേക്ക്സ്, രവി രാംപോള്‍ എന്നിവരാണ് ചെന്നൈയുടെ പരിഗണനയിലുള്ള താരങ്ങള്‍.

സാം കറന് പകരം ടോം കറന്‍ ഇംഗ്ലണ്ട് ലോകകപ്പ് ടീമിൽ

ഐപിഎലിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറന് പകരം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലേക്ക് സഹോദരന്‍ ടോം കറനെ ഉള്‍പ്പെടുത്തി. ഇതോടെ ഇംഗ്ലണ്ട് റിസര്‍വ് ടീമിലേക്ക് ഇടം കൈയ്യന്‍ പേസര്‍ റീസ് ടോപ്ലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാം കറന്‍ ഉടന്‍ യുകെയിലേക്ക് മടങ്ങുമെന്നും അവിടെ സ്കാനുകള്‍ക്ക് വിധേയനായ ശേഷം താരത്തിന്റെ പരിചരണം ഇംഗ്ലണ്ട് മെഡിക്കൽ ടീം നടത്തുമെന്നും ഇംഗ്ലണ്ട് ബോര്‍ഡിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് സാം കറന്‍ തന്റെ പുറംവേദനയുടെ കാര്യം പുറത്ത് വിടുന്നത്. പിന്നീടുകള്ള സ്കാനിലാണ് പരിക്കിന്റെ തീവ്രത മനസ്സിലാവുന്നത്.

ഇംഗ്ലണ്ട് സ്ക്വാഡ് :Eoin Morgan (c), Moeen Ali, Jonny Bairstow, Sam Billings, Jos Buttler, Tom Curran, Chris Jordan, Liam Livingstone, Dawid Malan, Tymal Mills, Adil Rashid, Jason Roy, David Willey, Chris Woakes, Mark Wood

റിസര്‍വുകള്‍:Liam Dawson, Reece Topley, James Vince

ഐപിഎൽ സാം കറനെ മികവുറ്റ താരമാക്കി – ഗ്രഹാം തോര്‍പ്

ഐപിഎൽ ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറന്‍ മെച്ചപ്പെട്ട താരമായി മാറിയിരിക്കുന്നത് ഐപിഎൽ കളിക്കാന്‍ തുടങ്ങിയതിന് ശേഷമെന്ന് പറ‍ഞ്ഞ് ഇംഗ്ലണ്ടിന്റെ സ്റ്റാന്‍ഡിൻ ഹെഡ് കോച്ചായ ഗ്രഹാം തോര്‍പ്. താരത്തിനെ വലിയ തോതിൽ ഐപിഎൽ സഹായിച്ചിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് തോര്‍പ് വ്യക്താക്കി.

ഐപിഎലിലെ അതി സമ്മര്‍ദ്ദ സാഹചര്യങ്ങളിൽ കളിച്ചത് താരത്തിനെ കരുത്തനാക്കിയിട്ടുണ്ടെന്നും തോര്‍പ് സൂചിപ്പിച്ചു. രണ്ടാം ഏകദിനത്തിൽ 48 റൺസിന് അഞ്ച് വിക്കറ്റാണ് സാം കറന്‍ നേടിയത്. ബെന്‍ സ്റ്റോക്സിനെ പോലെ മൂന്ന് ഫോര്‍മാറ്റിലും അവസാന ഇലവനിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുവാന്‍ സാം കറന് ഉടനെ സാധിക്കുമെന്നും തോര്‍പ് പ്രത്യാശ പ്രകടിപ്പിച്ചു.

ധീരം ധനന്‍ജയ, തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സിൽവയുടെ 91 റൺസ്

ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് ധനന്‍ജയ ഡി സില്‍വ.  സാം കറന്‍ ശ്രീലങ്കയുടെ ടോപ് ഓര്‍ഡറിന്റെ കഥ കഴിച്ചപ്പോള്‍ 21/4 എന്ന നിലയിലേക്ക് വീണ ടീമിനെ ആദ്യം വനിന്‍ഡു ഹസരംഗയോടൊപ്പവും പിന്നീട് ദസുന്‍ ഷനയ്ക്കൊപ്പമുവുള്ള കൂട്ടുകെട്ടിന്റെ ബലത്തിലാണ് ധനന്‍ജയ ഡി സിൽവ മുന്നോട്ട് നയിച്ചത്.

അഞ്ചാം വിക്കറ്റിൽ 65 റൺസ് നേടിയ വനിന്‍ഡു – ധനന്‍ജയ കൂട്ടുകെട്ടിനെയും തകര്‍ത്തത് സാം കറനായിരുന്നു. 26 റൺസ് നേടിയ ഹസരംഗയെയാണ് സാം കറന്‍ വീഴ്ത്തി തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കിയത്. തുടര്‍ന്ന് ആറാം വിക്കറ്റിൽ താരം ഷനകയ്ക്കൊപ്പം 78 റൺസ് കൂടി നേടിയെങ്കിലും അര്‍ഹമായ ശതകത്തിന് 9 റൺസ് അകലെ ഡേവിഡ് വില്ലി താരത്തെ മടക്കിയയ്ക്കുകയായിരുന്നു.

ധനന്‍ജയ പുറത്താകുമ്പോള്‍ 164 റൺസ് നേടിയ ശ്രീലങ്കയുടെ ഇന്നിംഗ്സിനെ പിന്നീട് മുന്നോട്ട് നയിച്ചത് ദസുന്‍ ഷനക(47), ചാമിക കരുണാരത്നേ(21), ബുനുര ഫെര്‍ണാണ്ടോ(17), ദുഷ്മന്ത ചമീര(14*) എന്നിവര്‍ ചേര്‍ന്നാണ്. 9 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ശ്രീലങ്ക നേടിയത്. സാം കറന്‍ അഞ്ചും ഡേവിഡ് വില്ലി 4 വിക്കറ്റുമാണ് ഇംഗ്ലണ്ടിനായി നേടിയത്.

പവര്‍ ഷോയുമായി പൊള്ളാര്‍ഡ്, മുംബൈയ്ക്ക് അവിശ്വസനീയ വിജയം

ഐപിഎലില്‍ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്. കീറണ്‍ പൊള്ളാര്‍ഡുടെ ഒറ്റയാള്‍ പ്രകടനത്തിന് പിന്തുണയുമായി ക്രുണാല്‍ പാണ്ഡ്യ, രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെയും പ്രകടനങ്ങള്‍ വന്നപ്പോള്‍ 219 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈ അവസാന പന്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

മികച്ച രീതിയില്‍ തുടങ്ങിയ മുംബൈയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മ്മയും ഓപ്പണിംഗ് വിക്കറ്റില്‍ 71 റണ്‍സാണ് നേടിയത്. 35 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെയും ക്വിന്റണ്‍ ഡി കോക്കിനെയും(8) മുംബൈയ്ക്ക് നഷ്ടമായപ്പോള്‍ ടീം 81/3 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് കീറണ്‍ പൊള്ളാര്‍ഡ് ക്രുണാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് ഒറ്റയ്ക്ക് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പൊള്ളാര്‍ഡ് 17 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ സാം കറന്‍ 17ാം ഓവറിലാണ് കൂട്ടുകെട്ട് തകര്‍ത്തത്.

32 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് 89 റണ്‍സ് കൂട്ടുകെട്ടിനെ കറന്‍ തകര്‍ത്തത്. സാം കറന്‍ എറിഞ്ഞ ഓവറില്‍ വെറും 2 റണ്‍സ് മാത്രം പിറന്നപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 48 റണ്‍സായി മാറി. സാം കറനെ ധോണി 19ാം ഓവര്‍ ദൗത്യം കൊടുത്തുവെങ്കിലും ആദ്യ മൂന്ന് പന്തില്‍ തന്നെ രണ്ട് സിക്സും ഒരു ഡബിളും ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയതോടെ ലക്ഷ്യം 9 പന്തില്‍ 17 ആയി കുറഞ്ഞു. തൊട്ടടുത്ത പന്തില്‍ പാണ്ഡ്യയുടെ വിക്കറ്റ് സാം കറന്‍ വീഴ്ത്തി.

ഹാര്‍ദ്ദിക് ഏഴ് പന്തില്‍ 16 റണ്‍സാണ് നേടിയത്. ഓവറിലെ അവസാന പന്തില്‍ ജെയിംസ് നീഷത്തിനെ പുറത്താക്കി സാം കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. 34 പന്തില്‍ 87 റണ്‍സായിരുന്നു കീറണ്‍ പൊള്ളാര്‍ഡ് നേടിയത്. അവസാന പന്തില്‍ ഡബിള്‍ ഓടിയാണ് വിജയം പൊള്ളാര്‍ഡ് നേടിയത്. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി രണ്ട് ഫോറും ഒരു സിക്സും നേടി പൊള്ളാര്‍ഡ് ലക്ഷ്യം 1 പന്തില്‍ 2 റണ്‍സാക്കി മാറ്റിയിരുന്നു.

8 സിക്സും 6 ഫോറുമാണ് അപരാജിതനായ പൊള്ളാര്‍ഡ് നേടിയത്.

Exit mobile version