ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ 137/8 എന്ന സ്കോറിൽ പിടിച്ചുകെട്ട് ഇംഗ്ലണ്ട്. സാം കറന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ആദിൽ റഷീദും ക്രിസ് ജോര്‍ദ്ദനും 2 വീതം വിക്കറ്റ് നേടിയപ്പോള്‍ പാക് നിരയിൽ 38 റൺസ് നേടിയ ഷാന്‍ മസൂദ് ആണ് ടോപ് സ്കോറര്‍. സാം കറന്‍ തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 12 റൺസ് വിട്ട് നൽകിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്.
29 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ പാക് ഓപ്പണിംഗ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 15 റൺസ് നേടിയ മൊഹമ്മദ് റിസ്വാനെ ആണ് താരം മടക്കിയയച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസാണ് നേടിയത്.
പവര്‍പ്ലേ കഴിഞ്ഞ് അധികം വൈകാതെ ഹാരിസിനെ(8) ആദിൽ റഷീദ് പുറത്താക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 68/2 എന്ന നിലയിലായിരന്നു. ലിയാം ലിവിംഗ്സ്റ്റൺ എറിഞ്ഞ 11ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും നേടി ഷാന്‍ മസൂദ് പാക്കിസ്ഥാന് ഏറെ ആശ്വാസമായി റൺ റേറ്റ് ഉയര്‍ത്തുകയായിരുന്നു. ആ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്.

തന്റെ അവസാന ഓവറിൽ മൊഹമ്മദ് നവാസിനെ പുറത്താക്കി സാം കറന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. ഇംഗ്ലണ്ട് പാക്കിസ്ഥാനെ 20 ഓവറിൽ 137/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു.