താന്‍ കളിച്ച രീതിയില്‍ സന്തോഷം, എന്നാല്‍ ജയിക്കാനാകാത്തതില്‍ ദുഃഖമുണ്ട് – സാം കറന്‍

200/7 എന്ന നിലയില്‍ ഇന്ത്യ മത്സരവും പരമ്പരയും ഉറപ്പിച്ച നിമിഷത്തിലാണ് ആദില്‍ റഷീദും മാര്‍ക്ക് വുഡുമായി ചേര്‍ന്ന് നടത്തിയ ചെറുത്ത്നില്പിലൂടെ സാം കറന്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഭീതി പരത്തിയ. അവസാന കടമ്പ കടത്തുവാന്‍ താരത്തിന് സാധിച്ചില്ലെങ്കിലും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം താരം സ്വന്തമാക്കി.

സാം കറന്റെ വീരോചിത ഇന്നിംഗ്സിനെ മറികടന്ന് ഇന്ത്യ, പരമ്പര സ്വന്തം

പൂനെയിലെ മൂന്നാം ഏകദിനത്തില്‍ 7 റണ്‍സ് ജയം സ്വന്തമാക്കി ഇന്ത്യ. വിജയത്തോടെ പരമ്പര 2 – 1 ന് ഇന്ത്യ കൈക്കലാക്കി. സാം കറന്റെ ഒറ്റയാള്‍ പോരാട്ടത്തെ മറികടന്നാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്. 83 പന്തില്‍ നിന്ന് 95 റണ്‍സാണ് നേടി പുറത്താകാതെ നിന്ന സാം കറന് ഇംഗ്ലണ്ടിനെ 9 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സിലേക്ക് എത്തിയ്ക്കാനെ ആയുള്ളു. തുടക്കത്തിലെ വിക്കറ്റുകള്‍ക്ക് ശേഷം വാലറ്റത്തോടൊപ്പം സാം കറന്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന് മത്സരത്തില്‍ പ്രതീക്ഷ നല്‍കിയത്.

നാലോവറില്‍ 41 റണ്‍സ് ജയത്തിനായി വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ 18 റണ്‍സാണ് ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 47ാം ഓവറില്‍ നേടിയത്. ഇതോടെ ലക്ഷ്യം 18 പന്തില്‍ 23 റണ്‍സെന്ന നിലയിലേക്ക് മാറി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 12 പന്തില്‍ 19 റണ്‍സായി മാറി.

ഹാര്‍ദ്ദിക് എറിഞ്ഞ 19ാം ഓവറില്‍ മാര്‍ക്ക് വുഡും സാം കറനും നല്‍കിയ അവസരങ്ങള്‍ ഇന്ത്യ കൈവിട്ടപ്പോള്‍ ഓവറില്‍ നിന്ന് 5 റണ്‍സാണ് വന്നത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 14 ആയി മാറി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മികച്ച ഓവറില്‍ മാര്‍ക്ക് വുഡിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ 59 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു.

Samcurran

ആദ്യ മൂന്നോവറില്‍ തന്നെ ഓപ്പണര്‍മാരെ മടക്കിയയച്ച് ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ ആദ്യ അഞ്ച് പന്തില്‍ നിന്ന് 14 റണ്‍സ് അടിച്ച ജേസണ്‍ റോയിയെ ആറാം പന്തില്‍ മടക്കിയ ഭുവി തന്റെ അടുത്ത ഓവറില്‍ ജോണി ബൈര്‍സ്റ്റോയെയും മടക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഇംഗ്ലണ്ട് 28 റണ്‍സാണ് നേടിയിരുന്നത്.

ബെന്‍ സ്റ്റോക്സ്(35) നടരാജന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ജോസ് ബട്‍ലറുടെ വിക്കറ്റ് താക്കൂര്‍ വീഴ്ത്തി. 95/4 എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ ലിയാം ലിംവിംഗ്സ്റ്റണ്‍ – ദാവിദ് മലന്‍ കൂട്ടുകെട്ടില്‍ ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരെയും പുറത്താക്കി താക്കൂര്‍ വീണ്ടും മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് മാറ്റി.

36 റണ്‍സ് നേടിയ ലിയാമിനെയും 50 റണ്‍സ് തികച്ച ദാവിദ് മലനെയും തുടരെ തുടരെയുള്ള ഓവറുകളിലാണ് താക്കൂര്‍ വീഴ്ത്തിയത്. ദാവിദ് മലന്‍ തന്റെ കന്നി ഏകദിന ശതകം തികച്ച ഉടനെ പുറത്താകുകയായിരുന്നു. മോയിന്‍ അലിയുടെ(29) വിക്കറ്റ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഭീതി പരത്തി സാം കറന്‍ – ആദില്‍ റഷീദ് കൂട്ടുകെട്ട് 57 റണ്‍സ് നേടിയെങ്കിലും കോഹ്‍ലി ശര്‍ദ്ധുല്‍ താക്കൂറിന് വീണ്ടും പന്തേല്പിച്ചപ്പോള്‍ 19 റണ്‍സ് നേടിയ ആദില്‍ റഷീദിനെ ഇംഗ്ലണ്ടിന് നഷ്ടമായി. തകര്‍പ്പന്‍ ക്യാച്ചിലൂടെ വിരാട് കോഹ്‍ലിയാണ് ഈ വിക്കറ്റ് സാധ്യമാക്കിയത്.

റഷീദുമായി 57 റണ്‍സും മാര്‍ക്ക് വുഡുമായി(14) 59 റണ്‍സിന്റെയും കൂട്ടുകെട്ടുകളാണ് സാം കറന്‍ നേടിയത്. ലക്ഷ്യം അവസാന ഓവറില്‍ 14 ആയി മാറിയെങ്കിലും ഓവറില്‍ നിന്ന് ഒരു ബൗണ്ടറി മാത്രം പിറന്നപ്പോള്‍ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബ്രേക്ക്ത്രൂക്കളുമായി ശര്‍ദ്ധുല്‍ താക്കൂര്‍ നാല് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും നേടുകയായിരുന്നു.

ക്യാച്ചുകള്‍ കൈവിട്ടും ഇന്ത്യ ഇംഗ്ലണ്ടിനെ സഹായിച്ചപ്പോള്‍ മത്സരം അവസാന ഓവര്‍ വരെ ആവേശകരമായി നീളുകയായിരുന്നു.

 

 

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പര ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഉപകരിക്കും – സാം കറന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ നടക്കുന്ന ടി20 പരമ്പര ലോകകപ്പിനുള്ള മുന്നൊരുക്കമാണെന്ന് പറഞ്ഞ് സാം കറന്‍. ഇത് ലോകകപ്പ് വര്‍ഷമാണ്, ഒക്ടോബറില്‍ ലോകകപ്പ് എത്തുന്നതിന് മുമ്പ് എല്ലാ ടീമുകളും തങ്ങളുടെ കോമ്പിനേഷനുകള്‍ പരീക്ഷിക്കുവാനുള്ള അവസരമായി ഇനിയുള്ള മത്സരങ്ങള്‍ പരിഗണിക്കുമെന്നും ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരെയുല്ള പരമ്പര ലോകകപ്പിനുള്ള തയ്യാറെടുപ്പാണെന്നും സാം കറന്‍ സൂചിപ്പിച്ചു.

ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടി വന്നതെങ്കിലും ടെസ്റ്റുകള്‍ കളിച്ച വളരെ കുറച്ച് താരങ്ങളെ ടി20യില്‍ കളിക്കുന്നുള്ളു എന്നതിനാല്‍ തന്നെ ഈ തോല്‍വികള്‍ ഇംഗ്ലണ്ട് ടി20 ടീമിനെ അലട്ടില്ലെന്ന് സാം കറന്‍ വ്യക്തമാക്കി.

താരങ്ങള്‍ പ്രൊഫഷണലുകളാണെന്നും ഈ തിരിച്ചടിയെ മറന്ന് മുന്നോട്ട് പോകുവാന്‍ അവര്‍ക്ക് വേഗത്തില്‍ കഴിയുമെന്നും സാം കറന്‍ സൂചിപ്പിച്ചു. ശക്തരായ ഇന്ത്യയ്ക്കെതിരെ കളിക്കുവാനാകുന്ന സന്തോഷത്തിലാണ് താനെന്നും ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഗുണകരം – സാം കറന്‍

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഏറെ ഗുണകരമായ ഒന്നാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവതാരം സാം കറന്‍. ഇംഗ്ലണ്ട് കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചത് മുതല്‍ സ്ക്വാഡില്‍ റൊട്ടേഷന്‍ പോളിസി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള 3-1ന്റെ പരാജയം ഈ നയത്തിനെതിരെ പല ക്രിക്കറ്റ് പണ്ഡിതന്മാരും ആഞ്ഞടിക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍ ശ്രീലങ്കന്‍ ടൂറിന് ശേഷം വിശ്രമം ലഭിച്ച സാം കറന്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. ബയോ ബബിളുകള്‍ കളിക്കാരെ സംബന്ധിച്ച് വളരെ പ്രയാസകരമായ അവസ്ഥയാണെന്നും അവയില്‍ അധിക കാലം കഴിയേണ്ടി വരുന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണെന്നും സാം കറന്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഒരു ഇടവേള കിട്ടിയത് താന്‍ സ്വാഗതം ചെയ്യുന്ന കാര്യമാണെന്നും മറ്റു താരങ്ങളും സമാന അഭിപ്രായക്കാരാണെന്നും സാം കറന്‍ പറഞ്ഞു. മാനസികമായും ശാരീരികമായും താരങ്ങളെ ഫ്രഷ് ആയി നിലനിര്‍ത്തുവാന്‍ ഈ റൊട്ടേഷന്‍ നയം ഉപകരിക്കുമെന്ന് സാം കറന്‍ വ്യക്തമാക്കി.

ശതകത്തിന് ശേഷം തിരിമന്നേ പുറത്ത്, ശ്രീലങ്ക പൊരുതുന്നു

ഇംഗ്ലണ്ടിനെതിരെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 242/4 എന്ന നിലയില്‍. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 44 റണ്‍സ് കൂടി ശ്രീലങ്ക നേടേണ്ടതുണ്ട്. തന്റെ ശതകം തികച്ച് അധികം വൈകും മുമ്പ് ലഹിരു തിരിമന്നേ(111) പുറത്തായെങ്കിലും ശ്രീലങ്കയെ തങ്ങളുടെ സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യൂസും ദിനേശ് ചന്ദിമലും അധികം വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിച്ചു.

നാലാം വിക്കറ്റില്‍ 52 റണ്‍സാണ് ലഹിരു തിരിമന്നേ – ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് നേടിയത്. എന്നാല്‍ തിരിമന്നേയെ പുറത്താക്കി സാം കറന്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

32 റണ്‍സാണ് മാത്യൂസ്-ചന്ദിമല്‍ കൂട്ടുകെട്ട് ലഞ്ച് വരെ നേടിയത്. മാത്യൂസ് 30 റണ്‍സും ചന്ദിമല്‍ 20 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

ചെന്നൈ നിരയില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം തന്റെ കളി വളരെ അധികം മെച്ചപ്പെട്ടു – സാം കറന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിക്കുവാന്‍ തുടങ്ങിയതോട് കൂടി തന്റെ കളി ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറന്‍. ഫ്രാഞ്ചൈസിയ്ക്ക് വളര മോശം സീസണായിരുന്നുവെങ്കിലും സാം കറന്‍ ഈ സീസണില്‍ ചെന്നൈ നിരയിലെ മികവുറ്റ പ്രകടനം പുറത്തെടുത്ത ചുരുക്കം താരങ്ങളില്‍ ഒരാളായിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി സീസണില്‍ 14 മത്സരങ്ങളിലും കളിച്ച താരം അതിന് അവസരം കിട്ടിയ നാല് താരങ്ങളില്‍ ഒരാളായിരുന്നു. താരം 13 വിക്കറ്റും 320ലധികം റണ്‍സും ടൂര്‍ണ്ണമെന്റില്‍ നേടിയിരുന്നു. ഓപ്പണിംഗും പിഞ്ച് ഹിറ്ററും ഫിനിഷറെന്ന നിലയിലും ബാറ്റിംഗില്‍ ചെന്നൈ താത്തെ ഉപയോഗിച്ചു. അത് പോലെ ബൗളിംഗില്‍ ന്യൂ ബോളും ഡെത്ത് ഓവറില്‍ പന്തെറിയുവാനും താരത്തിന് അവസരം ലഭിച്ചു.

അടുത്തിടെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും സാം കറന്റെ കളി മികവ് ഐപിഎലിന് ശേഷം മെച്ചപ്പെട്ടിട്ടുണ്ടെന്നും താരം ഇപ്പോള്‍ വലിയ ആത്മവിശ്വാസം കാണിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഐപിഎലിലെ പാഠങ്ങളില്‍ നിന്ന് താന്‍ തന്റെ കളി മികവ് അടുത്ത തലത്തിലേക്ക് ഉയര്‍ത്തിയെന്ന് വിശ്വസിക്കുന്നുവെന്നാണ് സാം കറന്‍ വ്യക്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരെ 179 റണ്‍സുമായി ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകത്തിനൊപ്പം റാസ്സി വാന്‍ ഡെര്‍ ഡൂസെന്‍(37), ക്വിന്റണ്‍ ഡി കോക്ക്(30), ഹെയിന്‍റിച്ച് ക്ലാസ്സെന്‍(20) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ആദ്യ ഓവറില്‍ തന്നെ ടെംബ ബാവുമയെ നഷ്ടമായ ആതിഥേയര്‍ക്ക് വേണ്ടി രണ്ടാം വിക്കറ്റില്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്കും മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് 77 റണ്‍സാണ് നേടിയത്. ഡി കോക്കിനെ ക്രിസ് ജോര്‍ദ്ദന്‍ പുറത്താക്കിയപ്പോള്‍ ബാവുമ, ഫാഫ്, ഹെയിന്‍റിച്ച് ക്ലാസ്സെന്‍ എന്നിവരെ സാം കറന്‍ ആണ് പുറത്താക്കിയത്.

ജോഫ്രയ്ക്കും സ്റ്റോക്സിനും വിശ്രമം നല്‍കി ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് മുന്‍ നിര താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്സിനും വിശ്രമം. ഈ മാസം അവസാനം നടക്കുവാനിരിക്കുന്ന പരമ്പരയില്‍ ജോഫ്രയ്ക്കും ബെന്‍ സ്റ്റോക്സിനും പുറമെ സാം കറനും വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു.

അതേ സമയം ടി20 സ്ക്വാഡില്‍ മുന്‍ നിര താരങ്ങളെല്ലാമുണ്ട്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ട് പുര്‍ണ്ണ ശക്തിയുള്ള സ്ക്വാഡിനെ ടി20യ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 27ന് ടി20 പരമ്പര ആണ് ആദ്യം ആരംഭിക്കുക. ഡിസംബര്‍ 4ന് ഏകദിന പരമ്പരയും ആരംഭിക്കും.

ടി20 സ്ക്വാഡ് :Eoin Morgan (captain), Moeen Ali, Jofra Archer, Jonathan Bairstow, Sam Billings, Jos Buttler, Sam Curran, Tom Curran, Chris Jordan, Dawid Malan, Adil Rashid, Jason Roy, Ben Stokes, Reece Topley, Mark Wood

ഏകദിന സ്ക്വാഡ്: Eoin Morgan(captain), Moeen Ali, Jonathan Bairstow, Sam Billings, Jos Buttler, Tom Curran, Lewis Gregory, Liam Livingstone, Adil Rashid, Joe Root, Jason Roy, Olly Stone, Reece Topley, Chris Woakes, Mark Wood

റിസര്‍വ് താരങ്ങള്‍:Jake Ball, Tom Banton, Tom Helm

തോറ്റെങ്കിലും ബാറ്റിംഗ് റെക്കോർഡിട്ട് സാം കറനും ഇമ്രാൻ താഹിറും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ തോൽവിയേറ്റുവാങ്ങിയെങ്കിലും ബാറ്റിംഗ് കൂട്ടുകെട്ടിൽ പുതിയ ഐ.പി.എൽ റെക്കോർഡിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സാം കറനും ഇമ്രാൻ താഹിറും. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരു താരങ്ങളും ഇന്നലെ പടുത്തുയർത്തിയത്.

പവർ പ്ലേയിൽ തന്നെ 5 വിക്കറ്റ് നഷ്ടപ്പെട്ട് ചെന്നൈ സൂപ്പർ കിങ്‌സ് വമ്പൻ തകർച്ചയെ നേരിടുന്ന സമയത്താണ് സാം കറനും ഇമ്രാൻ താഹിറും ചേർന്ന് ചെന്നൈ സ്കോർ 100 കടത്തിയത്. ഇരുവരും ചേർന്ന് 43 റൺസാണ് ഒൻപതാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സാം സാം കറൻ 47 പന്തിൽ 52 റൺസ് എടുത്തപ്പോൾ ഇമ്രാൻ താഹിർ 10 പന്തിൽ 13 പന്തുമായി പുറത്താവാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 114 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 10 വിക്കറ്റിന് മത്സരം സ്വന്തമാക്കിയിരുന്നു.

തുടക്കം സാം കറന്‍, ഒടുക്കം രവീന്ദ്ര ജഡേജ, ചെന്നൈയ്ക്ക് മികച്ച സ്കോര്‍

സാം കറന്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം അമ്പാട്ടി റായിഡുവും ഷെയിന്‍ വാട്സണും ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എംഎസ് ധോണിയും സാം കറനും. ഈ ഓള്‍റൗണ്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്.

സാം കറനെ ഇറക്കി തുടക്കം പൊലിപ്പിക്കുവാനുള്ള ശ്രമം ചെന്നൈയ്ക്ക് ഒരു പരിധി വരെ വിജയിക്കുകയായിരുന്നു. എന്നാല്‍ ഫാഫ് ഡു പ്ലെസിയെ(0) ടീമിന് തുടക്കത്തില്‍ തന്നെ നഷ്ടമായി. 5ാം ഓവറില്‍ സാം കറനെയും പുറത്താക്കി സന്ദീപ് ശര്‍മ്മ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയാണ് സാം കറന്‍ മടങ്ങിയത്.

ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ ആദ്യ രണ്ട് പന്തില്‍ രണ്ട് ഫോറും മൂന്നാം പന്തില്‍ സിക്സും നേടിയ കറന്‍ ഓവര്‍ അവസാനിപ്പിച്ചത് സിക്സോടു കൂടിയായിരുന്നു. താരം അപകടകാരിയായി മാറുമെന്ന ഘട്ടത്തിലാണ് സന്ദീപ് ശര്‍മ്മ താരത്തെ മടക്കിയത്.

പത്തോവര്‍ അവസാനിച്ചപ്പോള്‍ 69 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. രണ്ടാം ടൈം ഔട്ടിനായി ടീമുകള്‍ പിരിയുമ്പോള്‍ 102/2 എന്ന നിലയിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ്. മൂന്നാം വിക്കറ്റില്‍ 81 റണ്‍സാണ് റായിഡുവും ഷെയിന്‍ വാട്സണും ചേര്‍ന്ന് നേടിയത്. അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ് റായിഡു പുറത്തായത്. 34 പന്തില്‍ 41 റണ്‍സ് നേടിയ താരത്തെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ലോംഗ് ഓഫില്‍ പിടിച്ചാണ് പുറത്താക്കിയത്.

റായിഡു പുറത്തായ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് ഖലീല്‍ വിട്ട് നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ഷെയിന്‍ വാട്സണെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന് നഷ്ടമാകുകയായിരുന്നു. 38 പന്തില്‍ 42 റണ്‍സാണ് വാട്സണ്‍ നേടിയത്. മനീഷ് പാണ്ടേ വാട്സണിന്റെ ക്യാച്ച് പൂര്‍ത്തിയാക്കിയപ്പോള്‍ ടി നടരാജന് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിച്ചു.

116/2 എന്ന നിലയില്‍ നിന്ന് 120/4 എന്ന നിലയിലേക്ക് വീണ ശേഷം രവീന്ദ്ര ജഡേജയും എംഎസ് ധോണിയും ചേര്‍ന്നാണ് ചെന്നൈയെ 150 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്. 19ാം ഓവറിന്റെ അവസാന പന്തില്‍ ധോണി പുറത്താകുമ്പോള്‍ ധോണി 13 പന്തില്‍ നിന്ന് 21 റണ്‍സാണ് നേടിയത്. കൂട്ടുകെട്ട് 32 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്.

നടരാജനാണ് ധോണിയുടെ വിക്കറ്റ് ലഭിച്ചത്. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഡ്വെയിന്‍ ബ്രാവോയെ ഗോള്‍ഡന്‍ ഡക്കിന് പുറത്താക്കിയ ഖലീല്‍ അഹമ്മദിനെ രവീന്ദ്ര ജഡേ ഒരു സിക്സും ഫോറും നേടിയപ്പോള്‍ മികച്ച സ്കോറിലേക്ക് ചെന്നൈ നീങ്ങുകയായിരുന്നു.

പത്ത് പന്തില്‍ നിന്ന് 25 റണ്‍സാണ് രവീന്ദ്ര ജഡേജ നേടിയത്. 250 റണ്‍സ് സ്ട്രൈക്ക് റേറ്റിലാണ് രവീന്ദ്ര ജഡേജ ബാറ്റ് വീശിയത്. സണ്‍റൈസേഴ്സിന് വേണ്ടി സന്ദീപ് ശര്‍മ്മ 19 റണ്‍സ് വിട്ട് നല്‍കിയാണ് രണ്ട് വിക്കറ്റ് നേടിയത്. ധോണിയുടെ ക്യാച്ച് റിട്ടേണ്‍ ബൗളിംഗില്‍ കൈവിട്ടില്ലായിരുന്നുവെങ്കില്‍ താരത്തിന് മൂന്ന് വിക്കറ്റ് ലഭിച്ചേനെ. ഖലീല്‍ അഹമ്മദും ടി നടരാജനും 2 വീതം വിക്കറ്റ് നേടി.

കൊല്‍ക്കത്ത നന്ദി പറയണം ത്രിപാഠിയോട്, നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ശര്‍ദ്ധുല്‍ താക്കൂര്‍

ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഒഴികെ മറ്റു താരങ്ങള്‍ എല്ലാം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 167 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 50 പന്തില്‍ നിന്ന് 81 റണ്‍സാണ് രാഹുല്‍ ത്രിപാഠി ഇന്ന് നേടിയത്. അവസാന പന്തില്‍ കൊല്‍ക്കത്ത ഓള്‍ഔട്ട് ആകുകയായിരുന്നു.

സുനില്‍ നരൈന് പകരം രാഹുല്‍ ത്രിപാഠിയെ ഓപ്പണിംഗില്‍ പരീക്ഷിച്ചാണ് കൊല്‍ക്കത്ത ഇന്ന് ചെന്നൈയ്ക്കെതിരെ ഇറങ്ങിയത്. രാഹുല്‍ ഈ അവസരം മുതലാക്കി യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശുഭ്മന്‍ ഗില്‍ സിംഗിളുകള്‍ നേടി കൂടുതല്‍ സ്ട്രൈക്ക് രാഹുലിന് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെയാണ് കൊല്‍ക്കത്തയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. 11 റണ്‍സാണ് ഗില്‍ നേടിയത്. ശര്‍ദ്ധുല്‍ താക്കൂറിനാണ് വിക്കറ്റ് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 52 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

ഗില്‍ മടങ്ങിയെങ്കിലും രാഹുല്‍ ത്രിപാഠി സ്വസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഇതിനിടെ നിതീഷ് റാണയെയും(9) കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 31 പന്തില്‍ നിന്നാണ് ത്രിപാഠി തന്റെ അര്‍ദ്ധ ശതകം നേടിയത്.

ടോപ് ഓര്‍ഡറില്‍ നിന്ന് സുനില്‍ നരൈനെ നാലാം നമ്പറില്‍ കൊല്‍ക്കത്ത പരീക്ഷിച്ചപ്പോള്‍ ഡ്വെയിന്‍ ബ്രോവോയുടെ ഓവറില്‍ ഒരു സിക്സും ഫോറം അടക്കം കൊല്‍ക്കത്തയ്ക്ക് 19 റണ്‍സ് നേടുവാന്‍ സാധിച്ചപ്പോള്‍ പത്തോവറില്‍ 93 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. എന്നാല്‍ മികച്ച ഒരു ക്യാച്ചിലൂടെ നരൈനെ ജഡേജയും ഡു പ്ലെസിയും ചേര്‍ന്ന് പിടിച്ച് പുറത്താക്കിയപ്പോള്‍ കരണ്‍ ശര്‍മ്മയ്ക്ക് രണ്ടാം വിക്കറ്റ് ലഭിച്ചു.

കൊല്‍ക്കത്തയുടെ പ്രതീക്ഷയായിരുന്ന ഓയിന്‍ മോര്‍ഗനെ(7) പുറത്താക്കി സാം കറന്‍ എതിരാളികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. 14 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 114/4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ത്രിപാഠി 81 റണ്‍സ് നേടി പുറത്തായ ശേഷം 9 പന്തില്‍ 17 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിന്റെ മികവിലാണ് കൊല്‍ക്കത്ത 167 റണ്‍സിലേക്ക് എത്തിയത്. ചെന്നൈയ്ക്കായി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കരണ്‍ ശര്‍മ്മ, സാം കറന്‍, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സിക്സര്‍ സഞ്ജു, സൂപ്പര്‍ സ്മിത്ത്, അവസാന ഓവറില്‍ ജോഫ്ര താണ്ഡവം, 200 കടന്ന് രാജസ്ഥാന്‍

ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ലെങ്കിലും അവസാന ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പനടികള്‍ ടീമിനെ 200 കടത്തുകയായിരുന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. മത്സരത്തില്‍ യശസ്വി ജൈസ്വാളിനെ ആദ്യമേ ടീമിന് നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്ത് സഞ്ജു സാംസണ്‍ കൂട്ടുകെട്ട് നേടിയ 121 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍ സ്കോറിന്റെ അടിത്തറ.

സഞ്ജു സാംസണ്‍ 9 സിക്സുകള്‍ അടക്കം 32 പന്തില്‍ നിന്ന് 74 റണ്‍സ് നേടി ചെന്നൈ ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുകയായിരുന്നു. രവീന്ദ്ര ജഡേജയെയും പിയൂഷ് ചൗളയെയുമാണ് സഞ്ജു സാംസണ്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്. സഞ്ജു പുറത്തായ ശേഷം ഡേവിഡ് മില്ലറെയും റോബിന്‍ ഉത്തപ്പയെയും രാജസ്ഥാന് നഷ്ടമായി.

ഇതിനിടെ രവീന്ദ്ര ജഡേജയുടെ ഓവറില്‍ സ്മിത്ത് നല്‍കിയ അവസരം സാം കറന്‍ നഷ്ടപ്പെടുത്തിയതും ചെന്നൈയ്ക്ക് വിനയായി. 47 പന്തില്‍ നിന്ന് സ്മിത്ത് 69 റണ്‍സാണ് നേടിയത്.

സ്മിത്ത് പുറത്തായ ശേഷം ലുംഗിസാനി ഗിഡിയുടെ അവസാന ഓവറില്‍ 30 റണ്‍സാണ് പിറന്നത്. ജോഫ്ര എട്ട് പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ലുംഗിസാനി ഗിഡി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ നിന്ന് 27 റണ്‍സാണ് ജോഫ്ര നേടിയത്. താരം നോബോളുകള്‍ കൂടി എറിഞ്ഞപ്പോള്‍ ജോഫ്ര 4 സിക്സ് നേടി. എന്നാല്‍ പിന്നീട് ഗിഡി മികച്ച തിരിച്ചുവരവ് നടത്തി 30 റണ്‍സില്‍ ഓവര്‍ ഒതുക്കി. ടോം കറന്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ചെന്നൈ നിരയില്‍ സാം കറന്‍ മൂന്ന് വിക്കറ്റ് നേടി. ദീപക് ചഹാറും സാം കറനും മാത്രമാണ് റണ്‍റേറ്റ് കുറച്ച് വിട്ട് കൊടുത്തത്.

Exit mobile version