വിജയ് ഹസാരെ ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു, സൽമാൻ നിസാർ ക്യാപ്റ്റൻ

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്‍ നിസാര്‍ ആണ് ടീം ക്യാപ്റ്റന്‍. ഹൈദരാബാദില്‍, ഡിസംബര്‍ – 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20 ന് ടീം ഹൈദരാബാദില്‍ എത്തും.

ടീമംഗങ്ങള്‍ : സല്‍മാന്‍ നിസാര്‍( ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ്‌ അസറുദീന്‍, ആനന്ദ്‌ കൃഷ്ണന്‍, കൃഷ്ണ പ്രസാദ്‌, അഹമദ് ഇമ്രാന്‍, ജലജ് സക്സേന, ആദിത്യ ആനന്ദ്‌ സര്‍വ്വറ്റെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, നിധീഷ് എം.ടി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍.എം, അഖില്‍ സ്കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്നാസ് എം.( വിക്കറ്റ് കീപ്പര്‍).

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ അടിച്ചു പറത്തി കേരളം!! 234 റൺസ്!!

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ മുംബൈയ്‌ക്കെതിരെ 20 ഓവറിൽ 234/5 എന്ന തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 4 റൺസിന് പുറത്തായെങ്കിലും, രോഹൻ എസ് കുന്നുമ്മൽ (48 പന്തിൽ 87), സൽമാൻ നിസാർ (49 പന്തിൽ 99*) എന്നിവർ കേരളത്തെ കൂറ്റൻ സ്കോറിൽ എത്തിച്ചു.

ഏഴ് സിക്‌സുകളുടെ അകമ്പടിയോടെ കുന്നുമ്മലിൻ്റെ അറ്റാക്കിംഗ് സ്‌ട്രോക്ക് പ്ലേ തുടക്കം മുതൽ കേരളത്തിന്റെ റൺറേറ്റ് ഉയർത്തി. എട്ട് സിക്‌സറുകൾ ഉൾപ്പടെ പുറത്താകാതെ 99 റൺസ് നേടിയ നിസാറിന് അർഹിച്ച സെഞ്ച്വറി നേടാൻ ആകാത്തത് മാത്രമാകും നിരാശ.

44 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മോഹിത് അവസ്തി ആണ് മും ബൗളർമാരിൽ ആകെ തിളങ്ങിയത്. ഷാർദുൽ ഠാക്കൂർ 4 ഓവറിൽ 69 റൺസാണ് വഴങ്ങിയത്.

രഞ്ജി ട്രോഫി; സച്ചിൻ ബേബിയും സൽമാൻ നിസാറും തിളങ്ങി, കേരളത്തിന് മികച്ച ലീഡ്

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ നേരിടുന്ന കേരളം രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 340-7 എന്ന നിലയിൽ നിൽക്കുന്നു. ഇപ്പോൾ കേരളത്തിന് 178 റൺസിന്റെ ലീഡ് ഉണ്ട്. ഇന്നലെ ഉത്തർപ്രദേശ് 162 റൺസിന് ഓളൗട്ട് ആയിരുന്നു.

ക്യാപ്റ്റൻ സച്ചിൻ ബേബിയും സൽമാൻ നിസാറും ആണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. 83 റൺസ് എടുത്താണ് സച്ചിൻ ബേബി കളം വിട്ടത്. 74 റൺസുമായി സൽമാൻ നിസാർ ഇപ്പോഴും ക്രീസിൽ ഉണ്ട്. 8 ഫോറും 2 സിക്സും സൽമാൻ നിസാർ ഇതുവരെ അടിച്ചു. 11 റൺസുമായി അസറുദ്ദീൻ ആണ് ഒപ്പം ക്രീസിൽ ഉള്ളത്.

23 റൺസ് എടുത്ത വത്സൽ, 28 റൺസ് എടുത്ത രോഹൻ എസ് കുന്നുമ്മൽ, 32 റൺസ് എടുത്ത അപരിജിത്, 14 റൺസ് എടുത്ത സർവതെ, 24 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, 35 റൺസ് എടുത്ത ജലജ് സക്സേന എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി.

രഞ്ജി ട്രോഫി, സൽമാൻ നിസാറും അസറുദ്ദീനും തിളങ്ങി, കേരളം ഡിക്ലയർ ചെയ്തു

കൊൽക്കത്തയിലെ ജെ യു സെക്കൻഡ് കാമ്പസിൽ നടക്കുന്ന കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി പോരാട്ടത്തിൽ കേരളം 120 ഓവറിൽ 356/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിംഗ്സിൽ സൽമാൻ നിസാറും 95* മുഹമ്മദ് അസ്ഹറുദ്ദീനും 84 മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജലജ് സക്‌സേന 84 റൺസും നേടി.

ബംഗാളിൻ്റെ ഇഷാൻ പോറൽ 103 റൺസിന് 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാൾ ജാഗ്രതയോടെ തുടങ്ങി. ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 14/0 എന്ന നിലയിലാണ് ടീം. ഷുവം ഡേ (7), സുദീപ് ചാറ്റർജി (7) എന്നിവർ ആണ് ക്രീസിൽ ഉള്ളത്.

ബംഗാൾ ഇപ്പോൾ 342 റൺസിന് പിന്നിലാണ്.

വെടിക്കെട്ട് സെ‍ഞ്ച്വറിയുമായി വിഷ്ണു വിനോദ്!!! കേരളത്തിന് 189 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സര്‍വീസസ്സിനെതിരെ മികച്ച ബാറ്റിംഗുമായി കേരളം. വിഷ്ണു വിനോദ് നേടിയ മികവാര്‍ന്ന ശതകമാണ് കേരളത്തെ 189 റൺസിലേക്ക് എത്തിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ മൊഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ(12) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു. സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 22 റൺസ് നേടിയ സഞ്ജുവിനെ കേരളത്തിന് നഷ്ടമായി.

പിന്നീട് വിഷ്ണു വിനോദിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമിയിൽ കണ്ടത്. സൽമാന്‍ നിസാറിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ വിഷ്ണു കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 110 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.

വിഷ്ണു വിനോദ് 62 പന്തിൽ 109 റൺസ് നേടിയപ്പോള്‍ സൽമാന്‍ നിസാര്‍ 24 പന്തിൽ 42 റൺസ് നേടി. വിഷ്ണു വിനോദ് 15 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

സൽമാന്‍ ‍നിസാറിന്റെ വെടിക്കെട്ട്, ജയവുമായി ബികെ55യ്ക്ക് മടക്കം

സെലസ്റ്റിയൽ ട്രോഫിയിൽ നിന്ന് സെമി കാണാതെ പുറത്തായെങ്കിലും സൽമാന്‍ നിസാറിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആലപ്പി സിസിയ്ക്കെതിരെ മിന്നും വിജയം കുറിച്ച് ബികെ55. ഇന്ന് സെയിന്റ് സേവിയേഴ്സ് തുമ്പയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആലപ്പി സിസി 25.1 ഓവറിൽ 139 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 13.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി ബികെ55 വിജയം കുറിച്ചു.

സൽമാന്‍ നിസാര്‍ 42 പന്തിൽ പുറത്താകാതെ 93 റൺസ് നേടിയപ്പോള്‍ 18 പന്തിൽ 24 റൺസ് നേടിയ ഒമര്‍ അബൂബക്കര്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍. 11 ഫോറും 5 സിക്സും അടങ്ങിയതായിരുന്നു സൽമാന്‍ നിസാറിന്റെ വെടിക്കെട്ട് പ്രകടനം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പി സിസിയ്ക്കായി 48 റൺസ് നേടിയ നന്ദുലാല്‍ ആണ് ടോപ് സ്കോറര്‍. അഗസ്ത്യ രാമ(22), ദേവാദിത്യന്‍(23), ആകാശ് രാധാകൃഷ്ണന്‍(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബികെ55യ്ക്കായി അക്ഷയ് ചന്ദ്രന്‍ 5 വിക്കറ്റും വിനൂപ് മനോഹര്‍ 3 വിക്കറ്റും നേടി.

ലീഡ് നേടുമോ കേരളം??? അഞ്ച് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 202 റൺസ് പിന്നിൽ

പോണ്ടിച്ചേരിയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 169/5 എന്ന നിലയിലാണ്. തലേ ദിവസത്തെ ബാറ്റ്സ്മാന്മാരായ സച്ചിന്‍ ബേബിയും(39), സൽമാന്‍ നിസാറും(44) പുറത്തായപ്പോള്‍ കേരളം 152/5 എന്ന നിലയിലേക്ക് വീണു.

ഇപ്പോള്‍ അക്ഷയ് ചന്ദ്രനും സിജോമോന്‍ ജോസഫും ആണ് ക്രീസിലുള്ളത്. അക്ഷയ് 23 റൺസ് നേടിയപ്പോള്‍ സിജോമോന്‍ ആറ് റൺസാണ് നേടിയിട്ടുള്ളത്. പോണ്ടിച്ചേരിയ്ക്കായി എബിന്‍ മാത്യുവും കൃഷ്ണയും രണ്ട് വീതം വിക്കറ്റ് നേടി.

കേരളത്തിന്റെ 3 വിക്കറ്റ് നഷ്ടം, 111 റൺസ്

പോണ്ടിച്ചേരിയുടെ ഒന്നാ ഇന്നിംഗ്സ് സ്കോറായ 371 റൺസ് പിന്തുടര്‍ന്നിറങ്ങിയ കേരളം രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 111/3 എന്ന നിലയിൽ. രോഹന്‍ കുന്നുമ്മൽ(17), രാഹുൽ പൊന്നന്‍(18), രോഹന്‍ പ്രേം(19) എന്നിവരുടെ വിക്കറ്റുകള്‍ ആണ് കേരളത്തിന് നഷ്ടമായത്.

30 റൺസ് നേടി സച്ചിന്‍ ബേബിയും 24 റൺസുമായി സൽമാന്‍ നിസാറും ആണ് ക്രീസിലുള്ളത്. ഇരുവരും നാലാം വിക്കറ്റിൽ 40 റൺസ് നേടിയിട്ടുണ്ട്.

ബാറ്റിംഗ് മറന്ന് കേരളം, 5 വിക്കറ്റ് നഷ്ടം

സര്‍വീസസ്സിനെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം 49 ഓവറിൽ 141/5 എന്ന നിലയിലാണ്. 69 റൺസുമായി സച്ചിന്‍ ബേബിയും 42 റൺസ് നേടിയ സൽമാന്‍ നിസാറും മാത്രമാണ് കേരള നിരയിൽ തിളങ്ങിയത്.

16 റൺസുമായി അക്ഷയ് ചന്ദ്രന്‍ ആണ് സച്ചിന്‍ ബേബിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. 19 റൺസ് നേടുന്നതിനിടെ കേരളത്തിന് 4 വിക്കറ്റാണ് നഷ്ടമായത്. അവിടെ നിന്ന് സച്ചിന്‍ – സൽമാന്‍ കൂട്ടുകെട്ടാണ് കേരളത്തിനെ നൂറ് കടത്തിയത്.

തിരുവനന്തപുരം തുമ്പ സെയിന്റ് സേവിയേഴ്സ് കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ശതകം നേടി സച്ചിന്‍ ബേബിയും, കേരളത്തിന് വലിയ സ്കോര്‍

ഡല്‍ഹിയ്ക്കെതിരെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം 410/5 എന്ന ശക്തമായ നിലയില്‍. ഇന്നലെ 276/3 എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളത്തിന് വിഷ്ണു വിനോദിന്റെ വിക്കറ്റ് 5 റണ്‍സ് കൂടി നേടുന്നതിനിടയില്‍ നഷ്ടമായിരുന്നു. അധികം വൈകാതെ മുഹമ്മദ് അസ്ഹറുദ്ദീനെയും(15) കേരളത്തിന് നഷ്ടമായെങ്കിലും പിന്നീട് സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 103 റണ്‍സുമായി സച്ചിന്‍ ബേബിയും 46 റണ്‍സ് നേടി സല്‍മാന്‍ നിസാറുമാണ് ക്രീസില്‍. ആറാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 100 റണ്‍സാണ് ഇപ്പോള്‍ നേടിയിട്ടുള്ളത്. ഡല്‍ഹിയ്ക്കായി തേജസ് ബരോക രണ്ടും പ്രദീപ് സംഗ്വാന്‍, വികാസ് മിശ്ര, ശിവം ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

വിജയ് ഹസാരെയിലെ ആദ്യ ജയം നേടി കേരളം, സച്ചിന്‍ ബേബി ടോപ് സ്കോറര്‍

ബൗളര്‍മാരും സച്ചിന്‍ ബേബിയും തിളങ്ങിയ മത്സരത്തില്‍ ഒഡീഷയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. 117 റണ്‍സിനു ഒഡീഷയെ പുറത്താക്കിയ ബൗളര്‍മാരുടെ പ്രകടനത്തിനു ശേഷം 37.3 ഓവറുകളില്‍ നിന്നാണ് കേരളം 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടിയത്. 37 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം സഞ്ജു സാസംണ്‍ 25 റണ്‍സ് നേടി പുറത്തായ ശേഷം ക്രീസിലെത്തിയ സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും ചേര്‍ന്ന് ടീമിനെ വിജയത്തിനടുത്തെത്തിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 49 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബി(41) പുറത്താകുമ്പോള്‍ കേരളത്തിനു വിജയം ഏഴ് റണ്‍സ് അകലെയായിരുന്നു. സല്‍മാന്‍ നിസാര്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു

നേരത്തെ ബൗളര്‍മാരില്‍ അക്ഷയ് ചന്ദ്രന്‍ നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടി ഒഡീഷയുടെ നടുവൊടിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരെ വിജയത്തിനു 20 റണ്‍സ് അകലെ ഏഴ് വിക്കറ്റ് കൈയ്യിലുണ്ടായിരുന്ന കേരളം 5 പന്ത് ശേഷിക്കെ 7 റണ്‍സ് അകലെ വെച്ച് ഓള്‍ഔട്ട് ആയി ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു.

സല്‍മാന്‍ നിസാറിനു ശതകം, ലീഡ് നേടാനാകാതെ കേരളം

ചത്തീസ്ഗഢിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. സല്‍മാന്‍ നിസാര്‍ ശതകവുമായി പൊരുതിയെങ്കിലും കേരളത്തിനു ഒന്നാം ഇന്നിംഗ്സില്‍ 309 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒന്നാം ഇന്നിംഗ്സില്‍ 67 റണ്‍സിന്റെ ലീഡാണ് ചത്തീസ്ഗഢ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ ടീം 86/2 എന്ന നിലയിലാണ് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍. 128/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു 42 റണ്‍സ് നേടിയ സച്ചിന്‍ ബേബിയെ ആദ്യ നഷ്ടമായി.

സല്‍മാന്‍ നിസാര്‍ പൊരുതിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ കേരളം 309 റണ്‍സിനു ഓള്‍ഔട്ട് ആയി. 9ാം വിക്കറ്റായി സല്‍മാന്‍ നിസാര്‍ പുറത്താകുമ്പോള്‍ 133 റണ്‍സാണ് താരം നേടിയത്. തൊട്ടടുത്ത ഓവറില്‍ സ്കോര്‍ ബോര്‍ഡിനോട് ഒരു റണ്‍സ് കൂടി ചേര്‍ക്കാനാകാതെ കേരളം ഓള്‍ഔട്ട് ആയി. സുമിത് റൂയിക്കര്‍ ചത്തീസ്ഗഢിനു വേണ്ടി 5 വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് ചത്തീസ്ഗഢ് നേടിയിട്ടുള്ളത്. മത്സരത്തില്‍ 153 റണ്‍സ് ലീഡാണ് ടീമിനിപ്പോളുള്ളത്. ശാനിദ്യ ഹര്‍ക്കത്(21), ഋഷഭ് തിവാരി(31) എന്നിവര്‍ പുറത്തായപ്പോള്‍ വിശാല്‍ ഖുഷ്വ 30 റണ്‍സുമായും അമന്‍ദീപ് ഖാരേ 4 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു. അക്ഷയ് ചന്ദ്രനും ആസിഫ് കെഎം എന്നിവര്‍ കേരളത്തിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version