ലോക 18ാം നമ്പര്‍ താരത്തോട് കീഴടങ്ങി സൈന, തോല്‍വി മൂന്ന് ഗെയിം പോരാട്ടത്തിന് ശേഷം

തായ്‍ലാന്‍ഡ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലിന് തോല്‍വി. വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ സൈന ഇന്ന് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ സയാക തകാഹാഷിയോട് കീഴടങ്ങുകയായിരുന്നു. ആദ്യ ഗെയിം വിജയിച്ചുവെങ്കിലും സൈന പിന്നീടുള്ള രണ്ട് ഗെയിമിലും പിന്നില്‍ പോയി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.

സ്കോര്‍: 21-16, 11-21, 14-21

ക്വാര്‍ട്ടറില്‍ കീഴടങ്ങി സൈന, ലോക മൂന്നാം നമ്പര്‍ താരത്തോട് പരാജയം

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ സൈനയ്ക്ക് ജയിക്കാനായെങ്കിലും ഇന്നത്തെ മത്സരത്തില്‍ സൈന പിന്നില്‍ പോയി.

ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്‍കാരിയോട് സൈന 8-21, 13-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.

ആദ്യ റൗണ്ടില്‍ അനായാസ ജയം, സിംഗപ്പൂര്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് സൈന നെഹ്‍വാല്‍

സിംഗപ്പൂര്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലേക്ക് അനായാസ ജയവുമായി സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ യൂലിയയെ നേരിട്ടുള്ള ഗെയിമിലാണ് സൈന കീഴടക്കിയത്. 21-16, 21-11 എന്ന സ്കോറിനു 43 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സൈനയുടെ വിജയം. അതേ സമയം മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി കൂട്ടുകെട്ട് വിജയം കുറിച്ചു.

ഇന്ത്യയുടെ തന്നെ മനീഷ്-അര്‍ജ്ജുന്‍ കൂട്ടുകെട്ടിനെ 21-18, 21-7 എന്ന സ്കോറിനാണ് പ്രണവ്-സിക്കി കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. 26 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. മറ്റൊരു മിക്സഡ് ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സൗരഭ് ശര്‍മ്മ-അനൗഷ്ക പരീഖ് കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. സ്കോര്‍ 12-21, 12-21.

പുരുഷ ഡബിള്‍സ് ടീമായ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടിനും ആദ്യ റൗണ്ടില്‍ തോല്‍വിയായിരുന്നു ഫലം. ഇരുവരും സിംഗപ്പൂരിന്റെ താരങ്ങളോടാണ് 13-21, 17-21 എന്ന സ്കോറിനു കീഴടങ്ങിയത്.

സ്വിസ് ഓപ്പണില്‍ നിന്ന് സൈന പിന്മാറി

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണിനിടെ തനിക്കുണ്ടായ കലശലായ വയറുവേദനയെത്തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ആവുന്ന സാഹചര്യം ഉണ്ടായെന്നും അതിനാല്‍ തന്നെ സ്വിസ് ഓപ്പണില്‍ നിന്ന് താന്‍ പിന്മാറുകയാണെന്നും അറിയിക്കുകയായിരുന്നു സൈന. തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ താരം ഇത് ആരാധകരെ അറിയിക്കുകയായിരുന്നു.

2011, 2012 വര്‍ഷം സ്വിസ് ഓപ്പണ്‍ ചാമ്പ്യനായ താരമാണ് സൈന നെഹ്‍വാല്‍.

സൈനയ്ക്ക് ജയം, സമീറിനും ഡബിള്‍സ് ടീമുകള്‍ക്കും പരാജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാല്‍ ആദ്യ റൗണ്ടില്‍ വിജയം കുറിച്ചപ്പോള്‍ പുരുഷ സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ബ്രിട്ടന്റെ കിര്‍സ്റ്റി ഗില്‍മോറിനെയാണ് സൈന നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-18.

അതേ സമയം സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് പരാജയമേറ്റു വാങ്ങിയത്. ആദ്യ ഗെയിം 21-16നു ജയിച്ചുവെങ്കിലും അടുത്ത രണ്ട് ഗെയിമും സമീര്‍ കൈവിട്ടു. സ്കോര്‍: 21-16, 18-21, 14-21.

പുരുഷ ഡബിള്‍സില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ ഇന്ത്യയുടെ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് ചൈനീസ് താരങ്ങളോട് 19-21, 21-16, 14-21 എന്ന സ്കോറിനു കീഴടങ്ങിയപ്പോള്‍ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളില്‍ ഹോങ്കോംഗിന്റെ ടീമിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍: 23-21, 21-17.

സൈന തന്നെ സൂപ്പര്‍, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സിന്ധുവിനെ തോല്പിച്ച് ദേശീയ ചാമ്പ്യന്‍

കഴിഞ്ഞ വര്‍ഷത്തെ ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ വനിത വിഭാഗം ഫൈനലിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇത്തവണത്തെ ഫൈനലും. നിലവിലെ ചാമ്പ്യന്‍ സൈന നെഹ്‍വാലും പിവി സിന്ധുവും ഏറ്റുമുട്ടിയപ്പോള്‍ ഫലവും കഴിഞ്ഞ തവണത്തേത് തന്നെ. നേരിട്ടുള്ള ഗെയിമുകളില്‍ പിവി സിന്ധുവിനെ കീഴടക്കി സൈന നെഹ്‍വാല്‍ തന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ നാലാമത്തെ കിരീടവുമാണ് സ്വന്തമാക്കിയത്.

21-18, 21-15 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം.പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നിനെ കീഴടക്കി സൗരഭ് വര്‍മ്മ തന്റെ മൂന്നാം കിരീടം സ്വന്തമാക്കി. 21-18, 21-13 എന്ന സ്കോറിനായിരുന്നു സൗരഭിന്റെ വിജയം.

ദേശീയ ബാഡ്മിന്റണില്‍ സൈന സിന്ധു ഫൈനല്‍

ദേശീയ ബാഡ്മിന്റണ്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ ഏറ്റുമുട്ടും. പിവി സിന്ധുവും സൈന നെഹ്‍വാലും തങ്ങളുടെ സെമി ഫൈനല്‍ മത്സരങ്ങളില്‍ അനായാസ ജയം നേടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സിന്ധു നേരിട്ടുള്ള ഗെയിമില്‍ 21-10, 22-20 എന്ന സ്കോറിനു അഷ്മിത ചലിഹയെ കീഴടക്കി. രണ്ടാം ഗെയിമില്‍ സിന്ധുവിനെതിരെ ചലിഹ പൊരുതിയെങ്കിലും വിജയം സിന്ധുവിനൊപ്പമായിരുന്നു.

രണ്ടാം സെമിയില്‍ സൈന 21-15, 21-14 എന്ന സ്കോറിനാണ് വൈഷ്ണവി ബാലെയെ കീഴടക്കി ഫൈനലില്‍ കടന്നത്. കഴിഞ്ഞ വര്‍ഷവും ഇരു താരങ്ങളുമാണ് ഏറ്റുമുട്ടിയത്.

പരിക്കേറ്റ് മരിന്‍ പിന്മാറി, ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം സൈനയ്ക്ക്

ആദ്യ ഗെയിമിനിടെ 10-4നു ലീഡ് ചെയ്യവേ സ്പെയിനിന്റെ കരോളിന മരിന്‍ പരിക്കേറ്റ് പിന്മാറിയതോടെ ഇന്ത്യയുടെ സൈന നെഹ്‍വാളിനു ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം സിംഗിള്‍സ് കിരീടം. ഇന്ന് നടന്ന ഫൈനലില്‍ വ്യക്തമായ മേധാവിത്വത്തോടെ മുന്നേറുന്നതിനിടെയാണ് നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ മരിന്‍ പരിക്കേറ്റത്.

ആദ്യ ഗെയിമിനിടെയുണ്ടായ വീഴ്ചയാണ് മരിന്റെ കിരീട പ്രതീക്ഷകളെ തകര്‍ത്തത്.

സൈന-മരിന്‍ കലാശപ്പോര് നാളെ

ഇന്തോനേഷ്യ മാസ്റ്റേഴ്സ് വനിത വിഭാഗം ഫൈനലില്‍ നാളെ സൈന നെഹ്‍വാലും സ്പെയിനിന്റെ ഒളിമ്പിക്സ്-ലോക ചാമ്പ്യന്‍ കരോളിന മരിനും ഏറ്റുമുട്ടും. സൈന മൂന്ന് ഗെയിം പോരാട്ടത്തില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ കീഴടക്കിയപ്പോള്‍ മരിന്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ ചെന്‍ യൂഫെയിയെ കീഴടക്കിയാണ് ഫൈനലില്‍ കടന്നത്. ഇരു താരങ്ങളും ആദ്യ ഗെയിം മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് മത്സരത്തിലേക്ക് തിരികെ എത്തിയത്.

കഴിഞ്ഞ അഞ്ച് തവണ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോളും വിജയം മരിനൊപ്പമായിരുന്നു. ചെന്‍ യൂഫെയിയെ 17-21, 21-11, 23-21 എന്ന സ്കോറിനാണ് മരിന്‍ കീഴടക്കിയത്.

ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ അഭിമാനം സൈന നെഹ്‍വാല്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2019 വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്ന് നടന്ന തീപാറുന്ന സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിംഗ്ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന കീഴടക്കിയത്. ആദ്യ ഗെയിം മുന്നിട്ട് നിന്ന് ശേഷം അവസാന ഘട്ടത്തില്‍ കൈവിട്ടുവെങ്കിലും അടുത്ത രണ്ട് ഗെയിമും തിരിച്ച് പിടിച്ച് സൈന ഫൈനലിലേക്ക് യോഗ്യത നേടി. 18-21, 21-12, 21-18 എന്ന സ്കോറിനു 58 മിനുട്ട് നീണ്ട മത്സരമാണ് ഇന്ത്യന്‍ താരം പൊരുതി സ്വന്തമാക്കിയത്.

ആദ്യ ഗെയിമില്‍ പിന്നിലായിരുന്നുവെങ്കിലും സൈന പിന്നീട് ഒപ്പമെത്തുകയും ഇടവേള സമയത്ത് 11-7ന്റെ ലീഡ് നേടുകയും ചെയ്തു. ഒരു ഘട്ടത്തില്‍ 16-11നു ലീഡ് ചെയ്ത ശേഷം ആദ്യ ഗെയിം സൈന 18-21നു കൈവിടുകയായിരുന്നു. സൈന അടുത്ത രണ്ട് പോയിന്റ് നേടുന്നതിനിടെ പത്ത് പോയിന്റ് നേടിയാണ് ബിംഗ്ജിയാവോ ആദ്യം ഗെയിം പോക്കറ്റിലാക്കിയത്.

രണ്ടാം ഗെയിമിന്റെ ആദ്യ രണ്ട് പോയിന്റുകളും നേടിയത് ചൈനീസ് താരമായിരുന്നുവെങ്കിലും പിന്നീട് സൈന പിടി മുറുക്കുന്നതാണ് കണ്ടത്. സൈന 11-3നു ഇടവേള സമയത്ത് ലീഡ് ചെയ്യുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ബിംഗ്ജിയാവോവിനു തിരിച്ചുവരവിനു അവസരം നല്‍കാതെ സൈന രണ്ടാം ഗെയിം സ്വന്തമാക്കി. 21-12 എന്ന സ്കോറിനായിരുന്നു സൈനയുടെ രണ്ടാം ഗെയിമിലെ വിജയം.

മൂന്നാം ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടുന്നതാണ് കണ്ടത്. ഇടവേള സമയത്ത് 11-10നു ഒരു പോയിന്റ് ലീഡ് ഹീ ബിംഗ്ജിയാവോയ്ക്കായിരുന്നു. 15-15നു ഗെയിമില്‍ സൈന ഒപ്പമെത്തിയ ശേഷം ആദ്യ ഗെയിമില്‍ സൈനയെ ചൈനീസ് താരം ഞെട്ടിച്ചതിനു സമാനമായി ഗെയിമും മത്സരവും 21-18നു സൈന സ്വന്തമാക്കി.

മരിനോട് സിന്ധുവിനു തോല്‍വി, സൈന സെമിയില്‍, കിഡംബിയും പുറത്ത്

കരോളിന മരിനോട് തോല്‍വിയേറ്റു വാങ്ങി ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് സ്പെയിനിന്റെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനോട് സിന്ധു കീഴടങ്ങിയത്. 11-21, 12-21 എന്ന സ്കോറിനായിരുന്നു തോല്‍വി. അതേ സമയം തായ്‍ലാന്‍ഡ് താരം പോംപാവെ ചോചുവുംഗിനെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കി സൈന നെഹ്‍വാല്‍ സെമിയില്‍ കടന്നു. 33 മിനുട്ട് നീണ്ട മത്സരത്തില്‍ 21-7, 21-8 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം.

പുരുഷ വിഭാഗത്തില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി തോല്‍വിയേറ്റു വാങ്ങി. 18-21, 19-21 എന്ന സ്കോറിനാണ് കിഡംബിയുടെ തോല്‍വി.

സൈനയ്ക്കും ജയം, ക്വാര്‍ട്ടറില്‍

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്തോനേഷ്യയുടെ ഫിറ്റ്റിയാനിയെ നേരിട്ടുള്ള ഗെയിമുകളില്‍ 21-17, 21-15 എന്ന സ്കോറിനാണ് സൈനയുടെ വിജയം. 43 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈനയുടെ വിജയം. സൈനയ്ക്ക് ക്വാര്‍ട്ടറില്‍ പോണ്‍പാവിയാണ് എതിരാളി. അകാനെ യാമഗൂച്ചിയെയാണ് താരം കീഴടക്കിയത്.

അതേ സമയം ഡെന്മാര്‍ക്കിന്റെ ജോഡികളോട് കീഴടക്കി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം പുറത്തായി. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം 14-21, 21-17, 10-21 എന്ന സ്കോറിനാണ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ട് പരാജയപ്പെട്ടത്.

Exit mobile version