രണ്ടാം റൗണ്ടിൽ സിന്ധുവിന് അനായാസ വിജയം

തായ്‍ലാന്‍ഡ് ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസ വിജയവുമായി പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തിൽ കൊറിയയുടെ യു ജിന്‍ സിമ്മിനെ നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 21-13.

വനിത ഡബിള്‍സിൽ അശ്വിനി ബട്ട് – ശിഖ ഗൗതം കൂട്ടുകെട്ട് പരാജയപ്പെട്ടപ്പോള്‍ മിക്സഡ് ഡബിള്‍സ് ജോഡികളായ ഇഷാന്‍ ഭട്ട്നാഗര്‍ – തനിഷ കാസ്ട്രോ കൂട്ടുകെട്ടും പരാജയപ്പെട്ടു.

പുരുഷന്മാരിൽ രണ്ടാം റൗണ്ടിൽ കടന്നത് ശ്രീകാന്ത് കിഡംബി മാത്രം

തായ്‍ലാന്‍ഡ് ഓപ്പണിൽ പുരുഷ സിംഗിള്‍സിൽ ഇന്ത്യയ്ക്ക് കടുത്ത നിരാശയിലും ആശ്വാസമായി ശ്രീകാന്ത് കിഡംബിയുടെ വിജയം. പ്രണോയ്, സൗരഭ് വര്‍മ്മ, സായി പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടിൽ പുറത്തായപ്പോള്‍ ശ്രീകാന്ത് മാത്രമാണ് രണ്ടാം റൗണ്ടിൽ കടന്ന താരം.

ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്തിന്റെ വിജയം. 18-21, 21-10, 21-16 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

സൈന പുറത്ത്, തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് കിഡംബി പിന്മാറി

തായ്‍ലാന്‍ഡ് ഓപ്പണില്‍ സിംഗിള്‍സിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. സൈന നെഹ്‍വാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായപ്പോള്‍ ശ്രീകാന്ത് കിഡംബി പരിക്ക് കാരണം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. സൈന തായ്‍ലാന്‍ഡിന്റെ ബുസ്നാനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയമേറ്റു വാങ്ങിയത്. സ്കോര്‍: 23-21, 14-21, 16-21. 68 മിനുട്ടാണ് ഈ മത്സരം നീണ്ട് നിന്നത്.

ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ 23-21ന് സൈനയാണ് വിജയം കരസ്ഥമാക്കിയത്. അതെ സമയം രണ്ടാം ഗെയിമില്‍ ബുസ്നാന്‍ ആദ്യമേ ലീഡ് നേടി. പിന്നീട് തായ്‍ലാന്‍ഡ് താരം ഗെയിം 21-14ന് സ്വന്തമാക്കി മത്സരം മൂന്നാം ഗെയിമിലേക്ക് നീക്കി. മൂന്നാം ഗെയിമിലും തുടക്കം മുതലെ ആധിപത്യം പുലര്‍ത്തിയ തായ്‍ലാന്‍ഡ് താരം മത്സരം സ്വന്തമാക്കി.

തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടക്കാനിരുന്ന മത്സരത്തില്‍ നിന്ന് താരം കാഫ് മസില്‍ പുള്‍ കാരണം പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ സഹതാരം സൗരഭ് വര്‍മ്മയെ പരാജയപ്പെടുത്തിയാണ് കിഡംബി രണ്ടാം റൗണ്ടില്‍ കടന്നത്.

തായ്‍ലാന്‍ഡ് ഓപ്പണ്‍: രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് സഖ്യത്തിന് തോല്‍വി

തായ്‍ലാന്‍ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെട്ടായ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്തോനേഷ്യന്‍ ടീമിനോടാണ് ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.

19-21, 17-21 എന്നിങ്ങനെ 34 മിനുട്ടിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാന്‍ – ഹേന്ദ്ര സെറ്റിയാവന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയമേറ്റുവാങ്ങിയത്.

സൈന രണ്ടാം റൗണ്ടില്‍, പ്രണോയ് പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്ന് സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ മലേഷ്യയുടെ കിസോണ സെല്‍വദുരൈയ്ക്കെതിരെ നേരിട്ടുള്ള ഗെയിമിലാണ് സൈനയുടെ വിജയം. സ്കോര്‍ 21-15, 21-15. അതേ സമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ എച്ച് എസ് പ്രണോയ് പുറത്ത് ആയി.

മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ ലോക പത്താം നമ്പര്‍ താരത്തോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. മലേഷ്യന്‍ താരം സീ ജിയ ലീയോട് 13-21, 21-14, 21-8 എന്ന സ്കോറിനാണ് പ്രണോയ് കീഴടങ്ങിയത്. ഇതോടെ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം സൈനയിലും കിഡംബിയിലും മാത്രമായി ഒതുക്കി.

ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ജയം കിഡംബിയ്ക്ക്, സമീറിനും സൗരഭ് വര്‍മ്മയ്ക്കും തോല്‍വി

തായ്‍ലാന്‍ഡ് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സഹ താരം സൗരഭ് വര്‍മ്മയെ നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 31 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-12, 21-11

മറ്റൊരു മത്സരത്തില്‍ സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ കീഴടങ്ങി. ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെനോട് നേരിട്ടുള്ള സെറ്റിലാണ് സമീറിന്റെ പരാജയം. സ്കോര്‍: 15-21, 17-21.

മൂന്നാം ഗെയിമിനിടെ മത്സരത്തില്‍ നിന്ന് പിന്മാറി പാരുപ്പള്ളി കശ്യപ്

തായ്‍ലാന്‍ഡ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പാരുപ്പള്ളി കശ്യപ് പുറത്ത്. ഇന്ന് നടന്ന മത്സരത്തില്‍ മൂന്നാം ഗെയിമിനിടെ താരം പിന്മാറുകയായിരുന്നു. തന്നെക്കാളും റാങ്കിംഗില്‍ പിന്നിലായിരുന്ന ജേസണ്‍ ആന്തണിയോടാണ് താരത്തിന് തിരിച്ചടിയേറ്റു വാങ്ങേണ്ടി വന്നത്.

ആദ്യ ഗെയിമില്‍ 9-21ന് പിന്നില്‍ പോയ കശ്യപ് രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിമില്‍ 8-14ന് പിന്നിലായിരുന്നപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. സ്കോര്‍ : 9-21, 21-13, 8-14

തായ്‍ലാന്‍ഡ് ഓപ്പണ്‍, ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം

തായ്‍ലാന്‍ഡ് ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി – സാത്വിക് സായിരാജ് കൂട്ടുകെട്ട് വിജയം നേടിയപ്പോള്‍ ധ്രുവ് കപില-അര്‍ജ്ജുന്‍ എംആര്‍ കൂട്ടുകെട്ടിന് പരാജയം ആയിരുന്നു ഫലം. മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഡി- സുമീത് റെഡ്ഢി കൂട്ടുകെട്ടിനും പരാജയമേറ്റുവാങ്ങേണ്ടി വന്നു.

ചിരാഗ്-സാത്വിക് കൂട്ടുകെട്ട് ദക്ഷിണ കൊറിയയുടെ ജുംഗ് കിം – യോംഗ് ലീ കൂട്ടകെട്ടിനെ 19-21, 21-16, 21-14 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 68 മിനുട്ടാണ് മത്സരം നീണ്ടത്. അതേ സമയം അര്‍ജ്ജുന്‍ – ധ്രുവ് ജോഡി മലേഷ്യന്‍ ടീമിനോട് 21-13, 8-21, 22-24 എന്ന രീതിയില്‍ പരാജയമേറ്റു വാങ്ങി. ആവേശകരമായ മൂന്നാം സെറ്റില്‍ വിജയം ആര്‍ക്ക് വേണമെങ്കിലും നേടാമെന്ന ഘട്ടത്തില്‍ നിന്നാണ് ടീം പരാജയപ്പെട്ടത്.

സിക്കി – സുമീത് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയമികളില്‍ ഹോങ്കോംഗിന്റെ ജോഡിയോട് 20-22, 17-21 എന്ന സ്കോറിന് അടിയറവ് വഴങ്ങി.

പിവി സിന്ധുവിനും സായി പ്രണീതിനും തോല്‍വി, അശ്വിനി – സാത്വിക് കൂട്ടുകെട്ട് രണ്ടാം റൗണ്ടില്‍

ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡറ്റിനെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമുകളിലും തോല്‍വിയേറ്റ് വാങ്ങി നേടി തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പുറത്തായി പിവി സിന്ധു. ആദ്യ ഗെയിമില്‍  മിയയെ പരാജയപ്പെടുത്തിയത്. 21-16ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിലും തുടക്കത്തില്‍ ലീഡ് നേടിയെങ്കിലും മിയ മികച്ച തിരിച്ചുവരവ് നടത്തി 26-24ന് ഗെയിം വിജയിച്ചു. സിന്ധുവിനെ നിഷ്പ്രഭമാക്കി മിയ മൂന്നാം ഗെയിമും നേടുകയായിരുന്നു. സ്കോര്‍: 21-16, 24-26, 13-21

മറ്റൊരു മത്സരത്തില്‍ പുരുഷ താരം സായി പ്രണീത് നേരിട്ടുള്ള ഗെയിമില്‍ ലോക 15ാം നമ്പര്‍ താരത്തോട് പരാജയമേറ്റു വാങ്ങി. 16-21, 10-21 എന്ന സ്കോറിന് കാന്റാഫോന്‍ വാംഗ്ചാരോയെനിനോടാണ് പ്രണീത് പരാജയപ്പെട്ടത്.

തായ്‍ലാന്‍ഡ് ഓപ്പണിലെ മിക്സഡ് ഡബിള്‍സ് ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ആറാം സീഡുകളായ ഹഫീസ് – ഗ്ലോറിയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് അശ്വിനി പൊന്നപ്പ – സാത്വിക് സായിരാജ് കൂട്ടുകെട്ട് വിജയം നേടിയത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലായിരുന്നു ഈ കൂട്ടുകെട്ടിന്റെ വിജയം.

ആദ്യ ഗെയിലം 21-11ന് അനായാസം വിജയിച്ച ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ പൊരുതിയാണ് കീഴടങ്ങിയത്. മൂന്നാം ഗെയിമില്‍ ആധിപത്യം തുടര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ മത്സരം സ്വന്തമാക്കി.

സ്കോര്‍ : 21-11, 27-29, 21-16

സൈനയും പ്രണോയിയും കോവിഡ് പോസിറ്റീവ്, തായ്‍ലാന്‍ഡ് ഓപ്പണില്‍ നിന്ന് പിന്മാറി

ഇന്ത്യയുടെ മുന്‍ നിര ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‍വാലും എച്ച്എസ് പ്രണോയിയും കോവിഡ് പോസ്റ്റീവെന്ന് സ്ഥിരീകരിച്ചു. തായ്‍ലാന്‍ഡ് ഓപ്പണിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇരു താരങ്ങളുടെയും ഫലം പ്രതികൂലമായി മാറിയത്. ഇതോടെ ഇരു താരങ്ങളും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു.

തായ്‍ലാന്‍ഡില്‍ എത്തിയ ശേഷമുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് ഇരു താരങ്ങളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോടെ താരങ്ങളെ 10 ദിവസത്തെ ഹോസ്പിറ്റല്‍ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.

സൈനയുമായി അടുത്ത സമ്പര്‍ക്കം ഉള്ളതിനാല്‍ തന്നെ ഭര്‍ത്താവ് പാരുപ്പള്ളി കശ്യപും ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറി. മറ്റു താരങ്ങള്‍ക്ക് മത്സരിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോച്ചിന്റെയോ സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സഹായം മത്സര സമയത്ത് ഇവര്‍ക്ക് ലഭിക്കില്ല.

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം, റാങ്കിംഗിലും മെച്ചം സ്വന്തമാക്കി ഇന്ത്യന്‍ കൂട്ടുകെട്ട്

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികളായ ചിരാഗ് ഷെട്ടി – സാത്വിക് സായിരാജ് കൂട്ടുകെട്ടിന് റാങ്കിംഗിലും വലിയ നേട്ടം. ഏറ്റവും പുതിയ BWF റാങ്കിംഗില്‍ താരങ്ങള്‍ക്ക് 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്ത് സ്ഥാനത്തിനുള്ളിലേക്ക് എത്തുവാന്‍ സാധിച്ചിരുന്നു. നിലവില്‍ ഇരുവരും 9ാം റാങ്കിലാണ് സ്ഥിതി ചെയ്യുന്നത്. തായ്‍ലാന്‍ഡ് ഓപ്പണ്‍ വിജയിച്ചതോടെ സാത്വിക്-ചിരാഗ് കൂട്ടുകെട്ട് BWF സൂപ്പര്‍ 500 ടൂര്‍ണ്ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ കൂട്ടുകെട്ടായി മാറിയിരുന്നു.

ചരിത്രം കുറിച്ച് സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം സ്വന്തമാക്കാനായത്. 21-19, 18-21, 21-19 എന്ന സ്കോറിനാണ് വിജയം. ലോക രണ്ടാം റാങ്കുകാരായ ചൈനീസ് കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. നിലവിലെ ലോക ചാമ്പ്യന്മാര്‍ കൂടിയാണ് ചൈനീസ് താരങ്ങള്‍.

ആദ്യ ഗെയിമില്‍ 21-19ന് വിജയിച്ച ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ 18-16ന് മുന്നിലായിരുന്നുവെങ്കിലും ചൈനീസ് താരങ്ങള്‍ തുടരെ അഞ്ച് പോയിന്റ് നേടി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിലും മേധാവിത്വം പുലര്‍ത്തി ചൈനീസ് താരങ്ങള്‍ 4-1ന്റെ ലീഡ് നേടിയെങ്കിലും 6-6ന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പം പിടിയ്ക്കുകയും പിന്നീട് 8-6ന്റെ ലീഡ് നേടുകയും ചെയ്തു. മൂന്നാം ഗെയിമിന്റെ ഇടവേള സമയത്ത് 11-8ന് ഇന്ത്യന്‍ ജോഡി ലീഡ് ചെയ്യുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം ലീഡ് 15-11ലേക്ക് ഉയര്‍ത്തുവാന്‍ ഇന്ത്യയ്ക്കായി. സാത്വിക് വമ്പന്‍ സ്മാഷുകളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമിലേതിന് സമാനമായി പോയിന്റുകള്‍ തുടരെ നേടി ചൈനീസ് താരങ്ങള്‍ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ലീഡ് 18-15 ലേക്ക് ഉയര്‍ത്തി.

മൂന്നാം ഗെയിം 21-18ന് സ്വന്തമാക്കി ഇന്ത്യന്‍ ജോഡി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

 

Exit mobile version