തൊണ്ണൂറുകളില്‍ വീണ്ടും കാലിടറി ഋഷഭ് പന്ത്

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ തന്റെ കന്നി ശതകം നേടുമ്പോള്‍ ഇന്ത്യയ്ക്കായി ഇംഗ്ലണ്ടില്‍ ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി പന്ത് മാറിയിരുന്നു. ടെസ്റ്റില്‍ 114 റണ്‍സ് നേടിയ പന്ത് കെഎല്‍ രാഹുലിനെൊപ്പം പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ മത്സരത്തിലെ തോല്‍വിയില്‍ നിന്നൊഴിവാക്കുവാന്‍ താരങ്ങള്‍ക്കായില്ല. ഈ പ്രകടനത്തിന്റെയും വൃദ്ധിമന്‍ സാഹയുടെയും പരിക്കിന്റെ കാരണത്താല്‍ വിന്‍ഡീസ് പരമ്പരയിലും താരത്തിനു അവസരം ലഭിച്ചു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം വിന്‍ഡീസിനെതിരെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എന്നാല്‍ തൊണ്ണൂറുകളില്‍ കാലിടറുന്നതാണ് പന്തിന്റെ ഇന്നിംഗ്സിലെ പതിവു കാഴ്ച. രാജ്കോട്ടിലും ഹൈദ്രാബാദിലും 92 റണ്‍സില്‍ താരം പുറത്തായപ്പോള്‍ അര്‍ഹമായ രണ്ട് ശതകങ്ങളാണ് താരത്തിനു നഷ്ടമായത്. തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ 90ല്‍ പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഋഷഭ് പന്ത്.

ഇന്ത്യയ്ക്കായി രാഹുല്‍ ദ്രാവിഡ് 1997ല്‍ ശ്രീലങ്കയ്ക്കെതിരെ സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു. തുടര്‍ച്ചയായ ഇന്നിംഗ്സുകളില്‍ ദ്രാവിഡ് 92, 93 എന്ന സ്കോറുകള്‍ നേടി പുറത്താകുകയായിരുന്നു.

ലീഡിനരികെ ഇന്ത്യ, ക്രീസില്‍ നിലയുറപ്പിച്ച് ഋഷഭ് പന്തും അജിങ്ക്യ രഹാനെയും

വിന്‍ഡീസിനെ 311 റണ്‍സിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 308/4 എന്ന നിലയില്‍ രണ്ടാം ദിവസം അവസാനിപ്പിച്ചു. പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനു ശേഷം പുജാരയെയും വിരാട് കോഹ്‍ലിയെയും(45) പുറത്താക്കി ശക്തമായ തിരിച്ചുവരവ് വിന്‍ഡീസ് മത്സരത്തില്‍ നടത്തിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ അജിങ്ക്യ രഹാനെ-ഋഷഭ് പന്ത് കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.

വിന്‍ഡീസ് സ്കോറിനു 3 റണ്‍സ് മാത്രം പിന്നിലായാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ നിലകൊള്ളുന്നത്. പൃഥ്വി ഷാ 53 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ രഹാനെ(75*), ഋഷഭ് പന്ത് എന്നിവര്‍ പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. 120 പന്തില്‍ 85 റണ്‍സാണ് പന്തിന്റെ സംഭാവന. അഞ്ചാം വിക്കറ്റില്‍ ഇന്ത്യ ഇതുവരെ 146 റണ്‍സാണ് നേടിയിട്ടുള്ളത്.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഷാനണ്‍ ഗബ്രിയേല്‍, ജോമെല്‍ വാരിക്കന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

പന്ത് ടീമില്‍, ഏകദിന ടീം പ്രഖ്യാപിച്ച് ഇന്ത്യ

വിന്‍ഡീസിനെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് ഇന്ത്യ. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഋഷഭ് പന്ത് തന്റെ ഏകദിന അരങ്ങേറ്റും നടത്തുമെന്നുള്ള സൂചനയാണ് താരം ടീമില്‍ ഇടം പിടിച്ചതില്‍ നിന്ന് മനസ്സിലാക്കുന്നത്. വിരാട് കോഹ്‍ലി വീണ്ടും ടീമിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തുന്നുണ്ട്. ദിനേശ് കാര്‍ത്തിക്കിനു പകരമാണ് ഋഷഭ് പന്ത് ടീമിലെത്തുന്നത്. ടീമിലെ പ്രധാന കീപ്പറായി എംഎസ് ധോണി തന്നെ തുടരും.

ഏഷ്യ കപ്പിനിടെ പരിക്കേറ്റ കേധാര്‍ ജാഥവിനെയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെയും ഒഴിവാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ടീമിലില്ല. ശര്‍ദ്ധുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് ബൗളിംഗ് നിരയിലേക്ക് മുഹമ്മദ് ഷമി തിരികെ എത്തുന്നുണ്ട്. രവീന്ദ്ര ജഡേജയ്ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായിട്ടുണ്ട്. ഏഷ്യ കപ്പില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച മനീഷ് പാണ്ഡേയും ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡേ, എംഎസ് ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, ശര്‍ദ്ധുല്‍ താക്കൂര്‍, കെഎല്‍ രാഹുല്‍

ഗതി പിടിക്കാതെ വിന്‍ഡീസ്, 6 വിക്കറ്റ് നഷ്ടം

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ യഥേഷ്ടം ശതകം അടിച്ചൂകുട്ടിയ പിച്ചില്‍ ഗതി പിടിക്കാതെ വിന്‍ഡീസ് ബാറ്റിംഗ് നിര. രണ്ടാം ദിവസം സ്റ്റംപ്‍സ് ആവുമ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 94/6 എന്ന നിലയിലാണ്. റോഷ്ടണ്‍ ചേസ് 27 റണ്‍സും കീമോ പോള്‍ 13 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഓപ്പണര്‍മാരെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് നേടി അശ്വിനു ഒരു വിക്കറ്റ് ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ റണ്ണൗട്ടായി പുറത്തായി.

നേരത്തെ വിരാട് കോഹ്‍ലി(139), രവീന്ദ്ര ജഡേജ(100*) എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടാം ദിവസം ശതകം നേടിയിരുന്നു. ഋഷഭ് പന്ത് 92 റണ്‍സില്‍ പുറത്തായപ്പോള്‍ ആദ്യ ദിവസം പൃഥ്വി ഷാ 134 റണ്‍സ് നേടി. ആദ്യ ദിവസം ചേതേശ്വര്‍ പുജാര 86 റണ്‍സും അജിങ്ക്യ രഹാനെ 41 റണ്‍സും നേടി പുറത്തായിരുന്നു. 149.5 ഓവറില്‍ നിന്നാണ് ഇന്ത്യ 649 റണ്‍സ് നേടിയത്. ജഡേജ ശതകം തികച്ച ഉടനെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വാലറ്റത്തോടൊപ്പം പൊരുതിയാണ് തന്റെ കന്നി ടെസ്റ്റ് ശതകം ജഡേജ പൂര്‍ത്തിയാക്കിയത്. 22 റണ്‍സ് നേടിയ ഉമേഷ് യാദവ് ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ 4 വിക്കറ്റും അരങ്ങേറ്റക്കാരന്‍ ഷെര്‍മന്‍ ലൂയിസ് രണ്ട് വിക്കറ്റും നേടി. ഷാനണ്‍ ഗബ്രിയേല്‍, റോഷ്ടണ്‍ ചേസ്, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

വിന്‍ഡീസ് പരമ്പരയ്ക്കായി പ്രത്യേകം തയ്യാറെടുപ്പുകള്‍: ഋഷഭ് പന്ത്

ഒക്ടോബര്‍ 4നു ആരംഭിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിയ്ക്കുന്നതിനായി തന്റെ വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തുവാനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് അറിയിച്ച് ഋഷഭ് പന്ത്. രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായി വിന്‍ഡീസ് ഇന്ത്യയിലെത്തുമ്പോള്‍ കീപ്പിംഗ് ദൗത്യം ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കിനെയോ ആവും ഏല്പിക്കുക. വൃദ്ധിമന്‍ സാഹയുടെ പരിക്ക് ഭേദപ്പെടാത്തതിനാലാണ് ഇത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ടേണിംഗ് പിച്ചുകളില്‍ പരിശീലനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പന്ത് ഇറിയിച്ചു. രാജ്കോട്ടിലെയും ഹൈദ്രാബാദിലെയും ടെസ്റ്റ് വേദികളിലേതിനു സമാനമായി കുത്തി തിരിയുന്ന പന്തുകളെ കീപ്പ് ചെയ്യുവാനാണ് തന്റെ ശ്രമമെന്നും പന്ത് പറഞ്ഞു. പരമ്പരയ്ക്ക് മു്പ് താന്‍ എന്‍സിഎ സന്ദര്‍ശിക്കുമെന്നും വിജയ് ഹസാരെ ട്രോഫി കളിക്കുന്ന പന്ത് അറിയിച്ചു.

അടുത്തിടെ പന്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച സെലക്ടര്‍ എംഎസ്‍കെ പ്രസാദ് താരത്തിന്റെ കീപ്പിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് അറിയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വേണ്ടി കീപ്പിംഗ് ചെയ്തത് തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നും പന്ത് പറഞ്ഞു. ഓവലിലെ പിച്ച് ഇന്ത്യന്‍ പിച്ചുകള്‍ക്ക് സമാനമായിരുന്നുവെന്നും പന്ത് കൂട്ടിചേര്‍ത്തു.

പന്ത് ഒരു ബാറ്റ്സ്മാനായി മികച്ച് നിന്നു, കീപ്പിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്

ഋഷഭ് പന്തിന്റെ ഇംഗ്ലണ്ട് പ്രകടനത്തെക്കുറിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദിന്റെ അഭിപ്രായം ഇപ്രകാരം. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ പന്ത് മികച്ച് നിന്നുവെങ്കിലും കീപ്പിംഗില്‍ താരം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് പ്രസാദ് പറഞ്ഞത്. 20 വയസ്സുകാരന്‍ ഋഷഭ് പന്തിനു പ്രത്യേകം പരിശീലന മോഡ്യൂള്‍ സൃഷ്ടിച്ച് താരത്തിന്റെ കീപ്പിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടതായുണ്ടെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പിംഗ് കോച്ചിന്റെ സേവനം ഇതിനായി ഉപയോഗിക്കണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

ഓവലില്‍ ഇന്ത്യ തോറ്റുവെങ്കിലും പന്ത് ശതകം നേടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ പരമ്പരയിലെ താരത്തിന്റെ കീപ്പിംഗ് ശരാശരിയ്ക്കും താഴെയായിരുന്നു. താരം കീപ്പ് ചെയ്ത ആറ് ഇന്നിംഗ്സുകളിലായി വളരെയേറെ ബൈ റണ്ണുകള്‍ പന്ത് വഴങ്ങിയിരുന്നു. താരത്തിന്റെ ബാറ്റിംഗ് കഴിവും പേടിയില്ലാതെ ബാറ്റ് വീശുന്നതും തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് പറഞ്ഞ പ്രസാദ് എന്നാല്‍ താരം വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

രാഹുലിനും പന്തിനും അവസരങ്ങള്‍ നല്‍കുന്നത് തുടരണം: ഗാംഗുലി

വിദേശ പിച്ചില്‍ ശതകം നേടിയ കെഎല്‍ രാഹുലിനും ഋഷഭ് പന്തിനും തുടര്‍ന്നും അവസരം നല്‍കുവാന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകേഷ് രാഹുല്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ശതകം നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ താരത്തിനു അവസരങ്ങള്‍ ഇനിയും നല്‍കണം. മികവ് പുലര്‍ത്തിയില്ലെങ്കില്‍ പുറത്താകുമെന്ന സമ്മര്‍ദ്ദം ആവശ്യമാണ് എന്നാല്‍ അത് താരങ്ങളെ തകര്‍ക്കുന്ന തരത്തിലാവരുതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഓവലില്‍ രണ്ടാം ഇന്നിംഗ്സില്‍ 149 റണ്‍സ് നേടുന്നത് വരെ രാഹുലിനു ശരാശരി പ്രകടനം മാത്രമേ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഓവലില്‍ സ്ഥിതി മാറുകയായിരുന്നു. അത് തന്നെയാണ് ഒരു താരത്തില്‍ വിശ്വാസം നല്‍കിയാലുള്ള ഫലമെന്നും ഗാംഗുലി പറഞ്ഞു.

ഏഷ്യയ്ക്ക് പുറത്ത് റണ്‍സ് കണ്ടെത്തുന്ന താരങ്ങളെ കണ്ടെത്തി അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതില്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

മൂന്നാം ടെസ്റ്റിനു ശേഷം പന്തിന്റെ റാങ്ക് 111, ടെസ്റ്റ് റാങ്കിംഗില്‍ രാഹുല്‍ 19ാം സ്ഥാനത്ത്

ഓവലില്‍ തകര്‍പ്പന്‍ ശതകങ്ങള്‍ നേടിയ കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് കൂട്ടുകെട്ടിനു റാങ്കിംഗിലും മികച്ച മുന്നേറ്റം. ഓവലിലെ പ്രകടനം കെഎല്‍ രാഹുലിനെ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ാം സ്ഥാനത്തിലേക്കുയര്‍ത്തിയപ്പോള്‍ തന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റില്‍ കളിക്കുന്ന ഋഷഭ് പന്ത് 63 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റായ 285 പോയിന്റുമായി 111 റാങ്കില്‍ എത്തി.

149 റണ്‍സുമായി കെഎല്‍ രാഹുലും 114 റണ്‍സ് നേടി ഋഷഭ് പന്ത് ഇന്ത്യന്‍ പ്രതീക്ഷകളെ 207 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ നിലനിര്‍ത്തിയെങ്കിലും ഇരുവരെയും പുറത്താക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഒടുവില്‍ ഇന്ത്യയുടെ പ്രതിരോധം ഭേദിച്ച് ഇംഗ്ലണ്ട്, 118 റണ്‍സ് ജയം

2/3 എന്ന നിലയില്‍ നിന്ന് 345 റണ്‍സ് വരെ രണ്ടാം ഇന്നിംഗ്സില്‍ നേടുവാന്‍ ഇന്ത്യയ്ക്കായെങ്കിലും തോല്‍വി ഒഴിവാക്കുവാന്‍ ടീമിനു സാധിച്ചില്ല. ടെസ്റ്റ് അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യ 345 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 118 റണ്‍സിന്റെ ജയമാണ് ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ഇന്ന് കെന്നിംഗ്ടണ്‍ ഓവലില്‍ സ്വന്തമാക്കിയത്. ജയത്തോടെ 4-1നു പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

ലോകേഷ് രാഹുലിന്റെയും ഋഷഭ് പന്തിന്റെയും ശതകങ്ങളാണ് ഇന്ത്യയ്ക്ക് ആശ്വസിക്കുവാനുള്ള വക. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിച്ച രാഹുല്‍-രഹാനെ കൂട്ടുകെട്ടിനു ശേഷം ഹനുമ വിഹാരി പൂജ്യത്തിനു പുറത്തായെങ്കിലും ആറാം വിക്കറ്റില്‍ പരമ്പരയിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിംഗ് കൂട്ടുകെട്ടിനെയാണ് കെന്നിംഗ്ടണ്‍ ഓവലില്‍ അഞ്ചാം ദിവസം കളി കാണുവാനെത്തിയവര്‍ കണ്ടത്. ലോകേഷ് രാഹുലും ഋഷഭ് പന്തും തങ്ങളുടെ മികച്ച രീതിയിലുള്ള ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരത്തില്‍ ആദ്യമായി ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

204 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത് ഇംഗ്ലണ്ടിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചത് ആദില്‍ റഷീദാണ്. 149 റണ്‍സ് നേടിയ രാഹുലിനെ ആദ്യം പുറത്താക്കിയ റഷീദ് തന്റെ അടുത്ത ഓവറില്‍ 114 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു പന്തിനെയും വീഴ്ത്തി. പിന്നീട് ഇന്ത്യ 17 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 15ല്‍ താഴെ മാത്രം ഓവറുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യ ഓള്‍ഔട്ട് ആയത്. ആദില്‍ റഷീദ് നല്‍കിയ ആ ബ്രേക്ക്ത്രൂകളാണ് ഇംഗ്ലണ്ടിനു കെന്നിംഗ്ടണ്‍ ഓവലിലും വിജയക്കൊടി പാറിപ്പിക്കുവാന്‍ സഹായകരമായത്.

ജെിയംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ രണ്ടും സ്റ്റുവര്‍ട് ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പന്തിനു കൂടുതല്‍ സമയം അനുവദിക്കണം: ഗില്‍ക്രിസ്റ്റ്

ഋഷഭ് പന്തിനു ടെസ്റ്റ് ക്രിക്കറ്റില്‍ കാലുറയ്പ്പിക്കുവാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ട് ആഡം ഗില്‍ക്രിസ്റ്റ്. പന്ത് ക്വിന്റണ്‍ ഡി ക്കോക്കിനെ പോലൊരു കളിക്കാരനാണ്. പന്തിന്റെ ബാറ്റിംഗ്, കീപ്പിംഗ് ശൈലി ദക്ഷിണാഫ്രിക്കന്‍ താരത്തിനു സമാനമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുവാന്‍ ശേഷിയുള്ള താരമാണ് ഋഷഭ് പന്ത്. എന്നാല്‍ താരത്തിനു ആവശ്യമായ സമയം ഇന്ത്യ നല്‍കേണ്ടതുണ്ട്. രണ്ട്-മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ വിലയിരുത്തി തീരുമാനം എടുക്കരുതെന്നും ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ഇതിഹാസം പറഞ്ഞു.

വരുന്ന ഓസ്ട്രേലിയന്‍ ടൂറിലും താരത്തിനു അവസരം നല്‍കുവാന്‍ സെലക്ടര്‍മാര്‍ തയ്യാറാകണമെന്നും ഗില്ലി പറഞ്ഞു. ചില മത്സരങ്ങള്‍ മാത്രം പരിഗണിച്ച് താരങ്ങളെ ഒഴിവാക്കിയാല്‍ അത് അവരെ മാനസികമായി തളര്‍ത്തുമെന്നും ആഡിം ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

ഇത് സ്വപ്ന സാക്ഷാത്കാരം: ഋഷഭ് പന്ത്

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയത് സ്വപ്ന സാക്ഷാത്കാരമെന്ന് പറഞ്ഞ് ഋഷഭ് പന്ത്. വൃദ്ധിമന്‍ സാഹയുടെ പരിക്ക് കാരണം ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തിനും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നല്‍കുന്ന അവസ്ഥയിലേക്ക് കാരണങ്ങള്‍ കൊണ്ടെത്തിച്ചപ്പോള്‍ ഇത് തന്റെ ഏറെക്കാലത്തെ ആഗ്രഹം സാധ്യമായ നിമിഷമാണെന്നാണ് പന്ത് പറഞ്ഞത്. അവസാ ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ലെങ്കിലും ടെസ്റ്റ് ടീമിനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്നത് തന്നെ വലിയ കാര്യമെന്നാണ് പന്ത് പറഞ്ഞത്.

ഇന്ത്യ എ യുടെ ഇംഗ്ലണ്ട് ടൂറില്‍ ചതുര്‍ ദിന മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ ബാറ്റ്സ്മാന്മാരില്‍ പ്രധാനി ഋഷഭ് പന്ത് ആയിരുന്നു. പൊതുവേ മോശം പ്രകടനമാണ് ഇന്ത്യ എ ചുവപ്പ് പന്തില്‍ ഇംഗ്ലണ്ടില്‍ പുറത്തെടുത്തത്. എന്നാല്‍ ഡ്യൂക്ക് ബോളില്‍ ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. അജിങ്ക്യ രഹാനെയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് നേടുവാന്‍ തനിക്ക് സാധിച്ചതും തന്റെ ആത്മവിശ്വാസം കൂട്ടുന്നുവെന്നാണ് പന്ത് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാണം കെട്ട് ഇന്ത്യ എ, ലയണ്‍സിനു 253 റണ്‍സ് വിജയം

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ-യ്ക്ക് ദയനീയ തോല്‍വി. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റില്‍ 253 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ബാറ്റ്സ്മാന്മാര്‍ ഇരു ഇന്നിംഗ്സുകളിലും പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സ് പരമ്പരയിലെ ഏക ടെസ്റ്റ് മത്സരത്തില്‍ ജയം പോക്കറ്റിലാക്കി.

ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 423 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലിസ്റ്റര്‍ കുക്കിന്റെ 180 റണ്‍സിനോടൊപ്പം ദാവീദ് മലന്‍(74) നിക് ഗബിന്‍സ്(73) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിനു തുണയായത്. ഒരു ഘട്ടത്തില്‍ 345/2 എന്ന ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിനെ മുഹമ്മദ് സിറാജിന്റെയും ഷഹ്ബാസ് നദീമിന്റെയും ബൗളിംഗിന്റെ ബലത്തില്‍ ഇന്ത്യ 423 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു.

സിറാജ് നാലും ഷഹ്ബാസ് നദീം 3 വിക്കറ്റും വീഴ്ത്തിയപ്പോള്‍ അവസാന എട്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനു 78 റണ്‍സിനുള്ളില്‍ നഷ്ടമാവുകയായിരുന്നു. അങ്കിത് രാജ്പുതിനു രണ്ട് വിക്കറ്റ് ലഭിച്ചു.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 197 റണ്‍സിനു ഓള്‍ഔട്ട് ആയി. പൃഥ്വി ഷാ 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷഭ് പന്ത് 58 റണ്‍സും അജിങ്ക്യ രഹാനെ 49 റണ്‍സും നേടി പുറത്തായി. സാം കറന്‍ 5 വിക്കറ്റും മാത്യൂ ഫിഷര്‍, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജെയിംസ് പോര്‍ട്ടര്‍ ഒരു വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 194/5 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒലി പോപ്(50), ദാവീദ് മലന്‍, റോയി ബേണ്‍സ്(38) എന്നിവര്‍ക്കൊപ്പം ക്രിസ് വോക്സ് 28 റണ്‍സ് നേടി ഇംഗ്ലണ്ടിനു വേണ്ടി മികവ് പുലര്‍ത്തി. സിറാജിനു മൂന്ന് വിക്കറ്റും ഷഹ്ബാസ് നദീം, നവദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 421 റണ്‍സായിരുന്നു വിജയത്തിനായി നേടേണ്ടയിരുന്നത്. എന്നാല്‍ ടീം 167 റണ്‍സിനു ഓള്‍ഔട്ട് ആയി. ഋഷഭ് പന്ത് 61 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ രഹാനെ 48 റണ്‍സ് നേടി പുറത്തായി. ഡൊമിനിക് ബെസ്, ജെയിംസ് പോര്‍ട്ടര്‍, സാം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും മാത്യൂ ഫിഷര്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version