ക്യാപ്റ്റനെന്ന നിലയില്‍ 9000 ഏകദിന റണ്‍സ് നേടി കോഹ്‍ലി, നേട്ടത്തിലേക്ക് എത്തുന്ന വേഗതയേറിയ താരം

ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 9000 റണ്‍സ് തികച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് വിരാട് കോഹ്‍ലി. 159 ഇന്നിംഗ്സില്‍ നിന്നുള്ള കോഹ്‍ലിയുടെ ഈ നേട്ടം താരത്തെ വേഗതയേറിയ 9000 റണ്‍സ് നേടുന്ന താരമാക്കി മാറ്റി. 204 ഇന്നിംഗ്സില്‍ നിന്ന് റിക്കി പോണ്ടിംഗ് നേടിയ 9000 റണ്‍സെന്ന റെക്കോര്‍ഡാണ് കോഹ്‍ലി ഇന്ന് മറികടന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ 164 ഇന്നിംഗ്സുകളില്‍ നിന്ന് 7000 റണ്‍സ് തികച്ച ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡും കോഹ്‍ലി മുമ്പ് കടന്നിരുന്നു.

ലോകകപ്പിനു ഓസ്ട്രേലിയന്‍ സംഘത്തിനൊപ്പം പോണ്ടിംഗും, റോള്‍ ഉപ പരിശീലകന്റേത്

ഐസിസി ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് റിക്കി പോണ്ടിംഗിന്റെയും സേവനം. ടീമിന്റെ ഉപ പരിശീലകനെന്ന നിലയില്‍ റിക്കി പോണ്ടിംഗ് ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗ് ടീമിലേക്ക് എത്തും. ബാറ്റിംഗ് കോച്ചിന്റെ ദൗത്യമാവും ടീമില്‍ പോണ്ടിംഗിനു. ടീമിന്റെ സ്ഥിരം ബാറ്റിംഗ് കോച്ച് ഗ്രെയിം ഹിക്ക് ലോകകപ്പ് കഴിഞ്ഞയുടനുള്ള ആഷസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരിക്കും എന്നതിനാലാണ് പോണ്ടിംഗിനെ പുതിയ ചുമതല ഏല്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ ബൗളിംഗ് കോച്ചെന്ന് നിലയില്‍ നിന്ന് ഡേവിഡ് സാക്കര്‍ രാജിവെച്ചിരുന്നു. മേയ് മാസം ആദ്യത്തില്‍ പ്രാരംഭ ക്യാംപ് ഓസ്ട്രേലിയ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനായ പോണ്ടിംഗും ക്യാമ്പില്‍ എത്തുമെന്നാണ് അറിയുന്നത്.

പുതിയ ദൗത്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് പോണ്ടിംഗ് അഭിപ്രായപ്പെട്ടത്. മുമ്പ് ഓസ്ട്രേലിയന്‍ ടീമുമായി പരിശീലകനെന്ന നിലയില്‍ സഹകരിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്ന നിമിഷങ്ങളാണെന്നും ലോകകപ്പെന്നത് ഏറെ പ്രാധാന്യമുള്ള ടൂര്‍ണ്ണമെന്റാണെന്നിരിക്കെ കൂടുതല്‍ പ്രാധാന്യമുള്ള ദൗത്യമാണ് പുതിയതെന്നും പോണ്ടിംഗ് പറഞ്ഞു.

ആഷസില്‍ സ്ഥാനം ഉറപ്പിച്ചത് ഈ മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രം: റിക്കി പോണ്ടിംഗ്

ഓസ്ട്രേലിയയ്ക്കായി മൂന്ന് ബാറ്റ്സ്മാന്മാര്‍ മാത്രമാണ് വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ എന്നിവര്‍കൊക്കെ മാര്‍നസ് ലാബൂഷാനെയാണ് തന്റെ അഭിപ്രായത്തില്‍ ആഷസ് ടീമില്‍ ഇടം ലഭിക്കേണ്ട താരങ്ങളെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്.

ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതാണ് മാര്‍ക്കസ് ഹാരിസിനു മുന്‍തൂക്കം നല്‍കുന്നതെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. ഖവാജയ്ക്ക് മികച്ച സിരീസ് അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം ടീമിലുണ്ടാവണം. തനിക്ക് ഏറെ ഇഷ്ടപ്പെട്ട മറ്റൊരു താരം ലാബൂഷാനെയാണെന്നാണ് റിക്കി പോണ്ടിംഗ് പറയുന്നത്. ലാബൂഷാനെയുടെ ടെക്നിക്ക് മികച്ചതായി തോന്നിയെന്ന് പറഞ്ഞ റിക്കി ഇംഗ്ലണ്ടിലെ സ്വിംഗിംഗ് സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായ താരം ലാബൂഷാനെയാണെന്നും പറഞ്ഞു.

റിക്കി പോണ്ടിംഗ് ഒന്നിവിടെ ശ്രദ്ധിക്കൂ, താങ്കള്‍ പഴിച്ച പുജാരയാണ് പരമ്പരയിലെ താരം

ചരിത്രം കുറിച്ച പരമ്പര വിജയത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് പണ്ഡിതന്മാരുടെ കപട വിശകലനങ്ങള്‍ക്ക് പാത്രമായെങ്കിലും ഇന്ത്യന്‍ മനസ്സുകളില്‍ സ്ഥാനമുറപ്പിച്ച ചേതേശ്വര്‍ പുജാരയ്ക്ക് താനെടുത്ത അധിക ചുമതലുകളുടെ ഫലം പരമ്പരയിലെ താരമെന്ന പുരസ്കാരമായി കൈകളിലേക്ക് എത്തിയിരിക്കുന്നു. 74.72 എന്ന ആവറേജില്‍ 521 റണ്‍സ് നേടിയ പുജാര പരമ്പരയില്‍ മൂന്ന് ശതകങ്ങളാണ് നേടിയത്. 193 റണ്‍സ് എന്നതാണ് പരമ്പരയിലെ പുജാരയുടെ ഉയര്‍ന്ന സ്കോര്‍. പരമ്പരയിലെ താരത്തിനൊപ്പം മത്സരത്തിലെ താരവും പുജാര തന്നെയാണ്.

ഇന്ത്യയെ മെല്‍ബേണില്‍ പുജാരയും കോഹ്‍ലിയും ചേര്‍ന്ന് മാരത്തണ്‍ ഇന്നിംഗ്സിലൂടെ മെല്ലെയെങ്കിലും വലിയ സ്കോറിലേക്ക് ടീമിനെ എത്തിച്ചുവെങ്കിലും റിക്കി പോണ്ടിംഗിനെപ്പോലുള്ള ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്ക് തീരെ പിടിച്ചില്ല ആ ഇന്നിംഗ്സ്. ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ പുജാരയാണ് കാരണമെന്നാണ് റിക്കി തുറന്നടിച്ചത്.

മെല്‍ബേണില്‍ ജയിക്കുകയും സിഡ്നിയിലും ശതകം നേടിയ പുജാരയുടെ പ്രകടനത്തെക്കുറിച്ച് പിന്നീട് പോണ്ടിംഗ് അഭിപ്രായം പറഞ്ഞ് കണ്ടില്ല. ഓസ്ട്രേലിയയില്‍ ഇന്ത്യ ഒരു പരമ്പര വിജയം നേടുന്നു എന്ന ബോധമാവും ഈ ക്രിക്കറ്റ് മഹാന്മാരെക്കൊണ്ട് ഇത്തരം പ്രതികരണങ്ങളിലേക്ക് എത്തിച്ചത്. എന്നാല്‍ തന്നെക്കുറിച്ചാരെന്ത് പറയുന്നു എന്നത് ശ്രദ്ധിക്കാതെ ഉത്തമ പോരാളിയായി പുജാര ബാറ്റ് വീശിക്കൊണ്ടേയിരുന്നു. ഇനിയും പല യുദ്ധങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാനുള്ള അടിത്തറ പാകുന്നതും ഈ നിശബ്ദനായ പോരാളിയായിരിക്കും – ഇന്ത്യയുടെ രണ്ടാം മതില്‍.

ഇന്ത്യയ്ക്ക് ജയിക്കാനായില്ലെങ്കില്‍ കാരണക്കാരന്‍ പുജാര: റിക്കി പോണ്ടിംഗ്

ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ അതിനു കാരണം പുജാരയുടെ ഇന്നിംഗ്സാണെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ പുജാരയുടെ ബാറ്റിംഗ് വേഗതക്കുറവിനെ പരാമ്ര‍ശിച്ചാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിരാട് കോഹ്‍ലിയും തന്റെ പതിവു ശൈലിയ്ക്ക് വിപരീതമായാണ് ബാറ്റ് വീശിയത്. 204 പന്തില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ തന്റെ 82 റണ്‍സ് നേടി പുറത്തായത്.

ഇന്ത്യ മത്സരം വിജയിക്കുകയാണെങ്കില്‍ ഈ ഇന്നിംഗ്സ് മികച്ചതെന്ന് വാഴ്ത്തപ്പെടും. എന്നാല്‍ ഓസ്ട്രേലിയയെ രണ്ട് വട്ടം പുറത്താക്കുവാനുള്ള സമയം ടീമിനു ലഭിയ്ക്കുന്നില്ലെങ്കില്‍ അതിനു കാരണം ഈ ഇന്നിംഗ്സാണെന്ന് പുജാരയുടെ ഇന്നിംഗ്സിനെ സൂചിപ്പിച്ച് റിക്കി പോണ്ടിംഗ് പറഞ്ഞു.

പുജാര ക്രീസില്‍ നില്‍‍ക്കുമ്പോള്‍ റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ ഇന്ത്യ പെടാപ്പാട് പെടുമെന്ന് പറഞ്ഞ പോണ്ടിംഗ് താരം റണ്‍സ് നേടുന്നതിനെക്കുറിച്ച് ചിന്താകുലനല്ലെന്നും പറഞ്ഞു. പരമ്പരയിലെ രണ്ടാമത്തെ ശതകമാണ് പുജാര നേടിയത്. താരം ഔട്ട് ആകുമെന്ന തോന്നിപ്പിക്കാതെ മികച്ച ഫോമിലാണ് കളിയ്ക്കുന്നത്. എന്നാല്‍ റണ്‍റേറ്റ് 2 റണ്‍സിനടുത്ത് മാത്രമാണെങ്കില്‍ ഒരു ടീമും ഇതുപോലുള്ള പിച്ചുകളില്‍ ടെസ്റ്റ് മത്സരം വിജയിക്കുവാന്‍ പോണില്ലെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

റിക്കി പോണ്ടിംഗിനെ ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തി

മെല്‍ബേണില്‍ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ചായ ഇടവേളയ്ക്കായി ടീമുകള്‍ പിരിഞ്ഞപ്പോള്‍ റിക്കി പോണ്ടിംഗിനെ ഹാള്‍ ഓഫ് ഫെയിമിലേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തി ഐസിസി. മുന്‍ ടീമംഗവും സഹ ഹാള്‍ ഓഫ് ഫെയിമറുമായ ഗ്ലെന്‍ മക്ഗ്രാത്ത് ആണ് പോണ്ടിംഗിനെ ആദരസൂചകമായി നല്‍കുന്ന തൊപ്പി നല്‍കി സ്വാഗതം ചെയ്തത്.

ഈ വര്‍ഷം ജൂലൈയിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റിംഗ് താരം ക്ലൈയര്‍ ടെയിലറിനുമൊപ്പം പോണ്ടിംഗിനെയും ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്.

പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ ഇറങ്ങണമെന്ന് റിക്കി പോണ്ടിംഗ്

ഇന്ത്യയോട് അഡിലെയ്ഡില്‍ നേരിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഓസ്ട്രേലിയ പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഇറങ്ങണമെന്നാണ് റിക്കി പോണ്ടിംഗിന്റെ അഭിപ്രായം. ഇത്രയും വീരോചിതമായ പ്രകടനം പുറത്തെടുത്ത ശേഷം താരങ്ങളെ മാറ്റുന്നത് അവരുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ പറയുന്നത്.

ചിലര്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും വേണ്ടെന്നാണ് പോണ്ടിംഗിന്റെ അഭിപ്രായം. ഓസ്ട്രേലിയയ്ക്കായി ആരോണ്‍ ഫിഞ്ചിനു പകരം ഉസ്മാന്‍ ഖ്വാജ ഓപ്പണ്‍ ചെയ്യണമെന്നാണ് ഏറ്റവും വലിയ ആവശ്യം. ഫിഞ്ച് മൂന്നാമനായി ഇറങ്ങണമെന്നും ഒരു വിഭാഗം മുറവിളി കൂട്ടുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുകയാണ് റിക്കി പോണ്ടിംഗ്.

ആദ്യ മത്സരത്തില്‍ കളിച്ചത് ഓസ്ട്രേലിയയുടെ ശക്തമായ നിര തന്നെയാണ് ഒരു മത്സരത്തിന്റെ അടിസ്ഥാനത്തില്‍ അതില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നാണ് തന്റെ പക്ഷമെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.

ഖവാജ കോഹ്‍ലിയെ മറികടക്കും: പോണ്ടിംഗ്

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‍ലിയെ പിന്തള്ളി ഓസീസ് ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജ പരമ്പരയിലെ താരവും പരമ്പരയിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരവുമായി മാറുമെന്ന് അഭിപ്രായപ്പെട്ട് റിക്കി പോണ്ടിംഗ്. പരമ്പരയില്‍ ഏത് ടീമാണോ നന്നായി ബാറ്റ് ചെയ്യുന്നത് അവര്‍ പരമ്പര സ്വന്തമാക്കുമെന്ന് പറഞ്ഞ പോണ്ടിംഗ് ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കമുണ്ടെന്നും പറഞ്ഞു.

ഇരു ടീമുകളിലെയും പേസ് ബൗളിംഗ് ശക്തിയുള്ളതാണ്. ഇന്ത്യന്‍ പേസ് ബൗളര്‍മാരെ ഓസീസ് നിര മെച്ചപ്പെട്ട രീതിയില്‍ നേരിടുമെന്നും അത്ര കണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഓസീസ് പേസര്‍മാരെ നേരിടാനാകില്ലെന്നും അതാവും പരമ്പരയിലെ വ്യത്യാസമെന്നും റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ഓസ്ട്രേലിയയുടെ ടോപ് സ്കോററായ ഖവാജ തന്നെയാവും ഈ പരമ്പരയിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതെന്ന് പറഞ്ഞ പോണ്ടിംഗ് താരം വിരാട് കോഹ്‍ലിയെ മറികടന്ന് പരമ്പരയില്‍ ഏറ്റവും അധികം റണ്‍സ് നേടുമെന്നും പറഞ്ഞു. കോഹ്‍ലി തീര്‍ച്ചയായും മികച്ച രീതിയില്‍ ബാറ്റ് വീശുമെന്ന് ഉറപ്പ് പറഞ്ഞ പോണ്ടിംഗ് അതിനെക്കാള്‍ മികച്ച പ്രകടനം ഖവാജ പുറത്തെടുക്കുമെന്നും പറഞ്ഞു.

റിക്കി പോണ്ടിംഗിനൊപ്പം ഡല്‍ഹിയില്‍ സഹ പരിശീലകനായി മുഹമ്മദ് കൈഫ്

ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഹ പരിശീലകനായി നിയമിച്ചു. റിക്കി പോണ്ടിംഗിനെ സഹായിക്കുക എന്ന ദൗത്യത്തിലാണ് മുഹമ്മദ് കൈഫിനെ പരിശീലക സംഘത്തിലേക്ക് ഡല്‍ഹി എത്തിക്കുന്നത്. ഡല്‍ഹിയുടെ വരുന്ന സീസണിലെ തീരുമാനങ്ങളെല്ലാം തന്നെ കൈക്കൊള്ളുവാനുള്ള അധികാരം അടുത്തിടെയാണ് റിക്കി പോണ്ടിംഗിനു നല്‍കിയത്.

അതിന്റെ ഭാഗമായിട്ട് വേണം ശിഖര്‍ ധവാനെ ട്രേഡ് ചെയ്ത് ടീമിലെത്തിച്ചതെന്ന് വേണം കരുതുവാന്‍. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഡല്‍ഹി മടങ്ങിയത്. നായകന്‍ ഗൗതം ഗംഭീര്‍ പാതി വഴിയ്ക്ക് ടീമില്‍ നിന്ന് ക്യാപ്റ്റന്‍സി രാജി വയ്ക്കുന്ന സാഹചര്യമുണ്ടാകുകയും പിന്നീട് ടീമില്‍ തന്നെ ഇടം ലഭിയ്ക്കാത്ത സ്ഥിതിയുമാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹി നേരിടേണ്ടി വന്നത്.

എന്നാല്‍ പിന്നീട് യുവ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഡല്‍ഹിയ്ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തി പോയിന്റ് ടേബിളില്‍ മുന്നേറുവാന്‍ കഴിഞ്ഞിരുന്നില്ല.

ഏറ്റവും അധികം ടെസ്റ്റ് റണ്‍സ് നേടുന്ന ഏഷ്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്‍ലി

വിന്‍ഡീസിനെതിരെ ഹൈദ്രാബാദ് ടെസ്റ്റില്‍ തന്റെ 45 റണ്‍സ് നേടി വിരാട് കോഹ്‍ലി പുറത്താകുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. ഏഷ്യന്‍ ക്രിക്കറ്റര്‍മാരില്‍ ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോഹ്‍ലി സ്വന്തമാക്കിയത്. തന്റെ വ്യക്തിഗത സ്കോര്‍ 27ല്‍ എത്തിയപ്പോളാണ് പാക്കിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹക്കില്‍ നിന്ന് ഈ റെക്കോര്‍ഡ് കോഹ്‍ലി സ്വന്തമാക്കിയത്.

മിസ്ബ 4214 റണ്‍സാണ് പാക്കിസ്ഥാന്റെ നായകനായി നേടിയിട്ടുള്ളത്. കോഹ്‍ലിയ്ക്ക് ഇപ്പോള്‍ 4233 റണ്‍സാണ് നേടാനായിട്ടുള്ളത്. ക്യാപ്റ്റനായി17 ശതകങ്ങളും 9 അര്‍ദ്ധ ശതകങ്ങളുമാണ് കോഹ്‍ലി നേടിയിട്ടുള്ളത്. കോഹ്‍ലി 42 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയുടെ നായകനായിരുന്നു ഗ്രെയിം സ്മിത്തിനാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനം. 8659 റണ്‍സാണ് 109 മത്സരങ്ങളില്‍ നിന്ന് നേടിയിട്ടുള്ളത്. അലന്‍ ബോര്‍ഡര്‍(6623 റണ്‍സ്), റിക്കി പോണ്ടിംഗ്(6524) എന്നിവരാണ് പട്ടികയില്‍ ഗ്രെയിം സ്മിത്തിനു പിന്നിലായുള്ളത്.

ഓസ്ട്രേലിയയില്‍ ഇന്ത്യ ബുദ്ധിമുട്ടും: പോണ്ടിംഗ്

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം അവസാനം ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്ന ഇന്ത്യയ്ക്ക് സ്വിംഗും സീമിനെയും അതിജീവിക്കാനാകില്ലെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. ഇംഗ്ലണ്ടില്‍ 1-4 നു പരാജയപ്പെട്ട ഇന്ത്യ ശക്തി ക്ഷയിച്ച ഓസ്ട്രേലിയന്‍ ടീമിനെതിരെ പരമ്പര വിജയം ലക്ഷ്യമാക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര എളുപ്പമാവില്ലെന്നാണ് പോണ്ടിംഗ് പറയുന്നത്. പരിക്കില്‍ നിന്ന് മോചിതനായ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഇന്ത്യന്‍ പരമ്പരയുടെ സമയത്തേക്ക് ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും മടങ്ങിയെത്തുമെന്നത് ഓസ്ട്രേലിയന്‍ പേസ് ബൗളിംഗ് അറ്റാക്കിനെ അതി ശക്തരാക്കുന്നുണ്ട്.

ഇംഗ്ലണ്ടിലും പന്ത് മൂവ് ചെയ്തപ്പോള്‍ ഇന്ത്യ ബുദ്ധിമുട്ടിയെന്ന് പറഞ്ഞ റിക്കി പോണ്ടിംഗ് ഓസ്ട്രേലിയയിലും സമാനമായ സാഹചര്യമുണ്ടാകുമെന്ന് അറിയിച്ചു. ഓസ്ട്രേലിയ ഏഷ്യയിലെത്തി സ്പിന്നിനെ നേരിടാന്‍ ബുദ്ധിമുട്ടുന്നതിനു സമാനമായ സാഹചര്യമാണ് ഇന്ത്യ സ്വിംഗിനെയും സീമിനെയും നേരിടുന്നതെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

നവംബറില്‍ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. നവംബര്‍ 21-25 വരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ഡിസംബര്‍ ആറിനു അഡിലെയ്ഡില്‍ ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങും.

മാക്സ്വെല്ലിനെ തിരഞ്ഞെടുക്കാത്തതില്‍ ആശ്ചര്യം തോന്നുന്നു: റിക്കി പോണ്ടിംഗ്

ഗ്ലെന്‍ മാക്സ്വെല്ലിനെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. പാക്കിസ്ഥാനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമില്‍ അഞ്ച് പുതുമുഖ താരങ്ങളെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിലെ ത്രയങ്ങളുടെ വിലക്ക് തുടരുന്നതിനാല്‍ മാക്സ്വെല്‍ ടീമിലേക്ക് എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു.

ഈ പുതുമുഖ താരങ്ങളെ തിരഞ്ഞെടുക്കുവാനുള്ള കാരണം അവരുടെ എ ടീമിലെ പ്രകടനമാണെന്നാണ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കിയത്. എന്നാല്‍ ഓസ്ട്രേലിയ എ ടീമിലേക്കും മാക്സ്വെല്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. ഓസ്ട്രേലിയ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ച റിക്കി പോണ്ടിംഗ് പറഞ്ഞത് എ ടൂറില്‍ മാക്സ്വെല്ലിനു അവസരം നല്‍കേണ്ടതായിരുന്നുവെന്നാണ്. അത് നല്‍കാതെ താരത്തിനെ ഒഴിവാക്കുന്നത് നീതിയാണോയെന്ന് തനിക്ക് ഉറപ്പില്ലെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

ഞാനായിരുന്നു മാക്സ്വെല്ലിന്റെ സ്ഥാനത്തെങ്കില്‍ തനിക്ക് എന്ത് കൊണ്ട് അവസരം നിഷേധിക്കപ്പെട്ടുവെന്ന ചോദ്യം ചോദിച്ചേനെയെന്നും റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു. മാക്സ്വെല്ല് ടെസ്റ്റ് ക്രിക്കറ്റിനു പരിഗണിക്കപ്പെടുവാനുള്ള റഡാറിലാണെന്ന് ട്രെവര്‍ ഹോണ്‍സ് പറഞ്ഞപ്പോള്‍ ജസ്റ്റിന്‍ ലാംഗര്‍ മാക്സ്വെല്ലിനോട് ആവശ്യപ്പെട്ടത് ഇനിയും ശതകങ്ങള്‍ നേടുവാനാണ്.

Exit mobile version