ക്യാപ്റ്റനെന്ന നിലയിൽ മങ്കിഗേറ്റ് സംഭവം തന്റെ കരിയറിലെ ഏറ്റവും മോശം സമയമെന്ന് റിക്കി പോണ്ടിങ്

ക്യാപ്റ്റൻ എന്നനിലയിൽ ഇന്ത്യൻ താരങ്ങളുമായി ഉണ്ടായ മങ്കിഗേറ്റ് സംഭവം തന്റെ കരിയറിലെ ഏറ്റവും മോശം കാര്യമായിരുന്നെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. 2008 ടെസ്റ്റ് പാരമ്പരക്കിടെ ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങളും ഓസ്‌ട്രേലിയൻ താരങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങൾ ക്രിക്കറ്റ് ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ വരെ ഈ വിഷയം കടന്നുവരികയും ചെയ്തിരുന്നു.

2005ലെ ആഷസ് പരമ്പര തോറ്റത് ക്യാപ്റ്റൻ എന്ന നിലയിൽ വളരെ കഠിനമായിരുനെങ്കിലും ആ സാഹചര്യത്തിന്റെ മുഴുവൻ നിയന്ത്രണവും തന്റെ കയ്യിൽ ഉണ്ടായിരുന്നുവെന്ന് പോണ്ടിങ് പറഞ്ഞു. എന്നാൽ മങ്കിഗേറ്റ് സംഭവത്തിൽ തനിക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നും ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു അതെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. തുടർന്ന് പെർത്തിൽ നടന്ന ടെസ്റ്റ് ഇന്ത്യ ജയിച്ചതും തനിക്ക് വലിയ തിരിച്ചടിയായിരുന്നെന്നും പോണ്ടിങ് പറഞ്ഞു.

ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പരമ്പര നേടുമെന്ന് റിക്കി പോണ്ടിങ്

നാളെ ആരംഭിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. 2-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുമെന്ന് സോഷ്യൽ മീഡിയയിൽ താരം പറഞ്ഞു.

ലോകകപ്പിലെ മികച്ച പ്രകടനവും ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തിടെ പുറത്തെടുത്ത പ്രകടനവും ഓസ്ട്രേലിയക്ക് മികച്ച ആത്മവിശ്വാസം നൽകുമെന്നും എന്നാൽ അവസാന ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയോട് തോറ്റതിന് പ്രതികാരം തേടിയാവും ഇന്ത്യ ഇറങ്ങുകയെന്നും പോണ്ടിങ് പറഞ്ഞു. കഴിഞ്ഞ തവണത്തെ ഏകദിന പരമ്പര ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചതിന് ശേഷം ഇന്ത്യ 2-3ന് തോറ്റിരുന്നു.

നാളെ മുംബൈയിൽ വെച്ചാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പാകിസ്ഥാനെയും ന്യൂസിലാൻഡിനെയും ടെസ്റ്റ് ക്രിക്കറ്റിൽ ഏകപക്ഷീയമായി തോൽപ്പിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയ ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

ബാബര്‍ അസമാണ് ഈ സമ്മറില്‍ താന്‍ കാണാന്‍ കാത്തിരിക്കുന്ന താരമെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്

ഈ സമ്മറില്‍ താന്‍ ഏറ്റവും ഉറ്റുനോക്കുന്ന താരം ബാബര്‍ അസമാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ്. ബാബര്‍ വളരെ ക്ലാസ്സിയായ ഒരു താരമാണ്. അതുല്യ പ്രതിഭയും. താന്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കുനന് താരം മറ്റാരുമല്ല അത് ബാബര്‍ അസം ആണെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു.

താന്‍ ഒട്ടനവധി ഓസീസ്, കീവീസ് കളിക്കാരെ കണ്ടിട്ടുണ്ട്, എന്നാല്‍ ഇത്തവണ ബാബര്‍ അസമിന്റെ കളി കാണുവാന്‍ താന്‍ ആവേശഭരിതനായി ഇരിക്കുകയാണെന്നും പോണ്ടിംഗ് വ്യകതമാക്കി.

42ാം ഏകദിന ശതകവുമായി കോഹ്‍ലി

ഏകദിനത്തില്‍ തന്റെ 42ാം ശതകം നേടി വിരാട് കോഹ്‍ലി. ഇന്ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി തന്റെ 42ാം ശതകം നേടുമ്പോള്‍ കോഹ‍്‍ലി വേറെയും ചില റെക്കോര്‍ഡുകള്‍ നേടിയിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ 20 ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ താരം ക്യാപ്റ്റനെന്ന നിലയില്‍ ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതല്‍ ശതകം നേടുന്ന താരം കൂടിയായി മാറി. വിന്‍ഡീസിനെതിരെ ആറ് ശതകമാണ് ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‍ലി പൂര്‍ത്തിയാക്കിയത്. റിക്കി പോണ്ടിംഗ് ന്യൂസിലാണ്ടിനെതിരെ നേടിയ 5 ശതകങ്ങളുടെ റെക്കോര്‍ഡാണ് ഇന്ന് വിരാട് കോഹ്‍ലി മറികടന്നത്.

ഒരു ടീമിനെതിരെ ഏകദിനത്തില്‍ ഏറ്റവും അധികം ശതകം നേടുകയെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിന് ഒരു ശതകം പിറകെ നില്‍ക്കുകയാണ് വിരാട്. ഓസ്ട്രേലിയയ്ക്കെതിരെ 9 ശതകം സച്ചിന്‍ നേടിയപ്പോള്‍ കോഹ്‍ലി വിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരെ എട്ട് ശതകങ്ങള്‍ നേടിയിട്ടുണ്ട്.

ലോകകപ്പില്‍ ഓസ്ട്രേലിയയുടെ സാധ്യതകളെ സ്വാധീനിക്കുക ഈ ഘടകം

2019 ലോകകപ്പില്‍ ഓസ്ട്രേലിയ ഏത് വിധത്തില്‍ സ്പിന്നിനെ നേരിടുമെന്നും എത്തരത്തില്‍ സ്പിന്നിനെ ഉപയോഗിക്കുമെന്നതും ആശ്രയിച്ചാവും ടീമിന്റെ സാധ്യതകളെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയയുടെ സ്പിന്നര്‍മാരായ നഥാന്‍ ലയണും ആഡം സംപയും സൃഷ്ടിക്കുന്ന പ്രഭാവത്തോടൊപ്പം മറ്റു രാജ്യങ്ങളിലെ സ്പിന്നര്‍മാരെ എത്ര ശക്തമായി ഓസ്ട്രേലിയ നേരിടുകയും ചെയ്യുന്നുവോ അതാവും പരമ്പരയിലെ സുപ്രധാനമായ ഘടകമെന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്.

അടുത്തിടെ നടന്ന ഇന്ത്യന്‍ പര്യടനം 3-2നു ടീമിനെ വിജയിക്കുവാന്‍ സഹായിച്ചത് ഈ ഘടകങ്ങളാണ്, ഇതാവും ഓസ്ട്രേലിയയുടെ സാധ്യതകളെ ബാധിക്കുക എന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. കഴിഞ്ഞ 12-18 മാസങ്ങളായി ഇത് തന്നെയായിരുന്നു ഓസ്ട്രേലിയയുടെ തലവേദന. ഇപ്പോള്‍ സംപ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുന്നതും ലയണിന്റെ സാന്നിദ്ധ്യവും ഒപ്പം മാക്സ്വെല്ലും ടീമിന്റെ സ്പിന്‍ യൂണിറ്റിനെ ശക്തിപ്പെടുത്തുന്നുവെന്നും പോണ്ടിംഗ് പറഞ്ഞു.

സ്മിത്തും വാര്‍ണറും ടീമിലേക്ക് മടങ്ങിയെത്തിയതോടെ സ്പിന്നിനെ നേരിടുന്നതില്‍ ഓസ്ട്രേലിയയ്ക്ക് പഴയ ആ ശക്തി തിരിച്ച് കിട്ടിയെന്നും പോണ്ടിംഗ് പറഞ്ഞു. ഇരുവരും മികച്ച രീതിയിലാണ് ഇപ്പോള്‍ കളിയ്ക്കുന്നത്, ഇരുവരും ലോകോത്തര താരങ്ങളാണെന്നതതില്‍ സംശയമില്ലായെന്നും അവരുടെ സാന്നിദ്ധ്യം ബാറ്റിംഗ് നിരയെ ശക്തമാക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

ഇന്ത്യയുടെ ഭാവി കോച്ച്, പോണ്ടിംഗിനെ പരിഗണിക്കാവുന്നതാണ്

റിക്കി പോണ്ടിംഗിനെ ഇന്ത്യയുടെ ഭാവി കോച്ചെന്ന നിലയില്‍ പരിഗണിക്കേണ്ട വ്യക്തിയാണെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പോണ്ടിംഗിനോടൊപ്പം സഹകരിച്ച് വരുന്ന സൗരവ് ഗാംഗുലി. എന്നാല്‍ പോണ്ടിംഗ് 8-9 മാസം വീട്ടില്‍ നിന്ന് മാറി നില്‍ക്കുവാന്‍ തയ്യാറാണോ എന്നത് പോണ്ടിംഗിനോട് തന്നെ ചോദിക്കേണ്ട കാര്യമാണെന്നും ഗാംഗുലി പറഞ്ഞു.

ഈ ഒരു കാര്യം മാറ്റി വെച്ചാല്‍ ഇന്ത്യ കോച്ചിംഗ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ട ഒരാള്‍ തന്നെയാണ് റിക്കി പോണ്ടിംഗ് എന്ന് ഗാംഗുലി പറഞ്ഞു.

പ്ലേ ഓഫ് ഉറപ്പിക്കാമെന്ന് ഡല്‍ഹിയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു – പോണ്ടിംഗ്

2012നു ശേഷം ഐപിഎല്‍ പ്ലേ ഓഫിനു യോഗ്യത നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ് പറയുന്നത് ടീം ഇത്തവണ മികവ് പുലര്‍ത്തുമെന്ന ആത്മവിശ്വാസം താരങ്ങളില്‍ ആദ്യം മുതലെയുണ്ടെന്നാണ്. ഇന്നലെ അക്സര്‍ പട്ടേലും ഷെര്‍ഫെയ്‍ന്‍ റൂഥര്‍ഫോര്‍ഡും നല്‍കിയ 46 റണ്‍സ് അപരാജിത കൂട്ടുകെട്ടിന്റെ ബലത്തില്‍ 187 റണ്‍സ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് 171 റണ്‍സിനു ബാംഗ്ലൂരിനെ നിയന്ത്രിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു.

പ്ലേ ഓഫുകള്‍ക്ക് യോഗ്യത നേടുമെന്നതില്‍ ടീമിനു തുടക്കം മുതല്‍ ഉറപ്പായിരുന്നുവെന്നാണ് പോണ്ടിംഗ് പറയുന്നത്. ബാംഗ്ലൂരിനെതിരെ അത്ര ആധികാരികമല്ലായിരുന്നു വിജയമെങ്കിലും 16 പോയിന്റോടെ ടീം പ്ലേ ഓഫുകളിലേക്കെത്തുന്ന രണ്ടാമത്തെ ടീമായി മാറുകയായിരുന്നു. താരങ്ങള്‍ പരസ്പരം വിശ്വസിക്കുകയും മികച്ച ക്രിക്കറ്റും പുറത്തെടുക്കുന്നുണ്ട്, ഈ നിലയില്‍ ടീമിനു എത്തുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

എവേ വിക്കറ്റുകള്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഗുണം ചെയ്യുന്നു – ശ്രേയസ്സ് അയ്യര്‍

ഹോം ഗ്രൗണ്ടിലേതിനെക്കാള്‍ ഡല്‍ഹി ബാറ്റ്സ്മാന്മാര്‍ക്ക് ഏറെ ഗുണം ചെയ്യുന്നത് എവേ വിക്കറ്റുകളിലാണെന്ന് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയിലെ പിച്ചിലൊഴികെ മികച്ച വിക്കറ്റില്‍ കളിയ്ക്കുവാന്‍ ഞങ്ങളുടെ ബാറ്റ്സ്മാന്മാര്‍ക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. ടീമിനു ഇന്ന് ലഭിച്ച തുടക്കത്തില്‍ താന്‍ ഏറെ സന്തോഷവാനാണ് എന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

ടീം ക്യാമ്പില്‍ പോസിറ്റിവിറ്റി നിറയുകയാണെന്നും ജയത്തിനു ശേഷം സംസാരിക്കവേ ശ്രേയസ്സ്  അയ്യര്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ രാജസ്ഥാന്‍ 200നു മുകളില്‍ സ്കോര്‍ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും റബാഡ അവസാന ഓവറുകളില്‍ മത്സരം തിരികെ പിടിയ്ക്കുകയായിരുന്നു. ശിഖര്‍ പുറത്തായ ശേഷം ഋഷഭ് പന്ത് ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിയ്ക്കുകയായിരുന്നുവെന്നും ശ്രേയസ്സ് പറഞ്ഞു.

ടീം മീറ്റിംഗുകളില്‍ റിക്കി പോണ്ടിംഗ് പറഞ്ഞ കാര്യം താരങ്ങള്‍ ശിരസ്സാവഹിക്കുകയാണെന്നും ശ്രേയസ്സ് പറഞ്ഞു. തുടക്കം ലഭിയ്ക്കുന്ന താരങ്ങള്‍ അവസാനം വരെ ക്രീസില്‍ നില്‍ക്കണമെന്നായിരുന്നു റിക്കി പോണ്ടിംഗിന്റെ ആവശ്യം. ഇന്ന് ഋഷഭ് ആ  ചുമതല ഏറ്റെടുത്തപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ താനും അതിനു മുമ്പ് ശിഖറും ആ ഉത്തരവാദിത്വം നിറവേറ്റിയെന്ന് ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

പന്ത് കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കും, കളിച്ചില്ലെങ്കില്‍ അത് തന്നെ അതിശയിപ്പിക്കുമെന്ന് പോണ്ടിംഗ്

ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് താരം അംഗമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിയുടെ കോച്ചായ റിക്കി പോണ്ടിംഗ്. ഇന്ത്യ പന്തിനെ 2019 ലോകകപ്പില്‍ കളിപ്പിക്കാത്തത് തെറ്റായ തീരുമാനമാണെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്റെ വാക്കുകള്‍. എന്നാല്‍ താരം ഇനി ഇന്ത്യയ്ക്ക് വേണ്ടി വലിയ നേട്ടങ്ങള്‍ കൊയ്യാനുള്ളതാണെന്നും കുറഞ്ഞത് മൂന്നോ നാലോ ലോകകപ്പ് കളിച്ചേക്കുമെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

തീര്‍ച്ചയായും പന്ത് ഈ തീരുമാനത്തില്‍ ദുഃഖിതനാണെന്നതില്‍ സംശയമൊന്നുമില്ല, എന്നാല്‍ താരം ഇപ്പോളും ചെറുപ്പമാണെന്നാണ് താരം ചിന്തിക്കേണ്ടത്. തന്റെ ഇനിയുള്ള കരിയറില്‍ തീര്‍ച്ചയായും പന്ത് കുറഞ്ഞത് മൂന്നോ നാലോ ലോകകപ്പ് കളിക്കുമെന്നാണ് താന്‍ കരുതുന്നത്. ലോകകപ്പ് എന്നാല്‍ ഏവരും കളിയ്ക്കുവാന്‍ സ്വപ്നം കാണുന്ന ഒരു ടൂര്‍ണ്ണമെന്റാണ്. അതില്‍ കളിയ്ക്കുവാനുള്ള അവസരം അടുത്തെത്തി കൈവിടുമ്പോള്‍ വിഷമമുണ്ടാകുക സ്വാഭാവികമാണെന്നും പോണ്ടിംഗ് പറഞ്ഞു.

തനിക്ക് താരത്തിനെ ഒഴിവാക്കിയെന്ന് വാര്‍ത്ത കേട്ടപ്പോള്‍ വലിയ അതിശയമാണ് തോന്നിയത്. താന്‍ താരം അവസാന ഇലവനില്‍ കളിയ്ക്കുമെന്ന് കരുതിയ താരമായിരുന്നു. ടീമിനു വേണ്ടി നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യുവാന്‍ യോഗ്യനായ ഒരു താരമായിരുന്നു പന്തെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യയെ പോലൊരു ടീമില്‍ പ്രതിഭകള്‍ ഏറെയുള്ളതിനാല്‍ ഇത്തരം അവസരങ്ങള്‍ കൈവിട്ട് പോകുന്നതും സ്വാഭാവികമായ കാര്യമാണെന്നും പോണ്ടിംഗ് വ്യക്തമാക്കി.

മോശം ഷോട്ടുകളാണ് തിരിച്ചടിയായത്, ഇത്തരത്തിലൊരു പ്രകടനം ടീമില്‍ നിന്ന് അനുവദനീയമല്ല

മോശം ഷോട്ടുകളാണ് ടീമിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ്. ഒരു കോച്ചെന്ന നിലയില്‍ അനുവദനീയമായ ഒരു പ്രകടനമായിരുന്നില്ല ടീമില്‍ നിന്ന് ഇന്നലെയുണ്ടായത്. അത് അംഗീകരിക്കാനാകില്ല. പൃഥ്വി ഷായുടെ ഷോട്ട് സെലക്ഷന്‍ തീരെ മോശമായിരുന്നു. ഈ പിച്ചില്‍ പൃഥ്വിയുടെ ഷോട്ട് നിരുത്തരവാദിത്വപരമായിരുന്നുവെന്ന് വേണം കരുതുവാന്‍.

ഋഷഭ് പന്തും ശ്രേയസ്സ് അയ്യരും യുവ താരങ്ങളാണെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല, ഇരുവരും അഞ്ച്-ആറ് സീസണുകള്‍ ഐപിഎല്‍ തന്നെ കളിച്ചിട്ടുള്ള താരമാണ് ഇരുവരും. എല്ലാ താരങ്ങളും മെച്ചപ്പെട്ട രീതിയില്‍ ബാറ്റ് വീശേണ്ടതുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിംഗ് ശക്തി നോക്കിയാല്‍ 129 എന്നൊരു സ്കോര്‍ ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. ഈ പ്രകടനം ഒരു കോച്ചെന്ന നിലയില്‍ എന്നെ വ്യാകുലപ്പെടുത്തുന്നുവെന്നും പോണ്ടിംഗ് വ്യക്തമാക്കി.

ഫിറോസ് ഷാ കോട്‍ലയിലെ പിച്ച് വളരെ മോശം

ഫിറോസ് ഷാ കോട്‍ലയിലെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ ഉപയോഗിച്ച പിച്ച് ഇവിടെ കളിച്ചതില്‍ ഏറ്റവും മോശം പിച്ചെന്ന് അഭിപ്രായപ്പെട്ട് ടീം കോച്ച് റിക്കി പോണ്ടിംഗ്. മത്സരത്തിനു മുമ്പ് ഗ്രൗണ്ട്സ്മാനോട് സംസാരിച്ചപ്പോള്‍ മൂന്ന് വിക്കറ്റുകളില്‍ ഏറ്റവും മികച്ച പിച്ചാണിതെന്നാണ് അഭിപ്രായം വന്നത്, എന്നാല്‍ ഇത് ഏറ്റവും മോശം പിച്ചായി മാറുകയായിരുന്നുവെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

തീരെ ബൗണ്‍സില്ലാത്ത് വളരെ മെല്ലെയുള്ളൊരു പിച്ചായിരുന്നു ഇന്നലത്തെ മത്സരത്തിലേത്. ഈ വിക്കറ്റ് ഞങ്ങളെ പലരെയും ആശ്ചര്യപ്പെടുത്തിയെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ ടീമിനു തോല്‍വിയായിരുന്നു മുമ്പും ഫലമെന്നതും ഏറെ രസകരമായ വസ്തുതയാണ്. ചെപ്പോക്കിലും ടീം പരാജയം ഏറ്റുവാങ്ങിയത് സമാനമായ പിച്ചിലായിരുന്നു. ഇപ്പോള്‍ സണ്‍റൈസേഴ്സ് സ്പിന്നര്‍മാര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.

കാര്യമിതാണെങ്കിലും രണ്ട് ടീമുകള്‍ക്കും ഒരേ പിച്ചാണെന്നും പിച്ചിനെ പഴിക്കുന്നതില്‍ മാത്രം കാര്യമില്ലെന്നും എന്നാല്‍ സണ്‍റൈസേഴ്സിനെ ഇത്തരം പിച്ചില്‍ നേരിടുന്നത് താന്‍ ആഗ്രഹിച്ചിരുന്ന കാര്യമല്ലെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. സണ്‍റൈസേഴ്സിനു മികച്ച സ്പിന്നര്‍മാരുണ്ട്. അവരുടെ സീമര്‍മാര്‍ സ്ലോ ബോളുകള്‍ എറിയുവാന്‍ കഴിവുള്ളവരും, ഈ പിച്ച് അവര്‍ക്ക് ആനുകൂല്യം നല്‍കുന്ന ഒന്നായിരുന്നുവെന്നും പോണ്ടിംഗ് സൂചിപ്പിച്ചു.

ഇഷാന്ത് പഴയ ഫോമില്‍ തന്നെ നിലവിലും പന്തെറിയുന്നു – റിക്കി പോണ്ടിംഗ്

2014 മുതല്‍ വെറും 17 ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് ഇഷാന്ത് ശര്‍മ്മ കളിച്ചിട്ടുള്ളത്. ഐപിഎല്‍ ഒന്നാം സീസണില്‍ വലിയ വില നല്‍കി കൊല്‍ക്കത്ത സ്വന്തമാക്കിയ താരം പിന്നീടങ്ങോട്ട് ടീമുകളില്‍ ഇടം പിടിക്കുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ തവണ ലേലത്തില്‍ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ല. ഇപ്പോളും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അംഗമായിട്ടുള്ള താരത്തിനു എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ പ്രഭാവമുണ്ടാക്കുവാനായില്ല.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സുമായി ലേല യുദ്ധത്തിനു ശേഷമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇഷാന്തിനെ സ്വന്തമാക്കിയത്. തങ്ങളുടെ യുവ പേസ് നിരയില്‍ അനുഭവ സമ്പത്തുള്ള താരത്തിനെ ടീമിലേക്ക് കൊണ്ടുവന്നപ്പോള്‍ അന്താരാഷ്ട്ര നിലയില്‍ മികവ് പുലര്‍ത്തുന്ന ട്രെന്റ് ബോള്‍ട്ടും കാഗിസോ റബാഡയും ടീമില്‍ ഉണ്ടെന്നത് ഇഷാന്തിന്റ സാധ്യതകളെ ഇല്ലാതാക്കുമെന്നാണ് കരുതിയത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഉദ്ഘാടന മത്സരത്തില്‍ താരത്തിനു അവസരം നല്‍കിയ ഡല്‍ഹിയ്ക്ക് വേണ്ടി ഇഷാന്ത് 4 ഓവറില്‍ 34 റണ്‍സിനു 2 വിക്കറ്റാണ് നേടിയത്. അതേ സമയം ട്രെന്റ് ബോള്‍ട്ട് 42 റണ്‍സ് തന്റെ ക്വോട്ടയില്‍ വഴങ്ങുകയും ഒരു വിക്കറ്റ് മാത്രമാണ് നേടുകയും ചെയ്തത്. താരം വളരെ മികച്ച രീതിയിലാണ് പന്തെറിയുന്നതെന്നാണ് റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടത്.

ഡല്‍ഹി ക്യാംപില്‍ താരത്തിന്റെ പരിശീലനത്തിലെയും മറ്റു കാര്യങ്ങളിലെയും പങ്കാളിത്തം മികച്ചതാണ്. പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ ഇഷാന്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച അനുഭവസമ്പത്തുള്ള താരമാണ് ഇഷാന്ത്. 34 റണ്‍സ് താരം വഴങ്ങിയെങ്കിലും താരം പവര്‍പ്ലേയില്‍ എറിഞ്ഞ മൂന്നോവര്‍ മത്സരത്തില്‍ ഏറെ നിര്‍ണ്ണായകമായിരിന്നുവെന്നാണ് പോണ്ടിംഗ് പറഞ്ഞത്.

2016നു ശേഷം താരം താരം ഇതുവരെ ഇന്ത്യയ്ക്കായി പരിമിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഇഷാന്ത് തന്റെ കരിയറിന്റെ മികവില്‍ പന്തെറിഞ്ഞ അതേ നിലവാരത്തിലാണ് ഇപ്പോളും പന്തെറിയുന്നതെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. കോച്ചെന്ന നിലയില്‍ ഇഷാന്തിന്റെ ആ മൂന്നോവറുകളില്‍ താന്‍ ഏറെ ആഹ്ലാദഭരിതനാണെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. ആ ഓവറുകളാണ് മത്സരം തങ്ങള്‍ക്കായി തിരിച്ചതെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.

Exit mobile version