എന്റെ പിഴവായിരുന്നു, സർഫറാസിനോട് മാപ്പ് പറഞ്ഞ് ജഡേജ

രാജ്‌കോട്ട് ടെസ്റ്റിനിടെ സർഫറാസ് ഖാൻ റണ്ണൗട്ടായതിൽ ക്ഷമ ചോദിച്ച് രവീന്ദ്ര ജഡേജ. തന്റെ പിഴവാണ് സർഫറാസ് ഔട്ടാകാൻ കാരണം എന്ന് പറഞ്ഞ് ജഡേജ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചു.

ജഡേജ തൻ്റെ നാലാം ടെസ്റ്റ് സെഞ്ച്വറി നേടാനായി സിംഗിൾ നേടാൻ ശ്രമിക്കവെ ആയിരുന്നു സർഫറാസ് റണ്ണൗട്ട് ആയത്. 62 റൺസുമായി നല്ല രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു അരങ്ങേറ്റക്കാരനായ സർഫറാസ്.

ജഡേജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. “സർഫറാസ് ഖാൻ അങ്ങനെ ഔട്ടയതിൽ വിഷമം തോന്നുന്നു. അത് എൻ്റെ തെറ്റായ കോളായിരുന്നു. അദ്ദേഹം നന്നായി കളിച്ചു,” ജഡേജ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

രണ്ടാം സെഷനിൽ മികച്ച മുന്നേറ്റം, രോഹിത് – ജഡേജ കൂട്ടുകെട്ടിന്റെ ചിറകിലേറി ഇന്ത്യ

രാജ്കോട്ടിൽ രണ്ടാം സെഷന്‍ ഇന്ത്യയ്ക്ക് സ്വന്തം. തുടക്കത്തിലെ തകര്‍ച്ചയക്ക് ശേഷം രോഹിത് ശര്‍മ്മ രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 33/3 എന്ന നിലയിൽ നിന്ന് 152 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ഇന്ത്യയെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 185/3 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.

രോഹിത് 97 റൺസ് നേടിയപ്പോള്‍ ജഡേജ 68 റൺസാണ് നേടിയിട്ടുള്ളത്.

ഇംഗ്ലണ്ട് തോൽപ്പിക്കാൻ അത്ര ബുദ്ധിമുട്ടുള്ള ടീമല്ല എന്ന് ജഡേജ

രാജ്‌കോട്ടിൽ വ്യാഴാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുന്നതിനു മുന്നോടിയായി സംസാരിച്ച ജഡേജ ഇംഗ്ലണ്ടിന്റെ ബാസ്‌ബോൾ ശൈലിയെ തോൽപ്പിക്കുക അത്ര വിഷമമുള്ള കാര്യമല്ല എന്ന് പറഞ്ഞു. തോൽപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമല്ല ഇംഗ്ലണ്ട് എന്നും ഇന്ത്യൻ ഓൾ റൗണ്ടർ പറഞ്ഞു.

“ഇംഗ്ലണ്ടിനെ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി ഞാൻ വിശേഷിപ്പിക്കില്ല. മറ്റ് ടീമുകൾക്ക് ഇന്ത്യയിൽ വന്ന് ജയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആക്രമണോത്സുകമായ കളി ശൈലിയാണ് അവർക്കുള്ളത്. നമ്മൾ അത് ശീലമാക്കുകയും അതിനനുസരിച്ച് ആസൂത്രണം ചെയ്യുകയും വേണം,” രാജ്‌കോട്ട് ടെസ്റ്റിൻ്റെ തലേന്ന് ജഡേജ പറഞ്ഞു.

“ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ചെറിയ പിഴവുകളില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തോൽക്കില്ലായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെ നടക്കുന്ന ടെസ്റ്റിൽ പിച്ച് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ ആകില്ല എന്നും ജഡേജ പറഞ്ഞു.

“ഇവിടെ വിക്കറ്റ് പരന്നതും കഠിനവുമാണ്, ചിലപ്പോൾ നിങ്ങൾക്ക് മൂന്ന് ദിവസം കൊണ്ട് 37 വിക്കറ്റുകൾ ലഭിക്കും, എന്നാൽ ഈ വിക്കറ്റ് മികച്ചതായി തോന്നുന്നു.”

“ഇവിടെ ഓരോ കളിയിലും വിക്കറ്റ് വ്യത്യസ്തമായാണ് പെരുമാറുന്നത്. ചിലപ്പോൾ ഫ്ലാറ്റ് ആയിരിക്കും, ചിലപ്പോൾ ടേൺ ഉണ്ടാാകും, ചിലപ്പോൾ രണ്ടു ദിവസം നന്നായി കളിച്ചു പിന്നെ ടേൺ ചെയ്യും.”അദ്ദേഹം കൂട്ടിച്ചേർത്തു.

രവീന്ദ്ര ജഡേജയുടെ പരിക്ക് സാരമുള്ളത്, ടെസ്റ്റ് പരമ്പര പൂർണ്ണമായും നഷ്ടമായേക്കും

രവീന്ദ്ര ജഡേജക്ക് രണ്ടാം ടെസ്റ്റ് മാത്രമല്ല ഈ പരമ്പരയാകെ നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടർ ആയ ജഡേജ ഇപ്പോൾ എൻ സി എയിൽ ചികിത്സയിലാണ്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിന് ഇടയിൽ ജഡേജയ്ക്ക് ഹാംസ്ട്രിംഗ് ഇഞ്ച്വറിയേറ്റിരുന്നു. രണ്ടാം ടെസ്റ്റിൽ ജഡേജയും രാഹുലും ഉണ്ടാകില്ല എന്ന് ബി സി സി ഐ അറിയിച്ചിരുന്നു.

ജഡേജക്ക് പരമ്പര ആകെ നഷ്ടമായാൽ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാകും. ഇപ്പോൾ വാഷിങ്ടൻ സുന്ദറിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഇന്ത്യ ജഡേജയ്ക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ കളിപ്പിക്കാൻ ആണ് സാധ്യത.

87 റൺസുമായി ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായിരുന്നു ജഡേജ. ഒപ്പം രണ്ട് ഇന്നിംഗ്‌സുകളിലായി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തു. ജഡേജക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും എങ്കിലും രാഹുൽ മൂന്നാം ടെസ്റ്റിലേക്ക് മടങ്ങിയെത്തും.

ജഡേജയ്ക്ക് പരിക്ക്, രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

രവീന്ദ്ര ജഡേജക്ക് രണ്ടാം ടെസ്റ്റ് നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഒന്നാം നമ്പർ ഓൾറൗണ്ടർ ആയ ജഡേജയ്ക്ക് രണ്ടാം ഇന്നിങ്സിക് ബാറ്റു ചെയ്യുന്നതിന് ഇടയിൽ ഹാംസ്ട്രിംഗ് ഇഞ്ച്വറിയേറ്റതായാണ് റിപ്പോർട്ടുകൾ. താരത്തിന് കൂടുതൽ ടെസ്റ്റുകൾ നടത്തിയ ശേഷം മാത്രമെ റിപ്പോർട്ടുകൾ വരികയുള്ളൂ. എങ്കിലും അടുത്ത മത്സരത്തിൽ ജഡേജയ്ക്ക് വിശ്രമം നൽകും എന്നാണ് റിപ്പോർട്ടുകൾ.

87 റൺസുമായി ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായിരുന്നു ജഡേജ. ഒപ്പം രണ്ട് ഇന്നിംഗ്‌സുകളിലായി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തു. പരിക്ക് സാരമുള്ളതാണോ എന്ന് അറിയില്ല എന്ന് ഇന്ത്യൻ പരിശീലകൻ ദ്രാവിഡ് പറഞ്ഞു.

“എനിക്ക് ഇതുവരെ ഫിസിയോയോട് സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ല. തിരിച്ചെത്തിയാൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ച് പരിക്ക് എത്ര സീനിയർ ആണെന്ന് നോക്കാം,” എന്ന് മത്സരത്തിന് ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു. ഫെബ്രുവരി 2 ന് വിശാഖപട്ടണത്ത് ആണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

400ഉം കടന്ന് ഇന്ത്യ, ലീഡ് 175 റൺസ്

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ. ഇംഗ്ലണ്ടിനെതിരെ ലീഡ് നേടിയ ഇന്ത്യ ഇപ്പോൾ 421/7 എന്ന നിലയിലാണ്. ഇന്ത്യക്ക് ഇപ്പോൾ 175 റൺസിന്റെ ലീഡ് ഉണ്ട്. 81 റൺസുമായി ജഡേജയും 35 റൺസുമായി അക്സർ പട്ടേലുമാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യക്ക് ഇന്നലെ തന്നെ രോഹിത് ശർമ്മയെ നഷ്ടമായിരുന്നു. ഇന്ന് രാവിലെ തന്നെ ജയ്സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ആക്രമിച്ചു കളിച്ച ജയ്സ്വാൾ 74 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്. ഗിൽ 66 പന്തിൽ നിന്ന് 23 റൺസും എടുത്തു. ലഞ്ചിനു ശേഷം 86 റൺസ് എടുത്ത കെ എൽ രാഹുലും 35 റൺസ് എടുത്ത് ശ്രേയസ് അയ്യറും പുറത്തായി.

അവസാന സെഷനിൽ ഭരതും അശ്വിനും കളം വിട്ടു. ഭരത് 41 റൺസ് ആണ് എടുത്തത്. 1 റൺ എടുത്ത അശ്വിൻ റണ്ണൗട്ട് ആവുകയായിരുന്നു.

ഇംഗ്ലണ്ടിനായി ടോം ഹാർട്ലിയും ജോ റൂട്ടും രണ്ട് വിക്കറ്റും ടോം ജാക്ക് ലീചും രെഹാനും ഒരോ വിക്കറ്റ് വീതവും നേടി.

“ജഡേജ ഈ ടീമിന് എന്താണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ മത്സരം” – രോഹിത് ശർമ്മ

ഇന്ന് ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച രവീന്ദ്ര ജഡേജയെ പ്രശംസിച്ച് രോഹിത് ശർമ്മ. രവീന്ദ്ര ജഡേജ ഇന്ന് 15 പന്തിൽ 29 റൺസ് നേടുകയും കൂടാതെ 5 വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ തകർക്കുകയും ചെയ്തിരുന്നു‌. ജഡേജ എന്തിനാണ് ടീമിൽ എന്ന ചോദ്യങ്ങൾക്ക് ഉള്ള മറുപടിയാണ് ഈ പ്രകടനം എന്ന് രോഹിത് പറഞ്ഞു.

“ജഡേജ ഞങ്ങൾക്ക് ആയി മികച്ച സംഭാവനകൾ നൽകുന്ന താരമാണ്. വർഷങ്ങളായി എല്ലാ ഫോർമാറ്റിലും കളിക്കുന്നു. ജഡേജ നമുക്ക് എന്താണെന്നതിന് ഇന്ന് ഒരു ക്ലാസിക്കൽ ഉദാഹരണമായിരുന്നു. അവസാനം വന്ന് നിർണായകമായ റൺസ് നേടി. പിന്നീട് വിക്കറ്റുകൾ വീഴ്ത്തി.” രോഹിത് പറഞ്ഞു ‌

“അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ടീമിലെ പങ്ക് അറിയാം. അവനിൽ നിന്നുള്ള പ്രതീക്ഷകൾ എന്താണെന്ന് അറിയാം” തന്റെ പ്രധാന ഓൾറൗണ്ടറെ പ്രശംസിച്ചുകൊണ്ട് രോഹിത് ശർമ പറഞ്ഞു.

ഇന്ത്യയുടെ തീപ്പൊരി ബൗളിംഗ്!! ദക്ഷിണാഫ്രിക്കയും വീണു!! ഒന്നാം സ്ഥാനം ഉറപ്പ്!

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും വിജയിച്ച് ഇന്ത്യ ലോകകപ്പ് ലീഗ് ഘട്ടത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്‌. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 83 റൺസിന് പുറത്തായി. ഇന്ത്യയുടെ എട്ട് മത്സരങ്ങളിൽ നിന്നുള്ള എട്ടാം വിജയമാണ് ഇത്. ജഡേജ ഇന്ത്യക്ക് ആയി അഞ്ചു വിക്കറ്റ് നേടി ബൗളർമാരിൽ മികച്ചു നിന്നു.

ഇന്നും ഇന്ത്യൻ പേസർമാർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയ. തന്റെ ആദ്യ ഓവറിൽ സിറാജ് ഡി കോക്കിനെ ബൗൾഡ് ആക്കി. വെറും 5 റൺസ് മാത്രമാണ് ഡി കോക്ക് ഇന്ന് നേടിയത്. ഒമ്പതാം ഓവറിൽ ജഡേജയ്ക്ക് പന്ത് നൽകിയ രോഹിതിന് മൂന്നാം പന്തിൽ തന്നെ ഫലം ലഭിച്ചു. ജഡേജ ബാവുമയെ പുറത്തക്കി.

അടുത്ത ഓവറിൽ ഷമിയും വിക്കറ്റ് എടുത്തു. മാക്രമിനെ ആണ് ഷമി പുറത്താകിയത്. മാക്രം 9 റൺസ് മാത്രം എടുത്തു. അടുത്തത് ക്ലാസന്റെ ഊഴം ആയിരുന്നു. ക്ലാസൻ ജഡേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അടുത്ത ഓവറിൽ ഷമി വാൻ ഡെർ ഡുസനെയും എം ബി ഡബ്യു ആക്കി. 13.1 ഓവറിൽ 40/5 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി.

ആറാം വിക്കറ്റിൽ മില്ലറും യാൻസണും കൂട്ടുകെട്ട് പടുക്കാൻ നോക്കി എങ്കിലും വിജയിച്ചില്ല. 11 റൺസ് എടുത്തു നിൽക്കെ മില്ലറിനെ ജഡേജ ബൗൾഡ് ആക്കി. ദക്ഷിണാഫ്രിക്ക 59/6. അധികം വൈകാതെ കേശവ് മഹാരാജിനെയും ജഡേജ പുറത്താക്കി. ദക്ഷിണാഫ്രിക്ക 67-7

14 റൺസ് എടുത്ത് പ്രതിരോധം തീർത്ത യാൻസണെ കുൽദീപ് പുറത്താക്കി. അതിനു പിന്നാലെ റബാദയെ പുറത്താക്കി ജഡേജ തന്റെ അഞ്ചാം വിക്കറ്റ് നേടി. പിന്നാലെ കുൽദീപ് വിജയം പൂർത്തിയാക്കി. ഇന്ത്യക്ക് ആയി ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ ഷമിയും കുൽദീപും 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റു നേടി.

ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന ഈഡൻ ഗാർഡനിലെ സ്ലോ പിച്ചിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യറിന്റെയും പക്വതയാർന്ന ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. വിരാട് സച്ചിന്റെ ഏകദിന റെക്കോർഡിനൊപ്പം എത്തിയ 49ആം സെഞ്ച്വറി ഇന്ന് നേടി.

മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ഇന്ന് ലഭിച്ചത്. രോഹിത് ശർമ്മ ആക്രമിച്ചു തന്നെ കളി തുടങ്ങി. 24 പന്തിൽ നിന്ന് 40 റൺസ് എടുത്താണ് രോഹിത് പുറത്തായത്. ആദ്യ പത്ത് ഓവറിൽ 90 റൺസ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. 23 റൺസ് എടുത്ത ഗിൽ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആയി. മഹാരാജിന്റെ മികച്ച സ്പിൻ ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചു. ശ്രേയസും കോഹ്ലിയും പതുക്കെ കളിച്ച് ഇന്നിംഗ്സ് കെട്ടിപടുത്തു.

ശ്രേയസ് 87 പന്തിൽ നിന്ന് 77 റൺസ് ആണ് എടുത്തത്. 2 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. കെ എൽ രാഹുൽ 8 റൺസ് എടുത്തും പിറകെ പുറത്തായി. അപ്പോഴും കോഹ്ലി ഒരു വശത്ത് ക്ഷമയോടെ ബാറ്റു ചെയ്തു. അവസാനം സൂര്യകുമാർ റൺ കണ്ടെത്തിയതോടെ ഇന്ത്യ 300ലേക്ക് അടുത്തു. സൂര്യ 13 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്തായി.

കോഹ്ലി 121 പന്തിൽ നിന്ന് 101 റൺസ് എടുത്തു. 10 ഫോർ അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ജഡേജ അവസാനം 15 പന്തിൽ നിന്ന് 29 റൺസ് എടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി എൻഡിഡി, യാൻസൺ, റബാഡ, മഹാരാജ്, ഷംസി എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കത്തിന് ശേഷം ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ 256 റൺസ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് ഈ സ്കോര്‍ നേടിയത്. പൂനെയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. തന്‍സിദ് ഹസന്‍ – ലിറ്റൺ ദാസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 93 റൺസ് നേടിയപ്പോള്‍ 51 റൺസ് നേടിയ തന്‍സിദ് ആണ് ആദ്യ പുറത്തായത്.

പിന്നീട് ബംഗ്ലാദേശിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 66 റൺസ് നേടിയ ലിറ്റൺ ദാസിനെ നഷ്ടമായപ്പോള്‍ ടീം 137/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ മുഷ്ഫിക്കുര്‍ റഹിം തൗഹിദ് ഹൃദോയ് കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും തൗഹിദ് 16 റൺസ് നേടി പുറത്തായി. 179 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

38 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമും പുറത്തായപ്പോള്‍ ബംഗ്ലാദേശിന് കാര്യം പ്രയാസമായി. എന്നാൽ മഹമ്മുദുള്ളയുടെ ബാറ്റിംഗ് മികവ് ടീമിനെ 256 റൺസിലേക്ക് എത്തിച്ചു. 46 റൺസാണ് മഹമ്മുദുള്ള നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സ്മിത്തിന്റെ വിക്കറ്റ് ആയിരുന്നു വഴിത്തിരിവ് എന്ന് ജഡേജ

ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിൽ സ്മിത്തിന്റെ വിക്കറ്റ് ആണ് വഴിത്തിരിവായത് എന്ന് ജഡേജ. ഇന്നലെ 46 റൺസ് എടുത്ത് നിൽക്കെ ആയിരുന്നു സ്മിത്ത് ജഡേജയുടെ പന്തിൽ പുറത്തായത്‌. “അത് വഴിത്തിരിവായ നിമിഷമാണെന്ന് ഞാൻ കരുതുന്നു. സ്റ്റീവ് സ്മിത്തിനെപ്പോലെ ഒരു വിക്കറ്റ് ലഭിക്കുമ്പോൾ, അവിടെ നിന്ന് പുതിയ ബാറ്ററിനായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല,” ജഡേജ പറഞ്ഞു.

“ആ വിക്കറ്റായിരുന്നു വഴിത്തിരിവ് എന്ന് ഞാൻ പറയും. 110/3 എന്ന നിലയിൽ നിന്ന് അവർ 199 ഓൾഔട്ടായി.” ജഡേജ പറഞ്ഞു.

“ഞാൻ സ്റ്റമ്പിൽ പന്തെറിയണം, അതായിരുന്നു പ്ലാൻ. ഭാഗ്യവശാൽ സ്മിത്തിലേക്കുള്ള പന്ത് കുറച്ചുകൂടി ടേൺ ചെയ്തു,” ജഡേജ പറഞ്ഞു.

“എന്റെ പ്ലാൻ ലളിതമായിരുന്നു. ഇത് ഒരു ടെസ്റ്റ് മാച്ച് ബൗളിംഗ് വിക്കറ്റാണെന്ന് ഞാൻ കരുതി, ഞാൻ അധികം പരീക്ഷണങ്ങൾ നടത്തേണ്ടതില്ല, കാരണം എല്ലാം വിക്കറ്റിൽ സംഭവിക്കുന്നു. അതുകൊണ്ട് ഞാൻ അതിനെ സ്റ്റംപ് ടു സ്റ്റംപ് ബൗൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു

ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ, രണ്ടാം ഏകദിനത്തിലും വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 399/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ശുഭ്മന്‍ ഗിൽ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ സാധ്യമാക്കിയത്.

ഗിൽ 104 റൺസും ശ്രേയസ്സ് അയ്യര്‍ 105 റൺസും നേടിയപ്പോള്‍ കെഎൽ രാഹുല്‍ 52 റൺസ് നേടി പുറത്തായി. ടി20 ശൈലിയിൽ സൂര്യകുമാര്‍ യാദവ് ബാറ്റ് വീശിയപ്പോള്‍ താരം 37 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസാണ് നേടിയത്. ഇഷാന്‍ കിഷന്‍ 18 പന്തിൽ 31 റൺസും നേടി.

മഴ കളിയിൽ തടസ്സം സൃഷ്ടിച്ചപ്പോള്‍ ഓസ്ട്രേലിയയുടെ ലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനഃക്രമീകരിച്ചുവെങ്കിലും ടീം 28.2 ഓവറിൽ 217 റൺസിന് ഓള്‍ഔട്ട് ആയി. 36 പന്തിൽ നിന്ന് 54 റൺസ് നേടിയ ഷോൺ അബോട്ട് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ 53 റൺസും നേടി.

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റ് നേടി. 99 റൺസ് വിജയം ആണ് ഇന്ത്യ മത്സരത്തിൽ കരസ്ഥമാക്കിയത്.

ഇർഫാൻ പത്താന്റെ ഏഷ്യാ കപ്പ് റെക്കോർഡിനൊപ്പം എത്തി ജഡേജ

ഇന്ന് നേപ്പാളിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 3 വിക്കറ്റ് നേടിയതോടെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ ഏഷ്യ കപ്പ് റെക്കോർഡിനൊപ്പം എത്തി‌. ഏഷ്യാ കപ്പ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർ എന്ന റെക്കോർഡിനൊപ്പം ആണ് ജഡേജ എത്തിയത്. ജഡേജയും പത്താനും ഏഷ്യാ കപ്പ് ഏകദിനത്തിൽ 22 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇർഫാൻ പത്താൻ 12 മത്സരങ്ങളിൽ നിന്ന് 5.54 എന്ന എക്കോണമി റേറ്റിൽ ആണ് 22 വിക്കറ്റുകൾ പത്താൻ വീഴ്ത്തിയത്. ജഡേജ 22 വിക്കറ്റിൽ എത്താൻ 15 മത്സരങ്ങൾ വേണ്ടി വന്നു.

Most wickets for India in Asia Cup ODIs

Ravindra Jadeja: 22 in 15 innings
Irfan Pathan: 22 in 12 innings (27.5 Avg)
Sachin Tendulkar: 17 in 15 innings (21.4 Avg)
Kapil Dev: 15 in 7 innings (13 Avg)

Exit mobile version