രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങളായി നടക്കും

ഈ സീസൺ രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യ ഘട്ടം ഫെബ്രുവരി 10 മുതൽ മാർച്ച് 15 വരെയും രണ്ടാം ഘട്ടം മെയ് 30 മുതൽ ജൂൺ 26 വരെയും ആകും. 9 വേദികളിൽ ആയാകും ടൂർണമെന്റ് നടക്കുക. രണ്ടാം ഘട്ടത്തിൽ നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ ആകും. ഐ പി എൽ നടക്കുന്നതിനാൽ ആണ് ഈ ഇടവേള വരുന്നത്. ആകെ ടൂർണമെന്റിൽ 64 മത്സരങ്ങൾ നടക്കും.

എട്ട് എലൈറ്റ് ഗ്രൂപ്പുകളും ഒരു പ്ലേറ്റ് ഗ്രൂപ്പും ആണ് രഞ്ജിയിൽ ഉണ്ടാവുക. എലൈറ്റ് ഗ്രൂപ്പുകളിൽ നാലു ടീമുകൾ വീതവും പ്ലേറ്റ് ഗ്രൂപ്പിൽ 6 ടീമും ഉണ്ടാകും. രഞ്ജി ട്രോഫി ആദ്യം ജനുവരി 13 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വർദ്ധിച്ചുവന്ന കോവിഡ് -19 കേസുകൾ കാരണം മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.

രഞ്ജി ട്രോഫി ഫെബ്രുവരി 10ന് ആരംഭിയ്ക്കും

രഞ്ജി ട്രോഫിയുടെ ഈ വരുന്ന സീസൺ ഫെബ്രുവരി 10ന് ആരംഭിയ്ക്കും. ടൂര്‍ണ്ണമെന്റിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 15 വരെയാണ് നടക്കുക. രണ്ടാം ഘട്ടം മേയ് 30 മുതൽ ജൂൺ 26 വരെയും നടക്കും. മാര്‍ച്ച് അവസാനത്തോടെ ഐപിഎൽ ആരംഭിയ്ക്കുന്നതിനാലാണ് ഇത്തരത്തിൽ രണ്ട് ഘട്ടത്തിലായി ടൂര്‍ണ്ണമെന്റ് നടത്തുവാനായി തീരുമാനിച്ചിരിക്കുന്നത്.

62 ദിവസങ്ങളിൽ 9 കേന്ദ്രത്തിലായി 64 മത്സരങ്ങള്‍ നടത്തുവാനാണ് ബിസിസിഐ ഒരുങ്ങുന്നത്. 38 ടീമുകളെ 9 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. അഹമ്മദാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഡല്‍ഹി, ഗുവഹാട്ടി, കട്ടക്, തിരുവനന്തപുരം, ചെന്നൈ, ഹരിനായ എന്നിവിടങ്ങളിലാണ് രഞ്ജി ട്രോഫി നടക്കുക.

രഞ്ജി ഗ്രൂപ്പുകള്‍

Elite A in Rajkot: Gujarat, MP, Kerala and Meghalaya

Elite B in Cuttack: Bengal, Baroda, Hyderabad and Chandigarh

Elite C in Chennai: Karnataka, Railways, J & K and Pondicherry

Elite D in Ahmedabad: Saurashtra, Mumbai, Odisha and Goa

Elite E in Trivandrum: Andhra Pradesh, Rajasthan, Services and Uttarakhand

Elite F in Delhi: Punjab, HP, Haryana and Tripura

Elite G in Haryana: Vidarbha, UP, Maharashtra and Assam

Elite H in Guwahati: Delhi, Tamil Nadu, Jharkhand and Chhattishgarh

Plate in Kolkata: Bihar, Nagaland, Manipur, Mizoram, Sikkim and Arunachal Pradesh

 

ഇന്ത്യയുടെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ച് ബിസിസിഐ

2021-2022ലേക്കുള്ള ബിസിസിഐയുടെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 21ന് സീനിയര്‍ വനിത വൺ ഡേ ലീഗോട് കൂടിയാണ് സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ച രഞ്ജി ട്രോഫി സീസൺ നവംബര്‍ 16 2021 മുതൽ ഫെബ്രുവരി 19 2022 വരെയുള്ള മൂന്ന് മാസത്തേ കാലാവധിയിൽ നടക്കും.

പുരുഷ വിഭാഗത്തിൽ സയ്യദ് മുഷ്താഖ് അലി ട്രോഫിയാണ് സീസണിലെ ആദ്യ ടൂര്‍ണ്ണമെന്റ്. ഒക്ടോബര്‍ 20 മുതൽ നവംബര്‍ 12 വരെ ടൂര്‍ണ്ണമെന്റ് നടക്കും. വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതൽ മാര്‍ച്ച് 26 വരെ നടക്കും.

കഴിഞ്ഞ വര്‍ഷം ഈ രണ്ട് ടൂര്‍ണ്ണമെന്റുകളും ബിസിസിഐ നടത്തിയിരുന്നു. ടി20യിൽ തമിഴ്നാടും വിജയ് ഹസാരെയിൽ മുംബൈയും ആയിരുന്നു ജേതാക്കള്‍.

700ലധികം രഞ്ജി താരങ്ങള്‍ക്കും ആശ്വാസ വേതനം ലഭിച്ചില്ല

ബിസിസിഐ രഞ്ജി താരങ്ങള്‍ക്കും ഇതുവരെ കഴിഞ്ഞ സീസണിലെ ആശ്വാസ വേതനം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 700ലധികം താരങ്ങള്‍ക്കാണ് ബിസിസിഐയില്‍ നിന്ന് ഇതുവരെ തങ്ങളുടെ കോംപന്‍സേഷന്‍ ഫീസ് ലഭിക്കാതെ പ്രതിസന്ധിയിലായി നില്‍ക്കുന്നത്. കോവിഡ് കാരണം സംസ്ഥാന യൂണിറ്റുകള്‍ ആവശ്യമായ വിശദാംശങ്ങള്‍ ബിസിസിഐയ്ക്ക് ഇതുവരെ കൈമാറാത്തതാണ് ഇതിന് കാരണമെന്നാണ് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

2019-20 സീസണിലെ വേതനം ആണ് തടസ്സമായി ഇരിക്കുന്നതെന്നാണ് അറിയുന്ന വിവരം. 2020-21 സീസണില്‍ കോവിഡ് കാരണം സയ്യദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും മാത്രമാണ് ബിസിസിഐ സംഘടിപ്പിച്ചത്. കോംപന്‍സേഷന്‍ സ്കീമിന്റെ സ്വീകാര്യമായ ഫോര്‍മുല നിശ്ചയിക്കുവാനും ബിസിസിഐ തടസ്സം നേരിടുന്നുണ്ടെന്നാണ് ധുമാല്‍ പറഞ്ഞത്.

ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഇല്ലാതെ ബിസിസിഐയുടെ ആഭ്യന്തര സീസണ്‍

2020-21 ആഭ്യന്തര സീസണില്‍ രഞ്ജി ട്രോഫി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ. സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫി നടത്തിയാല്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചതോടെയാണ് 1934-35 സീസണില്‍ രഞ്ജി ട്രോഫി ആരംഭിച്ച ശേഷം ചരിത്രത്തില്‍ ആദ്യമായി ടൂര്‍ണ്ണമെന്റില്ലാത്ത ഒരു സീസണ്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുന്നത്.

അതെ സമയം പുരുഷ – വനിത സീനിയര്‍ , അണ്ടര്‍ 19 പുരുഷ ഏകദിന മത്സരങ്ങള്‍ നടത്തുവാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പ്രയാസമാണെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്.

 

രഞ്ജി ട്രോഫി വേണോ വിജയ് ഹസാരെ ട്രോഫി വേണോ, സംസ്ഥാന അസോസ്സിയേഷനുകളോട് ബിസിസിഐ

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്ക് ശേഷം ഏത് പ്രാദേശിക ടൂര്‍ണ്ണമെന്റാണ് നടത്തേണ്ടതെന്ന് സംസ്ഥാന അസോസ്സിയേഷനുകളോട് ചോദിച്ച് ബിസിസിഐ. സമാനമായ രീതിയില്‍ അസോസ്സിയേഷനുകളെ സമീപിച്ചപ്പോളാണ് അവരുടെ തീരുമാനപ്രകാരം ടി20 ടൂര്‍ണ്ണമെന്റ് മതിയെന്ന് ബിസിസിഐ തീരുമാനിച്ചത്.

സീസണിലെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റായിരിക്കും ഇത്. അത് വിജയ് ഹസാരെ വേണോ രഞ്ജി ട്രോഫി വേണോ എന്നതിന്റെ തീരുമാനം ബിസിസിഐ ഉടന്‍ എടുക്കും. ഈ മാസം അവസാനത്തോടെയാണ് ബിസിസിഐ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

ഐപിഎല്‍ ഏപ്രിലില്‍ ആരംഭിക്കുവാനിരിക്കവേ രഞ്ജി ട്രോഫി നടത്തുവാനുള്ള സമയം ബിസിസിഐയ്ക്ക് ലഭിച്ചേക്കില്ല എന്നതാണ് ബോര്‍ഡിനെ അലട്ടുന്ന മറ്റൊരു കാര്യം.

 

കോവിഡ്; ഈ വർഷം ബി.സി.സി.ഐ ആഭ്യന്തര ടൂർണമെന്റുകൾ റദ്ദാക്കിയേക്കും

ഇന്ത്യയിൽ നിയന്ത്രണവിധേയമാവാതെ കുതിക്കുന്ന കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ഈ സീസണിൽ ബി.സി.സി.ഐ ആഭ്യന്തര ടൂർണമെന്റുകൾ റദ്ദാക്കിയേക്കും. ഇതിനായുള്ള ചർച്ചകൾ ബി.സി.സി.ഐ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ്-19 നിയന്ത്രണ വിധേയമാവാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഇത്തവണ യു.എ.ഇയിൽ വെച്ചാണ് നടക്കുക.

എന്നാൽ ആഭ്യന്തര ടൂർണമെന്റുകളിൽ ഇത്തരത്തിൽ നടത്തുക ബി.സി.സി.ഐയെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ഇതാണ് ഈ വർഷം മുഴുവൻ ആഭ്യന്തര ടൂർണമെന്റുകളും ഒഴിവാക്കാൻ ബി.സി.സി.ഐ ആലോചിക്കുന്നത്. കോവിഡ്-19 വൈറസ് ബാധയുടെ വ്യാപ്തി ഒരു സംസ്ഥാനത്തും നഗരങ്ങളിലും വ്യത്യസ്തമാണെന്നും അതുകൊണ്ട് ഈ സാഹചര്യത്തിൽ 3-4 മാസത്തേക്കുള്ള കാര്യങ്ങൾ പ്ലാൻ ചെയുക സാധ്യമാണെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ആഭ്യന്തര സീസൺ ചുരുക്കി നടത്താനുള്ള സാധ്യത സ്റ്റേറ്റ് അസോസിയേഷനുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാന അധികാരികളിൽ നിന്നും മത്സരങ്ങൾ നടത്താൻ അനുവാദം ലഭിക്കുകയെന്നത് എളുപ്പമല്ല. ഇത്തരത്തിൽ അനുവാദം ലഭിച്ചാലും 37 രഞ്ജി ടീമുകളെയും അഞ്ച് ദുലീപ് ട്രോഫി ടീമുകളെയും മറ്റു നിരവധി ആഭ്യന്തര ടീമുകൾക്കും ബയോ സുരക്ഷാ ഒരുക്കുക എളുപ്പമല്ലെന്നുമാണ് ബി.സി.സി.ഐയുടെ നിഗമനം

ഇന്ത്യയുടെ ആഭ്യന്തര സീസണില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ട്രോഫിയും മാത്രം

കോവിഡ് സാഹചര്യം കാരണം മാറ്റങ്ങള്‍ വരുത്തേണ്ട ആഭ്യന്തര സീസണില്‍ വിജയ് ഹസാരെ ട്രോഫിയെ ഉപേക്ഷിച്ചേക്കാമെന്ന് വ്യക്തമാക്കി ബിസിസിഐ. സീനിയര്‍ തലത്തില്‍ ഇത്തവണ രഞ്ജി ട്രോഫിയും മുഷ്താഖ് അലി ടി20 ട്രോഫിയും മാത്രമാവും ഈ സീസണില്‍ ഉണ്ടാകുക എന്നാണ് അറിയുന്നത്.

സാധാരണ സെപ്റ്റംബറിലാണ് ഇന്ത്യയുടെ അഭ്യന്തര സീസണ്‍ ആരംഭിക്കാറുള്ളത്. ഇത്തവണ ഐപിഎല്‍ സെപ്റ്റംബറിലേക്ക് മാറ്റിയതോടെ മുഴുവന്‍ സീസണിലും അഴിച്ച് പണി ആവശ്യമായി വരുമെന്ന് ഉറപ്പാകുകയായിരുന്നു. നവംബര്‍ 19ന് മുഷ്താഖ് അലി ട്രോഫിയും ഡിസംബറില്‍ രഞ്ജിയും ആരംഭിക്കുവാനാണ് ബിസിസിഐയുടെ ഇപ്പോളത്തെ തീരുമാനം.

വിജയ് ഹസാരെ ട്രോഫിയ്ക്ക് പുറമെ ദുലീപ് ട്രോഫി, ദിയോദര്‍ ട്രോഫി എന്നിവയും ഉപേക്ഷിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇറാനി ട്രോഫിയും ഉപേക്ഷിക്കും.

രഞ്ജി മത്സരങ്ങളും മറ്റ് ആഭ്യന്തര മത്സരങ്ങള്‍ നടത്തുന്നതിലും ബുദ്ധിമുട്ടുണ്ടാകും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറയായ ആഭ്യന്തര ക്രിക്കറ്റിനെയും ഇപ്പോളത്തെ പ്രതിസന്ധി സാരമായി ബാധിക്കുമെന്ന് പറഞ്ഞ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി. ഇന്ത്യയില്‍ ആറ് മാസത്തിനിടെ ബിസിസിഐ സാധാരണ 2000 മത്സരങ്ങളാണ് ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം നടത്തുന്നത്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം എങ്ങനെ നടത്തുമെന്നത് ശ്രമകരമായ കാര്യമാണെന്നും ജോഹ്രി പറഞ്ഞു.

ഇന്ത്യയില്‍ രഞ്ജിയില്‍ ഹോം എവേ രീതിയിലുള്ള മത്സരങ്ങള്‍ കളിക്കുമ്പോള്‍ തന്നെ ടീമുകള്‍ യാത്ര ചെയ്യേണ്ടതായി വരും അത് 50 മുതല്‍ മൂവായിരം കിലോമീറ്റര്‍ വരെയാകാം. ഇപ്പോളത്തെ ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള യാത്ര അനുവദിക്കുവാന്‍ ഇടയില്ല. അതിനാല്‍ തന്നെ ഈ ലീഗുകളെല്ലാം എങ്ങനെ നടത്തുമെന്നത് ബിസിസിഐ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും ബിസിസിഐ സിഇഒ പറഞ്ഞു.

താരങ്ങളുടെയും ക്രിക്കറ്റ് ആരാധകരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും മത്സരവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും എല്ലാം ആരോഗ്യവും രക്ഷയുമാണ് ബിസിസിഐ നോക്കേണ്ടതെന്നും അനുയോജ്യമായ തീരുമാനം മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ജോഹ്രി വ്യക്തമാക്കി.

118/5, സഞ്ജു റിട്ടയര്‍ഡ് ഹര്‍ട്ട്

ഗുജറാത്തിനെതിരെ രഞ്ജി മത്സരത്തിന്റെ ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 118/5 എന്ന നിലയില്‍. 52/4 എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ 46 റണ്‍സ് നേടുവാന്‍ കേരളത്തിനായെങ്കിലും വിനൂപ് മനോഹരന്‍ 25 റണ്‍സ് നേടി ചിന്തന്‍ ഗജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. സഞ്ജു സാംസണ്‍ 17 റണ്‍സ് നേടി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുക കൂടി ചെയ്തപ്പോള്‍ കേരളം പ്രതിരോധത്തിലാകുകയായിരുന്നു.

ഉച്ച ഭക്ഷണ സമയത്ത് 14 റണ്‍സുമായി ജലജ് സക്സേനയും 2 റണ്‍സ് നേടി വിഷ്ണു വിനോദുമായിരുന്നു ക്രീസില്‍.

കേരളത്തിനു എതിരാളികള്‍ ഗുജറാത്ത്, ക്വാര്‍ട്ടര്‍ അരങ്ങേറുക കൃഷ്ണഗിരി സ്റ്റേഡിയത്തില്‍

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍ കടന്ന കേരളത്തിനു ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഗുജറാത്ത്. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ജനുവരി 15-19 വരെയുള്ള ദിവസങ്ങളിലാണ് മത്സരം നടക്കുക. ഹിമാച്ചല്‍ പ്രദേശിനെതിരെ 5 വിക്കറ്റ് വിജയം കരസ്ഥമാക്കിയാണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 67 ഓവറില്‍ വിജയം കുറിക്കുവാന്‍ കേരളത്തിനു സാധിക്കുകയായിരുന്നു.

വിജയ ലക്ഷ്യമായ 297 റണ്‍സ് നേടുവാന്‍ കേരളത്തിനെ വിനൂപ് മനോഹരന്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ എന്നിവരുടെ ഇന്നിംഗ്സുകളാണ് സഹായിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ വിദര്‍ഭ ഉത്തരാഖണ്ഡിനെ നേരിടുമ്പോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ സൗരാഷ്ട്രയ്ക്ക് എതിരാളികള്‍ ഉത്തര്‍പ്രദേശാണ്. മൂന്നാം ക്വാര്‍ട്ടറില്‍ കര്‍ണ്ണാടകയും രാജസ്ഥാനും ഏറ്റുമുട്ടും.

ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ അവസാന ദിവസമാണ് കേരളം ക്വാര്‍ട്ടറിലേക്കുള്ള യോഗ്യത ഉറപ്പാക്കുന്നത്.

വിജയത്തിനു ശ്രമിയ്ക്കാനായി തങ്ങളുടെ മൂന്നാം ദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിനു വിജയത്തിനായി ശ്രമിക്കുവാന്‍ ഒരു ദിവസം മുഴുവന്‍ ലഭിച്ചത്. വിജയിച്ചിരുന്നുവെങ്കില്‍ ഹിമാച്ചലിനും ക്വാര്‍ട്ടര്‍ പ്രതീക്ഷയുള്ളതിനാലാണ് ഹിമാച്ചല്‍ ഡിക്ലറേഷന് മുതിര്‍ന്നത്.

എന്നാല്‍ വിനൂപ് മനോഹരനും(96) സച്ചിന്‍ ബേബിയും(92) സഞ്ജു സാംസണും(61*) അടങ്ങുന്ന താരങ്ങളുടെ പ്രകടനത്തിലാണ് കേരളം അവസാനം ദിവസം ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ കടക്കുമെന്നതിനാല്‍ തുല്യ സാധ്യതയുമായാണ് ഹിമാച്ചല്‍ പ്രദേശും അവസാന ദിവസം കളത്തിലിറങ്ങിയത്.

ആദ്യ ഇന്നിംഗ്സില്‍ ലീഡ് കൈവിട്ടുവെങ്കിലും രാഹുലും സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയിരുന്നു. രാഹുല്‍ 127 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സും സഞ്ജു സാസംണ്‍ 50 റണ്‍സും നേടി. 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. നേരത്തെ ഹിമാച്ചലിനെ 297 റണ്‍സില്‍ ഒതുക്കുവാന്‍ സഹായിച്ചത് നിധീഷ് എംഡിയുടെ 6 വിക്കറ്റ് നേട്ടമാണ്.

രണ്ടാം ഇന്നിംഗ്സില്‍ ഒരു ഘട്ടത്തില്‍ ഹിമാച്ചല്‍ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും സിജോമോന്‍ ജോസഫിന്റെ ബൗളിംഗില്‍ കേരളം തിരികെ മത്സരത്തിലേക്ക് വരികയായിരുന്നു. സിജോ നാല് വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

Exit mobile version