കോഹ്‍ലി ആദ്യ പന്തിൽ പുറത്ത്, അതിന് ശേഷം മികച്ച ബാറ്റിംഗുമായി ഫാഫും സംഘവും, അവസാന ഓവറിൽ കത്തിക്കയറി കാര്‍ത്തിക്

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 190 റൺസ് നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാലാം വിക്കറ്റ് കൂട്ടുകെട്ട് 10 പന്തിൽ 33 റൺസ് നേടിയാണ് ടീമിനെ 190 റൺസിലേക്ക് എത്തിച്ചത്. ഇതിൽ 30 റൺസും ദിനേശ് കാര്‍ത്തിക്കിന്റെ സംഭാവന ആയിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ വിരാട് കോഹ്‍ലി പുറത്തായപ്പോള്‍ പിന്നീട് ഫാഫ് ഡു പ്ലെസിയും രജത് പടിദാറും ചേര്‍ന്ന് 105 റൺസിന്റെ കൂട്ടുകെട്ടുമായി ബാംഗ്ലൂരിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

കോഹ്‍ലിയെ പുറത്താക്കിയ സുചിത് തന്നെയാണ് 48 റൺസ് നേടിയ രജത് പടിദാറിനെയും പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ 54 റൺസാണ് ഫാഫ് ഡു പ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും നേടിയത്. 19ാം ഓവറിൽ കാര്‍ത്തിക് ത്യാഗിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ 24 പന്തിൽ 33 റൺസാണ് മാക്സ്വെൽ നേടിയത്.

50 പന്തിൽ 73 റൺസ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നപ്പോള്‍ ദിനേശ് കാര്‍ത്തിക് 8 പന്തിൽ നിന്ന് 30 റൺസ് നേടി. അവസാന ഓവര്‍ എറിഞ്ഞ ഫസല്‍ഹഖ് ഫറൂക്കിയെ അവസാന നാല് പന്തിൽ മൂന്ന് സിക്സറും 1 ഫോറും കാര്‍ത്തിക് പറത്തിയപ്പോള്‍ താരം ഓവറിൽ നിന്ന് 25 റൺസാണ് വഴങ്ങിയത്.

ലോംറോറിന്റെ ചിറകിലേറി ആര്‍സിബി!!! ചെന്നൈയ്ക്കെതിരെ 173 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 79/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് മഹിപാൽ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, രജത് പടിദാര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

ഫാഫ് ഡു പ്ലെസിയും കോഹ‍്‍ലിയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 62 റൺസാണ് നേടിയത്. ഡു പ്ലെസി ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് ഒരു വശത്ത് നിലയുറപ്പിക്കുകയായിരുന്നു.

Fafkohli

എന്നാൽ 62/0 എന്ന നിലയിൽ നിന്ന് 79/3 എന്ന നിലയിലേക്ക് ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. 22 പന്തിൽ 38 റൺസ് നേടിയ ഫാഫിനെ മോയിന്‍ പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ റണ്ണൗട്ടായി പുറത്തായി. വിരാടിനെ മോയിന്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുമ്പോള്‍ 33 പന്തിൽ നിന്നാണ് താരം 30 റൺസ് നേടിയത്.

27 പന്തിൽ 42 റൺസ് നേടിയ ലോംറോറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ആര്‍സിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാലാം വിക്കറ്റിൽ താരം രജത് പടിദാറുമായി 49 റൺസാണ് വേഗത്തിൽ നേടിയത്. 15 പന്തിൽ 21 റൺസ് നേടിയ പടിദാര്‍ പുറത്തായെങ്കിലും ലോംറോര്‍ തന്റെ തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്നു.

മഹീഷ് തീക്ഷണ ലോംറോറിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ വീണ്ടും ആര്‍സിബി തകര്‍ച്ച നേരിട്ടു.  ഓവറിലെ അവസാന പന്തിൽ ഷഹ്ബാസ് അഹമ്മദിനെ തീക്ഷണ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വെറും 2 റൺസ് മാത്രം നൽകി താരം മൂന്ന് വിക്കറ്റാണ് ഓവറിൽ നിന്ന് നേടിയത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ദിനേശ് കാര്‍ത്തിക്ക് ഔട്ട് ആണെന്ന് അമ്പയര്‍ വിധിച്ചുവെങ്കിലും തീരുമാനത്തെ റിവ്യൂ ചെയ്ത് വിജയകരമായി തന്റെ വിക്കറ്റ് ദിനേശ് കാര്‍ത്തിക് രക്ഷിച്ചു. അതിന് ശേഷം പ്രിട്ടോറിയസിനെ 2 സിക്സ് അടക്കം  16 റൺസ് പിറന്നപ്പോള്‍ 173 റൺസിലേക്ക് ആര്‍സിബി എത്തി. 17 പന്തിൽ 26 റൺസുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു.

റൺസ് കണ്ടെത്തി കോഹ്‍ലി , രജത് പടിദാറിനും അര്‍ദ്ധ ശതകം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 170 റൺസ്. വിരാട് കോഹ്‍ലിയുടെയും രജത് പടിദാറിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം അവസാന ഓവറുകളിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ ബാംഗ്ലൂര്‍ 170 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

മികച്ച രീതിയിൽ രണ്ട് ബൗണ്ടറികളുമായി വിരാട് കോഹ്‍ലി ബാറ്റിംഗ് ആരംഭിച്ചുവെങ്കിലും പ്രദീപ് സാംഗ്വാന്‍ ഫാഫിനെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 11 റൺസായിരുന്നു ബാംഗ്ലൂര്‍ നേടിയത്. അവിടെ നിന്ന് രജത് പടിദാറും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 99 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

ഈ കൂട്ടുകെട്ടിൽ കൂടതൽ ആക്രമിച്ച് കളിച്ചത് രജത് പടിദാര്‍ ആയിരുന്നു. കരുതലോടെയാണ് വിരാട് കോഹ്‍ലി തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. പ്രദീപ് സാംഗ്വാന്‍ പടിദാറിനെ പുറത്താക്കുമ്പോള്‍ 32 പന്തിൽ 52 റൺസാണ് താരം നേടിയത്. അധികം വൈകാതെ കോഹ്‍ലിയുടെ വിക്കറ്റും ടീമിന് നഷ്ടമായി. 53 പന്തിൽ 58 റൺസാണ് താരം നേടിയത്. ഷമിയ്ക്കായിരുന്നു വിക്കറ്റ്.

അവസാന ഓവറുകളിൽ ആഞ്ഞടിക്കുവാന്‍ ശ്രമിച്ച ഗ്ലെന്‍ മാക്സ്വെൽ 18 പന്തിൽ 33 റൺസ് നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് ഇത്തവണ കാര്യമായ സംഭാവന നൽകുവാനായില്ല. ഒരു ഘട്ടത്തിൽ ഇരുനൂറിനടുത്ത് സ്കോര്‍ ചെയ്യുവാന്‍ ആര്‍സിബിയ്ക്കാവുമെന്ന് കരുതിയെങ്കിലും ടീമിനെ മികച്ച രീതിയിൽ പിടിച്ചുകെട്ടി 170 റൺസിലൊതുക്കുവാന്‍ ഗുജറാത്തിന് സാധിച്ചു. 8 പന്തിൽ 16 റൺസ് നേടി മഹിപാൽ ലോംറോര്‍ നിര്‍ണ്ണായക റണ്ണുകള്‍ അവസാന ഓവറിൽ നേടി.

കേരളത്തിന് രക്ഷയില്ല, മധ്യ പ്രദേശ് കൂറ്റന്‍ സ്കോറിലേക്ക്

യഷ് ദുബേയുടെയും രജത് പടിദാറിന്റെയും ശതകങ്ങളുടെ ബലത്തിൽ കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മധ്യ പ്രദേശ്. മത്സരത്തിന്റെ രണ്ടാം ദിവസം ടീമുകള്‍ ലഞ്ചിനായി പിരിയുമ്പോള്‍ കേരളത്തിന്റെ എതിരാളികള്‍ 314/2 എന്ന നിലയിലാണ്.

146 റൺസുമായി യഷ് ദുബേയും 125 റൺസുമായി രജത് പടിദാറുമാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 226 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.

രജത് പടിദാറിന് അര്‍ദ്ധ ശതകം, കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി മധ്യ പ്രദേശ്

ആദ്യ ഓവരിൽ വെങ്കിടേഷ് അയ്യരെ നഷ്ടമായെങ്കിലും രജത് പടിദാര്‍, കുല്‍ദീപ് ഗെഹി, പാര്‍ത്ഥ് സഹാനി എന്നിവരുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി മധ്യ പ്രദേശ്. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ പ്രതീക്ഷിച്ച തുടക്കമാണ് മനു കൃഷ്ണന്‍ നല്‍കിയത്. എന്നാൽ പിന്നീട് മത്സരത്തിൽ കാര്യമായ പ്രഭാവം സൃഷ്ടിക്കുവാന്‍ കേരള ബൗളര്‍മാര്‍ക്കായില്ല.

രജത് 49 പന്തിൽ 77 റൺസ് നേടിയപ്പോള്‍ കുല്‍ദീപ് 31 റൺസും പാര്‍ത്ഥ് 32 റൺസുമാണ് നേടിയത്. 7 ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.

വീണ്ടും ആര്‍സിബിയുടെ രക്ഷകനായി എബി ഡി വില്ലിയേഴ്സ്

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും എബി ഡി വില്ലിയേഴ്സിന്റെ ബാറ്റിംഗ് മികവില്‍ 171 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് അഞ്ച് സിക്സ് അടക്കം നടത്തിയ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 171 എന്ന സ്കോര്‍ നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സ് പിറന്നതോടെ കാര്യങ്ങള്‍ ആര്‍സിബിയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.

മികച്ച തുടക്കം നല്‍കുവാന്‍ ദേവ്ദത്ത് പടിക്കലിനും വിരാട് കോഹ്‍ലിയ്ക്കും സാധിച്ചുവെങ്കിലും രണ്ട് ഓവറുകളിലായി തുടരെയുള്ള രണ്ട് വിക്കറ്റുകളായി കോഹ്‍ലിയും പടിക്കലും പുറത്തായത് ആര്‍സിബിയുടെ ബാറ്റിംഗിന് തിരിച്ചടിയാകുകയായിരുന്നു. 30 റണ്‍സായിരുന്നു ഈ കൂട്ടുകെട്ട് നേടിയത്. ആദ്യം കോഹ്‍ലിയെ(12) അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ തൊട്ടുപുറകെ അടുത്ത പന്തില്‍ ഇഷാന്ത് ശര്‍മ്മ ദേവ്ദത്ത് പടിക്കലിനെ വീഴ്ത്തി. 17 റണ്‍സാണ് താരം നേടിയത്.

30/0 എന്ന നിലയില്‍ നിന്ന് 30/2 എന്ന നിലയിലേക്ക് വീണ ബാംഗ്ലൂരിനെ ഗ്ലെന്‍ മാക്സ്വെല്ലും രജത് പടിദാറും ചേര്‍ന്ന് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് മാക്സ്വെല്‍ പുറത്തായി. 25 റണ്‍സ് നേടിയ മാക്സ്വെല്‍ പുറത്താകുമ്പോള്‍ 30 റണ്‍സാണ് താരം പടിദാറുമായി ചേര്‍ന്ന് നേടിയത്.

പകരം ക്രീസിലെത്തിയ എബി ഡി വില്ലിയേഴ്സിനൊപ്പം 54 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് രജത് പടിദാര്‍ നേടിയത്. 22 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ താരം സ്കോറിംഗ് റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നതിനിടെ അക്സര്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 14.5 ഓവറില്‍ 114/4 എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍ അപ്പോള്‍.

പടിയ്ക്കല്‍ കലമുടച്ച് കേരളം, കൈവിട്ടത് മൂന്ന് ക്യാച്ചുകള്‍, മധ്യ പ്രദേശിന്റെ വിജയ ശില്പിയായി രജത് പടിഡാര്‍

ആദ്യ ഇന്നിംഗ്സിലേത് പോലെ തന്നെ രണ്ടാം ഇന്നിംഗ്സിലും മികവ് തെളിയിച്ച് രജത് പടിഡാര്‍ മധ്യ പ്രദേശിനെ വിജയത്തിലേക്ക് നയിച്ചു. കേരളത്തിന്റെ 191 റണ്‍സ് വിജയ ലക്ഷ്യത്തെ 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് മധ്യ പ്രദേശ് മറികടന്നത്. ചുറ്റും വിക്കറ്റുകള്‍ വീണപ്പോളും രജത് പടിഡാര്‍ മുന്നില്‍ നിന്ന് നയിച്ചാണ് ടീമിനെ 5 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ കേരളം ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി 190 റണ്‍സ് ലീഡ് സ്വന്തമാക്കിയെങ്കിലും പ്രതീക്ഷിച്ച പോലൊരു ബൗളിംഗ് പ്രകടനം ടീമിനു പുറത്തെടുക്കാനായത് ടീമിന്റെ ജയ സാധ്യതകളെ ഇല്ലാതാക്കി.

മത്സരത്തില്‍ ക്യാച്ചുകള്‍ കൈവിട്ടും കേരളം രജതിനെ സഹായിച്ചിരുന്നു. 47 റണ്‍സ് വിജയിക്കുവാനുള്ളപ്പോള്‍ സന്ദീപ് വാര്യറുടെ ഓവറില്‍ സഞ്ജു സാംസണ്‍ താരത്തിനെ കൈവിട്ടിരുന്നു. ഇതിനു മുമ്പ് സന്ദീപ് തന്നെ ഒരവസരം രജതിനു നല്‍കിയിരുന്നു. 77 റണ്‍സ് നേടിയ രജത് പടിഡാറിനു കൂട്ടായി  ശുഭം ശര്‍മ്മ മികച്ച പിന്തുണ നല്‍കി. രജത് പുറത്തായ ശേഷം അരുണ്‍ കാര്‍ത്തിക്കും മത്സരത്തിന്റെ അവസാനത്തോടെ ഒരു ക്യാച്ച് കൈവിട്ടു.

വിജയ സമയത്ത് ശുഭം ശര്‍മ്മയും സാരന്‍ഷ് ജെയ്നുമായിരുന്നു ക്രീസില്‍. ശുഭം ശര്‍മ്മ 48 റണ്‍സും സാരന്‍ഷ് 11 റണ്‍സും നേടി പുറത്താകാതെ നിന്നു. കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ രണ്ടും ജലജ് സക്സേന, അക്ഷയ് കെസി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മൂന്നാം വിക്കറ്റില്‍ 66 റണ്‍സും അഞ്ചാം വിക്കറ്റില്‍ 51 റണ്‍സുമെന്ന നിലയില്‍ രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ടുകളില്‍ പങ്കാളിയായിരുന്നു രജത്. ആദ്യ ഇന്നിംഗ്സില്‍ താരം 73 റണ്‍സ് നേടുകയും ചെയ്തു.

Exit mobile version