ലോംറോറിന്റെ ചിറകിലേറി ആര്‍സിബി!!! ചെന്നൈയ്ക്കെതിരെ 173 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 79/3 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് മഹിപാൽ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, രജത് പടിദാര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

ഫാഫ് ഡു പ്ലെസിയും കോഹ‍്‍ലിയും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 62 റൺസാണ് നേടിയത്. ഡു പ്ലെസി ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് ഒരു വശത്ത് നിലയുറപ്പിക്കുകയായിരുന്നു.

Fafkohli

എന്നാൽ 62/0 എന്ന നിലയിൽ നിന്ന് 79/3 എന്ന നിലയിലേക്ക് ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. 22 പന്തിൽ 38 റൺസ് നേടിയ ഫാഫിനെ മോയിന്‍ പുറത്താക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെൽ റണ്ണൗട്ടായി പുറത്തായി. വിരാടിനെ മോയിന്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുമ്പോള്‍ 33 പന്തിൽ നിന്നാണ് താരം 30 റൺസ് നേടിയത്.

27 പന്തിൽ 42 റൺസ് നേടിയ ലോംറോറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ആര്‍സിബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നാലാം വിക്കറ്റിൽ താരം രജത് പടിദാറുമായി 49 റൺസാണ് വേഗത്തിൽ നേടിയത്. 15 പന്തിൽ 21 റൺസ് നേടിയ പടിദാര്‍ പുറത്തായെങ്കിലും ലോംറോര്‍ തന്റെ തകര്‍പ്പന്‍ ബാറ്റിംഗ് തുടര്‍ന്നു.

മഹീഷ് തീക്ഷണ ലോംറോറിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ വീണ്ടും ആര്‍സിബി തകര്‍ച്ച നേരിട്ടു.  ഓവറിലെ അവസാന പന്തിൽ ഷഹ്ബാസ് അഹമ്മദിനെ തീക്ഷണ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വെറും 2 റൺസ് മാത്രം നൽകി താരം മൂന്ന് വിക്കറ്റാണ് ഓവറിൽ നിന്ന് നേടിയത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ദിനേശ് കാര്‍ത്തിക്ക് ഔട്ട് ആണെന്ന് അമ്പയര്‍ വിധിച്ചുവെങ്കിലും തീരുമാനത്തെ റിവ്യൂ ചെയ്ത് വിജയകരമായി തന്റെ വിക്കറ്റ് ദിനേശ് കാര്‍ത്തിക് രക്ഷിച്ചു. അതിന് ശേഷം പ്രിട്ടോറിയസിനെ 2 സിക്സ് അടക്കം  16 റൺസ് പിറന്നപ്പോള്‍ 173 റൺസിലേക്ക് ആര്‍സിബി എത്തി. 17 പന്തിൽ 26 റൺസുമായി ദിനേശ് കാര്‍ത്തിക് പുറത്താകാതെ നിന്നു.

Exit mobile version