ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് സ്റ്റുവര്‍ട് ബിന്നി

മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട് ബിന്നി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുമാണ് 37 വയസ്സുകാരന്‍ താരം വിരമിച്ചിരിക്കുന്നത്. ഇന്ത്യയെ 6 ടെസ്റ്റിലും 14 ഏകദിനത്തിലും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ബിന്നി പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബൗളര്‍മാരുടെ ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനം സ്റ്റുവര്‍ട് ബിന്നിയുടെ പേരിലുള്ളതാണ്. ബംഗ്ലാദേശിനെതിരെ 2014ൽ താരം നേടിയ 9 റൺസിന് ആറ് വിക്കറ്റാണ് അന്ന് താരം നേടിയത്.

 

മലയാളി താരം മിഥുനിനെ റിലീസ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ്, ഒഷെയ്ന്‍ തോമസും ലിയാം ലിവിംഗ്സ്റ്റണും ഇഷ് സോധിയും പുറത്ത്

മലയാളി താരം മിഥുന്‍ എസ് ഉള്‍പ്പെടെ നിരവധി താരങ്ങളെ വിട്ട് നല്‍കി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഒഷെയ്ന്‍ തോമസ്, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവര്‍ക്കൊപ്പം ആഷ്ടണ്‍ ടര്‍ണര്‍ ഇഷ് സോധി എന്നിവരും ടീമില്‍ നിന്ന് പുറത്ത് പോകുന്നു. സ്റ്റുവര്‍ട് ബിന്നിയെയും ടീം റിലീസ് ചെയ്തു. ഒപ്പം ജയ്ദേവ് ഉന‍ഡ്കടും, രാഹുല്‍ ത്രിപാഠിയും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

കഴിഞ്ഞ സീസണിലെ കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന റിയാന്‍ പരാഗിനെ ടീം നിലനിര്‍ത്തിയിട്ടുണ്ട്. 28.90 കോടി രൂപ കൈവശമുള്ള ടീം 4 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 സ്ലോട്ടുകളിലേക്ക് ആളെ കണ്ടെത്തണം.

ശുഭം രഞ്ജനേ, പ്രശാന്ത് ചോപ്ര, ആര്യമന്‍ ബിര്‍ള എന്നിവരാണ് പുറത്ത് പോകുന്ന മറ്റു താരങ്ങള്‍.

രാജസ്ഥാനെ വട്ടംകറക്കി പഞ്ചാബ് സ്പിന്നര്‍മാര്‍, പതിവു പോലെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍

ഒരു ഘട്ടത്തില്‍ 97/1 എന്ന നിലയില്‍ പഞ്ചാബിനു വെല്ലുവിളിയുയര്‍ത്തുമെന്ന് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്ന പതിവു രീതി പുറത്തെടുത്തപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നല്‍കിയ 183 റണ്‍സ് എന്ന ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു 12 റണ്‍സിന്റെ തോല്‍വി. പഞ്ചാബിന്റെ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും മുരുഗന്‍ അശ്വിനും ചേര്‍ന്ന് മധ്യ ഓവറുകളില്‍ പുറത്തെടുത്ത ബൗളിംഗ് മികവാണ് പഞ്ചാബിനു വിജയം നല്‍കിയത്. സ്റ്റുവര്‍ട്ട് ബിന്നിയുടെ തകര്‍പ്പനടികള്‍ തോല്‍വിയുടെ ഭാരം കുറയ്ക്കുവാന്‍ മാത്രമേ സാധിച്ചുള്ളു. 11 പന്തില്‍ നിന്ന് 33 റണ്‍സ് നേടി സ്റ്റുവര്‍ട് ബിന്നി പുറത്താകാതെ നിന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടിനെ മാറ്റി പരീക്ഷിച്ചാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ചേസിംഗിന് ഇറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്ക് പകരം ജോസ് ബട്‍ലര്‍ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയത് രാഹുല്‍ ത്രിപാഠിയാണ്. ടോപ് ഓര്‍ഡറില്‍ തനിക്ക് കിട്ടിയ അവസരം താരം ഉപയോഗിക്കുകയും ചെയ്തു. 4 ഓവറില്‍ 38 റണ്‍സിലേക്ക് കുതിച്ച രാജസ്ഥാന് എന്നാല്‍ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ ജോസ് ബട്‍ലറെ നഷ്ടമായി. 17 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായ ബട്‍ലറുടെ വിക്കറ്റ് അര്‍ഷ്ദീപ് സിംഗിനാണ് ലഭിച്ചത്. തന്റെ കന്നി ഐപിഎല്‍ വിക്കറ്റാണ് യുവതാരം ബട്‍ലറെ പുറത്താക്കി നേടിയത്.

ബട്‍ലര്‍ പുറത്തായ ശേഷം ത്രിപാഠിയ്ക്കൊപ്പമെത്തിയ സഞ്ജുവും അനായാസം സ്കോറിംഗ് നടത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് 59 റണ്‍സ് കൂട്ടുകെട്ടുമായി രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാല്‍ പഞ്ചാബ് സ്പിന്നര്‍മാരായ രവിചന്ദ്രന്‍-മുരുഗന്‍ അശ്വിന്‍ എന്നിവര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 21 പന്തില്‍ 27 റണ്‍സ് നേടിയ സഞ്ജുവിനെ 12ാം ഓവറില്‍ അശ്വിന്‍ പുറത്താക്കിയപ്പോള്‍ വീണ്ടും മികച്ച നിലയില്‍ നിന്ന് രാജസ്ഥാന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നുവോ എന്നാണ് ഏവരും കരുതിയത്.

ത്രിപാഠിയും രഹാനെയ്ക്കും വേഗത്തില്‍ സ്കോറിംഗ് നടത്താനായില്ലെങ്കിലും 15 ഓവര്‍ പിന്നിട്ടപ്പോള്‍ സ്കോര്‍ 122ല്‍ എത്തിയ്ക്കുവാന്‍ താരങ്ങള്‍ക്കായി. അവസാന 30 പന്തില്‍ 61 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. അശ്വിന്‍ എറിഞ്ഞ 16ാം ഓവറില്‍ ഒരു സ്റ്റംപിംഗ് അവസരം അതിജീവിച്ച് ശേഷം ത്രിപാഠി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഓവറിന്റെ അവസാനത്തില്‍ രാജസ്ഥാന് 50 റണ്‍സ് നേടിയ ത്രിപാഠിയെയും നഷ്ടമായി.

തന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയെങ്കിലും അശ്വിന്‍ അടുത്ത നാലോവറില്‍ 14 റണ്‍സിനു 2 വിക്കറ്റ് വീഴ്ത്തി മികച്ച തിരിച്ചുവരവും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകളും നേടുകയായിരുന്നു. താന്‍ നേരിട്ട ആദ്യ പന്തില്‍ ആഷ്ടണ്‍ ടര്‍ണറും പുറത്തായപ്പോള്‍ മത്സരം രാജസ്ഥാന്‍ കൈവിട്ടു. മുരുഗന്‍ അശ്വിനായിരുന്നു വിക്കറ്റ്. മുരുഗന്‍ അശ്വിന്‍ തന്റെ നാലോവറില്‍ 24 റണ്‍സിനു 1 വിക്കറ്റ് നേടി.

അവസാന മൂന്നോവറില്‍ 50 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് മുഹമ്മദ് ഷമിയുടെ ഓവറിലെ ആദ്യ പന്തില്‍ ജോഫ്ര ആര്‍ച്ചറെ നഷ്ടമായി. പിന്നീട് ഓവറില്‍ സ്റ്റുവര്‍ട്ട് ബിന്നി നേടിയ ഒരു സിക്സിന്റെയും ഫോറിന്റെയും ബലത്തില്‍ 13 റണ്‍സ് ഓവറില്‍ നിന്ന് നേടിയെങ്കിലും 12 പന്തില്‍ 37 റണ്‍സ് എന്ന ലക്ഷ്യം അപ്രാപ്യം തന്നെയായിരുന്നു.

സ്റ്റുവര്‍ട് ബിന്നി 11 പന്തില്‍ നിന്ന് 33 റണ്‍സുമായി പുറത്താകാതെ നിന്ന് 2 ഫോറും 3 സിക്സും നേടി രാജസ്ഥാനെ 170/7 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. പഞ്ചാബ് ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റും മുരുഗന്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി. ഇതില്‍ അര്‍ഷദീപ് സിംഗും മുഹമ്മദ് ഷമിയും റണ്‍സ് അധികം വഴങ്ങിയെങ്കിലും രണ്ട് സ്പിന്നര്‍മാരും തങ്ങളുടെ നാലോവര്‍ സ്പെല്ലില്‍ വെറും 24 റണ്‍സാണ് വഴങ്ങിയത്.

 

ആദ്യ ദിനം കര്‍ണ്ണാടകയ്ക്ക് സ്വന്തം, കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍

കര്‍ണ്ണാടക ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ഡോ.(ക്യാപ്റ്റന്‍).കെ.തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം കേരളത്തിനെതിരെ മികച്ച സ്കോര്‍ കണ്ടെത്തി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ടോസ് നേടി കര്‍ണ്ണാടകയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരുടെ മികച്ച സ്കോറിംഗിനു ശേഷം കര്‍ണ്ണാടകയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കൃഷ്ണപ്പ ഗൗതം ഉള്‍പ്പെടെയുള്ള താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 372/7 എന്ന സ്കോര്‍ നേടുകയായിരുന്നു.

അഭിഷേക് റെഡ്ഢി(78)-നിശ്ചല്‍(55) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 122 റണ്‍സാണ് നേടിയത്. 122/0 എന്ന നിലയില്‍ നിന്ന് 140/2 എന്ന സ്ഥിതിയിലേക്ക് കേരളം കര്‍ണ്ണാടകയെ തള്ളിയിട്ടുവെങ്കിലും പവന്‍ ദേശ്പാണ്ഡേ(41), സ്റ്റുവര്‍ട് ബിന്നി(63), ശ്രേയസ്സ് ഗോപാല്‍(42*) എന്നിവരോടൊപ്പം കൃഷ്ണപ്പ ഗൗതമിന്റെ 31 പന്ത് 64 റണ്‍സ് കൂടി ചേര്‍ന്നപ്പോള്‍ മികച്ച സ്കോറാണ് കര്‍ണ്ണാടക നേടിയത്. ഗൗതം 5 വീതം സിക്സും ബൗണ്ടറിയുമാണ് മത്സരത്തില്‍ നേടിയത്.

കേരളത്തിനായി വിനൂപ് മനോഹരനും, സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടയിപ്പോള്‍ എംഡി നിധീഷ്, അഭിഷേക് മോഹന്‍, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version