Picsart 24 07 28 00 42 44 240

ബാറ്റ്മാനും റോബിനും! ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫ നദാൽ, കാർലോസ് അൽകാരസ് സഖ്യം

പാരീസ് ഒളിമ്പിക്സിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ ജയം കുറിച്ച് റാഫേൽ നദാൽ, കാർലോസ് അൽകാരസ് സഖ്യം. ആറാം സീഡ് ആയ അർജന്റീനൻ സഖ്യം ആന്ദ്രസ് മോൽടനി, മാക്സിമോ ഗോൺസാലസ് സഖ്യത്തെ ആണ് അവർ ടെന്നീസ് പുരുഷ ഡബിൾസിൽ മറികടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സ്പാനിഷ് ടീം ജയം കണ്ടത്. ഇതിഹാസ താരമായ നദാലിന് ഒപ്പം യുവ സൂപ്പർ താരം അൽകാരസ് ഇറങ്ങുന്ന മത്സരത്തിന് പാരീസിൽ നിറഞ്ഞ കാണികൾ ആയിരുന്നു കാഴ്ചക്കാർ ആയി ഉണ്ടായിരുന്നത്.

ആദ്യം തന്നെ സർവീസ് ബ്രേക്ക് കണ്ടെത്തി തുടങ്ങിയ സ്പാനിഷ് സഖ്യം പക്ഷെ ബ്രേക്ക് കൈവിടുന്നതും ഉടൻ തന്നെ കണ്ടു. അൽകാരസ് കുറച്ചു കൂടി പതുക്കെ താളം കണ്ടെത്തിയപ്പോൾ നദാൽ തുടക്കം മുതൽ മികച്ച ഫോമിൽ ആയിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം നേടിയ നദാൽ, അൽകാരസ് സഖ്യം പക്ഷെ രണ്ടാം സെറ്റിൽ പതറി. എന്നാൽ 3-0 ൽ നിന്നു തിരിച്ചു വന്ന അവർ അർജന്റീനൻ താരങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടർന്ന് സെറ്റ് 6-4 നു നേടിയ അവർ മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. നദാൽ അൽകാരസ് സഖ്യത്തിലൂടെ സ്വർണം തന്നെയാവും സ്‌പെയിൻ ലക്ഷ്യം വെക്കുക. ഇന്ന് സിംഗിൾസ് രണ്ടാം റൗണ്ടിൽ അൽകാരസ് ഇതിനകം എത്തിയിരുന്നു. അതേസമയം നാളെയാണ് നദാലിന്റെ സിംഗിൾസ് മത്സരം.

Exit mobile version