ലോക ഒന്നാം നമ്പർ താരം യാന്നിക് സിന്നർ ഗ്രാൻഡ് സ്ലാം ടൂർണമെൻ്റുകളിലെ തൻ്റെ ആധിപത്യം തുടർന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ അലക്സാണ്ടർ ബുബ്ലിക്കിനെ 6-1, 7-5, 6-0 എന്ന സ്കോറിന് തകർത്ത് തുടർച്ചയായ രണ്ടാം വർഷവും ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ പ്രവേശിച്ചു. ഈ വിജയത്തോടെ, 2008-ൽ റാഫേൽ നടാലിന് ശേഷം മേജറുകളിൽ തുടർച്ചയായി 19 വിജയങ്ങൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 23 കാരനായ ഇറ്റാലിയൻ താരം മാറി.
അടുത്തതായി അദ്ദേഹം നോവാക് ജോക്കോവിച്ചിനെയോ അലക്സാണ്ടർ സ്വെരേവിനെയോ നേരിടും.
God is said to have formed the first man, from the dust. But only one man was made for clay! ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ തുടങ്ങുന്ന സമയത്ത്, റോളണ്ട് ഗരോയിലെ സെന്റർ കോർട്ടിൽ നടന്ന അവിശ്വസനീയമായ ഒരു ആദരിക്കൽ ചടങ്ങു കണ്ട് എഴുതിയതാണ്. ക്ലേ കോർട്ടിൽ കളിക്കുന്ന ഒരേയൊരു ഗ്രാൻഡ്സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപ്പൺ, 14 തവണ ജയിച്ച സ്പാനിഷ് ടെന്നീസ് രാജകുമാരനായ റാഫേൽ നദാലിന്റെ പേരും കാൽപ്പാടും പതിച്ച ഫലകം ഫിലീപ്പ് ഷാട്രിയെ കോർട്ടിലെ കളിമണ്ണിൽ പതിപ്പിച്ച ചടങ്ങു കണ്ടു കണ്ണീരണിയാത്ത ഒരു ടെന്നീസ് ആരാധകൻ പോലുമില്ല. കഴിഞ്ഞ കൊല്ലം ടെന്നിസിൽ നിന്നും റാഫേൽ വിരമിച്ചപ്പോൾ സങ്കടപ്പെട്ട ആരാധകർ അന്ന് വീണ്ടും കരഞ്ഞു.
സ്റ്റേഡിയം നിറഞ്ഞ ആരാധകരെയും പ്രമുഖ ടെന്നീസ് കളിക്കാരെയും, നദാലിന്റെ ഒപ്പം ബിഗ് 4 എന്നറിയപ്പെട്ട ഫെഡറർ, ജോക്കോവിച്, മറെ എന്നിവരെ സാക്ഷി നിറുത്തി ഫ്രഞ്ച് ടെന്നീസ് പ്രസിഡന്റ് ജീൽസ് മോർടൺ കോർട്ടിലെ മണ്ണ് മാറ്റി ഫലകം ലോകത്തിനായി കാഴ്ചവച്ചപ്പോൾ ലോക സ്പോർട്സ് ആരാധകർ ശരിക്കും ഞെട്ടി.
പരമ്പരാഗത മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിൽ നിഷ്കർഷത പാലിക്കുന്ന ഫ്രഞ്ച് അധികൃതർ തങ്ങളുടെ ഏറ്റവും പാവനമായ ഒരു കളിക്കളത്തിൽ ഒരു അന്യ രാജ്യക്കാരനായ കളിക്കാരന്റെ പേര് എന്നന്നേക്കുമായി പതിപ്പിച്ചത് ആർക്കും വിശ്വസിക്കാനായില്ല. റാഫേൽ പോലും ആദ്യം കരുതിയത് ആ ഫലകം ഒരു ദിവസത്തേക്കോ, അല്ലെങ്കിൽ ഈ സീസണിലെ കളി കഴിയുന്നത് വരെ മാത്രമോ ഉണ്ടാകുള്ളൂ എന്നാണ്! അതായത് ഇന്ത്യൻ രീതിയിൽ പറഞ്ഞാൽ, ജബ് തക് റോളണ്ട് ഗാരോ രഹേഗ, നദാൽ തേര നാം രഹേഗ എന്നാണു ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രഖ്യാപിച്ചത്. വൈകാരിതത്വത്തെ കുറിച്ച് ലോകത്തെ പഠിപ്പിച്ചത് ഫ്രഞ്ച്കാരാണ് എന്ന് കൂടി നമ്മൾ ഓർക്കണം.
പിന്നീട് ആ കോർട്ടിൽ കളിക്കാൻ വന്ന ഒട്ടുമിക്ക കളിക്കാരും ആ ഫലകത്തെ ആരാധനയോടെ കൂടി മാത്രമേ നോക്കിയിരുന്നുള്ളൂ എന്നും നാം കണ്ടതാണ്. പക്ഷെ അതിൽ പേർക്ക് ആ കോർട്ടിൽ പേരെഴുതി ചേർക്കാൻ സാധിക്കും എന്നത് ഒരു ചോദ്യമായി തന്നെ അവശേഷിക്കാനാണ് സാധ്യത. ഫ്രഞ്ച് ഓപ്പൺ ഒരാഴ്ച പിന്നിടുമ്പോൾ, ഇത്തവണത്തെ ക്വാർട്ടർ ഫൈനൽ നിര തയ്യാറായി കഴിഞ്ഞു. കണക്കുകൾ പറയുന്നത് ഫ്രഞ്ച് ഓപ്പണിൽ ഓരോ പോയിന്റിനും ശരാശരി 8 ഷോട്സ് വീതം കളിക്കേണ്ടതായി വരുന്നുണ്ട് എന്നാണ്. ആദ്യ റൗണ്ടിൽ പുറത്തായ മെദ്വദേവ് ഒഴിച്ച് ഇപ്പോൾ ക്വാർട്ടറിൽ കടന്നിട്ടുള്ള മിക്ക കളിക്കാരും ഏതാണ്ട് തുടക്കത്തിൽ സ്പോർട്സ് പണ്ഡിതന്മാർ പ്രവചിച്ച 8 പേർ തന്നെയാണ്. ഓരോരോ പോയിന്റ് നേടാനായി എട്ടല്ല, പതിനെട്ടടവും എടുക്കാൻ അറിയാവുന്ന മുൻനിര കളിക്കാർ തന്നെയാണ് ഇത്തവണയും അവസാന എട്ടിൽ എത്തിയിരിക്കുന്നത്.
സിന്നർ vs ബുബ്ലിക്
ജോക്കോ vs സ്വേരേവ്
മുസെറ്റി vs ടൈഫോ
അൽകരാസ് vs പോൾ
ഇതിൽ മുപ്പത് വയസ്സിന് മുകളിലുള്ളത് ഒരേയൊരാളാണ്, ജോക്കോവിച്. അടുത്ത ഫ്രഞ്ച് ഓപ്പൺ കളിക്കാൻ ജോക്കർ ഉണ്ടാകുമോ എന്ന് നമുക്ക് ഉറപ്പു പറയാൻ പറ്റില്ല. അത് കൊണ്ട് തന്നെ, തന്നെക്കാൾ പത്ത് വയസ്സിനു താഴെയുള്ള സ്വേരേവ്മായുള്ള കളി നോവാക്കിന് വളരെ പ്രാധാന്യമുള്ളതാണ്. സെമിയിലേക്ക് കടക്കാൻ കൂടുതൽ സാധ്യത ഈ സെർബിയൻ താരത്തിന് തന്നെയാണ്. പക്ഷെ സെമിയിൽ മിക്കവാറും നൊവാക് നേരിടുക സിന്നറിനെയാകും. ഫൈനലിന് മുന്നേയുള്ള ഫൈനൽ എന്ന് ആ കളിയെ വിശേഷിപ്പിച്ചാലും അതിൽ അത്ഭുതമില്ല.
ഈ ലൈനപ്പിലെ ഒരു രസകരമായ മറ്റൊരു കാര്യം, കഴിഞ്ഞ പത്ത് വർഷത്തോളമായി ബിഗ് 4 കളിക്കാരുടെ തണലിൽ കളിച്ചിരുന്ന, ഇപ്പോൾ 27/28 വയസ്സായ സ്വേരേവ്, ടൈഫോ, ബുബ്ലിക് എന്നിവർക്ക് പഴയ തലമുറ മാറി എന്ന് കരുതി ശ്വാസം വിടാൻ സമയം കിട്ടിയില്ല എന്നതാണ്. തങ്ങളേക്കാൾ നാലും അഞ്ചും വയസ്സ് കുറവുള്ള പുതു തലമുറ കളിക്കാർ, കളം പിടിച്ചടക്കി കഴിഞ്ഞു എന്ന് അവർ മനസ്സിലാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത് അവരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. ലോക ടെന്നിസിൽ യോഗ്യമായ സ്ഥാനം വേണം എന്നുണ്ടെങ്കിൽ പണ്ട് കളിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ അവർ കളിക്കേണ്ടതുണ്ട്.
ഈ നാല് കളികളും ഒപ്പത്തിനൊപ്പം ഉള്ള കളിക്കാർ തമ്മിലാണെങ്കിലും, അർവ്വാചീനമായ ഫോം പരിശോദിച്ചാൽ, ഇതിൽ മൂന്ന് കളികളെങ്കിലും നമുക്ക് പ്രവചിക്കാൻ സാധിച്ചേക്കും. പക്ഷെ ആ നാല് കളികളും ആസ്വാദകരെ ആനന്ദത്തിന്റെ ഉത്തുംഗ ശ്രേണിയിൽ എത്തിച്ചു ആറാടിക്കും എന്നൊക്കെ പറയണമെങ്കിൽ, ഇത് കഴിഞ്ഞു സെമി ഫൈനലും ഫൈനലും ഉണ്ടാകില്ല എന്ന് കരുതേണ്ടി വരും. കാരണം, ഇത്രക്ക് കടുകട്ടി ലൈനപ്പ് ഉള്ള ക്വാർട്ടർ കഴിഞ്ഞാൽ, ഇനി വറപ്പോറത് യുദ്ധം എന്ന ചിന്തയിലാണ് കളിയാരാധകർ. ബ്യൂട്ടിഫുൾ ടെന്നീസിന്റെ ദിനങ്ങളാണ് വരുന്നത് എന്ന സന്തോഷത്തിൽ, ഇനിയുള്ള ഒരാഴ്ചത്തേക്ക് അടിയുണ്ടാക്കിയും അവർ റിമോട്ട് നേരത്തെ കൂട്ടി കയ്യടക്കി വച്ചിരിക്കുകയാണ്!
നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് റോളണ്ട് ഗാരോസ് 2025 ൽ തൻ്റെ മികച്ച ഫോം തുടർന്നു. അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നാല് സെറ്റുകളിൽ തോൽപ്പിച്ചു: 7-6(8), 6-3, 4-6, 6-4 എന്ന സ്കോറിനായിരുന്നു ജയം.
ഈ വിജയം ഫ്രഞ്ച് ഓപ്പണിലെ അൽകാരസിൻ്റെ തുടർച്ചയായ പത്താം വിജയമാണ്, ഇത് തുടർച്ചയായ നാലാം വർഷമാണ് അദ്ദേഹം ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. അടുത്തതായി, അൽകാരസ് മറ്റൊരു അമേരിക്കൻ താരമായ ടോമി പോളിനെ ക്വാർട്ടർ ഫൈനലിൽ നേരിടും.
ഇന്ത്യയുടെ കൗമാര ടെന്നീസ് താരം മായാ രാജേശ്വരന് റോളണ്ട് ഗാരോസ് 2025 ൽ തിരിച്ചടി. പെൺകുട്ടികളുടെ സിംഗിൾസ് യോഗ്യതാ റൗണ്ടിൽ ഗ്രേറ്റ് ബ്രിട്ടന്റെ ബ്രൂക്ക് ബ്ലാക്കിനോട് നേരിട്ടുള്ള സെറ്റുകളിൽ തോറ്റ് മായ പുറത്തായി. അടുത്തിടെ WTA റാങ്കിംഗിൽ ആദ്യ 700 ൽ ഇടം നേടിയ 15 കാരിയായ താരം മെയ് 29 ന് നടന്ന ആദ്യ റൗണ്ടിൽ 2-6, 3-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
വിസ ലഭിക്കാൻ വൈകിയത് മൂലം മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മായക്ക് വേദിയിൽ എത്താൻ കഴിഞ്ഞത്. പ്രതികൂല സാഹചര്യങ്ങളിലും മായ നല്ല പോരാട്ടം കാഴ്ചവെച്ചെങ്കിലും ബ്ലാക്കിനെ മറികടക്കാൻ താരത്തിനായില്ല. ബ്ലാക്ക് അടുത്ത റൗണ്ടിൽ ഓസ്‌ട്രേലിയയുടെ താലിയ കോക്കിനിസിനെ നേരിടും.
Mallorcaയിലെ പ്രശസ്തമായ റാഫേൽ നദാൽ അക്കാദമിയിൽ പരിശീലനം നേടുന്ന മായ നേരത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ജൂനിയർസിൽ കളിക്കുകയും ഈ വർഷം മുംബൈ ഓപ്പണിൽ സെമിഫൈനലിൽ എത്തുകയും ചെയ്തിരുന്നു. അതേസമയം, ഫ്രഞ്ച് ഓപ്പണിലെ മറ്റ് ജൂനിയർ മത്സരങ്ങളിൽ മനസ് ധാംനെയും ഹിതേഷ് ചൗഹാനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മനസ് റൊമാനിയയുടെ അലെഹാന്ദ്രോ നൗറെസ്കുവിനെ 6-2, 6-2 ന് തോൽപ്പിക്കുകയും അടുത്ത റൗണ്ടിൽ കസാക്കിസ്ഥാൻ്റെ ദാമിർ ഷാൽഗസ്ബായിയെ നേരിടുകയും ചെയ്യും.
ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ 2025 ലെ ഫ്രഞ്ച് ഓപ്പൺ യാത്ര ഫ്രാൻസിൻ്റെ ആർതർ റിൻഡർക്നെഷിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ച് ഗംഭീരമായി ആരംഭിച്ചു. പാരീസിൽ നടന്ന മത്സരത്തിൽ 6-4, 6-3, 7-5 എന്ന സ്കോറിനാണ് സിന്നർ വിജയം നേടിയത്. ഈ വിജയത്തോടെ 23 കാരനായ ഇറ്റാലിയൻ താരം തൻ്റെ ഗ്രാൻഡ് സ്ലാം വിജയ പരമ്പര 15 മത്സരങ്ങളായി ഉയർത്തി.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ റാഫേൽ നദാൽ, റോജർ ഫെഡറർ, നോവാക് ജോക്കോവിച്ച്, കാർലോസ് അൽകാരസ് എന്നിവർ മാത്രം കൈവരിച്ച ഒരു എലൈറ്റ് ഗ്രൂപ്പിൽ സിന്നറും ചേർന്നു. മൂന്ന് മാസത്തെ ഉത്തേജക മരുന്ന് ഉപയോഗിച്ചുള്ള വിലക്കിന് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ സിന്നർ കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്റാണിത്. ഇനി അടുത്ത റൗണ്ടിൽ പരിചയസമ്പന്നനായ ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്വെറ്റിനെ നേരിടും.
നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ കാർലോസ് അൽകാരസ് 2025 ലെ പോരാട്ടം ഇറ്റാലിയൻ ക്വാളിഫയർ ഗിയൂലിയോ സെപ്പിയേരിയെ തിങ്കളാഴ്ച 6-3, 6-4, 6-2 എന്ന സ്കോറിന് തോൽപ്പിച്ച് ഗംഭീരമായി ആരംഭിച്ചു. മോണ്ടെ കാർലോ മാസ്റ്റേഴ്സിലും ഇറ്റാലിയൻ ഓപ്പണിലും കിരീടം നേടിയെത്തിയ സ്പാനിഷ് താരം ഒരൊറ്റ ബ്രേക്ക് പോയിന്റ് പോലും നേരിടേണ്ടി വന്നില്ല.
റോളണ്ട് ഗാരോസിൽ തുടർച്ചയായ എട്ട് മത്സരങ്ങൾ വിജയിച്ച അൽകാരസ് രണ്ടാം റൗണ്ടിൽ ഹംഗറിയുടെ ഫാബിയൻ മാരോസാനെ നേരിടും. നാല് തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ 21 കാരനായ താരം ഈ വർഷത്തെ കിരീട ഫേവറിറ്റായി കണക്കാക്കപ്പെടുന്നു. 2024 ലെ പാരീസിലെ വിജയം ആവർത്തിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
തുടർച്ചയായ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇഗ സ്വിറ്റെക് തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ടിൽ സ്ലോവാക്യയുടെ റെബേക്ക സ്രാംകോവയെ 6-3, 6-3 എന്ന സ്കോറിന് തോൽപ്പിച്ച് വിജയത്തോടെ തുടങ്ങി. നാല് തവണ ചാമ്പ്യനായ പോളിഷ് താരം റോളണ്ട് ഗാരോസിൽ തുടർച്ചയായ 22-ാം വിജയമാണ് സ്വന്തമാക്കിയത്.
ഓപ്പൺ era-യിൽ തുടർച്ചയായി നാല് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടുന്ന ആദ്യ വനിതയാകാൻ ലക്ഷ്യമിടുന്ന സ്വിറ്റെക്കിന് ആദ്യ സെറ്റിൽ സ്രാംകോവയിൽ നിന്ന് തുടക്കത്തിൽ ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നു. എന്നാൽ 4-3 ന് സ്വിറ്റെക് ബ്രേക്ക് നേടിയതോടെ സ്രാംകോവയുടെ പ്രതിരോധം തകർന്നു.
രണ്ടാം സെറ്റിൽ 28-കാരിയായ സ്ലോവാക് താരം സ്വിറ്റെക്കിനെ ആദ്യം ബ്രേക്ക് ചെയ്ത് 2-0 ന് മുന്നിലെത്തിയെങ്കിലും, സ്വിറ്റെക് ഉടൻ തിരിച്ചുവന്നു. അടുത്ത ഏഴ് ഗെയിമുകളിൽ ആറെണ്ണം നേടി വെറും 84 മിനിറ്റിനുള്ളിൽ വിജയം ഉറപ്പിച്ചു.
പാരീസിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന സ്വിറ്റെക് രണ്ടാം റൗണ്ടിൽ ബ്രിട്ടന്റെ എമ്മ റാഡുകാനുവിനെ നേരിടും.
കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. ഫൈനലിൽ നാലാം സീഡ് ജർമ്മൻ താരം അലക്സാണ്ടർ സാഷ സെരവിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ മറികടന്നു ആണ് അൽകാരസ് തന്റെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടത്തിൽ മുത്തം ഇട്ടത്. ആദ്യ സെറ്റിൽ തന്റെ മികവ് കാണിച്ച 21 കാരൻ സാഷയുടെ സർവീസ് ഭേദിച്ചു, സാഷക്ക് ഒരു തവണ തിരിച്ചു ബ്രേക്ക് ചെയ്യാൻ ആയെങ്കിലും വീണ്ടും ബ്രേക്ക് കണ്ടത്തിയ അൽകാരസ് സെറ്റ് 6-3 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ രണ്ടാം സെറ്റിൽ നീളൻ റാലികളിൽ മികവ് കാണിച്ച സാഷ രണ്ടു തവണ അൽകാരസിന്റെ സർവീസ് ഭേദിച്ചു സെറ്റ് 6-2 നു നേടി മത്സരത്തിൽ ഒപ്പമെത്തി. തുടർച്ചയായി 5 ഗെയിമുകൾ ആണ് സാഷ ജയം കണ്ടത്.
തന്റെ മികച്ച ഡ്രോപ്പ് ഷോട്ടുകൾ ഇന്നും അൽകാരസ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ മികച്ച പ്രതിരോധം ആണ് സാഷ ഉയർത്തിയത്. മൂന്നാം സെറ്റിൽ തുടക്കത്തിൽ ബ്രേക്ക് കണ്ടത്തിയ അൽകാരസ് 5-3 നു മുന്നിലെത്തി. എന്നാൽ തുടർന്ന് ബ്രേക്ക് തിരിച്ചു പിടിച്ച സാഷ തുടർച്ചയായി ഗെയിമുകൾ ജയിച്ചു, ഒരിക്കൽ കൂടി ബ്രേക്ക് കണ്ടെത്തി സെറ്റ് 7-5 നു നേടി മത്സരത്തിൽ വലിയ മുൻതൂക്കം നേടി. അൽകാരസ് പലപ്പോഴും നിരാശനായി കണ്ടപ്പോൾ സാഷ തന്റെ മികവ് കാണിക്കുന്നത് ആണ് കാണാൻ ആയത്. നാലാം സെറ്റിൽ പക്ഷെ അൽകാരസ് കളിയുടെ ഗിയർ മാറ്റി. തുടർച്ചയായി ബ്രേക്ക് കണ്ടത്തിയ താരം ഒരു തവണ സർവീസ് കൈവിട്ടു എങ്കിലും സെറ്റ് 6-1 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റിലും തന്റെ സർവീസിൽ ഇടക്ക് പതറിയെങ്കിലും അൽകാരസ് തന്റെ മികവ് തുടർന്നു. ബ്രേക്ക് പോയിന്റുകൾ കഷ്ടപ്പെട്ട് രക്ഷിച്ച അൽകാരസ് സാഷയുടെ സർവീസുകളിൽ ബ്രേക്കും കണ്ടെത്തി. ഒടുവിൽ 6-2 നു സെറ്റ് നേടി മത്സരം സ്വന്തമാക്കിയ അൽകാരസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുക ആയിരുന്നു. സ്വന്തം സർവീസിൽ ഇരു താരങ്ങളും പതറുന്ന കളിയാണ് ഇന്ന് കണ്ടത്. 23 ബ്രേക്ക് പോയിന്റ് ലഭിച്ചതിൽ 6 എണ്ണം മാത്രം മുതലാക്കാൻ ആണ് സാഷക്ക് ആയത് അതേസമയം ലഭിച്ച 16 അവസരങ്ങളിൽ 9 എണ്ണവും അൽകാരസ് മുതലാക്കി. കരിയറിൽ കളിച്ച 3 ഗ്രാന്റ് സ്ലാം ഫൈനലുകളും ജയിക്കാൻ അൽകാരസിന് ആയപ്പോൾ കളിച്ച രണ്ടാം ഫൈനലും സാഷ പരാജയപ്പെട്ടു. ഹാർഡ് കോർട്ടിലും പുൽ മൈതാനത്തിലും കളിമണ്ണ് മൈതാനത്തിലും ഗ്രാന്റ് സ്ലാം കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൽകാരസ് ഇതോടെ മാറി.
വനിത ടെന്നീസിൽ തന്റെ അപ്രമാദിത്വം ഒരിക്കൽ കൂടി ഉറപ്പിച്ചു പോളണ്ട് താരം ഇഗ സ്വിറ്റെക്. കരിയറിലെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്. ഫൈനലിൽ 12 സീഡ് ഇറ്റാലിയൻ താരം ജാസ്മിൻ പെയോളിനിയെ 6-2, 6-1 എന്ന സ്കോറിന് തകർത്തു ആണ് ഇഗ കിരീടം ഉയർത്തിയത്. ആദ്യ സെറ്റിൽ ഒരിക്കൽ ബ്രേക്ക് വഴങ്ങിയെങ്കിലും തുടർന്ന് തുടർച്ചയായ 10 ഗെയിമുകൾ ജയിച്ച ഇഗ 6-2, 5-0 എന്ന നിലയിൽ മുന്നിലെത്തി.
തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറിൽ അധികം നീണ്ട മത്സരത്തിന് ശേഷം ഇഗ തന്റെ സർവീസ് നിലനിർത്തി മത്സരം സ്വന്തം പേരിൽ കുറിച്ചു. തന്റെ അഞ്ചാം ഗ്രാന്റ് സ്ലാം കിരീടം കൂടിയാണ് ഇഗക്ക് ഇത്. കളിമണ്ണ് മൈതാനത്ത് തന്റെ ആധിപത്യം പുലർത്തുന്ന ഇഗ നാലു ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരവുമായി ഇഗ. അതേസമയം വനിത ഡബിൾസിൽ ഫൈനൽ ബാക്കിയുള്ള ജാസ്‌മിൻ അവിടെ കിരീടം ഉയർത്താൻ ആവും ശ്രമിക്കുക. ഈ യുഗത്തിൽ വനിത ടെന്നീസിലെ താരം താൻ തന്നെയാണ് എന്നു ഇഗ ഒരിക്കൽ കൂടി തെളിയിച്ചു. ഒസാക്കക്ക് എതിരെ മാച്ച് പോയിന്റ് രക്ഷിച്ച ശേഷമാണ് ഇഗ കിരീടം ഉയർത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
2020 ലെ യു.എസ് ഓപ്പൺ ഫൈനലിന് ശേഷം ആദ്യമായി ഒരു ഗ്രാന്റ് സ്ലാം ഫൈനലിലേക്ക് മുന്നേറി അലക്സാണ്ടർ സാഷ സെരവ്. നാലാം സീഡ് ആയ ജർമ്മൻ താരം ഏഴാം സീഡ് ആയ പോളിഷ് താരം കാസ്പർ റൂഡിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റിന് ശേഷം ആരോഗ്യ പ്രശ്നങ്ങളും റൂഡിനെ അലട്ടി. ആദ്യ സെറ്റിൽ 6-2 നു തകർന്ന സാഷ പക്ഷെ രണ്ടാം സെറ്റ് 6-2 നു നേടി തിരിച്ചടിച്ചു.
തുടർന്ന് 6-4, 6-2 എന്ന സ്കോറിന് മൂന്നും നാലും സെറ്റുകൾ നേടിയ സാഷ ആദ്യ ഫ്രഞ്ച് ഓപ്പൺ ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. 19 ഏസുകൾ ഉതിർത്ത സാഷ 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് റൂഡിന്റെ സർവീസ് മറികടന്നത്. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ലക്ഷ്യം വെക്കുന്ന സാഷക്ക് അൽകാരസ് ആണ് ഫൈനലിലെ എതിരാളി. കളിച്ച 9 കളികളിൽ 5 ൽ ജയം കണ്ട സാഷ നേരത്തെ 2022 ൽ ഫ്രഞ്ച് ഓപ്പണിൽ ഏറ്റുമുട്ടിയപ്പോൾ അൽകാരസിനെ തോൽപ്പിച്ചിട്ടും ഉണ്ട്.
ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി മൂന്നാം സീഡ് സ്പാനിഷ് താരം കാർലോസ് അൽകാരസ് ഗാർഫിയ. പുതിയ ലോക ഒന്നാം നമ്പർ താരവും രണ്ടാം സീഡും ആയ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ മറികടന്നു ആണ് അൽകാരസ് ഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റിൽ തുടക്കത്തിൽ സിന്നർ ആധിപത്യം പുലർത്തിയപ്പോൾ അൽകാരസ് 4-0 നു പിറകിൽ ആയി, തുടർന്ന് 6-2 നു സെറ്റ് കൈവിട്ട അൽകാരസ് രണ്ടാം സെറ്റിൽ തിരിച്ചു വന്നു. രണ്ടാം സെറ്റ് 6-3 നു നേടി സ്പാനിഷ് താരം മത്സരത്തിൽ മടങ്ങിയെത്തി. മികച്ച റാലികൾ കണ്ട മത്സരത്തിൽ ഇരു താരങ്ങളും ഡ്രോപ്പ് ഷോട്ടുകളും നെറ്റ് പോയിന്റുകളും ഉപയോഗിച്ച് വേഗത്തിൽ പോയിന്റുകൾ നേടാൻ ശ്രമിക്കുന്നതും കാണാൻ ആയി.
മൂന്നാം സെറ്റ് 6-3 നു നേടി സിന്നർ മത്സരത്തിൽ മുൻതൂക്കം കണ്ടെത്തി. എന്നാൽ നാലാം സെറ്റിൽ സിന്നറിന്റെ അവസാന സർവീസ് ഭേദിച്ച അൽകാരസ് സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ തുടക്കത്തിൽ സിന്നറിന്റെ ആദ്യ സർവീസ് തന്നെ ഭേദിച്ച അൽകാരസ് സെറ്റിൽ മുൻതൂക്കം നേടി. തുടർന്ന് സർവീസ് നിലനിർത്തിയ അൽകാരസ് സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ എഴുതി. 3 തവണ മാച്ച് പോയിന്റ് രക്ഷിച്ച സിന്നർക്ക് പക്ഷെ അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല. മത്സരത്തിൽ 8 ഏസുകൾ അൽകാരസും 7 എണ്ണം സിന്നറും ഉതിർത്തു, ഇരുവരും 6 തവണ സർവീസ് ബ്രേക്ക് കണ്ടെത്തുകയും ചെയ്തു. കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ ഫൈനൽ ആണ് ഇത്. എന്നത്തേയും പോലെ കിടിലം മത്സരം ആണ് ഇരുവരും ഇന്നും സമ്മാനിച്ചത്. ജയത്തിനു ശേഷം വികാരപരമായ അൽകാരസിനെ ആണ് കാണാൻ ആയത്. കാസ്പർ റൂഡ്, സാഷ സെരവ് മത്സര വിജയിയെ ആണ് അൽകാരസ് ഫൈനലിൽ നേരിടുക.
ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി 12 സീഡ് ഇറ്റാലിയൻ താരം ജാസ്മിൻ പെയോളിനി. സീഡ് ചെയ്യാത്ത റഷ്യൻ താരം മിറ ആന്ദ്രീവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജാസ്മിൻ തോൽപ്പിച്ചത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ജാസ്‌മിൻ 6-3, 6-1 എന്ന സ്കോറിന് ആണ് ജയം കണ്ടത്.
2015 നു ശേഷം ഗ്രാന്റ് സ്ലാം ഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ വനിത താരം ആണ് ജാസ്‌മിൻ. 2012 നു ശേഷം ആദ്യമായി ആണ് ഒരു ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഇറ്റാലിയൻ വനിത താരം എത്തുന്നത്. ഓപ്പൺ യുഗത്തിൽ ഗ്രാന്റ് സ്ലാം എത്തുന്ന മൂന്നാമത്തെ മാത്രം ഇറ്റാലിയൻ വനിത താരമാണ് ജാസ്മിൻ. ഫൈനലിൽ ഒന്നാം സീഡ് ഇഗ സ്വിറ്റെക് ആണ് ജാസ്മിന്റെ എതിരാളി.