ടെസ്റ്റ് ടീമില്‍ എത്തി ഷഹീന്‍ അഫ്രീദി

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് ഷഹീന്‍ അഫ്രീദി. അടുത്താഴ്ച ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 15 അംഗ സംഘത്തെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഷഹീന്‍ അഫ്രീദിയ്ക്കൊപ്പം സാദ് ആലിയും ടീമിലെ പുതുമുഖമാണ്. ഫകര്‍ സമനെയും ഷദബ് ഖാനെയും പരിക്ക് മൂലം വിശ്രമം നല്‍കുന്നതിനായി ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുവരും മൂന്നാം മത്സരത്തില്‍ ആവശ്യമെങ്കില്‍ ടീമിനൊപ്പം ചേരും.

നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്നു എന്നതാണ് ഷഹീന്‍ അഫ്രീദിയ്ക്ക് തുണയായത്.

പാക്കിസ്ഥാന്‍: മുഹമ്മദ് ഹഫീസ്, ഇമാം ഉള്‍ ഹക്ക്, അസ്ഹര്‍ അലി, ആസാദ് ഷഫീക്ക്, ഹാരിസ് സൊഹൈല്‍, ബാബര്‍ അസം, സാദ് അലി, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ, ബിലാല്‍ ആസിഫ്, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ

സ്കാനുകളില്‍ എല്ലാം സുരക്ഷിതം, ടീമിനൊപ്പം ചേര്‍ന്ന് ഇമാം ഉള്‍ ഹക്ക്

ലോക്കി ഫെര്‍ഗൂസണിന്റെ പന്ത് തലയ്ക്ക് കൊണ്ടുവെങ്കിലും സ്കാനുകളില്‍ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ലെന്നതില്‍ ഇമാം-ഉള്‍-ഹക്കിനും പാക്കിസ്ഥാന്‍ ടീമിനും ആശ്വസിക്കാം. സിടി സ്കാനുകള്‍ക്കും എംആര്‍ഐയ്ക്കും താരത്തിനെ വിധേയനാക്കുകയായിരുന്നു. മത്സരത്തിന്റെ 13ാം ഓവറിലെ ആദ്യ പന്ത് ഹെല്‍മെറ്റിന്റെ ഗ്രില്ലിലാണ് ഇടിച്ചതെങ്കിലും 138 കിലോമീറ്റര്‍ വേഗതയിലുള്ള പന്ത് താരത്തിനു പ്രഹരമേല്പിക്കുവാന്‍ പോന്നതായിരുന്നു.

16 റണ്‍സില്‍ നില്‍ക്കെയാണ് ഇത് സംഭവിക്കുകയും താരം പിന്നീട് റിട്ടേര്‍ഡ് ഹര്‍ട്ടായി പോകുകയും ചെയ്തു. സ്റ്റംപ്സില്‍ നിന്ന് മാറിയ ശേഷം ഏറെ സമയം ഹെല്‍മറ്റ് തലയില്‍ നിന്നൂരുവാന്‍ പ്രയാസപ്പെട്ട ഇമാം പിന്നീട് തറയില്‍ കിടക്കുകയായിരുന്നു. കണ്ണുകള്‍ അടഞ്ഞാണിരുന്നതെങ്കിലും ബോധമുണ്ടായിരുന്നതിനാല്‍ താരത്തിനോട് നീണ്ട പരിശോധനയ്ക്ക് ശേഷം ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് എത്തിയ്ക്കുകയായിരുന്നു.

ജയത്തോടെ ഓസ്ട്രേലിയ, പാക്കിസ്ഥാനെ കീഴടക്കിയത് 52 റണ്‍സിനു

പാക്കിസ്ഥാനെ കീഴടക്കി വനിത ലോക ടി20യില്‍ ഓസ്ട്രേലിയയ്ക്ക് മിന്നും തുടക്കം. 52 റണ്‍സിനാണ് ഇന്ന് നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ ഓസ്ട്രേലിയ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 165 റണ്‍സ് നേടുകയായിരുന്നു. അലീസ ഹീലി 29 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ ബെത്ത് മൂണി(48), മെഗ് ലാന്നിംഗ്(41) എന്നിവരും ഓസ്ട്രേലിയയ്ക്കായി തിളങ്ങി. അഞ്ച് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. പാക്കിസ്ഥാനായി നശ്ര സന്ധുവും ആലിയ റിയാസും രണ്ട് വീതം വിക്കറ്റ് നേടി.

20 ഓവറുകളില്‍ നിന്ന് പാക്കിസ്ഥാനു 113 റണ്‍സ് മാത്രമേ എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടാനായത്. 26 റണ്‍സ് നേടിയ ബിസ്മ മഹ്ഫൂറും 20 വീതം റണ്‍സ് നേടിയ സന മിറും ഒമൈമ സൊഹൈലുമാണ് പാക് നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. സന മിര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. മെഗാന്‍ ഷട്ട്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയില്‍ രണ്ട് വിക്കറ്റുകള്‍ നേടി തിളങ്ങിയത്.

ഷഹീന്‍ അഫ്രീദി കളിയിലെ താരം, പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഒപ്പമെത്തി

ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ഏകദിനങ്ങളിലെ ജയങ്ങളുടെ പരമ്പരയ്ക്ക് അവസാനം. 12 മത്സരങ്ങള്‍ തുടരെ ജയിച്ചെത്തിയ ന്യൂസിലാണ്ടിനെ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏകദിന റെക്കോര്‍ഡ് ശരിപ്പെടുത്തിയത്. 209/9 എന്ന നിലയില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടിയ ശേഷം 212/4 എന്ന സ്കോറിലേക്ക് 40.3 ഓവറില്‍ എത്തി പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനായി രണ്ടാം മത്സരത്തിലും റോസ് ടെയിലര്‍ ആണ് ടോപ് സ്കോറര്‍ ആയത്. 86 റണ്‍സാണ് താരം നേടിയത്. പുറത്താകാതെ നിന്ന റോസ് ടെയിലര്‍ ആണ് പതറിപ്പോയ ന്യൂസിലാണ്ട് ഇന്നിംഗ്സിനെ 200 കടത്തുവാന്‍ സഹായിച്ചത്. ഹെന്‍റി നിക്കോളസ്(33), ജോര്‍ജ്ജ് വര്‍ക്കര്‍(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി 4 വിക്കറ്റും ഹസന്‍ അലി രണ്ട് വിക്കറ്റ് നേടി.

ഫകര്‍ സമന്‍(88), ബാബര്‍ അസം(46) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ലക്ഷ്യം അനായാസമായി മറികടന്നത്. ഇമാം ഉള്‍ ഹക്ക് 16 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മുഹമ്മദ് ഹഫീസ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍ 3 വിക്കറ്റ് നേടി.

2018ലെ പാക്കിസ്ഥാന്റെ ഏകദിന ദുരന്തം

2017ല്‍ ഏകദിന ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ടീമാണ് പാക്കിസ്ഥാന്‍. അത് പോലെ തന്നെ ടി20യില്‍ ടീമിനെ പിടിച്ചുകെട്ടുവാന്‍ മറ്റു ടീമുകള്‍ പാടുപെടുകയാണ്. ടി20യില്‍ ഒന്നാം റാങ്കുകാരായ പാക്കിസ്ഥാനു എന്നാല്‍ ഏകദിനത്തില്‍ അത്ര കണ്ട മികവ് പുലര്‍ത്താനായിട്ടില്ല. സിംബാബ്‍വേ, ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെ ടീം ഏകദിനങ്ങളില്‍ തകര്‍ത്തുവെങ്കിലും മറ്റു മത്സരങ്ങളില്‍ തോല്‍വി തന്നെയായിരുന്നു ഫലം.

ന്യൂസിലാണ്ടുമായി വര്‍ഷത്തിന്റെ തുടക്കത്തില്‍ 5-0നു പരമ്പര തോറ്റ പാക്കിസ്ഥാന്‍ സിംബാബ്‍വേയില്‍ വെച്ച് അതേ മാര്‍ജിനില്‍ ജയം സ്വന്തമാക്കി. ഏഷ്യ കപ്പില്‍ ഹോങ്കോംഗിനെയും അഫ്ഗാനിസ്ഥാനെയും കീഴടക്കിയപ്പോള്‍ ഇന്ത്യയോട് രണ്ട് തവണയും ബംഗ്ലാദേശിനോട് ഒരു തവണയും ടീം തോല്‍വിയേറ്റു വാങ്ങി.

ഇപ്പോള്‍ വീണ്ടും ന്യൂസിലാണ്ടിനോട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെടുമ്പോള്‍ ടീമിന്റെ ഈ വര്‍ഷത്തെ ന്യൂസിലാണ്ടിനോടുള്ള ആറാമത്തെ തോല്‍വിയാണിത്.

പാക്കിസ്ഥാനെ തോല്പിച്ച് ശീലമാക്കിയവര്‍

ഇന്നലെ പാക്കിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയം ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ നേടിയപ്പോള്‍ അത് ടീമിന്റെ പാക്കിസ്ഥാനെതിരെയുള്ള 12ാമത്തെ തുടര്‍ച്ചയായുള്ള ഏകദിന വിജയമായിരുന്നു. 2014-18 വരെ ഒരു പരാജയം പോലും പാക്കിസ്ഥാനെതിരെ ഏകദിനത്തില്‍ ന്യൂസിലാണ്ട് നേരിട്ടിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ പാക്കിസ്ഥാനെ തുടരെ ഏറ്റവും അധികം ഏകദിനങ്ങളില്‍ തോല്പിച്ച ചരിത്രം ന്യൂസിലാണ്ടിനല്ല അത് ദക്ഷിണാഫ്രിക്കയ്ക്കാണ്. തുടര്‍ച്ചയായ 14 മത്സരങ്ങളിലാണ് 1995-2000 വരെയുള്ള കാലയളവില്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത്. ന്യൂസിലാണ്ടിനു പിന്നിലായി മൂന്നാം സ്ഥാനത്തുള്ളത് വിന്‍ഡീസാണ്. 1992-3 വരെ 9 തുടര്‍ മത്സരങ്ങളില്‍ വിന്‍ഡീസ് പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചിരുന്നു.

ബോള്‍ട്ടിന്റെ പ്രഹരത്തില്‍ നിന്ന് കരകയറാതെ പാക്കിസ്ഥാന്‍

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍. ജയിക്കാനായി 267 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ വിജയമാണ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പൂര്‍ത്തിയാക്കിയ കഴിഞ്ഞ 12 ഏകദിനങ്ങളിലും ടീമിനു തോല്‍വിയായിരുന്നു ഫലം.

8/3 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്കും പിന്നീട് അവിടെ നിന്ന് 85/6 എന്ന നിലയിലേക്കും വീണ പാക്കിസ്ഥാനു പ്രതീക്ഷയായി സര്‍ഫ്രാസ് അഹമ്മദും ഇമാദ് വസീമും ചേര്‍ന്ന് 103 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും സര്‍ഫ്രാസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കി. 64 റണ്‍സ് നേടിയ സര്‍ഫ്രാസാണ് ടീമിലെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക് 34 റണ്‍സ് നേടിയപ്പോള്‍ ഷൊയ്ബ് മാലിക് 30 റണ്‍സ് നേടി.

സര്‍ഫ്രാസ് പുറത്തായ ശേഷവും ഇമാദ് വസീം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ താരത്തിനെ ടിം സൗത്തി പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പാക്കിസ്ഥാന്റെ തോല്‍വി വേഗത്തിലാക്കി. ഏകദിന ക്രിക്കറ്റില്‍ താനെറിയുന്ന അടുത്ത പന്തില്‍ വിക്കറ്റ് നേടാനായാല്‍ ലോക്കി ഫെര്‍ഗൂസണിനും ഹാട്രിക്ക് നേട്ടം കൊയ്യാം.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റും കോളിന്‍ ഗ്രാന്‍ഡോം രണ്ടും ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഹാട്രിക്കുമായി തണ്ടര്‍ “ബോള്‍ട്ട്”

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ ആടിയുലഞ്ഞ് പാക്കിസ്ഥാന്‍. ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 266/9 എന്ന സ്കോറിനു പിടിച്ചു കെട്ടിയ ശേഷം പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലാണ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടം. ആദ്യ പന്തില്‍ ഇമാം ഉള്‍ ഹക്കിനെതിരെ എല്‍ബിഡബ്ല്യ അപ്പീല്‍ വിജയകരമായി തീര്‍ന്നില്ലെങ്കിലും അടുത്ത് മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് മടങ്ങിയത്.

ഫകര്‍ സമനെ ബൗള്‍ഡാക്കി തുടങ്ങിയ ബോള്‍ട്ട് അടുത്ത പന്തില്‍ ബാബര്‍ അസമിനെ മടക്കി. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഹഫീസിനെ താരം വിക്കറ്റിനു മുന്നില്‍ കുടുക്കി. ഹഫീസ് റിവ്യൂ നടത്തിയെങ്കിലും ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തെ തടയാനായില്ല. ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ഓവര്‍ കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ 8/3 എന്ന നിലയിലായിരുന്നു.

ഡാനി മോറിസണ്‍, ഷെയിന്‍ ബോണ്ട് എന്നിവര്‍ക്ക് ശേഷം ന്യൂസിലാണ്ടിനായി ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന താരമാണ് ട്രെന്റ് ബോള്‍ട്ട്.

ഷദബ് ഖാന്റെയും ഷഹീന്‍ അഫ്രീദിയുടെയും മികവില്‍ ന്യൂസിലാണ്ടിനെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍

തിരിച്ചുവരവിന്റെ പാതയിലായിരുന്ന ന്യൂസിലാണ്ടിനു തടയിട്ട് ഷദബ് ഖാന്‍. റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ടിന്റെ ബലത്തില്‍ 78/3 എന്ന നിലയില്‍ നിന്ന് 208/3 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയ ന്യൂസിലാണ്ടിന്റെ ഒറ്റയോവറില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയ ഷദബ് ഖാന്‍ ആണ് പ്രതിരോധത്തിലാക്കിയത്. നേരത്തെ കെയിന്‍ വില്യംസണിന്റെ വിക്കറ്റും നേടിയ ഷദബ് ഖാന്‍ ടോം ലാഥം(68), ഹെന്‍റി നിക്കോളസ്(0) എന്നിവരെ തുടരെയുള്ള പന്തുകളില്‍ പുറത്താക്കിയെങ്കിലും ഹാട്രിക്ക് നേട്ടം കോളിന്‍ ഡി ഗ്രാന്‍ഡോം നിഷേധിച്ചു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ ഗ്രാന്‍ഡോമിനെയും പൂജ്യത്തിനു പുറത്താക്കി ഷദബ് ഓവറിലെ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി.

78/3 എന്ന നിലയില്‍ നിന്ന് 130 റണ്‍സാണ് റോസ് ടെയിലര്‍-ടോം ലാഥം കൂട്ടുകെട്ട് നേടിയത്. ഷദബിന്റെ തൊട്ടടുത്ത ഓവറില്‍ റോസ് ടെയലിറിനെ ഇമാദ് വസീം പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. 208/3 എന്ന നിലയില്‍ നിന്ന് 208/6 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ട് 50 ഓവര്‍ പിന്നിട്ടപ്പോള്‍ 266 റണ്‍സിലേക്ക് എത്തിച്ചത് എട്ടാം വിക്കറ്റില്‍ ടിം സൗത്തി-ഇഷ് സോധി കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവിലൂടയാണ്. 9 വിക്കറ്റുകളാണ് ന്യൂസിലാണ്ടിനു നഷ്ടമായത്.

തന്റെ അവസാന ഓവറുകള്‍ എറിയാനെത്തിയ ഷഹീന്‍ അഫ്രീദി ഇഷ് സോധിയെയും ടിം സൗത്തിയെയും പുറത്താക്കി വീണ്ടും പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇഷ് സോധി 24 റണ്‍സും ടിം സൗത്തി 20 റണ്‍സുമാണ് നേടിയത്. അവസാന ഓവറുകളില്‍ സിക്സുകളുടെ സഹായത്തോടെ 42 റണ്‍സ് കൂട്ടുകെട്ടും ഇവര്‍ എട്ടാം വിക്കറ്റില്‍ നേടി.

ഷദബ് ഖാനും ഷഹീന്‍ അഫ്രീദിയും 4 വിക്കറ്റ് വീതം മത്സരത്തില്‍ നേടിയപ്പോള്‍ ഇമാദ് വസീമിനാണ് ഒരു വിക്കറ്റ്.

23 റണ്‍സിനിടെ എട്ട് വിക്കറ്റ്, ന്യൂസിലാണ്ടിനെയും വൈറ്റ് വാഷ് ചെയ്ത് പാക്കിസ്ഥാന്‍

ഓസ്ട്രേലിയയ്ക്ക് പിന്നാലെ ടി20യില്‍ ന്യൂസിലാണ്ടിനെയും വൈറ്റ് വാഷ് ചെയ്ത് പാക്കിസ്ഥാന്‍. പരമ്പര നേരത്തെ സ്വന്തമാക്കിയ ടീം അവസാന ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 166/3 എന്ന സ്കോര്‍ നേടിയ ശേഷം ന്യൂസിലാണ്ടിനെ 119 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 96/2 എന്ന ശക്തമായ നിലയിലായിരുന്ന ന്യൂസിലാണ്ടിന്റെ അവസാന 8 വിക്കറ്റ് 23 റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.

കെയിന്‍ വില്യംസണ്‍ 38 പന്തില്‍ 60 റണ്‍സുമായി തിളങ്ങിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും മികച്ച പിന്തുണ നല്‍കുവാനായില്ല. ഗ്ലെന്‍ ഫിലിപ്പ്സ് 26 റണ്‍സ് നേടി പുറത്തായി. വില്യംസണെയും ഗ്ലെന്‍ ഫിലിപ്പ്സിനെയും ഒരേ ഓവറില്‍ പുറത്താക്കി ഷദബ് ഖാന്‍ ആണ് ന്യൂസിലാണ്ട് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ഷദബ് ഖാന്‍ മൂന്നും വഖാസ് മക്സൂദ്, ഇമാദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയപ്പോള്‍ ന്യൂസിലാണ്ട് 16.5 ഓവറില്‍ 119 റണ്‍സിനു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാനു 47 റണ്‍സിന്റെ വിജയമാണ് നേടാനായത്.

അടിച്ച് തകര്‍ത്ത് ബാബര്‍ അസവും മുഹമ്മദ് ഹഫീസും

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ബാബര്‍ അസം, മുഹമ്മദ് ഫഹീസ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 166/3 എന്ന കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 58 പന്തില്‍ 79 റണ്‍സ് നേടിയ ബാബര്‍ അസം പുറത്തായപ്പോള്‍ മുഹമ്മദ് ഹഫീസ് 53 റണ്‍സുമായി പുറത്താകാതെ നിന്നു. 34 പന്തില്‍ നിന്നാണ് ഹഫീസിന്റെ വെടിക്കെട്ട് 53 റണ്‍സ്.

ന്യൂസിലാണ്ടിനായി കോളിന്‍ ഡി ഗ്രാന്‍ഡോം രണ്ടും, ലോക്കി ഫെര്‍ഗൂസണ്‍ ഒരു വിക്കറ്റും നേടി.

പതിനൊന്നിന്റെ സവിശേഷതയുമായി ഒരു വിജയം

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലെ 6 വിക്കറ്റ് വിജയം പരമ്പര വിജയം മാത്രമല്ല ടി20യിലെ ഒന്നാം റാങ്കുകാര്‍ക്ക് സമ്മാനിച്ചത്. ഈ വിജയത്തില്‍ മറ്റു ചില സവിശേഷതകള്‍ കൂടിയുണ്ട്. ഓസ്ട്രേലിയന്‍ പരമ്പരയെ അപേക്ഷിച്ച് അവസാന ഓവറുകളില്‍ മാത്രമാണ് ടീമിനു വിജയം കുറിയ്ക്കാനായുള്ളുവെങ്കിലും ഇന്നത്തെ ഈ വിജയത്തോടെ പാക്കിസ്ഥാന്‍ സര്‍ഫ്രാസിനു കീഴില്‍ ടി20യിലെ  തുടര്‍ച്ചയായ 11 ാം പരമ്പര വിജയമാണ് സ്വന്തമാക്കുന്നത്.

അതുപോലെ തന്നെ വിജയകരമായ പതിനൊന്നാമത്തെ തുടര്‍ച്ചയായ ചേസിംഗ് ആണ് ഇന്ന് പാക്കിസ്ഥാന്‍ ന്യൂസിലാണ്ടിനെതിരെ നടപ്പിലാക്കിയത്.

Exit mobile version