വീണ്ടുമൊരു അവസാന ഓവര്‍ ജയം നേടി പാക്കിസ്ഥാന്‍, നിര്‍ണ്ണായകമായത് ഫഹീസിന്റെ പ്രകടനം

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 153/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസിന്റെ ഇന്നിംഗ്സാണ് മത്സര ഗതി മാറ്റിയത്. ബൗണ്ടറി നേടി പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയതും ഹഫീസ് ആയിരുന്നു. ബാബര്‍ അസം(40), ആസിഫ് അലി(38), ഫകര്‍ സമന്‍(24) എന്നിവരും നിര്‍ണ്ണായകമായ ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചു.

ഇഷ് സോധിയുടെ 17ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടിയ ഹഫീസാണ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന രണ്ടോവറില്‍ വിജയിക്കുവാന്‍ 14 റണ്‍സാണ് നേടേണ്ടിയിരുന്നത്. കൂറ്റനടികള്‍ പിറന്നില്ലെങ്കിലും ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 7 റണ്‍സ് നേടുവാന്‍ പാക്കിസ്ഥാനു സഹായിച്ചു. എക്സ്ട്രാസ് എറിഞ്ഞ് സൗത്തിയും പാക്കിസ്ഥാനെ സഹായിക്കുകയായിരുന്നു

അവസാന ഓവര്‍ എറിഞ്ഞ ആഡം മില്‍നെയുടെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഹഫീസ് സ്ട്രൈക്ക് കൈമാറിയെങ്കിലും ഷൊയ്ബ് മാലികിനെ രണ്ടാം പന്തില്‍ പാക്കിസ്ഥാനു നഷ്ടമായി. മൂന്നാം പന്തില്‍ ഡബിളും നാലാം പന്തില്‍ ബൗണ്ടറിയും നേടി പരിചയസമ്പന്നനായ ഹഫീസ് പാക്കിസ്ഥാന്‍ വിജയം രണ്ട് പന്ത് അവശേഷിക്കെ ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് കോളിന്‍ മണ്‍റോ, കോറെ ആന്‍ഡേഴ്സണ്‍ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകള്‍ക്ക് പിന്നാലെ കെയിന്‍ വില്യംസണ്‍ നേടിയ 37 റണ്‍സിന്റെയും ബലത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയത്. 28 പന്തില്‍ നിന്ന് മണ്‍റോ 44 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡേഴ്സണ്‍ 25 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഏകദിന ടീമിലേക്ക് മടങ്ങിയെത്തി ഇമാദ് വസീം, മുഹമ്മദ് അമീര്‍ പുറത്ത്

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന ടീം പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തിലേക്ക് മുഹമ്മദ് ഹഫീസും ഇമാദ് വസീമും മടങ്ങിയെത്തിയപ്പോള്‍ മുഹമ്മദ് അമീര്‍ ടീമില്‍ ഇടം പിടിച്ചില്ല. ടെസ്റ്റിലേക്ക് രണ്ട് വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ മുഹമ്മദ് ഹഫീസിനും പരിക്കില്‍ നിന്ന് തിരിച്ചെത്തി ടി20യില്‍ മികച്ച പ്രകടനം നടത്തിയ ഇമാദ് വസീമിനെയും പാക്കിസ്ഥാന്‍ പരിഗണിക്കുന്നുണ്ട്. ഷാന്‍ മക്സൂദിനു ടീമിലെ സ്ഥാനം നഷ്ടമാകുന്നു. മുഹമ്മദ് നവാസിനെയാണ് ഇമാദ് വസീം പകരം വയ്ക്കുന്നത്.

ഏകദിന സ്ക്വാഡ്: ഫകര്‍ സമന്‍, മുഹമ്മദ് ഹഫീസ്, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഇമാദ് വസീം, ഫഹീം അഷ്റഫ്, ഹസന്‍ അലി, ജുനൈദ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍

ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് അസ്ഹര്‍ അലി

ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് പാക്കിസ്ഥാന്റെ അസ്ഹര്‍ അലി. 33 വയസ്സുകാരന്‍ താരം ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പത്ര സമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. വളരെ ആലോചിച്ചെടുത്ത തീരുമാനമാിതെന്നാണ് അസ്ഹറിന്റെ അഭിപ്രായം. തന്റെ എല്ലാ ശക്തിയും ഒരു ഫോര്‍മാറ്റിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനായി വിനിയോഗിക്കുവാന്‍ വേണ്ടിയാണ് ഇതെന്നും താരം അഭിപ്രായപ്പെട്ടു.

2011ല്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ അസ്ഹര്‍ അലി ഏകദിനത്തില്‍ അവസാനം കളിച്ചത് ഈ വര്‍ഷമാദ്യം ന്യൂസിലാണ്ടിനെതിരെയാണ്. 53 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്ന് 1845 റണ്‍സാണ് താരം നേടിയത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനമാണ് കരിയറിലെ തന്നെ മികച്ച കാലഘട്ടമായി വിലയിരുത്താവുന്നത്.

ആ ടൂര്‍ണ്ണമെന്റില്‍ മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയതില്‍ രണ്ടെണ്ണ ഇന്ത്യയ്ക്കെതിരെയായിരുന്നു. ഒന്ന് പിറന്നത് ഫൈനലിലും. 228 റണ്‍സ് നേടിയ താരം ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ടിനെതിരെയും അര്‍ദ്ധ ശതകം നേടിയിരുന്നു.

വിജയം കൈവിടാതെ പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനെതിരെ 2 റണ്‍സിനും ജയം

ടി20യിലെ ഒന്നാം റാങ്കുകാര്‍ വിജയത്തുടര്‍ച്ചയുമായി തന്നെ മുന്നോട്ട്. ഓസ്ട്രേലിയയെ 3-0നു വൈറ്റ് വാഷ് ചെയ്ത ശേഷം ന്യൂസിലാണ്ടിനെതിരെ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 2 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ ആറ് മാസത്തിനു മേലെ വിശ്രമത്തിനു ശേഷം മത്സരത്തിനെത്തിയ കിവീസിനു 146 റണ്‍സ് വരെ നേടുവാനെ കഴിഞ്ഞുള്ളു. മുഹമ്മദ് ഹഫീസാണ് കളിയിലെ താരം.

45 റണ്‍സ് നേടിയ ഹഫീസിനൊപ്പം സര്‍ഫ്രാസ് അഹമ്മദ്(34), ആസിഫ് അലി(24) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് മികവാണ് ടീമിനെ 148 റണ്‍സിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി ആഡം മില്‍നെ രണ്ടും അജാസ് പട്ടേല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മികച്ച ബൗളിംഗ് വഴി പാക്കിസ്ഥാനെ ചെറുത്ത് നിര്‍ത്തിയെങ്കിലും ന്യൂസിലാണ്ടിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിച്ചില്ല. കോളിന്‍ മണ്‍റോയും(58), റോസ് ടെയിലറും(42*) പൊരുതി നോക്കിയെങ്കിലും വേണ്ടത്ര പിന്തുണ മറ്റു താരങ്ങളില്‍ നിന്ന് ലഭിയ്ക്കാതെ വന്നപ്പോള്‍ ന്യൂസിലാണ്ട് പൊരുതി വീഴുകയായിരുന്നു.

26 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ റോസ് ടെയിലര്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിനു ഓവറില്‍ നിന്ന് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ ആറ് റണ്‍സ് നേടിയാല്‍ സൂപ്പര്‍ ഓവറിലേക്ക് കളി എത്തിക്കാമായിരുന്നുവെങ്കിലും ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്തില്‍ നിന്ന് ബൗണ്ടറി മാത്രമേ റോസ് ടെയിലര്‍ക്ക് നേടാനായുള്ളു.

ഹസന്‍ അലി മൂന്ന് വിക്കറ്റുമായി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ഇമാദ് വസീം ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ന്യൂസിലാണ്ടിനെതിരായ ആദ്യ ടി20, 12 അംഗ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

ഓസ്ട്രേലിയയെ തകര്‍ത്ത അതെ 15 അംഗ സ്ക്വാഡിനെ ന്യൂസിലാണ്ട് പരമ്പരയിലേക്കും പ്രഖ്യാപിച്ച പാക്കിസ്ഥാന്‍ ആദ്യ മത്സരത്തിനു ടീമില്‍ മാറ്റം വരുത്തുവാന്‍ സാധ്യതയില്ലെന്ന് സൂചന. ഓസ്ട്രേലിയയ്ക്കെതിരെ അവസാന മത്സരത്തില്‍ കളിച്ച ഇലവനെ തന്നെയാവും ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാന്‍ മത്സരത്തിനിറക്കുകയെന്നാണ് അറിയുന്നത്. 12 അംഗ അന്തിമ ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

12 അംഗ ടീം: ഷാഹിബ്സാദ ഫര്‍ഹാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഇമാദ് വസീം, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍, ഷഹീന്‍ അഫ്രീദി

ന്യൂസിലാണ്ട് പരമ്പരയ്ക്ക് മാറ്റങ്ങളില്ലാത്ത ടീം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

ഓസ്ട്രേലിയയെ തകര്‍ത്ത അതെ ടീം ന്യൂസിലാണ്ടിനെതിരെയും പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. 3-0നു ടി20 പരമ്പര തൂത്തുവാരിയ അതേ 15 അംഗ സ്ക്വാഡിനെയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31നാണ് പരമ്പരയിലെ ആദ്യം മത്സരം. കോച്ച് മിക്കി ആര്‍തര്‍, ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് എന്നിവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് സ്ക്വാഡ് മാറ്റേണ്ടതില്ലെന്ന തീരുമാനം പാക്കിസ്ഥാന്‍ സെലക്ഷന്‍ പാനല്‍ എടുത്തത്.

പരമ്പരയിലെ ആദ്യ മത്സരം അബുദായില്‍ നടക്കും. നബംര്‍ 2, 4 തീയ്യതികളില്‍ ദുബായിയില്‍ വെച്ചാണ് ശേഷിക്കുന്ന മത്സരങ്ങള്‍.

സ്ക്വാഡ്: മുഹമ്മദ് ഹഫീസ്, ഫകര്‍ സമന്‍, ബാബര്‍ അസം, ഷാഹിബ്സാദ ഫര്‍ഹാന്‍, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഹുസൈന്‍ തലത്, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍ ഷിന്‍വാരി, ഹസന്‍ അലി, ഇമാദ് വസീം, വഖസ് മക്സൂദ്, ഫഹീം അഷ്റഫ്

ഓസ്ട്രേലിയയെ നാണംകെടുത്തി പാക്കിസ്ഥാന്‍, പരമ്പര വിജയം 3-0നു

മൂന്നാം ടി20യിലും ഓസ്ട്രേലിയയെ നാണംകെടുത്തി പാക്കിസ്ഥാന്‍. മൂന്നാം മത്സരത്തില്‍ 33 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 150/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 117 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ബാബര്‍ അസം(50), ഷാഹിബ്സാദ ഫര്‍ഹാന്‍(39), മുഹമ്മദ് ഫഹീസ്(32) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെ 150 റണ്‍സിലേക്ക് നയിച്ചത്. മിച്ചല്‍ മാര്‍ഷ് ഓസ്ട്രേലിയയ്ക്കായി രണ്ട് വിക്കറ്റ് നേടി.

21 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും ബെന്‍ മക്ഡര്‍മട്ടും ടോപ് സ്കോറര്‍മാരായപ്പോള്‍ ഓസ്ട്രേലിയന്‍ നിരയില്‍ അലക്സ് കാറെയാണ് 20നു മുകളില്‍ സ്കോര്‍ ചെയ്യുന്ന മറ്റൊരു താരം. ഷദബ് ഖാന്‍ മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തില്‍ 6 വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 19.5 ഓവറില്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഓസ്ട്രേലിയ 17 ഓവറില്‍ വിജയം പൂര്‍ത്തിയാക്കിയത്. ജോര്‍ജ്ജിയ വെയര്‍ഹാം ആണ് കളിയിലെ താരം.

43 റണ്‍സ് നേടിയ ഒമൈമ സൊഹൈല്‍ ആണ് പാക് നിരയിലെ ടോപ് സ്കോറര്‍. ജവേരിയ ഖാന്‍ 27 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. 55/1 എന്ന നിലയില്‍ നിന്നാണ് പാക്കിസ്ഥാന്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആയത്. സോഫി മോളിനെക്സ്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ മൂന്ന് വിക്കറ്റ് നേടയിപ്പോള്‍ മെഗാന്‍ ഷട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ബെത്ത് മൂണി(29), എല്‍സെ വില്ലാനി(24*), എല്‍സെ പെറി(16*) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ലൈനപ്പ് അറിയാം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലുകളില്‍ ഇന്ത്യ ജപ്പാനെയും പാക്കിസ്ഥാന്‍ മലേഷ്യയെയും നേരിടും. അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച ഇന്ത്യ മലേഷ്യയോട് മാത്രമാണ് സമനില വഴങ്ങിയത്. 13 പോയിന്റുായി ഇന്ത്യ ഒന്നാം സ്ഥാനക്കാരായപ്പോള്‍ 10 പോയിന്റ് നേടി പാക്കിസ്ഥാനും മലേഷ്യയും തൊട്ടു പുറകിലെത്തി. മികച്ച ഗോള്‍ ശരാശരിയില്‍ പാക്കിസ്ഥാന്‍ മലേഷ്യയെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 7 പോയിന്റുമായി ജപ്പാന്‍ നാലാം സ്ഥാനക്കാരായി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ 9 ഗോളുകള്‍ക്ക് ഇന്ത്യ വിജയിച്ചിരുന്നു. ഫോം കണക്കിലാക്കുമ്പോള്‍ ഇന്ത്യ അനായാസം ഫൈനലില്‍ കടക്കുമെന്ന് ഉറപ്പാണ്.

വസീം വീണ്ടും, ഓസ്ട്രേലിയയ്ക്കെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്നലെ ദുബായിയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 136/8 എന്ന സ്കോറിലേക്ക് മാത്രമേ ചേസ് ചെയ്ത് എത്തുവാനായുള്ളു. 4 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഇമാദ് വസീം ആണ് കളിയിലെ താരം.

ഓസ്ട്രേലിയയ്ക്കായി ഗ്ലെന്‍ മാക്സ്വെല്‍ 37 പന്തില്‍ 52 റണ്‍സുമായി പൊരുതിയെങ്കിലും ടോപ് ഓര്‍ഡറില്‍ മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 17 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ മിച്ചല്‍ മാര്‍ഷ് 21 റണ്‍സ് നേടി. അനായാസ ലക്ഷ്യം കളഞ്ഞ് കുളിച്ചതിനു ബാറ്റ്സ്മാന്മാരെ മാത്രമേ ഓസ്ട്രേലിയയ്ക്ക് പഴി ചാരാനാകുള്ളു. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയെങ്കിലും ഇമാദ് വസീമിന്റെ സ്പെല്ലാണ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനു വേണ്ടി ബാബര്‍ അസം(45), മുഹമ്മദ് ഹഫീസ്(40) എന്നിവരാണ് തിളങ്ങിയത്. എന്നാലും ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കുവാന്‍ പാക് ബാറ്റ്സ്മാന്മാര്‍ക്കായിരുന്നില്ല. 10 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി ഫഹീം അഷ്റഫിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാനെ 147 റണ്‍സിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 3 വിക്കറ്റും ബില്ലി സ്റ്റാന്‍ലേക്ക് രണ്ട് വിക്കറ്റും നേടി.

ഏകദിന പരമ്പരയിലെ വിജയം ടി20യിലും ആവര്‍ത്തിച്ച് ഓസ്ട്രേലിയ

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20യിലും വിജയത്തോടെ തുടങ്ങി ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ വനിതകള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാനു 131/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 64 റണ്‍സിന്റെ വിജയം നേടിയ ഓസ്ട്രേലിയന്‍ നിരയിലെ സോഫി മോളിനെക്സ് ആണ് കളിയിലെ താരം.

ആഷ്‍ലെ ഗാര്‍ഡ്നര്‍ 63 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അലൈസ ഹീലി(59), ബെത്ത് മൂണി(38) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. 43 റണ്‍സുമായി ഓപ്പണിംഗ് താരം നാഹിദ ഖാന്‍ മികച്ച് നിന്നുവെങ്കിലും മറ്റാര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയത് പാക്കിസ്ഥാനു തിരിച്ചടിയായി.

ഓസ്ട്രേലിയയ്ക്കായി സോഫി മോളിനെക്സ് നാല് വിക്കറ്റ് നേടി. മെഗാന്‍ ഷട്ട്, ഡിലീസ്സ കിമ്മിന്‍സ്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടി20യിലും ഓസ്ട്രേലിയന്‍ നാണക്കേട്

പാക്കിസ്ഥാനെതിരെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാണക്കേടില്‍ മുങ്ങി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 155/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ 89 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇമാദ് വസീം മൂന്ന് വിക്കറ്റും ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയാണ് ഓസ്ട്രേലിയയെ 66റണ്‍സിന്റെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

34 റണ്‍സ് നേടിയ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് ഓസ്ട്രേലിയന്‍ നിരയിലെ ടോപ് സ്കോറര്‍. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് താരം പുറത്തായത്. 22 റണ്‍സ് എടുക്കുന്നതിനിടയില്‍ ആറ് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയ 89 റണ്‍സിലേക്ക് എത്തിയത് കോള്‍ട്ടര്‍ നൈലും ആഷ്ടണ്‍ അഗറും(19) നടത്തിയ ചെറുത്ത് നില്പിന്റെ ഫലമായാണ്.

ബാബര്‍ അസം പുറത്താകാതെ നേടിയ 68 റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ 155 റണ്‍സ് നേടിയത്. മുഹമ്മദ് ഹഫീസ് 39 റണ്‍സ് നേടി. 130/3 എന്ന നിലയില്‍ നിന്ന് 25 റണ്‍സ് നേടുന്നതിനിടെ 5 വിക്കറ്റാണ് പാക്കിസ്ഥാനു നഷ്ടമായത്. ബില്ലി സ്റ്റാന്‍ലേക്ക്, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി 3 വീതം വിക്കറ്റ് നേടി.

Exit mobile version