ഇത് കരിയറിലെ ഏറ്റവും ദയനീയ പരാജയം: മിക്കി ആര്‍തര്‍

അബുദാബിയില്‍ പാക്കിസ്ഥാന്‍ 4 റണ്‍സിനു വിജയം കൈവിട്ടത് തന്റെ കരിയറിലെ ഏറ്റവും ദയനീയമായ പരാജയമാണെന്ന് പറഞ്ഞ് മിക്കി ആര്‍തര്‍. കളിക്കാര്‍ക്കും കോച്ചിംഗ് സ്റ്റാഫിനും ടീമുമായി ബന്ധപ്പെട്ട എല്ലാവരെയും ഈ തോല്‍വി വല്ലാതെ അലട്ടുന്നുണ്ട്. ഈ പരാജയത്തില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് അടുത്ത മത്സരത്തില്‍ ജയം നേടുവാന്‍ ടീമിനു കഴിയുമെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

സമ്മര്‍ദ്ദത്തിലെ ഷോട്ട് സെലക്ഷനാണ് ടീമിനു തിരിച്ചടിയായതെന്നും ടീമിനു അലസ മനോഭാവമില്ലായിരുന്നുവെന്നുമാണ് മിക്കി ആര്‍തര്‍ അഭിപ്രായപ്പെട്ടത്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് ടീം ഇനി ചെയ്യേണ്ടതെന്നും മിക്കി ആര്‍തര്‍ അഭിപ്രായപ്പെട്ടു.

സമ്മര്‍ദ്ദം അതിജീവിക്കാനായില്ലെന്ന് തുറന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്

മികച്ച തുടക്കം ലഭിച്ച ശേഷവും തകര്‍ന്ന് വീണ് 4 റണ്‍സിനു ന്യൂസിലാണ്ടിനോട് തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് സമ്മര്‍ദ്ദത്തെ അതിജീവിക്കുവാനായില്ലെന്ന് തുറന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. പൊതുവെ 150നു മുകളില്‍ നാലാം ഇന്നിംഗ്സില്‍ ചേസ് ചെയ്യുവാന്‍ ടീം ബുദ്ധിമുട്ടാറുണ്ടെങ്കിലും ഇത്തവണ 37/0 എന്ന നിലയില്‍ മികച്ച തുടക്കം ലഭിച്ച ശേഷമാണ് പാക്കിസ്ഥാന്‍ തകര്‍ന്നത്.

എന്നാല്‍ പിന്നീട് മൂന്ന് വിക്കറ്റുകള്‍ പന്തുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട് പാക്കിസ്ഥാന്‍ 48/3 എന്ന നിലയിലേക്ക് വീണുവെങ്കിലും അസാദ് ഷഫീക്ക്-അസ്ഹര്‍ അലി കൂട്ടുകെട്ട് നാലാം വിക്കറ്റ് വീഴുന്നതിനു മുമ്പ് ടീമിനെ 130 റണ്‍സിലേക്ക് നയിച്ചു. ജയം 46 റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ സമ്മര്‍ദ്ദത്തിനു അകപ്പെട്ട് തകര്‍ന്ന് വീണത്. 82 റണ്‍സ് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ട് ന്യൂസിലാണ്ടിനെ തോല്‍വിയിലേക്ക് തള്ളിയിടുമെന്ന് കരുതിയപ്പോളാണ് അസാദ് ഷഫീക്കിനെ നീല്‍ വാഗ്നര്‍ പുറത്താക്കിയത്.

ബാബര്‍ അസവും(13) അസ്ഹര്‍ അലിയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കി ലക്ഷ്യം 29 റണ്‍സ് അകലെ എത്തിച്ചപ്പോളാണ് റണ്ണൗട്ട് രൂപത്തില്‍ ബാബര്‍ അസമിന്റെ മടക്കം. അസ്ഹര്‍ അലി ഒരറ്റത്ത് നിന്ന് പൊരുതിയെങ്കിലും അവസാന വിക്കറ്റായി താരത്തെയും പുറത്താക്കി അജാസ് പട്ടേല്‍ ഇന്നിംഗ്സിലെ തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി മാറ്റി.

ജയിക്കേണ്ടിയിരുന്ന കളി തുലച്ചത് തീര്‍ത്തും നിരാശാജനകമെന്ന് പറഞ്ഞ പാക് നായകന്‍ മറ്റു താരങ്ങളാരും തന്നെ ക്രീസില്‍ ചെലവഴിക്കുവാന്‍ ശ്രമം നടത്തിയില്ലെന്നും പറഞ്ഞു. വിക്കറ്റുകള്‍ വീണപ്പോള്‍ കൂട്ടമായി വീണതും ടീമിനു തിരിച്ചടിയായെന്ന് പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. തോല്‍വിയ്ക്ക് ബാറ്റിംഗ് യൂണിറ്റിനെ മാത്രമേ പഴി ചാരാനാകുള്ളുവെന്ന് പറഞ്ഞ സര്‍ഫ്രാസ് ടീം സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ പഠിക്കുന്നില്ലെങ്കില്‍ ഇത്തരം തോല്‍വികള്‍ സ്ഥിരമായി മാറുമെന്നും താരം അഭിപ്രായപ്പെട്ടു.

ന്യൂസിലാണ്ട് 249 റണ്‍സിനു ഓള്‍ഔട്ട്, പാക്കിസ്ഥാന് വിജയിക്കുവാന്‍ 176 റണ്‍സ്

അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു 176 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 249 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇത്. ഒരു ഘട്ടത്തില്‍ 220/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 29 റണ്‍സ് നേടുന്നതിനിടെ ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്. ഹസന്‍ അലിയും യസീര്‍ ഷായും 5 വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ പുറത്താക്കിയത്.

ഹെന്‍റി നിക്കോളസ്-ബിജെ വാട്ട്ളിംഗ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 112 റണ്‍സിന്റെ ബലത്തില്‍ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുമെന്ന് കരുതിയെങ്കിലും പൊടുന്നനെയായിരുന്നു സന്ദര്‍ശകരുടെ തകര്‍ച്ച. നിക്കോളസ് 55 റണ്‍സ് നേടി പുറത്തായപ്പോള്‍ വാട്ട്‍ളിംഗ് 59 റണ്‍സുമായി പുറത്തായി. ഓപ്പണര്‍ ജീത്ത് റാവല്‍ 46 റണ്‍സും കെയിന്‍ വില്യംസണ്‍ 37 റണ്‍സും നേടി ന്യൂസിലാണ്ട് നിരയില്‍ പുറത്തായി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 37 റണ്‍സാണ് എട്ടോവറില്‍ നിന്ന് നേടിയിട്ടുള്ളത്. ഇമാം ഉള്‍ ഹക്ക് 25 റണ്‍സും മുഹമ്മദ് ഹഫീസ് 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു. മത്സരം വിജയിക്കുവാന്‍ രണ്ട് ദിവസം ശേഷിക്കെ 139 റണ്‍സാണ് പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ പാക്കിസ്ഥാന്‍ നേടേണ്ടത്.

ലീഡ് പാക്കിസ്ഥാനു, രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട് ന്യൂസിലാണ്ട്

അബു ദാബി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍. 153 റണ്‍സിനു ന്യൂസിലാണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ 227 റണ്‍സിനു തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ പുറത്തായപ്പോള്‍ 74 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ടോം ലാഥമിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കെയിന്‍ വില്യംസണും(27*)-ജീത്ത് റാവലും(26*) 56 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹസന്‍ അലിയ്ക്കാണ് ലാഥമിന്റെ വിക്കറ്റ്. പാക്കിസ്ഥാന്റെ സ്കോറിനൊപ്പമെത്തുവാന്‍ ന്യൂസിലാണ്ട് 18 റണ്‍സ് കൂടി നേടേണ്ടതുണ്ട്

ബാബര്‍ അസം(62), അസാദ് ഷഫീക്ക്(43) എന്നിവര്‍ക്കൊപ്പം ഹാരിസ് സൊഹൈലും(38) ചേര്‍ന്നാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ 174/4 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍ പിന്നീട് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും കോളിന്‍ ഡി ഗ്രാന്‍ഡോം അജാസ് പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

ആദ്യ ദിവസം വീണത് 12 വിക്കറ്റ്

അബു ദാബി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ വീണത് 12 വിക്കറ്റുകള്‍. ന്യൂസിലാണ്ട് 153 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം പാക്കിസ്ഥാനു ഓപ്പണര്‍മാരായ ഇമാം-ഉള്‍-ഹക്കിനെയും(6) മുഹമ്മദ് ഹഫീസിനെയും(20) നഷ്ടമാവുകയായിരുന്നു. 22 റണ്‍സുമായി ഹാരിസ് സൊഹൈലും 10 റണ്‍സ് നേടിയ അസ്ഹര്‍ അലിയുമാണ് പാക്കിസ്ഥാനു വേണ്ടി ക്രീസില്‍ നില്‍ക്കുന്നത്. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ടും കോളിന്‍ ഡി ഗ്രാന്‍ഡോമും ഓരോ വിക്കറ്റ് നേടി.

നേരത്തെ കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകം നേടിയ ന്യൂസിലാണ്ട് ഇന്നിംഗ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വില്യംസണ്‍ 63 റണ്‍സ് നേടി പുറത്തായി. പാക്കിസ്ഥാനു വേണ്ടി യസീര്‍ ഷാ മൂന്നും മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, ഹാരിസ് സൊഹൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, 153 റണ്‍സിനു ഓള്‍ഔട്ട്

അബു ദാബി ടെസ്റ്റില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണല്ലാതെ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു 66.3 ഓവറില്‍ കര്‍ട്ടന്‍ വീഴുകയായിരുന്നു. ഹെന്‍റി നിക്കോളസ് 28 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ നേടിയ 72 റണ്‍സാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിലെ തന്നെ മികച്ച ഘട്ടം.

പാക്കിസ്ഥാനു വേണ്ടി യസീര്‍ ഷാ 3 വിക്കറ്റും മുഹമ്മദ് അബ്ബാസ്, ബിലാല്‍ ആസിഫ്, ഹാരിസ് സൊഹൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് നഷ്ടം, കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകത്തിനരികെ

അബു ദാബി ടെസ്റ്റില്‍ ന്യൂസിലാണ്ടിനു ആദ്യ സെഷനില്‍ മൂന്ന് വിക്ക്റ് നഷ്ടം. നാലാം വിക്കറ്റില്‍ നേടിയ 42 റണ്‍സ് കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറുവാന് ‍സഹായിച്ചത്. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണൊപ്പം 15 റണ്‍സുമായി ഹെന്‍റി നിക്കോളസ് ആണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

യസീര്‍ ഷായും മുഹമ്മദ് അബ്ബാസുമാണ് ന്യൂസിലാണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയത്. യസീര്‍ ഷാ ടോം ലാഥമിനെയും(13) റോസ് ടെയിലറെയും പുറത്താക്കിയപ്പോള്‍ ഓപ്പണര്‍ ജീത്ത് റാവലിനെ(7) മുഹമ്മദ് അബ്ബാസ് മടക്കിയയ്ച്ചു.

ന്യൂസിലാണ്ടിനു ആദ്യ ജയം, പാക്കിസ്ഥാനെതിരെ 54 റണ്‍സിന്റെ വിജയം

വനിത ലോക ടി20യില്‍ ആദ്യ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ടൂര്‍ണ്ണമെന്റിലെ 14ാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റിനു 144 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18 ഓവറില്‍ 90 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 54 റണ്‍സിന്റെ മികച്ച ജയമാണ് ന്യൂസിലാണ്ട് നേടിയത്. 4 ഓവറില്‍ 9 റണ്‍സിനു 3 വിക്കറ്റ് നേടിയ ജെസ്സ് വാട്കിന്‍ ആണ് കളിയിലെ താരം.

സൂസി ബെയ്റ്റ്സ്(35), സോഫി ഡിവൈന്‍(32), ആമി സാറ്റെര്‍ത്വെയിറ്റ്(26), കാറ്റി മാര്‍ട്ടിന്‍(29) എന്നിവര്‍ തിളങ്ങിയതിന്റെ ബലത്തിലാണ് ന്യൂസിലാണ്ട് 144 റണ്‍സ് നേടിയത്. പാക്കിസ്ഥാനു വേണ്ടി സന മിര്‍, ആലിയ റിയാസ് എന്നിവര്‍ രണ്ടും നിദ ദാര്‍, ഐമാന്‍ അന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു.

ജെസ്സ് വാട്കിനും അമേലിയ കെറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 36 റണ്‍സ് നേടിയ നായിക ജവേരിയ ഖാന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. 18 ഓവറില്‍ ടീം 90 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ആദ്യ ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍, അയര്‍ലണ്ടിനെ വീഴ്ത്തിയത് 38 റണ്‍സിനു

വനിത ലോക ടി20യിലെ ആദ്യ ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങിയ ശേഷമാണ് അയര്‍ലണ്ടിനെ 38 റണ്‍സിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ വിജയ വഴിയിലേക്ക് പാക്കിസ്ഥാന്‍ തിരികെ എത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 139/6 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ അയര്‍ലണ്ടിനു 9 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് മാത്രമേ നേടാനായുള്ളു.

ജവേരിയ ഖാന്‍ പുറത്താകാതെ നേടിയ 74 റണ്‍സാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. 52 പന്തില്‍ നിന്നാണ് ജവേരിയയുടെ തകര്‍പ്പന്‍ പ്രകടനം. അയര്‍ലണ്ടിനായി ലൂസി ഒറെല്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

പാക്കിസ്ഥാനു വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി സന മിര്‍, ഐമാന്‍ അന്‍വര്‍, നശ്ര സന്ധു, ബിസ്മ മഹ്റൂഫ് എന്നിവര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ അയര്‍ലണ്ടിന്റെ വിജയമെന്ന സ്വപ്നം തകരുകയായിരുന്നു. 30 റണ്‍സ് നേടിയ ഇസോബെല്‍ ജോയ്സും 27 റണ്‍സ് നേടിയ ക്ലെയര്‍ ഷില്ലിംഗ്ടണും പുറത്തായ ശേഷം അയര്‍ലണ്ട് നിരയില്‍ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാനാകാതെ പോയതും ടീമിനു തിരിച്ചടിയായി.

ബാറ്റിംഗ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ്, കാരണം ഇത്

പാക്കിസ്ഥാനെതിരെ വനിത ലോക ടി20യില്‍ ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ തന്നെ സ്കോര്‍ ബോര്‍ഡ് 10/0 എന്ന നിലയിലായിരുന്നു. പിച്ചിലൂടെ ഓടിയതിനു പാക്കിസ്ഥാന്‍ വനിതകള്‍ക്കെതിരെ 10 റണ്‍സ് പിഴ ചുമത്തിയതിനാലാണ് ഇത്. പാക്കിസ്ഥാന്‍ ഇന്നിംഗ്സിലെ നടന്ന സംഭവമാണ് പിഴയീടാക്കുവാന്‍ ഐസിസിയെ പ്രേരിപ്പിച്ചത്. രണ്ട് തവണ പിച്ചിലൂടെ ഓടിയതിനു 5 റണ്‍സ് വീതം രണ്ട് തവണ പിഴ ഈടാക്കുകയായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡില്‍ ഒരു മോശം ദിവസമായിരുന്നു ഇന്നലെ. കുറഞ്ഞത് മൂന്ന് ക്യാച്ചുകളെങ്കിലും ടീമംഗങ്ങള്‍ പാക്കിസ്ഥാനെതിരെ കൈവിട്ട ദിവസം ഇന്ത്യ 6 പന്ത് ശേഷിക്കെയാണ് വിജയം കരസ്ഥമാക്കിയത്. ഇതില്‍ തന്നെ വെറുതേ കിട്ടിയ 10 റണ്‍സ് ഏറെ നിര്‍ണ്ണായകമായിയെന്ന് വേണം വിലയിരുത്തുവാന്‍.

പാക്കിസ്ഥാന്‍ 134 റണ്‍സ് നേടിയെങ്കിലും സ്കോര്‍ 133 റണ്‍സായി ചുരുക്കുകയും ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്ക് 10 റണ്‍സ് നല്‍കുകയുമാണ് അമ്പയര്‍മാര്‍ ചെയ്തത്.

കളി തടസ്സപ്പെടുത്തി മഴ, ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചു

പാക്കിസ്ഥാനും ന്യൂസിലാണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ടീമുകള്‍ 1-1നു പിരിഞ്ഞു. നിര്‍ണ്ണായകമായ മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 279/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് 6.5 ഓവറില്‍ നിന്ന് 35/1 എന്ന സ്കോര്‍ നേടി നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. പിന്നീട് മത്സരം നടക്കാതെ വന്നപ്പോള്‍ മത്സരം ഉപേക്ഷിച്ചു. ലോക്കി ഫെര്‍ഗൂസണ്‍ കളിയിലെ താരമായും ഷഹീന്‍ അഫ്രീദി പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ലോക്കി ഫെര്‍ഗൂസണിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തെ അതിജീവിച്ചാണ് പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 279 റണ്‍സ് നേടിയത്. 206/2 എന്ന അതി ശക്തമായ നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ 279/8 എന്ന നിലയിലേക്ക് നിലം പതിയ്ക്കുകയായിരുന്നു. ബാബര്‍ അസം(92) പാക് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഫകര്‍ സമന്‍(65), ഹാരിസ് സൊഹൈല്‍ (60) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

കോളിന്‍ മണ്‍റോയെ ആദ്യ ഓവറിന്റെ നാലാം പന്തില്‍ പൂജ്യത്തിനു നഷ്ടമായ ശേഷം ന്യൂസിലാണ്ട് 6.5 ഓവറില്‍ നിന്ന് 35 റണ്‍സ് നേടി നില്‍ക്കുമ്പോളാണ് കളി മഴ തടസ്സപ്പെടുത്തിയത്. ജോര്‍ജ്ജ് വര്‍ക്കര്‍ 18 റണ്‍സും ഹെന്‍റി നിക്കോളസ് 15 റണ്‍സുമാണ് സന്ദര്‍ശകര്‍ക്കായി നേടിയത്. പാക്കിസ്ഥാനിനു വേണ്ടി കോളിന്‍ മണ്‍റോയുടെ വിക്കറ്റ് നേടിയത് ഷഹീന്‍ അഫ്രീദി ആയിരുന്നു.

ഏഴ് വിക്കറ്റ് ജയം, പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ലോക ടി20യിലെ രണ്ടാം ജയം

ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെ തകര്‍ത്തെത്തിയ ഇന്ത്യ പാക്കിസ്ഥാനെയും കീഴടക്കി ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ജൈത്ര യാത്ര തുടരുന്നു. ലോക ടി20യിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 133/7 എന്ന സ്കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയ ശേഷം 19 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 137 റണ്‍സ് നേടി വിജയം കരസ്ഥമാക്കുകയായിരുന്നു.

ബൗളിംഗില്‍ ഇന്ത്യയ്ക്കായി പൂനം യാദവും ദയാലന്‍ ഹേമലതയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അരുന്ധതി റെഡ്ഢിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. പാക്കിസ്ഥാനു വേണ്ടി ബിസ്മ മഹ്റൂഫും(53) നിദ ദാറും(52) അര്‍ദ്ധ ശതകങ്ങള്‍ നേടി.

ഇന്ത്യയ്ക്കായി മിത്താലി രാജ് അര്‍ദ്ധ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 47 പന്തില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ നായികയുടെ 56 റണ്‍സ്. സ്മൃതി മന്ഥാന 26 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെമീമ റോഡ്രിഗസ്(16) ആണ് പുറത്തായ മറ്റൊരു താരം. വിജയ സമയത്ത് ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് കൗറും(14*) വേദ കൃഷ്ണമൂര്‍ത്തി(8*)യും ആയിരുന്നു ക്രീസില്‍.

Exit mobile version