ലോകകപ്പിൽ സാഹചര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാണെന്ന് മിതാലി രാജ്

ഐസിസി ലോകകപ്പ് കിരീടം ഇന്ത്യ ഉയർത്താൻ ആണ് സാധ്യത എന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജ്. സാഹചര്യങ്ങൾ എല്ലാം ഇന്ത്യക്ക് അനുകൂലമാണെന്നും മിതാലി പറഞ്ഞു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ആയാണ് ഇന്ത്യയിൽ വെച്ച് ലോകകപ്പ് നടക്കുന്നത്.

“ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ഇന്ത്യ ഫൈനലിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതൊരു വലിയ അവസരമാണ്. ഞങ്ങൾ ആതിഥേയ രാജ്യമാണ്, സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാണ്.” മിതാലി പറഞ്ഞു.

“ടീം നന്നായി കളിച്ചാൽ, ലോകകപ്പ് ഉയർത്താൻ ഞങ്ങൾക്ക് അവസരം ലഭിക്കും,” വനിതാ പ്രീമിയർ ലീഗ് ഫൈനൽ കാണാൻ ശ്രീനഗറിലെത്തിയ മിതാലി പറഞ്ഞു.

മിതാലി രാജ് ഗുജറാത്ത് ജയന്റ്സിനൊപ്പം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് പുതിയ വനിതാ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ ഗുജറാത്ത് ജയന്റ്സിനൊപ്പം ചേർന്നു. വരാനിരിക്കുന്ന വിമൺസ് പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന്റെ മെന്റർ ആയാണ് മിതാലി രാജ് ചേർന്നത്. നേരത്തെ മിതാലി വിരമിക്കൽ പിൻവലിച്ച് WPL കളിക്കാൻ വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു‌. ഈ പുതിയ വാർത്ത അത്തരം അഭ്യൂഹങ്ങൾ അവസാനിപ്പിക്കും.

മിതാലി രാജിനെ നിയമിച്ചതിൽ സന്തോഷം ഉണ്ടെന്ന് ഫ്രാഞ്ചൈസി ഉടമകളായ അദാനി സ്‌പോർട്‌സ് അറിയിച്ചു. ഇന്ത്യക്കായി 89 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള മിതാലി 37.52 ശരാശരിയിൽ 2,364 റൺസ് നേടിയിട്ടുണ്ട്. 2019ൽ ഇംഗ്ലണ്ടിനെതിരെ ആണ് അവസാനമായി മിതാലി രാജ് ടി20യിൽ കളിച്ചത്. 2022 ജൂണിൽ ആയിരുന്നു ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

രോഹിതിന്റെ തീരുമാനങ്ങൾ മികച്ചത്, അദ്ദേഹം ക്യാപ്റ്റൻസി ആസ്വദിക്കുകയാണ്”

ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റൻ ആയ രോഹിത ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്. ഈ ലോകകപ്പിലുടനീളം രോഹിത് ക്യാപ്റ്റൻസി ആസ്വദിക്കുന്നതാണ് താൻ കാണുന്നത് എന്ന് മിതാലി പറഞ്ഞു. അദ്ദേഹത്തിന്റെ കളത്തിലെ തീരുമാനങ്ങൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു എന്നും മിതാലി പറഞ്ഞു.

അദ്ദേഹത്തിന് ഇതിലും മികച്ച കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്ന് ചിലർ വാദിച്ചേക്കാം, എന്നാൽ ഓരോ ക്യാപ്റ്റനും ഒരോ നിമിഷത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ആ സമയത്തെ മറ്റ് നിരവധി ഘടകങ്ങൾ പരിഗണിച്ചാകും എന്ന് മിതാലി പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ ലക്ഷ്യങ്ങൾ നേടുക എന്നതാണ്. അദ്ദേഹം അത് നന്നായി ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. പ്രശ്നങ്ങൾ അവിടെയും ഇവിടെയും സംഭവിക്കും, പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്റിൽ. പക്ഷേ ക്യാപ്റ്റൻ എന്ന നിലയിൽ ടീമിന്റെ ശ്രദ്ധ കിരീടത്തിലേക്ക് തന്നെയാക്കാൻ രോഹിതിനാകുന്നുണ്ട്. മിതാലി കൂട്ടിച്ചേർത്തു

വനിത ഐപിഎൽ കളിക്കണം, റിട്ടയര്‍മെന്റിൽ നിന്ന് തിരിച്ചുവന്നേക്കുമെന്ന സൂചനയുമായി മിത്താലി രാജ്

തന്റെ 23 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിച്ച മിത്താലി രാജ് ആ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി. വനിത ഐപിഎൽ കളിക്കുന്നതിനായാണ് താരം ഇക്കാര്യം ആലോചിക്കുന്നതെന്നാണ് താരം വ്യക്തമാക്കിയത്.

വനിത ടി20 ചല‍ഞ്ച് ബിസിസിഐ നടത്തുന്നുണ്ടെങ്കിലും പൂര്‍ണ്ണ തോതിലുള്ള വനിത ഐപിഎൽ 2023ൽ തുടങ്ങുവാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ബിസിസിഐ തന്നെ സ്ഥിരീകരിച്ചിരുന്നു.

താരം ഈ ടൂര്‍ണ്ണമെന്റിൽ കളിക്കുമോ എന്ന ചോദ്യത്തിനാണ് അന്തിമ തീരുമാനം ഒന്നും എടുത്തില്ലെങ്കിലും താന്‍ ഈ സാധ്യത തള്ളിക്കളയുന്നില്ലെന്ന് മിത്താലി വ്യക്തമാക്കിയത്.

അർദ്ധ ശതകങ്ങൾക്ക് ശേഷം മിത്താലിയും യാസ്ടികയും വീണു, ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ച് ഹർമ്മൻപ്രീത് കൗർ

ഓസ്ട്രേലിയയ്ക്കെതിരെ നിര്‍ണ്ണായകമായ വനിത ഏകദിന ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 277 റൺസ് നേടി. തുടക്കം പാളിയ ഇന്ത്യയെ 130 റൺസ് കൂട്ടുകെട്ടുമായി യാസ്ടിക ഭാട്ടിയ – മിത്താലി രാജ് സഖ്യം ആണ് മുന്നോട്ട് നയിച്ചത്. അവസാന ഓവറുകളിൽ ഹര്‍മ്മന്‍പ്രീത് കൗര്‍ – പൂജ വസ്ട്രാക്കര്‍ സഖ്യവും അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് എത്തി.

59 റൺസ് നേടിയ യാസ്ടിക പുറത്തായി അധികം വൈകാതെ മിത്താലിയും പുറത്തായി. 68 റൺസാണ് താരം നേടിയത്. പിന്നീട് ഇന്ത്യയെ 277 റൺസിലേക്ക് എത്തിച്ചതിൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ മികച്ച ഇന്നിംഗ്സായിരുന്നു കാരണം.

ഒപ്പം 34 റൺസ് നേടി പൂജ വസ്ട്രാക്കറും മികച്ച് നിന്നു. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ മൂന്ന് വിക്കറ്റ് നേടി. ഏഴാം വിക്കറ്റിൽ 64 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. അവസാന ഓവറുകളിൽ തകര്‍ത്തടിക്കുവാന്‍ ഈ കൂട്ടുകെട്ട് ഇന്ത്യയെ സഹായിച്ചു.

ബെലിൻഡ ക്ലാർക്കിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും പിന്തള്ളി മിത്താലി രാജ്

വനിത ഏകദിന ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങളിൽ ക്യാപ്റ്റനായി ചുമതല വഹിച്ച താരമെന്ന ബഹുമതി ഇനി ഇന്ത്യയുടെ മിത്താലി രാജിന് സ്വന്തം. ഇന്ന് തന്റെ ക്യാപ്റ്റനെന്ന നിലയിൽ 24ാം മത്സരത്തിനിറങ്ങിയ മിത്താലി വനിതകളിൽ ബെലിൻഡ ക്ലാര്‍ക്കിനെ പിന്തള്ളുകയായിരുന്നു.

ഇന്ത്യയ്ക്കായി ഏറ്റവും അധികം ലോകകപ്പ് മത്സരങ്ങളിൽ ക്യാപ്റ്റനെന്ന നിലയിൽ മുഹമ്മദ് അസ്ഹറുദ്ദിന്റെയും റെക്കോര്‍ഡ് മറികടക്കുകയായിരുന്നു മിത്താലി. 29 മത്സരങ്ങളിൽ ടീമിനെ നയിച്ച റിക്കി പോണ്ടിംഗിന്റെ പേരിലാണ് പുരുഷന്മാരുടെ റെക്കോര്‍ഡ് 27 മത്സരങ്ങള്‍ കളിച്ച സ്റ്റീഫന്‍ ഫ്ലെമിംഗ് ആണ് രണ്ടാം സ്ഥാനത്ത്.

ഇന്ത്യയെ നിഷ്പ്രഭമാക്കി ന്യൂസിലാണ്ട്

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ആധികാരിക വിജയവുമായി ന്യൂസിലാണ്ട്. സൂസി ബെയ്റ്റ്സ് നേടിയ ശതകത്തിന്റെ ബലത്തിൽ 275 റൺസ് നേടിയ ന്യൂസിലാണ്ട് ഇന്ത്യയെ 213 റൺസിന് പുറത്താക്കി 62 റൺസിന്റെ വിജയം ആണ് ടീം നേടിയത്.

59 റൺസ് നേടിയ ക്യാപ്റ്റന്‍ മിത്താലി രാജും 41 റൺസ് നേടിയ യാസ്ടിക ഭാട്ടിയയുമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ജെസ്സ് കെര്‍ ന്യൂസിലാണ്ടിനായി നാല് വിക്കറ്റ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളിംഗ് നിരയാണ് ഇത് – മിത്താലി രാജ്

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ഏക പിങ്ക് ബോള്‍ ടെസ്റ്റ് തുടങ്ങുവാനിരിക്കവേ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളിംഗ് നിരയാണ് ഇത്തവണത്തേതെന്ന് പറഞ്ഞ് മിത്താലി രാജ്. ക്യൂന്‍സ്ലാന്‍ഡിലാണ് മത്സരം നടക്കുക.

ജൂലന്‍ ഗോസ്വാമിയുടെ പരിയസമ്പത്തിനൊപ്പം മേഘന സിംഗ്, ശിഖ പാണ്ടേ എന്നിവരും ഓള്‍റൗണ്ടര്‍ പൂജ വസ്ട്രാക്കറും അടങ്ങിയ ഇന്ത്യന്‍ പേസ് ബൗളിംഗ് നിര ശക്തമാണെന്നാണ് മിത്താലി പറഞ്ഞത്.

തന്റെ ആദ്യ സീരീസിനായി എത്തിയ മേഘന സിംഗ് ഏകദിന പമ്പരയിൽ സ്വിംഗ് കണ്ടെത്തിയെന്നും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തതെന്നും മിത്താലി രാജ് വ്യക്തമാക്കി.

20000 കരിയർ റൺസ് തികച്ച് മിത്താലി രാജ്

തന്റെ കരിയറിൽ 20000 റൺസ് തികച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിത്താലി രാജ്. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടികൊണ്ടാണ് മിത്താലി രാജ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ മിത്താലി രാജ് 61 റൺസ് എടുത്ത് പുറത്തായിരുന്നു.

ഇന്നത്തെ അർദ്ധ സെഞ്ച്വറി ഏകദിനത്തിൽ മിത്താലി രാജിന്റെ തുടർച്ചയായ അഞ്ചാമത്തെ അർദ്ധ സെഞ്ച്വറി ആയിരുന്നു. എന്നാൽ മിത്താലി രാജിന്റെ മികച്ച പ്രകടനത്തിന് ഇന്ത്യയെ തോൽ‌വിയിൽ നിന്ന് രക്ഷിക്കനായില്ല. മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഓസ്‌ട്രേലിയൻ വനിതകളോട് 9 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമാണ് മിത്താലി രാജ്.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തോല്‍വിയോടെ, അനായാസ വിജയവുമായി ആതിഥേയര്‍

ഇന്ത്യന്‍ വനിതകള്‍ക്കെതിരെ അനായാസകരമായ 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 225/8 എന്ന സ്കോറാണ് നേടിയത്. മിത്താലി രാജ്(61), യസ്തി ഭാട്ടിയ(35) എന്നിവരോടൊപ്പം പുറത്താകാതെ 32 റൺസ് നേടിയ റിച്ച ഘോഷ് ആണ് തിളങ്ങിയ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ നാല് വിക്കറ്റ് നേടി. സോഫി മോളിനക്സ്, ഡാര്‍ളിംഗ്ടൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഓസ്ട്രേലിയയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് 126 റൺസ് നേടി നല്‍കിയ അടിത്തറയുടെ മേലെയാണ് ടീമിന്റെ 9 വിക്കറ്റ് വിജയം. 77 റൺസ് നേടിയ അലൈസ ഹീലിയെ ടീമിന് നഷ്ടമായെങ്കിലും റേച്ചൽ ഹെയിന്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുകയായിരുന്നു.

41 ഓവറിൽ ഓസ്ട്രേലിയ വിജയം കൈവരിക്കുമ്പോള്‍ രണ്ടാം വിക്കറ്റിൽ ലാന്നിംഗ് – ഹെയിന്‍സ് കൂട്ടുകെട്ട് 101 രൺസാണ് നേടിയത്. ഹെയിന്‍സ് 93 റൺസും മെഗ് ലാന്നിംഗ് 53 റൺസും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി സ്റ്റഫാനി ടെയിലര്‍, മിത്താലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി

വനിതകളുടെ ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തി വിന്‍ഡീസ് നായിക സ്റ്റഫാനി ടെയിലര്‍. പാക്കിസ്ഥാനെതിരെയുള്ള ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനം ആണ് താരത്തെ വീണ്ടും ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.

പുറത്താകാതെ 105 റൺസ് നേടിയ ടെയിലര്‍ 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ഇന്ത്യയുടെ മിത്താലി രാജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ നേട്ടം.

സ്റ്റഫാനിയ്ക്ക് 762 പോയിന്റും മിത്താലിയ്ക്ക് 758 പോയിന്റുമാണ് കൈയ്യിലുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിലും ടെയിലര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിത്താലി രാജ്

ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിത്താലി രാജ്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ പ്രകടനം ആണ് താരത്തിന്റെ റാങ്കിംഗ് മെച്ചപ്പെടുവാന്‍ കാരണം. മൂന്ന് മത്സരങ്ങളിലും താരം അര്‍ദ്ധ ശതകങ്ങള്‍ നേടിയിരുന്നു. പരമ്പര ആരംഭിക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു മിത്താലി രാജ്.

72, 59, 75* എന്നീ സ്കോറുകളാണ് മിത്താലി പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി നേടിയത്. അവസാന മത്സരത്തിൽ ടീമിന്റെ വിജയം ഉറപ്പാക്കാനും മിത്താലിയ്ക്ക് സാധിച്ചു. ഇത് എട്ടാം തവണയാണ് മിത്താലി ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.

Exit mobile version