മത്സരത്തില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചത്, ഒറ്റ ദിവസം തന്നെ കിട്ടി – യസീര്‍ ഷാ

താന്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പത്ത് വിക്കറ്റാണ് പ്രതീക്ഷിച്ചതെങ്കില്‍ അത് തനിക്ക് മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ കിട്ടിയെന്ന് പറഞ്ഞ് യസീര്‍ ഷാ. മൂന്നാം ദിവസം മാത്രം രണ്ട് ഇന്നിംഗ്സുകളിലായി 10 വിക്കറ്റുകള്‍ നേടിയ യസീര്‍ ഇരു ഇന്നിംഗ്സുകളിലായി 14 വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുകള്‍ നേടിയ യസീര്‍ ഒരോവറില്‍ തന്നെ മൂന്ന് വിക്കറ്റ് നേടിയിരുന്നു. ടോം ലാഥം, റോസ് ടെയിലര്‍, ഹെന്‍റി നിക്കോളസ് എന്നിവരായിരുന്നു ഇരകള്‍.

മൂന്നാം ദിവസം തന്നെ ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും നേടി യസീര്‍ ഷാ ദിവസത്തെ വിക്കറ്റ് നേട്ടം പത്താക്കി. നാലാം ദിവസം നാല് വിക്കറ്റ് കൂടി നേടി താരം 14 വിക്കറ്റുകളിലേക്ക് നീങ്ങുകയും പാക്കിസ്ഥാനെ ഇന്നിംഗ്സ് ജയത്തിലേക്ക് നയിക്കുകയും ചെയ്തു. മൂന്നാം ദിവസം ഗ്രൗണ്ടിലെത്തുമ്പോള്‍ തന്റെ മനസ്സില്‍ പത്ത് വിക്കറ്റ് മത്സരത്തില്‍ നിന്ന് നേടുകയെന്ന മോഹം മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് പറഞ്ഞ താരം തനിക്ക് ഇത് ഒറ്റ ദിവസത്തില്‍ ലഭിയ്ക്കുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞു.

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങും

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങുമെന്ന് അറിയിച്ച് കൗണ്ടി ടീം. 2019ല്‍ ടീമിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വണ്‍-ഡേ കപ്പിലും താരം കളിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ ഏഴ് കൗണ്ടി മത്സരങ്ങളില്‍ നിന്ന് താരം 400ലധികം റണ്‍സ് നേടിയിരുന്നു. ഏകദിനങ്ങളില്‍ നിന്നും ടി20യില്‍ നിന്നും താരം അടുത്തിടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ലോകകപ്പ് താരം കളിക്കില്ലെന്നുള്ളതിനാല്‍ കൂടുതല്‍ മത്സരങ്ങളില്‍ കൗണ്ടിയ്ക്ക് വേണ്ടി കളിയ്ക്കാനാകും.

സോമര്‍സെറ്റിലെ സമയം താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്നും തിരിച്ചെത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം അറിയിച്ചു. ‍‍‍ഡ്രെസ്സിംഗ് റൂമില്‍ താരങ്ങളുമായി മികച്ച ബന്ധമാണുള്ളതെന്നും അസ്ഹര്‍ അലി അഭിപ്രായപ്പെട്ടു.

മൂന്നാം ടെസ്റ്റില്‍ പാക് ടീമില്‍ മാറ്റമില്ല

ആദ്യ ടെസ്റ്റില്‍ വിജയത്തില്‍ നിന്ന് മത്സരം കൈവിട്ടുവെങ്കിലും രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം നേടിയപ്പോള്‍ മൂന്നാം ടെസ്റ്റിലും മാറ്റങ്ങള്‍ വേണ്ടെന്ന തീരുമാനവുമായി ബോര്‍ഡ്. ഡിസംബര്‍ മൂന്നിനു ആരംഭിക്കുന്ന ടെസ്റ്റ് മത്സരം അബു ദാബിയില്‍ തന്നെയാണ് നടക്കുന്നത്.

സ്ക്വാഡ്: മുഹമ്മദ് ഫഹീസ്, ഇമാം-ഉള്‍-ഹക്ക്, അസ്ഹര്‍ അലി, അസാദ് ഷഫീക്ക്, ഹാരിസ് സൊഹൈല്‍, ബാബര്‍ അസം, സാദ് അലി, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ, ബിലാല്‍ ആസിഫ്, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി, മിര്‍ ഹംസ

പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം സമ്മാനിച്ച് യസീര്‍ ഷാ

ആദ്യ ഇന്നിംഗ്സിലേത് പോലെ രണ്ടാം ഇന്നിംഗ്സിലും യസീര്‍ ഷാ സംഹാര താണ്ഡവമാടിയപ്പോള്‍ പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം. ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ യസീര്‍ ഷാ രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റാണ് നേടിയത്. മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 112.5 ഓവറില്‍ ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 312 റണ്‍സില്‍ അവസാനിച്ചു.

82 റണ്‍സ് നേടിയ റോസ് ടെയിലര്‍ ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഹെന്‍റി നിക്കോളസ് 77 റണ്‍സും ടോം ലാഥം 50 റണ്‍സും നേടി. തലേ ദിവസത്തെ സ്കോറായ 131/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിനു ഏറെ വൈകാതെ ടോം ലാഥമിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി ഹസന്‍ അലിയും യസീര്‍ ഷായും പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബിലാല്‍ ആസിഫിനു ഒരു വിക്കറ്റ് ലഭിച്ചു.

മൂന്നാം ദിവസം മാത്രം പത്ത് വിക്കറ്റുമായി യസീര്‍ ഷാ, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട നിലയില്‍ ന്യൂസിലാണ്ട്

ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ 131/2 എന്ന ഭേദപ്പെട്ട നിലയില്‍. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 197 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ന്യൂസിലാണ്ടിനായി ടോം ലാഥം(44), റോസ് ടെയിലര്‍(49) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. 30 റണ്‍സ് നേടിയ കെയിന്‍ വില്യംസണും ജീത്ത് റാവലും(2) ആണ് പുറത്തായ താരങ്ങള്‍.

യസീര്‍ ഷായ്ക്കാണ് രണ്ട് വിക്കറ്റും ലഭിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇരു ഇന്നിംഗ്സുകളിലായി 10 വിക്കറ്റ് യസീര്‍ ഷാ നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ടിനെ പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ലോകകപ്പ് ഫിക്സച്ചറുകള്‍ തയ്യാര്‍, ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ 16നു

ഐസിസി 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു. മേയ് 30നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഓവലിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ജൂണ്‍ 1നു തങ്ങളുടെ കിരീടം നിലനിര്‍ത്തുവാനുള്ള പ്രയാണം ആരംഭിക്കും. ബ്രിസ്റ്റോളില്‍ നടക്കുന്ന ഡേ നൈറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.

ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കളിക്കുക. സൗത്താംപ്ടണിലെ ഹാംഷയറിലാണ് മത്സരം. ജൂണ്‍ 16നു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക.

സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. ഫൈനല്‍ ലോര്‍ഡ്സില്‍ ജൂലൈ 14നു നടക്കും. ലോര്‍ഡ്സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. സെമി മുതലുള്ള മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളും കരുതലായി പ്രഖ്യാപിച്ചിട്ടുണ്ട്.

6 താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് യസീര്‍ ഷാ

50/0 എന്ന നിലയില്‍ നിന്ന് 72/8 എന്ന നിലയിലേക്കും പിന്നീട് 90 റണ്‍സിനു ഓള്‍ഔട്ടുമായി ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മെല്ലെ മുന്നോട്ട് നയിക്കുമ്പോളാണ് യസീര്‍ ഷാ രംഗത്തെത്തുന്നത്. തന്റെ രണ്ട് ഓവറുകളിലായി ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട യസീര്‍ ഷാ ഒരു ട്രിപ്പിള്‍ വിക്കറ്റ് മെയിഡിനും മത്സരത്തില്‍ സ്വന്തമാക്കി.

ജീത്ത് റാവലിനെ(31) പുറത്താക്കിയ ശേഷം തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ടോം ലാഥമിനെ(21) പുറത്താക്കിയ യസീര്‍ ഷാ ഒന്നിടവിട്ട പന്തുകളില്‍ റോസ് ടെയിലറെയും ഹെന്‍റി നിക്കോളസിനെയും മടക്കിയയച്ചു. ഇരു താരങ്ങളും പൂജ്യത്തിനാണ് പുറത്തായത്. വാട്ളിംഗ് ഒരു റണ്‍സ് നേടി റണ്ണൗട്ടായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പൂജ്യത്തിനു ഹസന്‍ അലി പുറത്താക്കി. ഇഷ് സോധിയും നീല്‍ വാഗ്നറും യസീര്‍ ഷായ്ക്ക് ഇരയായി മടങ്ങിയപ്പോള്‍ ഇരുവരും അക്കൗണ്ട് തുറന്നിരുന്നില്ല.

35.3 ഓവറില്‍ ന്യൂസിലാണ്ട് 90 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ കെയിന്‍ വില്യംസണ്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. 8 വിക്കറ്റാണ് യസീര്‍ ഷാ നേടിയത്. ന്യൂസിലാണ്ടിനോട് പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം ദിവസം പാക്കിസ്ഥാന്റെ സര്‍വ്വാധിപത്യം

ദുബായ് ടെസ്റ്റിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയപ്പോള്‍ മെല്ലെയെങ്കിലും മികച്ച സ്കോറിലേക്ക് നീങ്ങി പാക്കിസ്ഥാന്‍. ഹാരിസ് സൊഹൈലും ബാബര്‍ അസവും ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഒരു വിക്കറ്റാണ് രണ്ടാം ദിവസം വീണത്. 147 റണ്‍സ് നേടിയ ഹാരിസ് സൊഹൈലിനെയാണ് പാക്കിസ്ഥാനു നഷ്ടമായത്. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്.

ബാബര്‍ അസവും(127*) ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും(30*) ചേര്‍ന്ന് പാക്കിസ്ഥാന്‍ സ്കോര്‍ 418/5 എന്ന നിലയില്‍ എത്തി നില്‍ക്കെ ഡിക്ലയറേഷന്‍ ടീം പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാം ദിവസം ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ 9 ഓവറുകള്‍ എറിഞ്ഞപ്പോള്‍ ടീം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സാണ് നേടിയത്. 17 റണ്‍സ് നേടിയ ജീത്ത് റാവലും 5 റണ്‍സുമായി ടോം ലാഥവുമാണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

ഇഴഞ്ഞ് നീങ്ങി പാക്കിസ്ഥാന്‍, ആദ്യ ദിവസം നേടിയത് 207 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇഴഞ്ഞ് നീങ്ങി പാക്കിസ്ഥാന്റെ ബാറ്റിംഗ്. 90 ഓവറില്‍ നിന്ന് 207 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. 81 റണ്‍സ് നേടി അസ്ഹര്‍ അലിയും 81 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന ഹാരിസ് സൊഹൈലുമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.

കോളിന്‍ ഡി ഗ്രാന്‍ഡോം നേടിയ 2 വിക്കറ്റുകള്‍ക്ക് ശേഷം അസ്ഹര്‍-ഹാരിസ് കൂട്ടുകെട്ട് 126 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. അസ്ഹര്‍ അലി റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ അജാസ് പട്ടേല്‍ അസാദ് ഷഫീക്കിനെ(12) മടക്കിയയച്ചു. ഹാരിസ് സൊഹൈലിനൊപ്പം 14 റണ്‍സുമായി ബാബര്‍ അസം ആണ് ക്രീസില്‍ നില്‍ക്കുന്നത്.

രണ്ടോവറില്‍ രണ്ട് വിക്കറ്റുമായി ഗ്രാന്‍ഡോം, തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന്‍ കരകയറുന്നു

ദുബായി ടെസ്റ്റില്‍ ആദ്യ ദിവസം ആദ്യ സെഷനില്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ആദ്യ ഓവറുകളില്‍ ഇരട്ട വിക്കറ്റുമായി കോളിന്‍ ഡി ഗ്രാന്‍ഡോം ന്യൂസിലാണ്ടിനു മുന്‍തൂക്കം നല്‍കിയെങ്കിലും പിന്നീട് അസ്ഹര്‍ അലിയും ഹാരിസ് സൊഹൈലും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 9 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരായ ഇമാം-ഉള്‍-ഹക്കിനെയും മുഹമ്മദ് ഹഫീസിനെയും ഗ്രാന്‍ഡോം പുറത്താക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ അസ്ഹര്‍ അലി-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ട് 31 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 28 ഓവറില്‍ നിന്ന് പാക്കിസ്ഥാന്‍ 56 റണ്‍സാണ് നേടിയിട്ടുള്ളത്. അസ്ഹര്‍ അലി 24 റണ്‍സും ഹാരിസ് സൊഹൈല്‍ 16 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു.

രണ്ടാം ടെസ്റ്റ്, പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ദുബായിയില്‍ നടക്കുന്ന ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ആതിഥേയര്‍. ടോസ് നേടിയ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഇന്നിംഗ്സില്‍ ബാറ്റ് വീശി ആദ്യ ടെസ്റ്റില്‍ ചെറിയ സ്കോര്‍ പിന്തുടരുന്നതില്‍ പിഴവ് സംഭവിച്ച പാക്കിസ്ഥാന്‍ ആ സമ്മര്‍ദ്ദം ഒഴിവാക്കാനാകും ഈ തീരുമാനം എടുത്തിരിക്കുന്നത്.

പാക്കിസ്ഥാന്‍: ഇമാം-ഉള്‍-ഹക്ക്, മുഹമ്മദ് ഹഫീസ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്ക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ബിലാല്‍ ആസിഫ്, യസീര്‍ ഷാ, ഹസന്‍ അലി, മുഹമ്മദ് അബ്ബാസ്

ന്യൂസിലാണ്ട്: ജീത്ത് റാവല്‍, ടോം ലാഥം, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഹെന്‍റി നിക്കോളസ്, ബിജെ വാട്ട്ളിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി, നീല്‍ വാഗ്ന‍ര്‍, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്.

പരിക്ക്, പാക്കിസ്ഥാനെതിരെ ലുംഗിസാനി ഗിഡി കളിയ്ക്കില്ല

പരിക്കിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ലുംഗിസാനി ഗിഡി കളിയ്ക്കില്ല. കാല്‍മുട്ടിനേറ്റ പരിക്ക് താരത്തെ 12 ആഴ്ചയോളം പുറത്തിരുത്തുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 2018നു ആരംഭിച്ച 2019 ജനുവരി വരെ തുടരുന്ന പരമ്പരയില്‍ ഇതോടെ താരം കളിക്കില്ലെന്ന് ഉറപ്പായി. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.

താരത്തിനു ആവശ്യമായ വിശ്രമത്തിനു ശേഷം ലോകകപ്പ് സമയത്തിനുള്ള പൂര്‍ണ്ണ ആരോഗ്യവാനായി മടങ്ങിയെത്തുവാനാകുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്രതീക്ഷ.

Exit mobile version