ഏഴ് വിക്കറ്റ് ജയം, പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ലോക ടി20യിലെ രണ്ടാം ജയം

ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെ തകര്‍ത്തെത്തിയ ഇന്ത്യ പാക്കിസ്ഥാനെയും കീഴടക്കി ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ജൈത്ര യാത്ര തുടരുന്നു. ലോക ടി20യിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 133/7 എന്ന സ്കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയ ശേഷം 19 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 137 റണ്‍സ് നേടി വിജയം കരസ്ഥമാക്കുകയായിരുന്നു.

ബൗളിംഗില്‍ ഇന്ത്യയ്ക്കായി പൂനം യാദവും ദയാലന്‍ ഹേമലതയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അരുന്ധതി റെഡ്ഢിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. പാക്കിസ്ഥാനു വേണ്ടി ബിസ്മ മഹ്റൂഫും(53) നിദ ദാറും(52) അര്‍ദ്ധ ശതകങ്ങള്‍ നേടി.

ഇന്ത്യയ്ക്കായി മിത്താലി രാജ് അര്‍ദ്ധ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 47 പന്തില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ നായികയുടെ 56 റണ്‍സ്. സ്മൃതി മന്ഥാന 26 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെമീമ റോഡ്രിഗസ്(16) ആണ് പുറത്തായ മറ്റൊരു താരം. വിജയ സമയത്ത് ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് കൗറും(14*) വേദ കൃഷ്ണമൂര്‍ത്തി(8*)യും ആയിരുന്നു ക്രീസില്‍.

Exit mobile version