ആതിഥേയരെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, സെമി എതിരാളികള്‍ ഓസ്ട്രേലിയ

യൂത്ത് ലോകകപ്പ് സെമിയില്‍ കടന്ന് അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ ന്യൂസിലാണ്ടിനെ കെട്ടുകെട്ടിച്ചാണ് അഫ്ഗാനിസ്ഥാന്‍ സെമി യോഗ്യത നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 309 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ന്യൂസിലാണ്ടിനെ 107 റണ്‍സിനു ഓള്‍ഔട്ട് ആക്കി ടീം ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. 202 റണ്‍സിന്റെ ജയമാണ് ഏഷ്യന്‍ ചാമ്പ്യന്മാര്‍ ഇന്ന് നേടിയത്.

മികച്ച തുടക്കമാണ് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ ടീമിനു നല്‍കിയത്. 117 റണ്‍സ് കൂട്ടുകെട്ടിനു ശേഷം സഖ്യം വേര്‍പിരിഞ്ഞ ശേഷം അഫ്ഗാനിസ്ഥാനു അടിക്കടി വിക്കറ്റുകള്‍ വീണു. ഓപ്പണര്‍മാരായ റഹ്മാനുള്ള(69), ഇബ്രാഹിം സദ്രാന്‍(68) എന്നിവര്‍ക്ക് പുറമേ ബഹീര്‍ ഷായും(67) തിളങ്ങിയെങ്കിലും മത്സരം മാറ്റി മറിച്ചത് അസ്മത്തുള്ളയുടെ വെടിക്കെട്ടാണ്. 23 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ താരം തന്റെ ഇന്നിംഗ്സില്‍ 7 സിക്സാണ് നേടിയത്. ഇതുവഴി 300 കടക്കാനും അഫ്ഗാനിസ്ഥാനു സാധിച്ചു.

6 വിക്കറ്റുകള്‍ വീഴ്ത്തിയ ന്യൂസിലാണ്ടിനു വേണ്ടി സന്ദീപ് പട്ടേല്‍ രണ്ടും, രച്ചിന്‍ രവീന്ദ്ര, ജേക്കബ് ബൂല, ബെന്‍ ലോക്റോസ്, ഫെലിക്സ് മറേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടൂര്‍ണ്ണമെന്റില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള ന്യൂസിലാണ്ട് ബാറ്റിംഗ് നിര ലക്ഷ്യം പിന്തുടരാനിറങ്ങിയപ്പോള്‍ മികച്ചൊരു മത്സരമാണ് പ്രതീക്ഷിച്ചതെങ്കിലും അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മറ്റു ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഖൈസ് അഹമ്മും ടൂര്‍ണ്ണമെന്റില്‍ ആദ്യമായി ഫോം കണ്ടെത്തിയ മുജീബ് സദ്രാനും 4 വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 28.1 ഓവറില്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 107 റണ്‍സിനു അവസാനിച്ചു. 38 റണ്‍സ് നേടിയ കാറ്റെനേ ക്ലാര്‍ക്ക്, ഡേല്‍ ഫിലിപ്സ്(31) എന്നിവര്‍ മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ പൊരുതി നോക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജേക്കബ് ബൂലയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ യുവതാരം

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂസിലാണ്ട് യുവ താരം ജേക്കബ് ബൂല സ്വന്തമാക്കിയ റെക്കോര്‍ഡ് തകര്‍ത്ത് ശ്രീലങ്കന്‍ താരം ഹസിത ബോയഗോഡ. U-19 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന വ്യക്തിഗത റെക്കോര്‍ഡാണ് ശ്രീലങ്കയുടെ യുവ താരം ഇന്ന് സ്വന്തമാക്കിയത്. കെനിയയ്ക്കെതിരെ 191 റണ്‍സ് നേടിയ ഹസിത ബൂലയുടെ 180 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. 419 റണ്‍സ് നേടിയ ലങ്ക കെനിയയെ 311 റണ്‍സിനു മത്സരത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തു.

ഓസ്ട്രേലിയയുടെ തിയോ ഡോര്‍പോളസ് നേടിയ 179* എന്ന റെക്കോര്‍ഡാണ് ജനുവരി 17നു ജേക്കബ് ബൂല തകര്‍ത്തത്. ബൂലയും നേട്ടം കൊയ്തത് കെനിയയ്ക്കെതിരെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കെനിയയ്ക്കെതിരെ തന്നെ മറ്റൊരു റെക്കോര്‍ഡ് കുറിയ്ക്കാന്‍ ഹസിതയ്ക്കും ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍ മണ്‍റോ കൂട്ടുകെട്ട് എത്തുകയായിരുന്നു. 49 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബ്രൂസ് പുറത്തായെങ്കിലും മണ്‍റോ തന്റെ വെടിക്കെട്ട് തുടര്‍ന്നു. 43 പന്തില്‍ 46 റണ്‍സ് നേടി മണ്‍റോ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ആദ്യ ടി20യില്‍ 7 വിക്കറ്റ് ജയം ന്യൂസിലാണ്ടിനു സ്വന്തമായി. റോസ് ടെയിലര്‍ 22 റണ്‍സുമായി മണ്‍റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ടെയിലറും മണ്‍റോയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 49 റണ്‍സാണ് നേടിയത്. 25 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ന്യൂസിലാണ്ട് ജയം.

പാക്കിസ്ഥാനു വേണ്ടി റുമ്മാന്‍ റയീസ് രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. ബാബര്‍ അസമിന്റെയും(41), ഹസന്‍ അലിയുടെയും(23) ബാറ്റിംഗാണ് പാക്കിസ്ഥാനെ 105 എന്ന സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി മൂന്ന് വിക്കറ്റുമായി ടിം സൗത്തി, സെത്ത് റാന്‍സ് എന്നിവര്‍ ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ത്രിരാഷ്ട്ര ടി20 പരമ്പര, സ്മിത്തിനു വിശ്രമം, ഷോര്‍ട്ട് ടീമില്‍

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നായകന്‍ സ്റ്റീവ് സ്മിത്തിനു വിശ്രമം നല്‍കി ഓസ്ട്രേലിയ. സ്മിത്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ടീമിനെ നയിക്കും. 13 അംഗ സ്ക്വാഡിനെ ഇന്നാണ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചാണ് ടീമിന്റെ ഉപനായകന്‍. ബിഗ് ബാഷില്‍ വിസ്മയം സൃഷ്ടിക്കുന്ന ഡി’ആര്‍ക്കി ഷോര്‍ട്ട് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബിഗ് ബാഷില്‍ മികവ് പുലര്‍ത്തിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച അലക്സ് കാറേ ആണ് ടീമിന്റെ കീപ്പര്‍. ബെന്‍ ഡ്വാര്‍ഷൂയിസ്, ആഷ്ടണ്‍ അഗര്‍ എന്നിവരുള്ള ടീമില്‍ പരിക്ക് മാറി ക്രിസ് ലിന്നിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്ക്വാഡ്: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ആഷ്ടണ്‍ അഗര്‍, അലക്സ് കാറേ, ബെന്‍ ഡ്വാര്‍ഷൂയിസ്, ട്രാവിസ് ഹെഡ്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്ക്സ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, ആഡം സാംപ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

105നു പുറത്തായി പാക്കിസ്ഥാന്‍, ടി20 പരമ്പരയിലും മോശം തുടക്കം

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിലും പാക്കിസ്ഥാനും മോശം തുടക്കം. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന് വരുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് മാത്രമാണ് രണ്ടക്കം പാക് നിരയില്‍ കടക്കാനായത്. ബാബര്‍ അസം(41), ഹസന്‍ അലി(23) എന്നിവര്‍ ആണവര്‍. 19.4 ഓവറില്‍ ന്യൂസിലാണ്ട് പാക്കിസ്ഥാനെ 105 റണ്‍സിനു ഓള്‍ഔട്ട് ആക്കി.

ടിം സൗത്തിയും സെത്ത് റാന്‍സും ന്യൂസിലാണ്ട് നിരയില്‍ മൂന്ന് വിക്കറ്റ് വീതം നേടി തിളങ്ങി. മിച്ചല്‍ സാന്റനറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് പ്രകടനവുമായി ഇന്ത്യന്‍ വംശജന്‍, ന്യൂസിലാണ്ടിനു മികച്ച ജയം

ദക്ഷിണാഫ്രിക്കയെ 71 റണ്‍സിനു പിന്തള്ളി ഗ്രൂപ്പ് എ യിലെ മൂന്നാം ജയം സ്വന്തമാക്കി ആതിഥേയരായ ന്യൂസിലാണ്ട്. ഇന്ത്യന്‍ വംശജന്‍ രച്ചിന്‍ രവീന്ദ്രയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവില്‍ 279/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 208 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രചിന്‍ രവീന്ദ്രയാണ് മാന്‍ ഓഫ് ദി മാച്ച്.

ജേക്കബ് ബൂല(44), രച്ചിന്‍ രവീന്ദ്ര(76), ഡേല്‍ ഫിലിപ്പ്സ്(43), മാക്സ് ചു(35) എന്നിവരുടെ ബാറ്റിംഗ് മികവാണ് ന്യൂസിലാണ്ട് 279 റണ്‍സി റണ്‍സില്‍ എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഹെര്‍മ്മന്‍ റോല്‍ഫെസ് 108 റണ്‍സ് നേടിയെങ്കിലും ബഹുഭൂരിപക്ഷം ബാറ്റ്സ്മാന്മാരും പരാജയപ്പെട്ടപ്പോള്‍ ടീം 208 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ജീന്‍ ഡു പ്ലെസി 54 റണ്‍സ് നേടി.

രച്ചിന്‍ രവീന്ദ്ര നാല് വിക്കറ്റ് നേടിയപ്പോള്‍ മാത്യു ഫിഷര്‍, ജേക്കബ് ബൂല എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ക്ക് ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ വഴിയിലേക്ക് തിരികെ എത്തി ഇന്ത്യ

ന്യൂസിലാണ്ടിനെ 3-1നു പരാജയപ്പെടുത്തി ഇന്ത്യന്‍ ഹോക്കി ടീമിനു വീണ്ടും വിജയം. ജപ്പാനെ ആദ്യ മത്സരത്തില്‍ 6-0നു തകര്‍ത്തെത്തിയ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ എന്നാല്‍ ബെല്‍ജിയത്തോട് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു. ഇന്ന് പുലര്‍ച്ചെ ന്യൂസിലാണ്ടില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ വിജയം നേടുകയായിരുന്നു.

രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഇന്ത്യ ഹര്‍മ്മന്‍പ്രീത് സിംഗിലൂടെ ലീഡ് ഉറപ്പിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി ഏറെ വൈകാതെ ദില്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0നു മുന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ 42ാം മിനുട്ടില്‍ ഇന്ത്യയ്ക്കെതിരെ ഒരു ഗോള്‍ മടക്കി ന്യൂസിലാണ്ട് തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചു. കെയിന്‍ റസ്സല്‍ ആയിരുന്നു സ്കോറര്‍. 5 മിനുട്ടുകള്‍ക്കകം ഒരു ഗോള്‍ തിരിച്ചടിച്ച് ഇന്ത്യ 3-1 ന്റെ ലീഡ് നേടി. അതേ സ്കോറിനു തന്നെ ഫൈനല്‍ വിസില്‍ സമയത്ത് ജയം സ്വന്തമാക്കുവാനും ഇന്ത്യയ്ക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാലാം ഏകദിനം, വീണ്ടും തിളങ്ങി മുഹമ്മദ് ഫഹീസ്

മൂന്നാം ഏകദിനം പോലെത്തന്നെ പാക് ബാറ്റിംഗ് നിരയില്‍ തിളങ്ങി മുഹമ്മദ് ഹഫീസ്. ഇന്ന് ഹാമിള്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ടതും മെച്ചപ്പെട്ടതുമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ന് ടീം പുറത്തെടുത്തത്. നാല് പാക് താരങ്ങള്‍ അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണണ് നേടിയത്.

11/2 എന്ന നിലയില്‍ തകര്‍ന്നുവെങ്കിലും ആദ്യം ഫകര്‍ സമന്‍(54)-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ടും(50) പിന്നീട് വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്(81)-സര്‍ഫ്രാസ് അഹമ്മദ്(51) കൂട്ടുകെട്ടുമാണ് പാക് ടീമിന്റെ രക്ഷയ്ക്കെത്തിയത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ റണ്‍ഔട്ട് ആയാണ് ഹഫീസ് പുറത്തായത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പാര്‍ട് ടൈം ബൗളിംഗ് നടത്തിയ കെയിന്‍ വില്യംസണ്‍ രണ്ട് വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അനായാസ ജയവുമായി ആതിഥേയര്‍, വെസ്റ്റിന്‍ഡീസിനെതിരെ 8 വിക്കറ്റ് ജയം

U-19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ദിവസത്തെ നാലാം മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. വെസ്റ്റിന്‍ഡീസിന്റെ 233 റണ്‍സ് 63 പന്തുകള്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്. രണ്ടാം വിക്കറ്റില്‍ 163 റണ്‍സ് കൂട്ടുകെട്ട് നേടി ജേകബ് ഭൂല-ഫിന്‍ അലന്‍ കൂട്ടുകെട്ടാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. ഫിന്‍ അലന്‍ 115 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ജേകബ് 83 റണ്‍സ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനു ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 27.2 ഓവറില്‍ 123 റണ്‍സ് നേടിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സേ അവര്‍ക്ക് നേടാനായുള്ളു. ഓപ്പണര്‍ കീഗന്‍ സിമ്മണ്‍സ് 92 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കിമാനി മെലിയസ് 78 റണ്‍സ് നേടി.

ന്യൂസിലാണ്ടിനായി രചിന്‍ രവീന്ദ്ര, മാത്യൂ ഫിഷര്‍ എന്നിവര്‍ മൂന്ന് വിക്കറ്റും ഫെലിക്സ് മുറേ 2 വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

74നു ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനു 183 റണ്‍സ് വിജയം

ഡുണേഡിനില്‍ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിലാണ് 183 റണ്‍സിന്റെ വിജയം ന്യൂസിലാണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 257 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 74 റണ്‍സിനു ഓള്‍ഔട്ട് ആയി. 5 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടാണ് പാക് നിരയുടെ അന്തകനായി മാറിയത്. ബൗള്‍ട്ട് തന്നെയാണ് കളിയിലെ താരവും. വിജയത്തോടെ പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കി.

ഇന്ന് ടോസ് നേടിയ ന്യൂസിലാണ്ട് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെയിന്‍ വില്യംസണ്‍(73), റോസ് ടെയിലര്‍(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ട്ടിന്‍ ഗുപ്ടില്‍(45), ടോം ലാഥം(35) എന്നിവരുടെ സംഭാവനകളുമുണ്ടായിരിന്നുവെങ്കിലും പാക് ബൗളര്‍മാര്‍ ന്യൂസിലാണ്ടിനെ 257 റണ്‍സിനു പുറത്താക്കുകയായിരുന്നു. 209/3 എന്ന നിലയില്‍ നിന്ന് ടീം 257 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

റുമ്മാന്‍ റയീസ്, ഹസന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്തത്തിയപ്പോള്‍ ഷദബ് ഖാന്‍ 2 വിക്കറ്റും ഫഹീം അഷ്റഫ് ഒരു വിക്കറ്റും നേടി.

പാക് ബാറ്റിംഗ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ട്രെന്റ് ബൗള്‍ട്ട് കടപുഴകുകയായിരുന്നു. 32/8 എന്ന നിലയിലേക്ക് വീണ് ടീമിനെ 9-10 വിക്കറ്റുകളില്‍ വാലറ്റം നടത്തിയ ചെറുത്ത് നില്പാണ് 74 എന്ന സ്കോറിലേക്ക് എത്തിുവാന്‍ സഹായിച്ചത്. രണ്ട് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍ നിര ബാറ്റ്സ്മാന്മാരെ നഷ്ടമായ പാക്കിസ്ഥാന്‍ പിന്നീട് മത്സരത്തില്‍ ഒരിക്കല്‍ പോലും പൊരുതുവാന്‍ പോലും ശ്രമിച്ചില്ല. ഒമ്പതാം വിക്കറ്റില്‍ 20 റണ്‍സും പത്താം വിക്കറ്റില്‍ 22 റണ്‍സും നേടിയ വാലറ്റമാണ് പാക്കിസ്ഥാനെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത്.

റുമ്മാന്‍ റയീസ് 16 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് അമീര്‍ 14 റണ്‍സ് നേടി. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റിനായി ഇന്ത്യ ന്യൂസിലാണ്ടില്‍

ന്യൂസിലാണ്ടില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യ. ജനുവരി 17നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് പുറമേ ബെല്‍ജിയവും ജപ്പാനും ആതിഥേയരായ ന്യൂസിലാണ്ടുമാണ് മറ്റു ടീമുകള്‍. 20 അംഗ ടീമില്‍ മലയാള താരം ശ്രീജേഷ് തിരികെ എത്തിയിട്ടുണ്ട്. പരിക്ക് മൂലം പല മുഖ്യ ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ശ്രീജേഷ് 2017ല്‍ വിട്ട് നില്‍ക്കുകയായിരുന്നു. എട്ട് മാസത്തിനു ശേഷമാണ് ശ്രീജേഷ് ദേശീയ ജേഴ്സിയില്‍ മടങ്ങിയെത്തുന്നത്.

മന്‍പ്രീത് സിംഗ് ആണ് ടീമിന്റെ നായകന്‍. ഉപനായക സ്ഥാനം ചിംഗ്ലെന്‍സാന സിംഗ് കംഗുജാം വഹിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള മുന്നൊരുക്കമായാണ് ഈ ടൂര്‍ണ്ണമെന്റിനെ കാണുന്നതെന്നാണ് മുഖ്യ കോച്ച് ജോര്‍ഡ് മാര്‍ജിന്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ഏകദിനത്തിലും ന്യൂസിലാണ്ടിനു ജയം, മാര്‍ട്ടിന്‍ ഗുപ്ടില്‍ 86*

മഴ മൂലം കളി തടസ്സപ്പെട്ടതിനാല്‍ 25 ഓവറായി ചുരുക്കിയ മത്സരത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയെങ്കിലും പിന്നീട് ലക്ഷ്യം 25 ഓവറില്‍ 151 റണ്‍സായി മാറ്റുകയായിരുന്നു. 7 പന്തുകള്‍ ശേഷിക്കെയാണ് 104 റണ്‍സ് അപരാജിത കൂട്ടുകെട്ടുമായി മാര്‍ട്ടിന്‍ ഗുപ്ടില്‍(86*)-റോസ് ടെയിലര്‍ കൂട്ടുകെട്ട് ആതിഥേയരെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

14 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 64/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. കോളിന്‍ മണ്‍റോ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 19 റണ്‍സ് നേടിയ നായകന്‍ കെയിന്‍ വില്യംസണും വേഗം പുറത്തായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ടോപ് ഓര്‍ഡറിനു പിഴച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് മുഹമ്മദ് ഹഫീസ്(60), ഷദബ് ഖാന്‍(52), ഹസന്‍ അലി(51) എന്നിവരായിരുന്നു. ഹസന്‍ അലി 31 പന്തില്‍ 51 റണ്‍സ് നേടി പാക് ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കി. ഷൊയ്ബ് മാലിക്കും(27) നിര്‍ണ്ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍(3), ടിം സൗത്തി(2), ടോഡ് ആസ്ട്‍ലേ(2) എന്നിവര്‍ക്ക് പുറമേ ട്രെന്റ് ബൗള്‍ട്ടും മിച്ചല്‍ സാന്റനറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version