ആതിഥേയരെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, സെമി എതിരാളികള്‍ ഓസ്ട്രേലിയ

യൂത്ത് ലോകകപ്പ് സെമിയില്‍ കടന്ന് അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ ന്യൂസിലാണ്ടിനെ കെട്ടുകെട്ടിച്ചാണ് അഫ്ഗാനിസ്ഥാന്‍ സെമി യോഗ്യത നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 309 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ന്യൂസിലാണ്ടിനെ 107 റണ്‍സിനു ഓള്‍ഔട്ട് ആക്കി ടീം ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. 202 റണ്‍സിന്റെ ജയമാണ് ഏഷ്യന്‍ ചാമ്പ്യന്മാര്‍ ഇന്ന് നേടിയത്.

മികച്ച തുടക്കമാണ് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ ടീമിനു നല്‍കിയത്. 117 റണ്‍സ് കൂട്ടുകെട്ടിനു ശേഷം സഖ്യം വേര്‍പിരിഞ്ഞ ശേഷം അഫ്ഗാനിസ്ഥാനു അടിക്കടി വിക്കറ്റുകള്‍ വീണു. ഓപ്പണര്‍മാരായ റഹ്മാനുള്ള(69), ഇബ്രാഹിം സദ്രാന്‍(68) എന്നിവര്‍ക്ക് പുറമേ ബഹീര്‍ ഷായും(67) തിളങ്ങിയെങ്കിലും മത്സരം മാറ്റി മറിച്ചത് അസ്മത്തുള്ളയുടെ വെടിക്കെട്ടാണ്. 23 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ താരം തന്റെ ഇന്നിംഗ്സില്‍ 7 സിക്സാണ് നേടിയത്. ഇതുവഴി 300 കടക്കാനും അഫ്ഗാനിസ്ഥാനു സാധിച്ചു.

6 വിക്കറ്റുകള്‍ വീഴ്ത്തിയ ന്യൂസിലാണ്ടിനു വേണ്ടി സന്ദീപ് പട്ടേല്‍ രണ്ടും, രച്ചിന്‍ രവീന്ദ്ര, ജേക്കബ് ബൂല, ബെന്‍ ലോക്റോസ്, ഫെലിക്സ് മറേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടൂര്‍ണ്ണമെന്റില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടുള്ള ന്യൂസിലാണ്ട് ബാറ്റിംഗ് നിര ലക്ഷ്യം പിന്തുടരാനിറങ്ങിയപ്പോള്‍ മികച്ചൊരു മത്സരമാണ് പ്രതീക്ഷിച്ചതെങ്കിലും അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മറ്റു ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഖൈസ് അഹമ്മും ടൂര്‍ണ്ണമെന്റില്‍ ആദ്യമായി ഫോം കണ്ടെത്തിയ മുജീബ് സദ്രാനും 4 വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 28.1 ഓവറില്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 107 റണ്‍സിനു അവസാനിച്ചു. 38 റണ്‍സ് നേടിയ കാറ്റെനേ ക്ലാര്‍ക്ക്, ഡേല്‍ ഫിലിപ്സ്(31) എന്നിവര്‍ മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ പൊരുതി നോക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version