വമ്പന്മാരുടെ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് ജയം, നെതര്‍ലാണ്ട്സിനെ തകര്‍ത്തത് 4-1നു

ഏഴ് ഗോളിനു മലേഷ്യയെ തകര്‍ത്തെറിഞ്ഞെത്തിയ നെതര്‍ലാണ്ട്സിനെ ഞെട്ടിച്ച് ജര്‍മ്മനി. പാക്കിസ്ഥാനോട് നേരിയ വ്യത്യാസത്തില്‍ ആദ്യ മത്സരം ജയിച്ച ജര്‍മ്മനി 4-1 എന്ന സ്കോറിനാണ് നെതര്‍ലാണ്ടസിനെ ഇന്ന് പൂള്‍ ഡിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കെട്ടുകെട്ടിച്ചത്. 13ാം മിനുട്ടില്‍ വാലെന്റിന്‍ വെര്‍ഗ നെതര്‍ലാണ്ട്സിനെ മുന്നിലെത്തിച്ച ശേഷം ആദ്യ പകുതി അവസാനിക്കാറായപ്പോളാണ് മത്തിയാസ് മുള്ളറിലൂടെ ജര്‍മ്മനി സമനില ഗോള്‍ കണ്ടെത്തിയത്. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ടീമുകള്‍ 1-1നു പിരിയുകയായിരുന്നു.

മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നപ്പോള്‍ തുടരെ ഗോളുകള്‍ നേടി ജര്‍മ്മനി നെതര്‍ലാണ്ട്സിനെ മുട്ടുകുത്തിയ്ക്കുകയായിരുന്നു. ഈ ഞെട്ടലില്‍ നിന്ന് നെതര്‍ലാണ്ട്സ് കരകയറുകയും ചെയ്തില്ല. ലൂക്കാസ് വിന്‍ഡ്ഫെഡെര്‍, മാര്‍ക്കോ മില്‍ട്കാവു, ക്രിസ്റ്റഫര്‍ റൂഹര്‍ എന്നിവരാണ് വിജയികളുടെ മറ്റു ഗോളുകള്‍ നേടിയത്.

മലേഷ്യയെ ഗോള്‍ മഴയില്‍ മുക്കി നെതര്‍ലാണ്ട്സ്

ഹോക്കി ലോകകപ്പില്‍ മലേഷ്യയെ ഗോളില്‍ മുക്കി നെതര്‍തലാണ്ട്സ്. ഏകപക്ഷീയമായ മത്സരത്തില്‍ 7-0 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ജിയോറെന്‍ ഹെര്‍ട്ബര്‍ഗറുടെ ഹാട്രിക്കിന്റെ മികവിലാണ് നെതര്‍ലാണ്ട്സിന്റെ തകര്‍പ്പന്‍ ജയം. ആദ്യ പകുതിയില്‍ 3-0നു ആയിരുന്നു വിജയികള്‍. 11ാം മിനുട്ടില്‍ ഹെര്‍ട്ബര്‍ഗറിലൂടെ ഗോള്‍ വേട്ടയാരംഭിച്ച നെതര്‍ലാണ്ട്സിനു വേണ്ടി മിര്‍കോ പ്രുയിജ്സര്‍, മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍, റോബെര്‍ട് കെംപെര്‍മാന്‍, തിയറി ബ്രിങ്ക്മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

29, 60 മിനുട്ടുകളില്‍ നേടിയ ഗോളുകളിലൂടെ ജിയോറെന്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

ബെൽജിയത്തെ സമനിലയിൽ പിടിച്ചുകെട്ടി ഓറഞ്ച് പട

ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തെ സമനിലയിൽ പിടിച്ചു കെട്ടി നെതർലാൻഡ്‌സ്. 1-1നാണ് ബെൽജിയം നെതർലാൻഡ്‌സിനോട് സമനില വഴങ്ങിയത്. മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു. റൊണാൾഡ്‌ കൂമന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നെതർലാൻഡ്‌സ് കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയെയും തോൽപ്പിച്ചിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ മെർട്ടൻസിന്റെ ഗോളിലൂടെ ബെൽജിയം ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മനോഹരമായ ഒരു ഫിനിഷിംഗിലൂടെയാണ് മെർട്ടൻസ് ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ നെതർലാൻഡ്‌സ് മത്സരത്തിൽ സമനില പിടിച്ചെടുത്തു. ഡിപേയുടെ മനോഹരമായ പാസിൽ നിന്ന് ഗ്രോൺഎവെൽഡ് ആണ് ഗോൾ നേടിയത്. നെതർലാൻഡ്‌സിനു വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ ജർമനിക്കെതിരെ പകരക്കാരനായി ഇറങ്ങിയാണ് താരം അരങ്ങേറ്റം നടത്തിയത്.

തുടർന്ന് രണ്ടാം പകുതിയിൽ ലുകാകുവിന് പകരക്കാരനായി ഇറങ്ങിയ ബാറ്റ്ശുവായിക്ക് ബെൽജിയത്തിനു ജയം നേടി കൊടുക്കാനുള്ള മൂന്ന് അവസരങ്ങൾ ലഭിച്ചെങ്കിലും താരം അവസരങ്ങൾ പുറത്തടിച്ചു കളയുകയായിരുന്നു.

സ്വര്‍ണ്ണമില്ല, വെള്ളിയുമായി തലയുയര്‍ത്തി അയര്‍ലണ്ടിനു മടക്കം, വനിത ലോക ചാമ്പ്യന്മാരായി നെതര്‍ലാണ്ട്സ്

വനിത ഹോക്കി ലോക ചാമ്പ്യന്മാരായി നെതര്‍ലാണ്ട്സ്. അയര്‍ലണ്ടിനെ ഏകപക്ഷീയമായ 6 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി ചാമ്പ്യന്മാരായ നെതര്‍ലാണ്ട്സ് അവരോധിക്കപ്പെട്ടത്. ആദ്യ പകുതിയില്‍ 4-0നു നെതര്‍ലാണ്ട്സ് ലീഡ് ചെയ്യുകയായിരുന്നു. പരാജയപ്പെട്ടുവെങ്കിലും തലയയുര്‍ത്തിയാവും ടൂര്‍ണ്ണമെന്റില്‍ നിന്ന് മടക്കം. ടൂര്‍ണ്ണമെന്റിലെ ഏറ്റവും കുറഞ്ഞ റാങ്കിംഗുള്ള രണ്ടാമത്തെ ടീമായി ടൂര്‍ണ്ണമെന്റാരംഭിച്ച അയര്‍ലണ്ട് ഫൈനല്‍ വരെ എത്തിയത് തന്നെ ചരിത്ര മുഹൂര്‍ത്തമാണ്.

ലിഡ്‍വെജ് വെല്‍ട്ടന്‍ ഏഴാം മിനുട്ടില്‍ ആരംഭിച്ച ഗോള്‍ സ്കോറിംഗ് 19, 28, 30 മിനുട്ടുകളില്‍ കെല്ലി ജോങ്കര്‍, കിറ്റി വാന്‍ മെയില്‍, മലൗ ഫെനിന്ക്സ് എന്നിവരാണ് ആദ്യ പകുതിയിലെ ഗോള്‍ സ്കോറര്‍മാര്‍.

രണ്ടാം പകുതിയില്‍ മാര്‍ലോസ് കീറ്റെല്‍സ്, കായ വാന്‍ മാസാക്കെര്‍ എന്നിവര്‍ കൂടി ഗോളുകള്‍ നേടി. രണ്ടാം പകുതി ആരംഭിച്ച് ആദ്യ അഞ്ച് മിനുട്ടില്‍ തന്നെയാണ് ഈ ഗോളുകള്‍ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷൂട്ടൗട്ടില്‍ കാലിടറി ഓസ്ട്രേലിയ, നെതര്‍ലാണ്ട്സ്

ഇന്ന് നടന്ന രണ്ടാം സെമിയിലും വിധിയെഴുതിയത് ഷൂട്ടൗട്ടിലൂടെ. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ ഏറ്റുമുട്ടിയ ഫൈനലിനു മുന്നിലെ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ നിശ്ചിത സമയത്ത നെതര്‍ലാണ്ട്സും ഓസട്രേലിയും ഒരു ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തില്‍ 22ാം മിനുട്ടില്‍ നെതര്‍ലാണ്ട്സ് കെല്ലി ജോങ്കറിലൂടെ ലീഡ് നേടുകയായിരുന്നു. ആദ്യ പകുതിയില്‍ ഈ ഗോളിനു ടീം മുന്നിട്ട് നില്‍ക്കുകയും ചെയ്തു.

ജോര്‍ജ്ജിന മോര്‍ഗന്‍ ആറ് മിനുട്ടുകള്‍ അവശേഷിക്കെ നേടിയ പെനാള്‍ട്ടി കോര്‍ണര്‍ ഗോളിലൂടെ ഓസ്ട്രേലിയയുടെ ആയുസ്സ് നീട്ടിക്കിട്ടുകയായിരുന്നുവെങ്കിലും ഷൂട്ടൗട്ടില്‍ ഭാഗ്യം ടീമിനെ തുണച്ചില്ല. 3-1 എന്ന നിലയില്‍ നെതര്‍ലാണ്ട് ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ഏകദിന വിജയം നേടി നേപ്പാള്‍, ജയം ഒരു റണ്‍സിനു

നെതര്‍ലാണ്ട്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന് നേപ്പാള്‍-നെതര്‍ലാണ്ട്സ് രണ്ടാം ഏകദിനത്തിനിലാണ് നേപ്പാള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനു വേണ്ടി പരസ് ഖഡ്ക(51), സോംപാല്‍ കാമി(61) എന്നിവര്‍ മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 48.5 ഓവറില്‍ ടീം 216 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫ്രെഡ് ക്ലാസ്സെന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മൈക്കല്‍ റിപ്പണ്‍, പീറ്റര്‍ സീലാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

സന്ദീപ് ലാമിച്ചാനെയ്ക്കും ലളിത് ഭണ്ഡാരിയ്ക്കും ഒപ്പം മറ്റു താരങ്ങളും അവസരത്തിനൊത്തുയര്‍ന്നനപ്പോള്‍ നെതര്‍ലാണ്ട്സിനെ 50 ഓവറില്‍ 215 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു നേപ്പാള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് കൈവശമുള്ളപ്പോള്‍ 6 റണ്‍സായിരുന്നു ജയിക്കാന്‍ നെതര്‍ലാണ്ട്സിനു വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സിനു എന്നാല്‍ റണ്ണൗട്ട് രൂപത്തില്‍ അവസാന വിക്കറ്റ് നഷ്ടമായപ്പോള്‍ ഒരു റണ്‍സിന്റെ ചരിത്ര വിജയം നേപ്പാള്‍ കൈക്കലാക്കി. അവസാന ഓവര്‍ എറിഞ്ഞത് ക്യാപ്റ്റന്‍ പരസ് ഖഡ്കയായിരുന്നു.

71 റണ്‍സ് നേടിയ വെസ്‍ലി ബാരെസ്സിയാണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. ഡാനിയേല്‍ ടെര്‍ ബ്രാക്ക് 39 റണ്‍സ് നേടി. നേപ്പാളിനായി സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റും ലളിത് ഭണ്ഡാരി രണ്ട് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇംഗ്ലണ്ടിനെ രണ്ട് ഗോള്‍ ജയം നേടി നെതര്‍ലാണ്ട്സ് സെമിയില്‍, എതിരാളികള്‍ ഓസ്ട്രേലിയ

ഇംഗ്ലണ്ടിനെതിരെ വനിത ഹോക്കി ലോകകപ്പ് മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇരു പകുതികളിലായി നേടി ഗോളുകളുടെ ബലത്തില്‍ 2-0 എന്ന സ്കോറിനാണ് നെതര്‍ലാണ്ട്സ് ജയം ഉറപ്പാക്കിയത്. മത്സരത്തില്‍ 14ാം മിനുട്ടില്‍ ലിഡ്‍വിജ് വെള്‍ട്ടെന്‍ നെതര്‍ലാണ്ട്സിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ഈ ഗോളിനു ടീം മുന്നിലായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ലൗറിന്‍ ല്യൂറിങ്ക് നെതര്‍ലാണ്ട്സിന്റെ രണ്ടാം ഗോള്‍ നേടി. ഇരു ഗോളുകളും ഫീല്‍ഡ് ഗോളുകളായിരുന്നു. സെമിയില്‍ ഓസ്ട്രേലിയയാണ് നെതര്‍ലാണ്ട്സിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മികച്ച നിലയില്‍ നിന്ന് തകര്‍ന്ന് നേപ്പാള്‍, നെതര്‍ലാണ്ട്സിന്റെ വമ്പന്‍ തിരിച്ചുവരവ്

189 റണ്‍സിനു നെതര്‍ലാണ്ട്സിനെ പുറത്താക്കിയ ശേഷം വിജയ ലക്ഷ്യമായ 190ലേക്ക് കുതിക്കുകയായിരുന്ന നേപ്പാളിനു അപ്രതീക്ഷിത തകര്‍ച്ച. നേപ്പാളിനെ 134 റണ്‍സിനു എറിഞ്ഞ് പിടിച്ച് 55 റണ്‍സിന്റെ ജയമാണ് ഇന്ന് നേപ്പാളിന്റെ നെതര്‍ലാണ്ട്സ് ടൂറിന്റെ ഭാഗമായുള്ള ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ സ്വന്തമാക്കിയത്.

ഒരു ഘട്ടത്തില്‍ 85/1 എന്ന ശക്തമായ നിലയിലായിരുന്ന നേപ്പാള്‍ 134 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍ ഗ്യാനേന്ദ്ര മല്ല 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ദീപേന്ദ്ര സിംഗ് എയരി 33 റണ്‍സ് നേടി. 4 നേപ്പാള്‍ ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്താവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫ്രെഡ് ക്ലാസ്സെന്‍, മൈക്കല്‍ റിപ്പണ്‍, പീറ്റര്‍ സീലാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാസ് ഡി ലീഡിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 47.4 ഓവറില്‍ നേപ്പാള്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. മൈക്കല്‍ റിപ്പണ്‍ നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം (51) ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗ്(29), ബാസ് ഡി ലീഡ്(30) എന്നിവരുടെ പ്രകടനമാണ് ടീമിന്റെ സ്കോര്‍ 189ല്‍ എത്തിച്ചത്. നേപ്പാളിനായി പരസ് ഖാഡ്ക നാലും സോംപാല്‍ കാമി മൂന്ന് വിക്കറ്റും നേടി മികച്ച് നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യന്‍ പോരാട്ടം സമനിലയില്‍, ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ്

ഇന്നലെ നടന്ന പൂള്‍ എ മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ കൊറിയയും ചൈനയും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ചൈന ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അതേ സമയം രണ്ടാം മത്സരത്തില്‍ ഇറ്റലിയെ ഗോളില്‍ മുക്കി നെതര്‍ലാണ്ട്സ് തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ചൈന-കൊറിയ മത്സരത്തില്‍ ചൈനയാണ് ആദ്യം ലീഡ് നേടിയത്. 4ാം മിനുട്ടില്‍ ചൈന്‍ സാംഗിലൂടെ ഗോള്‍ നേടിയെങ്കിലും 15ാം മിനുട്ടില്‍ ജൂ ഒകെ കിം കൊറിയയുടെ സമനില ഗോള്‍ കണ്ടെത്തി. പിന്നീട് മത്സരത്തില്‍ ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ 1-1 സ്കോര്‍ലൈനില്‍ മത്സരം അവസാനിച്ചു.

ഇന്നലത്തെ രണ്ടാം മത്സരത്തില്‍ 12-1 എന്ന സ്കോര്‍ലൈനിലാണ് നെതര്‍ലാണ്ട്സ് ഗോള്‍ നേടിയത്. 17ാം മിനുട്ടില്‍ ചിയാര ടിഡ്ഡി ഇറ്റലിയ്ക്കായി ഗോള്‍ നേടിയത് ഒഴിച്ചാല്‍ മത്സരത്തില്‍ നെതര്‍ലാണ്ട്സിന്റെ പൂര്‍ണ്ണാധിപത്യമായിരുന്നു. കിറ്റി വാന്‍ മെയില്‍ നാല് ഗോള്‍ നേടി നെതര്‍ലാണ്ട്സ് നിരയിലെ താരമായി മാറി. കെല്ലി ജോങ്കര്‍, കാര്‍ലിന്‍ വാന്‍ ഡെന്‍ ഹ്യൂവെല്‍ ഡിര്‍സ്കെ, ഫ്രെഡ്രിക് മാട്ള എന്നിവര്‍ രണ്ട് ഗോള്‍ നേടി. കായ വാന്‍ മാസെക്കേര്‍, മാര്‍ഗോട്ട് വാന്‍ ജെഫെന്‍ എന്നിവര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴയില്‍ മുങ്ങിയ ത്രിരാഷ്ട്ര പരമ്പര, കിരീടം പങ്കുവെച്ച് നേപ്പാളും നെതര്‍ലാണ്ട്സും

ലോര്‍ഡ്സില്‍ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനോട് (എംസിസി) ചരിത്ര മത്സരങ്ങള്‍ക്കിറങ്ങിയ നേപ്പാള്‍ നെതര്‍ലാണ്ട്സ് ടീമുകള്‍ക്ക് മഴയില്‍ കുതിര്‍ന്ന മത്സരാനുഭവം. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് മത്സരങ്ങളും ആറോവര്‍ മത്സരമായി ചുരുക്കിയപ്പോള്‍ അവസാന മത്സരം ഒരിന്നിംഗ്സിനു ശേഷം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ എംസിസിയെ 10 റണ്‍സിനു നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 9 വിക്കറ്റ് ജയമാണ് നേപ്പാള്‍ മാര്‍ലിബോണിനെതിരെ നേടിയത്. നേപ്പാള്‍ നെതര്‍ലാണ്ട്സ് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. വിജയികള്‍ക്കായുള്ള ട്രോഫി നേപ്പാളും നെതര്‍ലാണ്ട്സും പങ്കുവെച്ചു.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 6 ഓവറില്‍ നിന്ന് 72/3 എന്ന സ്കോര്‍ നേടുകയായിരുന്നു. തോബിയാസ് വീസേ 23 പന്തില്‍ നിന്ന് 58 റണ്‍സുമായി പുറത്താകാതെ നിന്നു നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ എംസിസിയ്ക്ക് 6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമേ നേടാനായുള്ളു. വരുണ്‍ ചോപ്ര 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജോനാഥന്‍ ട്രോട്ട് 21 റണ്‍സ് നേടി.

നേപ്പാളിനെതിരെ എംസിസി 40 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 6 ഓവറില്‍ നിന്ന് നേടിയത്. 24 റണ്‍സ് നേടി നായകന്‍ മഹേല ജയവര്‍ദ്ധനേ പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. നേപ്പാളിനായി സോംപാല്‍ കാമി രണ്ട് വിക്കറ്റ് നേടി. സുഭാഷ് ഖാകുറേല്‍(16*), ഗ്യാനേന്ദ്ര മല്ല(12*) എന്നിവരോടൊപ്പം അനില്‍ ഷാ(9) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നേപ്പാള്‍ 4.4 ഓവറില്‍ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഇന്നലത്തെ മൂന്നാമത്തെ മത്സരത്തില്‍ മത്സരം 18 ഓവറാക്കി ചുരുക്കിയെങ്കിലും 16.4 ഓവറുകള്‍ക്ക് ശേഷം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 174/4 എന്ന സ്കോറില്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. വെസ്ലി ബാരേസി(44), റയാന്‍ ടെന്‍ ഡോഷാറ്റേ(38), മൈക്കല്‍ റിപ്പണ്‍(38*), സ്കോട്ട് എഡ്വേര്‍ഡ്സ്(34*) എന്നിവരാണ് ടീമിനായി തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചൈനയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് നെതര്‍ലാണ്ട്സ്, കൊറിയന്‍ പ്രതിരോധത്തെ മറികടന്ന് ഇറ്റലി

വനിത ഹോക്കി ലോകകപ്പില്‍ യഥേഷ്ടം ഗോളുകള്‍ സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 7-1 എന്ന സ്കോറിനാണ് ചൈനയെ നെതര്‍ലാണ്ട്സ് കെട്ട് കെട്ടിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ സ്കോറിംഗ് 59ാം മിനുട്ടിലാണ് നെതര്‍ലാണ്ട്സ് പൂര്‍ത്തിയാക്കിയത്. ആദ്യ പകുതിയില്‍ 4-0നായിരുന്നു വിജയികള്‍ മുന്നില്‍. ചൈനയ്ക്കായി 57ാം മിനുട്ടില്‍ ജിംഗ് യോംഗ് ഏക ഗോള്‍ നേടി. കായ വാന്‍ മാസാക്കര്‍, കെല്ലി ജോങ്കര്‍, ലൗറിന്‍ ലൂറിങ്ക്, ലിഡ്വിജ് വെള്‍ട്ടെന്‍(2), കിറ്റി വാന്‍ മെയില്‍, സാന്‍ ഡി വാര്‍ഡ് എന്നിവരാണ് നെതര്‍ലാണ്ട്സ് ഗോള്‍ സ്കോറര്‍മാര്‍.

കൊറിയയുടെ പ്രതിരോധത്തെ മറികടന്ന് മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ അവശേഷിക്കെയാണ് ഇറ്റലിയുടെ ഗോള്‍. 60ാം മിനുട്ടില്‍ വാലന്റീന ബാര്‍ക്കോണിയാണ് കൊറിയന്‍ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ സ്വന്തമാക്കിയത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് കൊറിയന്‍ പ്രതിരോധത്തെ മറികടന്ന് ഇറ്റലി ഗോള്‍ വല ചലിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം

ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം ദിവസത്തെ മറ്റു മത്സരങ്ങളില്‍ വിജയികളായി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പൂള്‍ എ മത്സരത്തില്‍ ഇറ്റലി 3-0 എന്ന സ്കോറിനാണ് ചൈനയെ കീഴടക്കിയത്. വാലെന്റീന ബ്രാകോണി, ലാറ ഒവീഡോ, ഗിയിലിയാന റുഗ്ഗേരി എന്നിവരാണ് ഇറ്റലിയുടെ ഗോള്‍ സ്കോറര്‍മാര്‍.

രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ മൂന്നാം മിനുട്ടില്‍ സ്പെയിന്‍ ഗോള്‍ നേടി ഞെട്ടിച്ചുവെങ്കിലും പിന്നീട് ആറ് ഗോളുകള്‍ മടക്കി അര്‍ജന്റീന തങ്ങളുടെ കേളി മികവ് പുറത്തെടുക്കുകയായിരുന്നു. 6-2 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ ജയം. മരിയ ഒറിട്സ്(2), ജൂലിയറ്റ ജന്‍കുനാസ്, റോക്കിയോ സാഞ്ചെസ്, നോയല്‍ ബാരിയോനൂവോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍. സ്പെയിനിനായി കരോള സാലവറ്റേല, ബീറ്റ്റിസ് പെരേസ് എന്നിവര്‍ ഗോള്‍ നേടി.

കൊറിയയെ ഗോളില്‍ മുക്കിയാണ് നെതര്‍ലാണ്ട്സ് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ വരവറിയിച്ചത്. ഏകപക്ഷീയമായ 7 ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. മത്സരത്തിന്റെ ഒന്നാം മിനുട്ടില്‍ തുടങ്ങിയ ഗോളടി ആദ്യ പകുതിയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ നെതര്‍ലാണ്ട്സിനു കഴിയാതെ വന്നപ്പോള്‍ കൊറിയ വാങ്ങിയ ഗോളുകളുടെ എണ്ണം ഏഴില്‍ ഒതുങ്ങി. നെതര്‍ലാണ്ട്സിനായി കിറ്റി വാന്‍ മെയ്‍ല്‍(2), ഫ്രെഡ്രിക് മാട്‍ല(2), കെല്ലി ജോങ്കര്‍, ലൗറിന്‍ ലിയൂറിങ്ക്, ലിഡ്വിഡ് വാള്‍ട്ടെന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

ആവേശകരമായ മത്സരത്തില്‍ പിന്നില്‍ പോയ ശേഷമാണ് ന്യൂസിലാണ്ട് മത്സരത്തിലേക്ക് തിരികെ എത്തിയത്. മത്സരത്തിന്റെ 24ാം മിനുട്ടില്‍ ന്യൂസിലാണ്ട് ലീഡ് നേടിയെങ്കിലും തുടരെ രണ്ട് ഗോളുകള്‍ സ്വന്തമാക്കി 2-1 നു ബെല്‍ജിയം ആദ്യ പകുതി അവസാനിച്ചപ്പോള്‍ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ മടക്കി ന്യൂസിലാണ്ട് 4-2നു മത്സരം സ്വന്തമാക്കി. ന്യൂസിലാണ്ടിനു വേണ്ടി ഒലീവിയ മെറി രണ്ടും കെല്‍സേ സ്മിത്ത്, ഷിലോഹ് ഗ്ലോയന്‍ എന്നിവര്‍ ഓരോ ഗോളും നേടി. ലൗസി വെര്‍സാവേല്‍, ജില്‍ ബൂണ്‍ എന്നിവരാണ് ബെല്‍ജിയം സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version