പാക്കിസ്ഥാന്റെ നെതര്‍ലാണ്ട്സ് ടൂര്‍ ഉപേക്ഷിച്ചു

നെതര്‍ലാണ്ട്സ് സര്‍ക്കാര്‍ പൊതു പരിപാടികള്‍ സെപ്റ്റംബര്‍ 1 വരെ നിര്‍ത്തി വയ്ക്കുവാന്‍ തീരുമാനിച്ചതോടെ പാക്കിസ്ഥാന്റെ നെതര്‍ലാണ്ട്സ് ടൂര്‍ ഉപേക്ഷിക്കുകായണെന്ന് ഇരു ബോര്‍ഡുകളും സംയുക്തമായി തീരുമാനിച്ചു. ജൂലൈ 4, 7, 9 തീയ്യതികളില്‍ നെതര്‍ലാണ്ട്സുമായി ഏകദിന മത്സരങ്ങളും അതിന് ശേഷം അയര്‍ലണ്ടില്‍ 2 ടി20 മത്സരങ്ങളുമായിരുന്നു പാക്കിസ്ഥാന്‍ കളിക്കേണ്ടിയിരുന്നത്.

ഇത് പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് ടൂറിന് മുമ്പേയുള്ള പരമ്പരകളായിരുന്നു.

നെതര്‍ലാണ്ട്സിനോട് 6-1ന്റെ തോല്‍വി, ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ഇല്ലാതെ പാക്കിസ്ഥാന്‍

തുടര്‍ച്ചയായ രണ്ടാമത്തെ ഒളിമ്പിക്സിനും യോഗ്യത നേടാനാകാതെ പാക്കിസ്ഥാന്‍. ഇന്ന് നെതര്‍ലാണ്ട്സിനെതിരെയുള്ള മത്സരത്തില്‍ 6-1ന്റെ പരാജയം ഏറ്റുവാങ്ങിയാണ് ടീമിന് തിരിച്ചടിയായത്. 2012 ലണ്ടന്‍ ഒളിമ്പിക്സിലാണ് പാക്കിസ്ഥാന്‍ അവസാനമായി കളിച്ചത്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ പാക്കിസ്ഥാനും നെതര്‍ലാണ്ട്സും നാല് വീതം ഗോള്‍ നേടി ആദ്യ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു.

ആദ്യ ഗോള്‍ നേടിയ പാക്കിസ്ഥാനെതിരെ രണ്ട് ഗോള്‍ നേടി നെതര്‍ലാണ്ട്സ് ലീഡ് നേടിയെങ്കിലും പിന്നീട് പാക്കിസ്ഥാന്‍ മത്സരത്തില്‍ ലീഡ് നേടിയെങ്കിലും നെതര്‍ലാണ്ട്സ് മത്സരം സമനിലയിലാക്കി. 10-5 എന്ന അഗ്രഗേറ്റ് സ്കോറിലാണ് നെതര്‍ലാണ്ട്സ് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്.

സ്കോട്ലാന്‍ഡിനെയും നെതര്‍ലാണ്ടിനെയും ടി20 പരമ്പരയില്‍ ആതിഥേയത്വം വഹിക്കാനൊരുങ്ങി അയര്‍ലണ്ട്

മലാഹൈഡില്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ അയര്‍ലണ്ടിനൊപ്പം സ്കോട്‍ലാന്‍ഡും നെതര്‍ലാണ്ടും കളിക്കും. യൂറോ ടി20 സ്ലാം ഉപേക്ഷിച്ചതോടെയാണ് അയര്‍ലണ്ടിന് ഈ സമയത്ത് ടി20 പരമ്പര സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത്. പരമ്പര ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ക്വാളിഫയറിനുള്ള പരിശീലനമായി ടീമുകള്‍ക്ക് ഉപയോഗിക്കാം.

പരമ്പരയില്‍ മൂന്ന് ടീമുകളും മറ്റ് ടീമുകളുമായി രണ്ട് വീതം മത്സരങ്ങള്‍ കളിക്കും. മത്സരത്തിന് പ്രവേശനം സൗജന്യമായിരിക്കും.

മത്സരക്രമം:

സെപ്റ്റംബര്‍ 15, 2019: അയര്‍ലണ്ട് v നെതര്‍ലാണ്ട്സ്

സെപ്റ്റംബര്‍ 16, 2019: സ്കോട്ലാന്‍ഡ് v നെതര്‍ലാണ്ട്സ്

സെപ്റ്റംബര്‍ 17, 2019: അയര്‍ലണ്ട് v സ്കോട്ലാന്‍ഡ്

സെപ്റ്റംബര്‍ 18, 2019: അയര്‍ലണ്ട് v നെതര്‍ലാണ്ട്സ്

സെപ്റ്റംബര്‍ 19, 2019: സ്കോട്ലാന്‍ഡ് v നെതര്‍ലാണ്ട്സ്

സെപ്റ്റംബര്‍ 20, 2019: അയര്‍ലണ്ട് v സ്കോട്ലാന്‍ഡ്

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടുള്‍പ്പെടുന്ന പഞ്ചരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അയര്‍ലണ്ട് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് നടക്കും. ഒക്ടോബര്‍ 5-10 വരെ ഒമാനിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. അയര്‍ലണ്ടിന് പുറമെ നേപ്പാള്‍, ഒമാന്‍, നെതര്‍ലാണ്ട്സ്, ഹോങ്കോംഗ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ടീമുകള്‍ എല്ലാം മറ്റ് നാല് ടീമുകളോട് ഒമാനില്‍ ഏറ്റ് മുട്ടും. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ഏറെ ഉപയോഗപ്രദമാണ് ഈ ടൂര്‍ണ്ണമെന്റ് എന്ന് അയര്‍ലണ്ട് മുഖ്യ കോച്ച് ഗ്രഹാം ഫോര്‍ഡ് പറഞ്ഞു.

മസ്കറ്റിലെ അല്‍ എമെറാറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ദിവസം രണ്ട് വീതം മത്സരങ്ങളാവും നടക്കുക.

നെതര്‍ലാണ്ട്സിനെതിരെ സൂപ്പര്‍ ഓവര്‍ വിജയം നേടി സിംബാ‍ബ്‍വേ

നെതര്‍ലാണ്ട്സിനെതിരെ സൂപ്പര്‍ ഓവറില്‍ വിജയം കുറിച്ച് സിംബാബ്‍വേ. ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 153 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 20 ഓവറില്‍ നിന്ന് 152 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളു. നെതര്‍ലാണ്ട്സ് 8 വിക്കറ്റ് നഷ്ടത്തില്‍ ആണ് 20 ഓവറില്‍ നിന്ന് 152 റണ്‍സ് നേടിയത്. മാക്സ് ഒദൗവ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റണ്‍സുമായി പീറ്റര്‍ സീലാര്‍ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. ഷോണ്‍ വില്യംസും ക്രിസ് പോഫുവും സിംബാബ്‍വേയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 97/6 എന്ന നിലയില്‍ തകരുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ 40 റണ്‍സുമായി ബ്രണ്ടന്‍ ടെയിലര്‍ ഒഴികെ ആരും തന്നെ മികവ് പുലര്‍ത്തിയിരുന്നില്ല. പിന്നീട് ഏഴാം വിക്കറ്റില്‍ എല്‍ട്ടണ്‍ ചിഗുംബര-റയാന്‍ ബര്‍ള്‍ കൂട്ടുകെട്ടാണ് 33 റണ്‍സ് കൂട്ടകെട്ടുമായി സിംബാബ്‍വേയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ബര്‍ള്‍ 23 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാറ്റിംഗ് തുടര്‍ന്ന് എല്‍ട്ടണ്‍ ചിഗുംബര(29) മൂന്ന് പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ചു.

3 വിക്കറ്റ് അവശേഷിക്കെ മൂന്ന് പന്തില്‍ ഒരു റണ്‍സ് ആവശ്യമുള്ളപ്പോള്‍ സിംബാബ്‍വേ വിജയം പ്രതീക്ഷിച്ചുവെങ്കിലും റോലോഫ് വാന്‍ ഡെര്‍ മെര്‍വ്വിന്റെ ബൗളിംഗില്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി സിംബാബ്‍വേ ജയം കൈവിടുകയായിരുന്നു. വാന്‍ ഡെര്‍ മെര്‍വ് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റും പോള്‍ വാന്‍ മീകേരെന്‍ 3 വിക്കറ്റും നേടുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ സിംബാബ്‍വേ 18 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലാണ്ട്സിനെ 9 റണ്‍സില്‍ ചുരുക്കി സിംബാബ്‍വേ അര്‍ഹമായ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഏകദിന പരമ്പര 2-0ന് നഷ്ടമായ സിംബാ‍ബ്‍വേ ആദ്യ ടി20യിലും പരാജയമേറ്റ് വാങ്ങിയിരുന്നു.

വാന്‍ ഡെര്‍ മെര്‍വിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ ടി20യിലും വിജയിച്ച് തുടങ്ങി നെതര്‍ലാണ്ട്സ്

ഏകദിന പരമ്പര 2-0ന് വിജയിച്ച ശേഷം ടി20യിലും വിജയത്തുടക്കവുമായി നെതര്‍ലാണ്ട്സ്. സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 199/6 എന്ന സ്കോര്‍ നേടിയ ശേഷം 19.5 ഓവറില്‍ എതിരാളികളെ 150 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് നെതര്‍ലാണ്ട്സ് 49 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയത്. റോലോഫ് വാന്‍ ഡെര്‍ മെര്‍വ് 39 പന്തില്‍ നിന്ന് നേടിയ 75 റണ്‍സും ബെന്‍ കൂപ്പര്‍ 28 പന്തില്‍ നേടിയ 54 റണ്‍സുമാണ് നെതര്‍ലാണ്ട്സിനെ 199 റണ്‍സെന്ന വലിയ സ്കോറിലേക്ക് നയിച്ചത്. മാക്സ് ഒദൗദ് 30 റണ്‍സും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാ‍ബ്‍വേയ്ക്ക് വേണ്ടി ക്രെയിഗ് ഇര്‍വിന്‍ മാത്രമാണ് പൊരുതി നോക്കിയത്. താരം 37 പന്തില്‍ നിന്ന് 59 റണ്‍സ് നേടി പുറത്തായപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20നു മേലുള്ള സ്കോര്‍ പോലും നേടാനായില്ല. 3 വീതം വിക്കറ്റ് നേടി ബ്രണ്ടന്‍ ഗ്ലോവര്‍, ഫ്രെഡ് ക്ലാസ്സെന്‍, പീറ്റര്‍ സീലാര്‍ എന്നിവരാണ് നെതര്‍ലാണ്ട്സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്.

സിംബാബ്‍വേയുടെ 290 റണ്‍സ് മറികടന്ന് നെതര്‍ലാണ്ട്സ്

നെതര്‍ലാണ്ട്സ്-സിംബാബ്‍വേ രണ്ടാം ഏകദിനത്തില്‍ 3 വിക്കറ്റ് വിജയം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 26/6 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 49.2 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി ക്രെയിഗ് ഇര്‍വിന്‍(84) സിക്കന്ദര്‍ റാസ(68 പന്തില്‍ പുറത്താകാതെ 85 റണ്‍സ്) എന്നിര്‍ക്കൊപ്പം ബ്രണ്ടന്‍ ടെയിലറും 51 റണ്‍സ് നേടിയാണ് തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സിന്റെ ടീമായ ശ്രമമാണ് ജയത്തിലേക്ക് നയിച്ചത്. മാക്സ് ഒദൗവ് 59 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വ്(57), സ്കോട്ട് എഡ്വേര്‍ഡ്സ്(44*), തോബിയാസ് വീസേ(41), പീറ്റര്‍ സീലാര്‍(32) എന്നിവരാണ് വിജയ ശില്പികളായി മാറിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി ഷോണ്‍ വില്യംസ് 4 വിക്കറ്റ് നേടിയെങ്കിലും ജയം തടയാന്‍ സിംബാബ്‍വേയ്ക്കായില്ല.

ചരിത്രം കുറിച്ച് ബെല്‍ജിയം, ലോകകപ്പ് ജേതാക്കള്‍

നെതര്‍ലാണ്ട്സിനെ കീഴടക്കി പുരുഷ ഹോക്കി ലോകകപ്പിന്റ കിരീടം ചൂടി ബെല്‍ജിയം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ 3-2 എന്ന സ്കോറിനു കീഴടക്കിയാണ് ബെല്‍ജിയം ചരിത്രത്തിലെ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മൂന്ന് വട്ടം ലോക ജേതാക്കളായ നെതര്‍ലാണ്ട്സിനെതിരെയാണ് ടീമിന്റെ വിജയം.

നിലവില്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തിനു വേണ്ടി ഫ്ലോറെന്റ് വാന്‍ ഔബെല്‍, വിക്ടര്‍ വെഗെന്സ് എന്നിവര്‍ ഷൂട്ടൗട്ടില്‍ സ്കോര്‍ ചെയ്തപ്പോള്‍ നെതര്‍ലാണ്ട്സിനായി ജോരെന്‍ ഹെര്‍ട്സ്ബെര്‍ഗറും ജോനാസ് ഡു ഗ്യൂസുമായിരുന്നു സ്കോറര്‍മാര്‍.

അവസാന മിനുട്ടില്‍ ജീവശ്വാസമായി സമനില ഗോള്‍, എന്നിട്ടും ഷൂട്ടൗട്ടില്‍ തോല്‍വിയേറ്റു വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി ലോകകപ്പ് പുരുഷ ഹോക്കി ഫൈനലില്‍ കടന്ന് നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2നു തുല്യത പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ വിജയം 4-3നു നെതര്‍ലാണ്ട്സിനൊപ്പം നിന്നു. മത്സരം 2-1നു നെതര്‍ലാണ്ട്സ് ജയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി എഡ്ഡി ഒക്കെന്‍ഡെന്‍ സമനില ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയില്‍ 2-0നു നെതര്‍ലാണ്ട്സ് ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയ രണ്ട് ഗോളുകളും നേടിയത്.

ഒമ്പതാം മിനുട്ടില്‍ ഗ്ലെന്‍ ഷൂറ്മാനും 20ാം മിനുട്ടില്‍ സെവേ വാന്‍ ആസുമാണ് നെതര്‍ലാണ്ട്സിന്റെ സ്കോറര്‍മാര്‍. ടിം ഹോവാര്‍ഡ് 45ാം മിനുട്ടില്‍ ഓസ്ട്രേലിയയുടെ ആദ്യ ഗോള്‍ നേടി.

നാളെ നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം ആണ് നെതര്‍ലാണ്ട്സിന്റെ ഫൈനലിലെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായി ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് നെതര്‍ലാണ്ട്സ്, ക്വാര്‍ട്ടറില്‍ പൊരുതി തോറ്റു ആതിഥേയര്‍

ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ കാണാതെ ഇന്ത്യയുടെ മടക്കം. കാണികളുടെ ആവേശ്വോജ്ജ്വലമായ പിന്തുണയുടെ ബലത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യയാണ് മത്സരത്തില്‍ ലീഡ് നേടിയതെങ്കിലും ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ നെതര്‍ലാണ്ട്സ് ഒപ്പമെത്തി. അടുത്ത രണ്ട് ക്വാര്‍ട്ടറില്‍ ഗോള്‍ പിറക്കാതിരുന്നുവെങ്കിലും മത്സരം അവസാനത്തോടടുത്തപ്പോള്‍ നെതര്‍ലാണ്ട്സ് മുന്നിലെത്തി. 2-1 എന്ന സ്കോറിനായിരുന്നു മൂന്ന് വട്ടം ലോക ചാമ്പ്യന്മാരായ നെതര്‍ലാണ്ട്സിനോട് ഇന്ത്യ തോറ്റ് മടങ്ങിയത്.

മത്സരത്തിന്റെ 12ാം മിനുട്ടില്‍ ഇന്ത്യയ്ക്ക് ലഭിച്ച പെനാള്‍ട്ടി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഹര്‍മ്മന്‍പ്രീത് സിംഗ് തൊടുതത് ഷോട്ട് ഹോളണ്ട് പ്രതിരോധം തടഞ്ഞുവെങ്കിലും ആകാശ്ദീപ് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെയാണ് ഇന്ത്യയ്ക്കെതിരെ സമനില ഗോള്‍ നേടുവാന്‍ നെതര്‍ലാണ്ട്സിനു കഴിഞ്ഞത്. തിയറി ബ്രിങ്ക്മാന്‍ ആണ് ഗോള്‍ സ്കോറര്‍.

50ാം മിനുട്ടില്‍ മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ ആണ് ഇന്ത്യയുടെ ഹൃദയം തകര്‍ത്ത ഗോളിനുടമ.

ഇന്ത്യ കരുതിയിരിക്കുക, നെതര്‍ലാണ്ട്സ് എത്തുന്നത് ഗോളുകള്‍ വാരിക്കൂട്ടിയ ശേഷം

നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ഗോളുകള്‍ വാരിക്കൂട്ടിയാണ് നെതര്‍ലാണ്ട്സ് പുരുഷ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. നെതര്‍ലാണ്ട്സ് ക്രോസ് ഓവര്‍ മത്സരത്തില്‍ 5-0 എന്ന സ്കോറിനു കാനഡയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്കെതിരെ ക്വാര്‍ട്ടര്‍ പോരിനു കളമൊരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ 2-0നു നെതര്‍ലാണ്ട്സ് മുന്നിലായിരുന്നു.

തിജ്സ് വാന്‍ ഡാം രണ്ട് ഗോള്‍ നേടിയപ്പോള്‍ ലാര്‍സ് ബാല്‍ക്ക്, റോബര്‍ട്ട് കെംപെര്‍മാന്‍, തിയറി ബ്രിങ്ക്മാന്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി.

പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലാണ്ട്സ്

പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ നെതര്‍ലാണ്ട്സിനു 5-1ന്റെ ജയം. ഏഷ്യയിലെ മുന്‍ ശക്തികളായ പാക്കിസ്ഥാനെയാണ് ഡച്ച് പട തച്ച് തകര്‍ത്തത്. ആദ്യ പകുതിയില്‍ 2-1നായിരുന്നു നെതര്‍ലാണ്ട്സ് മുന്നില്‍. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി ഓറഞ്ച് പട വിജയം കൊയ്തു.

മത്സരത്തിന്റെ 7ാം മിനുട്ടില്‍ തിയറി ബ്രിങ്ക്മാന്‍ നെതര്‍ലാണ്ട്സിനെ മുന്നിലെത്തിച്ചുവെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ ഉമര്‍ ഭുട്ട പാക്കിസ്ഥാനു വേണ്ടി ഗോള്‍ മടക്കി. 27ാം മിനുട്ടില്‍ വാലെന്റിന്‍ വെര്‍ഗ നെതര്‍ലാണ്ട്സിനു ലീഡ് നേടിക്കൊടുത്തു. ബോബ ഡി വൂഗ്ഡ്, ജോറിത് ക്രൂണ്‍, മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ എന്നിവരാണ് നെതര്‍ലാണ്ട്സിന്റെ മറ്റു സ്കോറര്‍മാര്‍.

Exit mobile version