മികച്ച നിലയില്‍ നിന്ന് തകര്‍ന്ന് നേപ്പാള്‍, നെതര്‍ലാണ്ട്സിന്റെ വമ്പന്‍ തിരിച്ചുവരവ്

189 റണ്‍സിനു നെതര്‍ലാണ്ട്സിനെ പുറത്താക്കിയ ശേഷം വിജയ ലക്ഷ്യമായ 190ലേക്ക് കുതിക്കുകയായിരുന്ന നേപ്പാളിനു അപ്രതീക്ഷിത തകര്‍ച്ച. നേപ്പാളിനെ 134 റണ്‍സിനു എറിഞ്ഞ് പിടിച്ച് 55 റണ്‍സിന്റെ ജയമാണ് ഇന്ന് നേപ്പാളിന്റെ നെതര്‍ലാണ്ട്സ് ടൂറിന്റെ ഭാഗമായുള്ള ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ സ്വന്തമാക്കിയത്.

ഒരു ഘട്ടത്തില്‍ 85/1 എന്ന ശക്തമായ നിലയിലായിരുന്ന നേപ്പാള്‍ 134 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍ ഗ്യാനേന്ദ്ര മല്ല 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ദീപേന്ദ്ര സിംഗ് എയരി 33 റണ്‍സ് നേടി. 4 നേപ്പാള്‍ ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്താവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫ്രെഡ് ക്ലാസ്സെന്‍, മൈക്കല്‍ റിപ്പണ്‍, പീറ്റര്‍ സീലാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാസ് ഡി ലീഡിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 47.4 ഓവറില്‍ നേപ്പാള്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. മൈക്കല്‍ റിപ്പണ്‍ നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം (51) ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗ്(29), ബാസ് ഡി ലീഡ്(30) എന്നിവരുടെ പ്രകടനമാണ് ടീമിന്റെ സ്കോര്‍ 189ല്‍ എത്തിച്ചത്. നേപ്പാളിനായി പരസ് ഖാഡ്ക നാലും സോംപാല്‍ കാമി മൂന്ന് വിക്കറ്റും നേടി മികച്ച് നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version