ജഴ്സി നം 77 റിട്ടയര്‍ ചെയ്യുവാന്‍ തീരുമാനിച്ച് നേപ്പാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

വിരമിച്ച ക്യാപ്റ്റന്‍ പരസ് ഖഡ്കയോടുള്ള ആദരസൂചകമായി 77ാം നമ്പര്‍ ജഴ്സി റിട്ടയര്‍ ചെയ്യുവാന്‍ തീരുമാനിച്ച് നേപ്പോള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. നേപ്പാള്‍ ക്രിക്കറ്റിന് താരം നല്‍കിയ സംഭാവനകളുടെ ആദരസൂചകമായാണ് ഈ നീക്കം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പരസ് തന്റെ റിട്ടയര്‍മെന്റ് തീരുമാനം പങ്കുവെച്ചത്.

ചരിത്രം കുറിച്ച് നേപ്പാള്‍, കന്നി ഏകദിന പരമ്പര സ്വന്തമാക്കി, നേപ്പാളിനായി കന്നി ശതകവുമായി പരസ് ഖഡ്ക

നേപ്പാളിനെ ചരിത്രമായി മാറിയ ഏകദിന വിജയത്തിലേക്ക് നയിച്ച് ക്യാപ്റ്റന്‍ പരസ് ഖഡ്ക. ഇന്ന് യുഎഇയുടെ 254/6 എന്ന സ്കോര്‍ 32 പന്ത് ബാക്കി നില്‍ക്കെ മറികടന്നാണ് 2-1 എന്ന മാര്‍ജിനില്‍ തങ്ങളുടെ ആദ്യത്തെ ഏകദിന പരമ്പര വിജയം ഉറപ്പാക്കിയത്. ദുബായിയിലെ ഐസിസി അക്കാഡമിയില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഇന്ന് നേടിയ 255/6 എന്ന സ്കോര്‍. മാര്‍ച്ച് 15 2018നാണ് നേപ്പാളിനു ഏകദിന പദവി ലഭിയ്ക്കുന്നത്. അതിനു ശേഷം നെതര്‍ലാണ്ട്സുമായി പരമ്പര കളിച്ചുവെങ്കിലും അന്ന് ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് നില്‍ക്കുകയായിരുന്നു.

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്ക് വേണ്ടി ഷൈമാന്‍ അനവര്‍ 87 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. മുഹമ്മദ് ബൂട്ട(59*), സിപി റിസ്വാന്‍(45) എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഉസ്മാന്‍ 26 റണ്‍സുമായി ബാറ്റ് വീശിയാണ് യുഎഇയെ 254/6 എന്ന സ്കോറിലേക്ക് 50 ഓവറില്‍ നിന്ന് എത്തിച്ചത്. നേപ്പാളിനായി കെസി കരണ്‍, പരസ് ഖഡ്ക എന്നിവര്‍ രണ്ടും സോംപാല്‍ കമി, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചേസിംഗില്‍ 109 പന്തില്‍ നിന്ന് 115 റണ്‍സ് നേടിയ പരസ് ഖഡ്കയുടെ ഇന്നിംഗ്സാണ് മത്സരം നേപ്പാളിനു അനുകൂലമായി മാറ്റിയത്. ഗ്യാനേന്ദ്ര മല്ല 31 റണ്‍സ് നേടിയപ്പോള്‍ ആരിഫ് ഷെയ്ഖ്(21*)-സോംപാല്‍ കമി(26*) കൂട്ടുകെട്ടാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. 44.4 ഓവറില്‍ നിന്നാണ് നേപ്പാളിന്റെ ചരിത്രം കുറിച്ച വിജയം. രണ്ട് വീതം വിക്കറ്റുമായി ആഷ്ഫാക് അഹമ്മദ്, ഇമ്രാന്‍ ഹൈദര്‍ എന്നിവര്‍ യുഎഇ ബൗളര്‍മാരില്‍ മികവ് പുലര്‍ത്തി.

ആദ്യ ഏകദിന വിജയം നേടി നേപ്പാള്‍, ജയം ഒരു റണ്‍സിനു

നെതര്‍ലാണ്ട്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന് നേപ്പാള്‍-നെതര്‍ലാണ്ട്സ് രണ്ടാം ഏകദിനത്തിനിലാണ് നേപ്പാള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനു വേണ്ടി പരസ് ഖഡ്ക(51), സോംപാല്‍ കാമി(61) എന്നിവര്‍ മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 48.5 ഓവറില്‍ ടീം 216 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫ്രെഡ് ക്ലാസ്സെന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മൈക്കല്‍ റിപ്പണ്‍, പീറ്റര്‍ സീലാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

സന്ദീപ് ലാമിച്ചാനെയ്ക്കും ലളിത് ഭണ്ഡാരിയ്ക്കും ഒപ്പം മറ്റു താരങ്ങളും അവസരത്തിനൊത്തുയര്‍ന്നനപ്പോള്‍ നെതര്‍ലാണ്ട്സിനെ 50 ഓവറില്‍ 215 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു നേപ്പാള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് കൈവശമുള്ളപ്പോള്‍ 6 റണ്‍സായിരുന്നു ജയിക്കാന്‍ നെതര്‍ലാണ്ട്സിനു വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സിനു എന്നാല്‍ റണ്ണൗട്ട് രൂപത്തില്‍ അവസാന വിക്കറ്റ് നഷ്ടമായപ്പോള്‍ ഒരു റണ്‍സിന്റെ ചരിത്ര വിജയം നേപ്പാള്‍ കൈക്കലാക്കി. അവസാന ഓവര്‍ എറിഞ്ഞത് ക്യാപ്റ്റന്‍ പരസ് ഖഡ്കയായിരുന്നു.

71 റണ്‍സ് നേടിയ വെസ്‍ലി ബാരെസ്സിയാണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. ഡാനിയേല്‍ ടെര്‍ ബ്രാക്ക് 39 റണ്‍സ് നേടി. നേപ്പാളിനായി സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റും ലളിത് ഭണ്ഡാരി രണ്ട് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version