ന്യൂസിലൻഡ് പോരാട്ടത്തിന് മുന്നോടിയായി മോർക്കൽ ഇന്ത്യൻ ക്യാമ്പിൽ തിരിച്ചെത്തി

ന്യൂസിലൻഡിനെതിരായ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ബൗളിംഗ് പരിശീലകനായ മോൺ മോർക്കൽ ടീമിനൊപ്പം തിരിച്ചെത്തി. കുടുംബപരമായ ഒരു അടിയന്തരാവസ്ഥ കാരണം ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് മോർക്കൽ ക്യാമ്പ് വിട്ടിരുന്നു. ഇന്ന് അദ്ദേഹം ടീമിന്റെ പരിശീലനത്തിന്റെ ഭാഗമായി.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം മാർച്ച് 2നാകും നടക്കുക. ഇരു ടീമുകളും ഇതിനകം സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ നാട്ടിലേക്ക് മടങ്ങി

പിതാവ് ആൽബർട്ടിന്റെ ആരോഗ്യ സ്ഥിതി വഷളായതിനാൽ ഇന്ത്യയുടെ ബൗളിംഗ് പരിശീലകൻ മോർണി മോർക്കൽ നാട്ടിലേക്ക് മടങ്ങി. ദുബായിൽ ചാമ്പ്യൻസ് ട്രോഫിക്ക് ആയി ഒരുങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കുക ആയിരുന്നു മോർക്കൽ. അദ്ദേഹം ഇപ്പോൾ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയതായി ഇന്ത്യ സ്ഥിരീകരിച്ചു.

മോർക്കൽ ഇനി എന്ന് ടീമിനൊപ്പം ചേരും എന്ന് വ്യക്തമല്ല. ടൂർണമെന്റിനായി ദുബായിൽ തങ്ങുന്ന ഇന്ത്യ ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെ നേരിട്ട് കൊണ്ട് ടൂർണമെന്റ് ആരംഭിക്കും.

മോർനെ മോർക്കൽ ഇന്ത്യയുടെ ബൗളിംഗ് പരിശീലക‌ൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായി മോർണി മോർക്കലിനെ ഇന്ത്യ നിയമിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ പേസറുടെ ഇന്ത്യയുമായുള്ള കരാർ സെപ്റ്റംബർ ഒന്നിന് ആകും ആരംഭിക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൽ (എൽഎസ്‌ജി) ഇപ്പോൾ ഗൗതം ഗംഭീറിന് കീഴിൽ മോർക്കൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. എൽഎസ്ജിയിൽ ഗംഭീർ ടീം മെൻ്ററായിരുന്നപ്പോൾ മോർക്കൽ ബൗളിംഗ് പരിശീലകനായിരുന്നു.

മോർനെ മോർക്കൽ

മോർക്കലും ഗംഭീറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ (കെകെആർ) മൂന്ന് സീസണുകളിൽ ഒരുമിച്ച് കളിച്ചിട്ടുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് പരിശീലകനെന്ന നിലയിൽ മോർക്കലിൻ്റെ ആദ്യ ദൗത്യം ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആയിരിക്കും.

മോർക്കൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 247 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കരിയറിൽ 544 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

മായംഗ് യാദവിനെ പ്രശംസ കൊണ്ട് മൂടി മോര്‍ണേ മോര്‍ക്കൽ

ഐപിഎലില്‍ തന്റെ അരങ്ങേറ്റ മത്സരം കുറിച്ച് ടീമിന്റെ വിജയം സാധ്യമാക്കിയ ലക്നൗ പേസര്‍ മായംഗ് യാദവിനെ പ്രശംസ കൊണ്ട് മൂടി മോര്‍ണേ മോര്‍ക്കൽ. വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന പഞ്ചാബ് ഓപ്പണര്‍മാരിൽ നിന്ന് മത്സരം തിരികെ പിടിച്ചത് യാദവിന്റെ തീതുപ്പും സ്പെൽ ആയിരുന്നു.

കഴിഞ്ഞ വര്‍ഷം തന്നെ നിര്‍ഭാഗ്യം കൊണ്ടാണ് താരത്തിന് ഐപിഎൽ നഷ്ടമായതെന്നും സന്നാഹ മത്സരത്തിന് ശേഷം താരത്തിന് പരിക്കേൽക്കുകയായിരുന്നുവെന്നും എന്നാൽ ഇത്തവണ മെച്ചപ്പെട്ട രീതിയിൽ ടീം വര്‍ക്ക് ലോഡ് മാനേജ്മെന്റ് ചെയ്യുന്നുണ്ടെന്നും മോര്‍ക്കൽ കൂട്ടിചേര്‍ത്തു.

താരം പേസോടു കൂടി പന്തെറിയുന്നത് കണ്ണിന് കുളിര്‍മ്മ നൽകുന്ന കാഴ്ചയായിരുന്നുവെന്നാണ് ലക്നൗവിന്റെ ബൗളിംഗ് കോച്ച് ആയ മോര്‍ക്കൽ പറഞ്ഞത്. മികച്ച ലെംഗ്ത്തും ബൗൺസറുകളും ഉപയോഗിക്കുവാനാണ് താരത്തോട് ആവശ്യപ്പെട്ടതെന്നും മോര്‍ക്കൽ വ്യക്തമാക്കി.

മോർണെ മോർക്കൽ പാകിസ്താൻ ബൗളിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞു

2023 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്ഥാൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ തന്റെ സ്ഥാനം രാജിവച്ചു. ഈ ലോകകപ്പിൽ പാക്കിസ്ഥാന്റെ ബൗളിംഗ് നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. പേസ് ബൗളർമാരും സ്പിന്നർമാരും എല്ലാം പരാജയപ്പെടുന്നതാണ് ഇന്നലെ കാണാൻ ആയത്.

മോർക്കൽ തന്റെ സ്ഥാനം രാജിവച്ചതായും പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും പിസിബി അറിയിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഈ വർഷം ജൂണിൽ ആയിരുന്നു ആറ് മാസത്തെ കരാറിൽ പാകിസ്ഥാൻ ടീമിൽ ചേർന്നത്.

“പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്റെ പകരക്കാരനെ താമസിയാതെ പ്രഖ്യാപിക്കും. പാകിസ്ഥാന്റെ അടുത്ത മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ്. 2023 ഡിസംബർ 14 മുതൽ 2024 ജനുവരി 7 വരെ ഓസ്‌ട്രേലിയയിൽ ആകും ആ പരമ്പര നടക്കുക.

മോണെ മോർക്കൽ പാകിസ്താന്റെ പുതിയ ബൗളിംഗ് കോച്ച്

പാകിസ്ഥാൻ പുരുഷ ടീമിന്റെ ബോളിംഗ് കോച്ചായി മുൻ ദക്ഷിണാഫ്രിക്കൻ ഇന്റർനാഷണൽ താരമായ മോണെ മോർക്കൽ നിയമിക്കപ്പെട്ടു. ബാറ്റിംഗ് കോച്ചായി മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം ആൻഡ്രൂ പുട്ടിക്കും എത്തും. ടീമിന്റെ കൺസൾട്ടന്റായി മിക്കി ആർതറിനെ എത്തിക്കാനും പി സി ബി തീരുമാനിച്ചു.

മുൻ പാകിസ്ഥാൻ ഫീൽഡിംഗ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേൺ  മുഖ്യ പരിശീലകനായി തുടരും. ക്ലിഫ് ഡീക്കൺ  (ഫിസിയോതെറാപ്പിസ്റ്റ്), ഡ്രിക്കസ് സൈമൻ (സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ്) എന്നിവരും അവരുടെ ജോലിയിൽ തുടരും. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ ബൗളിംഗ് കോച്ചായ മോർക്കൽ ഐ പി എൽ കഴിഞ്ഞ ശേഷമാകും പാകിസ്താനൊപ്പം ചേരുക. 42 കാരനായ പുട്ടിക്ക് അടുത്ത മാസം പാക് ടീമിനൊപ്പം ചേരും.

മോണേ മോര്‍ക്കൽ വനിത ടി20 ലോകകപ്പിനുള്ള ന്യൂസിലാണ്ട് ടീമിന്റെ കോച്ചിംഗ് സംഘത്തിൽ

ന്യൂസിലാണ്ടിന്റെ വനിത ടി20 ലോകകപ്പിനുള്ള ടീമിന്റെ പരിശീലക സംഘത്തിലേക്ക് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണേ മോര്‍ക്കലും. ഫെബ്രുവരി 10ന് ദക്ഷിണാഫ്രിക്കയിലാണ് ടി20 ലോകകപ്പ് ആരംഭിയ്ക്കുന്നത്. ടൂര്‍ കോച്ച് എന്ന രീതിയിലാണ് താരം ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

2022 പുരുഷ ടി20 ലോകകപ്പിൽ നമീബിയയുടെ കോച്ചിംഗ് സംഘത്തിന്റെ ഭാഗമായിരുന്നു മോര്‍ക്കൽ. നിലവിൽ എസ്എ20യിൽ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിന്റെ ബൗളിംഗ് കോച്ചാണ് മോണേ മോര്‍ക്കൽ.

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണേ മോര്‍ക്കല്‍ പ്രാദേശിക താരമായി ബിഗ് ബാഷില്‍ കളിക്കും

സറേയിലെ തന്റെ കൊല്‍പക് കരാര്‍ അവസാനിപ്പിച്ച മോണേ മോര്‍ക്കല്‍ ബിഗ് ബാഷിലേക്ക്. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയത്. പ്രാദേശിയ താരമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഹീറ്റ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ താരമാണ് മോണേ മോര്‍ക്കല്‍.

അതേ സമയം സിഡ്നി തണ്ടര്‍ ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സിനെ സ്വന്തമാക്കിയിട്ടുണ്ട്.

സറേയുമായുള്ള കരാര്‍ അവസാനിപ്പിച്ച് മോണേ മോര്‍ക്കല്‍സ

സറേയുമായുള്ള തന്റെ മൂന്ന് വര്‍ഷത്തേ കരാര്‍ അവസാനിപ്പിച്ച് മോണേ മോര്‍ക്കല്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം 2018ല്‍ ആണ് ദക്ഷിണാഫ്രിക്കന്‍ താരം സറേയുമായി കൊല്‍പക് കരാറിലെത്തുന്നത്. 2021 ല്‍ താരം ടീമിനൊപ്പം തിരികെ എത്തുമെന്നാണ് കൗണ്ടി ചീഫ് റിച്ചാര്‍ഡ് ഗൗല്‍ഡ് പ്രതീക്ഷിച്ചതെങ്കിലും ക്ലബിന്റെ ആരാധകര്‍ക്ക് അയയ്ച്ച തുറന്ന കത്തിലാണ് മോര്‍‍ക്കല്‍ തന്റെ തീരുമാനം അറിയിച്ചത്.

കൊറോണ കൊണ്ടുവന്ന യാത്ര വിലക്കുകളും ക്വാറന്റീന്‍ നിയമങ്ങളും തന്റെ കുടുംബത്തില്‍ നിന്ന് ഏറെക്കാലം വേറിട്ട് നില്‍ക്കുവാന്‍ ഇടയാക്കുമെന്നതിനാല്‍ തന്നെ ഇനി ഒരു മടങ്ങിവരവ് സാധ്യമല്ലെന്നാണ് മോര്‍ക്കല്‍ വ്യക്തമാക്കിയത്.

2018ല്‍ സറേയിലെ ആദ്യ സീസണില്‍ തന്നെ 59 വിക്കറ്റുകളുമായി താരം ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. അന്ന് 2002ന് ശേഷം ആദ്യമായിട്ടാണ് സറേ കിരീട ജേതാക്കളാകുന്നത്.

ഏറ്റവും പ്രയാസം നേരിട്ടത് അശ്വിനെയും ഈ താരങ്ങളെയും നേരിടാന്‍ – തമീം ഇക്ബാല്‍

തന്റെ കരിയറില്‍ ഏറ്റവും പ്രയാസം നേരിട്ടത് ഈ മൂന്ന് താരങ്ങളെ നേരിടുവാനാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് താരം തമീം ഇക്ബാല്‍. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍, പാക്കിസ്ഥാന്‍ സ്പിന്നര്‍ സൈയ്ദ് അജ്മല്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണെ മോര്‍ക്കല്‍ എന്നിവരാണ് തമീം ഇക്ബാല്‍ പറഞ്ഞ താരങ്ങള്‍.

ഇതില്‍ തന്നെ സൈയ്ദ് അജ്മലായിരുന്നു തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച താരമെന്നും തമീം വെളിപ്പെടുത്തി. തന്റെ ഏറ്റവും മികവിന്റെ പാരമ്യത്തില്‍ സൈയ്ദ് അജ്മലിന്റെ പന്തുകള്‍ നേരിടുവാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അവയെ മനസ്സിലാക്കുവാന്‍ തനിക്ക് കഴിയാറില്ലായിരുന്നുവെന്നും ഇക്ബാല്‍ വ്യക്തമാക്കി.

ബോര്‍ഡിന്റെ ഇടപെടലില്ലെങ്കില്‍ ഇനിയും താരങ്ങള്‍ ഇത്തരത്തില്‍ വിട പറയും

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ ശക്തമായ ഇടപെടല്‍ ഇല്ലെങ്കില്‍ കോല്‍പക് കരാര്‍ തിരഞ്ഞെടുത്ത് കൂടുതല്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിന്ന് വിട പറയുമെന്ന് അറിയിച്ച് മുന്‍ പേസ് ബൗളര്‍ മോണെ മോര്‍ക്കല്‍. ദക്ഷിണാഫ്രിക്കയിലെ ക്വാട്ട സിസ്റ്റം മൂലം അര്‍ഹമായ അവസരങ്ങളില്ലാത്തതും മികച്ച വരുമാനമില്ലായ്മയുമാണ് താരങ്ങളെ ഇത്തരത്തില്‍ ഇംഗ്ലണ്ട് കൗണ്ടികളിലേക്ക് ചേക്കേറുവാന്‍ പ്രേരിപ്പിക്കുന്നത്. ഏറ്റവും പുതുതായി മികച്ച രീതിയില്‍ പന്തെറിഞ്ഞ ദേശീയ ടീമില്‍ പാക്കിസ്ഥാനെതിരെ മാന്‍ ഓഫ് ദി സീരീസ് പട്ടം നേടിയ ഡുവാന്നെ ഒളിവിയര്‍ ഇത്തരം തീരുമാനം കൈകൊണ്ടതും ടീമിനു വലിയ തിരിച്ചടിയായിട്ടുണ്ട്.

ദേശീയ കരാര്‍ കൊടുക്കാമെന്ന ബോര്‍ഡിന്റെ ഉറപ്പ് ഉണ്ടായിട്ടും 2017ല്‍ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം നടത്തിയ 10 ടെസ്റ്റില്‍ നിന്നായി 48 വിക്കറ്റ് നേടിയ ഡുവാന്നെ ഒളിവിയര്‍ കളി മതിയാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 96 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 399 വിക്കറ്റുകള്‍ നേടിയ താരമാണ് ഒളിവിയര്‍.

ഭാവിയില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഇനിയും ഇനിയും താരങ്ങളെ ഇത്തരത്തില്‍ ടീമിനു നഷ്ടമാകുമെന്നാണ് മോണെ മോര്‍ക്കല്‍ പറഞ്ഞത്. റിട്ടയര്‍മെന്റിനു ശേഷം ജീവിക്കുവാനുള്ള തുക താരങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് താരങ്ങള്‍ ഇത്തരം മെച്ചപ്പെട്ട മേച്ചില്‍പുറം തേടി വിടപറയുവാന്‍ കാരണം. ഇത് കൂടാതെ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതും താരങ്ങളെ ഈ തീരൂമാനത്തിലേക്ക് എത്തിക്കുന്നു.

ഒളിവിയര്‍ ഡുവാന്നെയുടെ തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്നും അതിനെ മാനിക്കണമെന്നും പറഞ്ഞ മോണെ മോര്‍ക്കല്‍ എന്നാല്‍ ഇത്തരം തീരുമാനങ്ങ്‍ ടീമിനു നല്ലതല്ല എന്ന് പറഞ്ഞു.

മോര്‍ക്കല്‍ പ്രാദേശിക താരമായി ബിഗ്ബാഷില്‍ 2020-21 സീസണില്‍ കളിച്ചേക്കും

ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ മോണെ മോര്‍ക്കല്‍ 2020-21 സീസണ്‍ ബിഗ് ബാഷില്‍ പ്രാദേശിക താരമായി കളിച്ചേക്കുമെന്ന് സൂചന. ഓസ്ട്രേലിയയിലേക്ക് കുടുംബസമ്മേതം താമസം മാറിയ മോര്‍ക്കല്‍ ബിഗ് ബാഷിലും ഷെഫീല്‍ഡ് ഷീല്‍ഡിലും കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. മോര്‍ക്കലിന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഉണ്ടെങ്കിലും താരത്തിനു ടൂറിസ്റ്റ് വിസ മാത്രമാണ് കൈവശമുള്ളത്.

ഓസ്ട്രേലിയന്‍ പൗരന്‍ ആകുവാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെങ്കിലും താരത്തിനു സ്ഥിര താമസത്തിന്റെ അനുമതി ലഭിച്ചാല്‍ ബിഗ് ബാഷ് പത്താം സീസണില്‍ താരം പ്രാദേശിക താരമായി കളിച്ചേക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇതിനു ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്റെയും അനുമതി കൂടി വേണ്ടതുണ്ട്.

ഓസ്ട്രേലിയയെ പ്രാതിനിധ്യം ചെയ്യുവാന്‍ അര്‍ഹനാണെന്നും മറ്റു ഐസിസി മുഴുവന്‍ അംഗങ്ങളെ പ്രതിനിധീകരിക്കുവാന്‍ ശ്രമം നടത്തുകയുമില്ലെന്ന് ബോധ്യം വന്നാല്‍ ഒരു പെര്‍മെനന്റ് റെസിഡന്റിനെ പ്രാദേശിക ക്രിക്കറ്ററായി പരിഗണിക്കാമെന്നാണ് നിയമം. എന്നാല്‍ ഇതെല്ലാം ബിഗ് ബാഷിലെ ടീമോ അല്ലേല്‍ ഏതെങ്കിലും ഷെഫീല്‍ഡ് ഷീല്‍ഡ് കളിക്കുന്ന ടീമോ താരത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനെ സഹായിക്കുന്നതനുസരിച്ചായിരിക്കുമെന്നാണ് അറിയുന്നത്.

2019-20 സീസണില്‍ താരത്തിനു പ്രാദേശിക കളിക്കാരനായി പങ്കെടുക്കാനാകില്ല എന്നാണ് അറിയുന്നത്. സറെയ്ക്കായി കൗണ്ടി ക്രിക്കറ്റ് കളിക്കുവാനായി അഞ്ച് മാസത്തോളം യുണൈറ്റഡ് കിംഗ്ഡമില്‍ താമസിക്കേണ്ടി വരുമെന്നതിനാല്‍ തന്നെ താരത്തിനു പെര്‍മെനന്റ് റെസിഡന്‍സി ലഭിയ്ക്കില്ല എന്നാണ് അറിയുന്നത്. താന്‍ ഇനി ഓസ്ട്രേലിയയില്‍ ആണ് താമസിക്കുവാന്‍ പോകുന്നതെന്ന് ഉറപ്പാണെന്ന് അതിനാല്‍ തന്നെ പാസ്പോര്‍ട്ടിന്റെയും വിസയുടെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയെന്നാണ് തന്റെ ഇപ്പോളത്തെ നിലപാടെന്നും മോണെ മോര്‍ക്കല്‍ പറഞ്ഞു.

Exit mobile version