ഏഷ്യ കപ്പ് ഫേവറൈറ്റുകള്‍ പാക്കിസ്ഥാന്‍ : സയ്യദ് അജ്മൽ

ഏഷ്യ കപ്പ് 2023 വിജയിക്കുവാന്‍ ഫേവറൈറ്റുകള്‍ പാക്കിസ്ഥാനാണന്ന് പറഞ്ഞ് സയ്യദ് അജ്മൽ. ഓഗസ്റ്റ് 30ന് നേപ്പാളിനെതിരെ തങ്ങളുടെ ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുന്ന പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ പരമ്പരയിൽ കരുതുറ്റ വിജയം നേടിയിരുന്നു. ശ്രീലങ്കയിൽ നടന്ന പരമ്പരയിലെ സാഹചര്യങ്ങളുമായി പാക്കിസ്ഥാന്‍ വേഗത്തിൽ പൊരുത്തപ്പെട്ടതും ഏഷ്യ കപ്പിൽ ടീമിന് ഗുണം ചെയ്യുമെന്ന് അജ്മൽ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ഏഷ്യ കപ്പ് വിജയിക്കുകയും ലോകകപ്പിന്റെ സെമി ഫൈനലിലെത്തുമെന്നാണ് തന്റെ പ്രവചനമെന്നും പാക്കിസ്ഥാന്റെ പേസര്‍മാര്‍ ടീമിനെ മറ്റു ടീമുകളിൽ നിന്ന് വേറിട്ട് നിൽക്കുവാന്‍ സഹായിക്കുമെന്നും അജ്മൽ വ്യക്തമാക്കി. ഷഹീന്‍ അഫ്രീദിയും നസീം ഷായും ന്യൂ ബോളിൽ വിക്കറ്റ് നേടാന്‍ മിടുക്കരാണെങ്കിലും ഹാരിസ് റൗഫ് ഡെത്ത് ബൗളിംഗിൽ മികവാര്‍ന്ന ബൗളറാണെന്നും അജ്മൽ സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ ഒരു മത്സരമെങ്കിലും ഇംഗ്ലണ്ടില്‍ ജയിച്ചാല്‍ അത് അത്ഭുതം

ഇംഗ്ലണ്ടില്‍ ഒരു മത്സരമെങ്കിലും പാക്കിസ്ഥാന്‍ വിജയിച്ചാല്‍ അത് അത്ഭുതമെന്ന് കരുതണമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ താരം സയ്യദ് അജ്മല്‍. മൂന്ന് ടെസ്റ്റിലും മൂന്ന് ടി20യിലുമാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

പാക്കിസ്ഥാനിലെ കോവിഡ് സാഹചര്യങ്ങള്‍ കാരണം ടീമിന് പാക്കിസ്ഥാനില്‍ പരിശീലനം നടത്തുവാനായിരുന്നില്ല. അതിനാല്‍ തന്നെ ടീം ഇംഗ്ലണ്ടിലേക്ക് നേരത്തെ തന്നെ യാത്രയാകുകയായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ടീമിലെ താരങ്ങള്‍ക്ക് അധികം പരിചയമില്ലെന്നത് തന്നെയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രശ്നമെന്നും അജ്മല്‍ വ്യക്തമാക്കി.

പരമ്പര വിജയിക്കുന്നത് പോയിട്ട് ഒരു മത്സരം പോലും ജയിക്കുന്നത് പാക്കിസ്ഥാന് പ്രയാസകരമായ കാര്യമാണെന്നാണ് മുന്‍ താരം പറഞ്ഞത്. ഒരു പാക്കിസ്ഥാനി എന്ന നിലയില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അജ്മല്‍ വ്യക്തമാക്കി.

ഏറ്റവും പ്രയാസം നേരിട്ടത് അശ്വിനെയും ഈ താരങ്ങളെയും നേരിടാന്‍ – തമീം ഇക്ബാല്‍

തന്റെ കരിയറില്‍ ഏറ്റവും പ്രയാസം നേരിട്ടത് ഈ മൂന്ന് താരങ്ങളെ നേരിടുവാനാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് താരം തമീം ഇക്ബാല്‍. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍, പാക്കിസ്ഥാന്‍ സ്പിന്നര്‍ സൈയ്ദ് അജ്മല്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണെ മോര്‍ക്കല്‍ എന്നിവരാണ് തമീം ഇക്ബാല്‍ പറഞ്ഞ താരങ്ങള്‍.

ഇതില്‍ തന്നെ സൈയ്ദ് അജ്മലായിരുന്നു തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച താരമെന്നും തമീം വെളിപ്പെടുത്തി. തന്റെ ഏറ്റവും മികവിന്റെ പാരമ്യത്തില്‍ സൈയ്ദ് അജ്മലിന്റെ പന്തുകള്‍ നേരിടുവാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അവയെ മനസ്സിലാക്കുവാന്‍ തനിക്ക് കഴിയാറില്ലായിരുന്നുവെന്നും ഇക്ബാല്‍ വ്യക്തമാക്കി.

ഇന്നും സച്ചിനെ ഔട്ട് വിധിക്കാത്ത ബില്ലി ബൗഡന്റെ തീരുമാനം തന്നെ അസ്വസ്ഥപ്പെടുത്തുന്നു – സയ്ദ് അജ്മല്‍

2011 ലോകകപപ് സെമിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ എല്‍ബിഡബ്ല്യു വിളിക്കാതെ വിട്ട ബില്ലി ബൗഡന്റെ തീരുമാനത്തെക്കുറിച്ച് ഇപ്പോളും ഓര്‍ക്കുമ്പോള്‍ തനിക്ക് ഏറെ അസ്വസ്ഥതയുണ്ടാകുന്നുണ്ടെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ സയ്ദ് അജ്മല്‍. സച്ചിന്‍ 23 റണ്‍സില്‍ നില്‍ക്കവേയാണ് അജ്മല്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ വിക്കറ്റിന് മുന്നില്‍ കുടുക്കുന്നത്.

അന്നത്തെ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ് ഔട്ട് വിധിച്ചുവെങ്കിലും ഇന്ത്യ ഡിആര്‍എസ് ഉപയോഗിച്ച് തീരുമാനം പുനഃപരിശോധിക്കുകായയിരുന്നു. അന്നത്തെ തേര്‍ഡ് അമ്പയര്‍ ആയ ബില്ലി ബൗഡന്‍ എന്നാല്‍ തീരുമാനം തെറ്റാണെന്ന് വിധിച്ച് സച്ചിന് വേറൊരു അവസരം കൂടി നല്‍കുകയായിരുന്നു.

നൂറ് ശതമാനം അത് ഔട്ടാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് സയ്ദ് അജ്മല്‍ പറയുന്നത്. ഇയാന്‍ ഗൗള്‍ഡും അത് തന്നെയാണ് ചിന്തിച്ചതെന്നും എന്നാല്‍ ബില്ലി ബൗഡന്‍ അതിന് വിപരീതമായി തീരുമാനിക്കുകയും സച്ചിന്‍ പിന്നീട 85 റണ്‍സ് നേടി ഇന്ത്യയെ 260 റണ്‍സിലേക്ക് നയിക്കുകയായിരുന്നു.

സച്ചിനൊപ്പം അന്ന് ഭാഗ്യമുണ്ടായിരുന്നുവെന്നാണ് അജ്മല്‍ പറയുന്നത്. മത്സരത്തില്‍ 29 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. സച്ചിന്‍ നേടിയ 85 റണ്‍സാണ് കളി മാറ്റി മറിച്ചതെന്നും ബില്ലി ബൗഡന്റെ ആ തീരുമാനം തന്നെ ഇന്നും അലട്ടുന്നുണ്ടെന്ന് അജ്മല്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ബൗളറായത് കൊണ്ടാണ് തന്നെ ഐസിസി വിലക്കിയത് – സയ്യദ് അജ്മല്‍

താനൊരു പാക്കിസ്ഥാന്‍ ബൗളര്‍ ആയതിനാലാണ് തന്നെ ഐസിസി വിലക്കിയതെന്ന് പറഞ്ഞ് സയ്യദ് അജ്മല്‍. 2009ല്‍ യുഎഇയില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കിടെ ആദ്യമായി സയ്യദ് അജ്മലിന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു.

2009ല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ശേഷം 2014ല്‍ ക്ലിയറന്‍സ് ലഭിച്ചപ്പോള്‍ ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടി വന്ന അജ്മലിന് പിന്നീട് തന്റെ ദൂസര എറിയുവാന്‍ സാധിച്ചിട്ടില്ല. ശ്രീലങ്കയ്ക്കെതിരെ 2014ലെ ഒരു ടെസ്റ്റ് മത്സരത്തിലാണ് തന്നെ രണ്ടാമത് വിലക്കുന്നത്. മുത്തയ്യ മുരളീധരന്റെ റിട്ടയര്‍മെന്റിന് ശേഷം ഐസിസിയ്ക്ക് പാക്കിസ്ഥാന്‍ ബോര്‍ഡ് ഈ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകാതെ നില്‍ക്കുമെന്നത് ഉറപ്പായിരുന്നുവെന്നും അജ്മല്‍ കൂട്ടിചേര്‍ത്തു. തന്റെ ആദ്യ വിലക്കിന്റെ സമയത്ത് പരിഗണിച്ച മെഡിക്കല്‍ സാഹചര്യങ്ങളൊന്നും പിന്നീട് ഐസിസി പരിഗണിച്ചില്ല.

മുത്തയ്യ മുരളീധരന്‍ ഉണ്ടായപ്പോള്‍ ലഭിച്ച ആനുകൂല്യം 2009ല്‍ തനിക്കും ലഭിച്ചു. പക്ഷേ മുരളീധരന്‍ വിടവാങ്ങിയ ശേഷം സയ്യദ് അജ്മല്‍ ഒരു പാക്കിസ്ഥാന്‍ താരമായതിനാല്‍ തന്നെ ഐസിസി അവഗണിച്ചുവെന്നും ആരോഗ്യ കാരണങ്ങളൊന്നും പരിഗണിച്ച് കണ്ടില്ലെന്നും അജ്മല്‍ വ്യക്തമാക്കി.

പാക്കിസഅഥാന് വേണ്ടി 113 ഏകദിനങ്ങളില്‍ നിന്ന് 184 വിക്കറ്റും 64 ടി20യില്‍ നിന്ന് 85 വിക്കറ്റും നേടിയ അജ്മല്‍ ടെസ്റ്റില്‍ 35 മത്സരങ്ങളില്‍ നിന്ന് 178 വിക്കറ്റാണ് നേടിയത്. രണ്ടാമതും അജ്മലിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐസിസി 2015ല്‍ അജ്മലിനെ വിലക്കുകയായിരുന്നു.

Exit mobile version