ബോര്‍ഡിന്റെ ഇടപെടലില്ലെങ്കില്‍ ഇനിയും താരങ്ങള്‍ ഇത്തരത്തില്‍ വിട പറയും

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ ശക്തമായ ഇടപെടല്‍ ഇല്ലെങ്കില്‍ കോല്‍പക് കരാര്‍ തിരഞ്ഞെടുത്ത് കൂടുതല്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിന്ന് വിട പറയുമെന്ന് അറിയിച്ച് മുന്‍ പേസ് ബൗളര്‍ മോണെ മോര്‍ക്കല്‍. ദക്ഷിണാഫ്രിക്കയിലെ ക്വാട്ട സിസ്റ്റം മൂലം അര്‍ഹമായ അവസരങ്ങളില്ലാത്തതും മികച്ച വരുമാനമില്ലായ്മയുമാണ് താരങ്ങളെ ഇത്തരത്തില്‍ ഇംഗ്ലണ്ട് കൗണ്ടികളിലേക്ക് ചേക്കേറുവാന്‍ പ്രേരിപ്പിക്കുന്നത്. ഏറ്റവും പുതുതായി മികച്ച രീതിയില്‍ പന്തെറിഞ്ഞ ദേശീയ ടീമില്‍ പാക്കിസ്ഥാനെതിരെ മാന്‍ ഓഫ് ദി സീരീസ് പട്ടം നേടിയ ഡുവാന്നെ ഒളിവിയര്‍ ഇത്തരം തീരുമാനം കൈകൊണ്ടതും ടീമിനു വലിയ തിരിച്ചടിയായിട്ടുണ്ട്.

ദേശീയ കരാര്‍ കൊടുക്കാമെന്ന ബോര്‍ഡിന്റെ ഉറപ്പ് ഉണ്ടായിട്ടും 2017ല്‍ അന്താരാഷ്ട്ര ടെസ്റ്റ് അരങ്ങേറ്റം നടത്തിയ 10 ടെസ്റ്റില്‍ നിന്നായി 48 വിക്കറ്റ് നേടിയ ഡുവാന്നെ ഒളിവിയര്‍ കളി മതിയാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 96 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 399 വിക്കറ്റുകള്‍ നേടിയ താരമാണ് ഒളിവിയര്‍.

ഭാവിയില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഇനിയും ഇനിയും താരങ്ങളെ ഇത്തരത്തില്‍ ടീമിനു നഷ്ടമാകുമെന്നാണ് മോണെ മോര്‍ക്കല്‍ പറഞ്ഞത്. റിട്ടയര്‍മെന്റിനു ശേഷം ജീവിക്കുവാനുള്ള തുക താരങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാണ് താരങ്ങള്‍ ഇത്തരം മെച്ചപ്പെട്ട മേച്ചില്‍പുറം തേടി വിടപറയുവാന്‍ കാരണം. ഇത് കൂടാതെ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതും താരങ്ങളെ ഈ തീരൂമാനത്തിലേക്ക് എത്തിക്കുന്നു.

ഒളിവിയര്‍ ഡുവാന്നെയുടെ തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്നും അതിനെ മാനിക്കണമെന്നും പറഞ്ഞ മോണെ മോര്‍ക്കല്‍ എന്നാല്‍ ഇത്തരം തീരുമാനങ്ങ്‍ ടീമിനു നല്ലതല്ല എന്ന് പറഞ്ഞു.

Exit mobile version