ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് എതിരെ ടോസ് ജയിച്ച് ന്യൂസിലൻഡ്

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ ബാറ്റിങ് ആണ് അവർക്ക് ഗുണം ചെയ്യുക എന്ന് വിശ്വസിക്കുക ആയിരുന്നു‌. പാകിസ്താനെതിരെ ഇന്ത്യ കളിച്ച പിച്ചിൽ ആണ് ഇന്ന് ഫൈനൽ നടക്കുന്നത്.

ന്യൂസിലൻഡ് ടീമിൽ മാറ്റ് ഹെൻറി ഇല്ല പകരം സ്മിത്ത് ആണ് കളിക്കുന്നത്. ഇന്ത്യൻ ടീമിൽ മാറ്റമില്ല.

ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസ് വിജയവുമായി കീവിസ് സംഘം

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാണ്ടും ഏറ്റുമുട്ടും. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ  വിജയം നേടിയാണ് ന്യൂസിലാണ്ട് ഫൈനൽ പോരാട്ടത്തിനുള്ള അവസരം നേടിയിരിക്കുന്നത്. നേരത്തെ ഗ്രൂപ്പ് എയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു വിജയം.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 362/6 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ 312 റൺസ് മാത്രമേ നേടാനായുള്ളു.  മത്സരം ഏറെക്കുറെ കൈവിട്ട ശേഷം ഡേവിഡ് മില്ലറുടെ അതിവേഗ ശതകം ആണ് ടീമിനെ 300 കടക്കുവാന്‍ സഹായിച്ചത്.

മിച്ചൽ സാന്റനര്‍ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് തലവേദന സൃഷ്ടിച്ചപ്പോള്‍ 69 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 56 റൺസ് നേടിയ ടെംബ ബാവുമയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ പ്രതിരോധം സൃഷ്ടിച്ചത്.

മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ സാധ്യത അവസാനിച്ച ശേഷം  ശതകവുമായി ഡേവിഡ് മില്ലര്‍ ടീമിന്റെ തോൽവി ഭാരം കുറച്ചു. തന്റെ അര്‍ദ്ധ ശതകത്തിന് ശേഷം അതിവേഗ സ്കോറിംഗ് മില്ലര്‍ നടത്തിയപ്പോള്‍ താരം 67 പന്തിൽ നിന്ന് 100 റൺസ് നേടി പുറത്താകാതെ നിന്ന് ദക്ഷിണാഫ്രിക്കയെ 312/9 എന്ന സ്കോറിലെത്തിക്കുകയായിരുന്നു.

ന്യൂസിലാണ്ടിന് വേണ്ടി മിച്ചൽ സാന്റനര്‍ മൂന്ന് വിക്കറ്റും മാറ്റ് ഹെന്‍റി, ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ശതകങ്ങളുമായി രവീന്ദ്രയും വില്യംസണും, ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍

ചാമ്പ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് വേണ്ടി രച്ചിന്‍ രവീന്ദ്രയും കെയിന്‍ വില്യംണും ശതകങ്ങള്‍ നേടിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിൽ 362 റൺസ് എന്ന മികച്ച സ്കോറാണ് ന്യൂസിലാണ്ട് നേടിയത്. അവസാന ഓവറുകളിൽ ഡാരിൽ മിച്ചലും ഗ്ലെന്‍ ഫിലിപ്പ്സും അടിച്ച് തകര്‍ത്തപ്പോള്‍ ന്യൂസിലാണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പടുകൂറ്റന്‍ ലക്ഷ്യമാണ് നൽകിയത്.

48 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ വിൽ യംഗ് – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ടിനെ ലുംഗിസാനി എന്‍ഗിഡി തകര്‍ത്തപ്പോള്‍ 21 റൺസ് നേടിയ വിൽ യംഗിനെയാണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടമായത്.

പിന്നീട് രണ്ടാം വിക്കറ്റിൽ രച്ചിന്‍ രവീന്ദ്ര – കെയിന്‍ വില്യംസൺ കൂട്ടുകെട്ട് മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ന്യൂസിലാണ്ട് കരുതുറ്റ് സ്കോറിലേക്ക് നീങ്ങി.

രച്ചിന്‍ രവീന്ദ്ര തന്റെ ഐസിസി മത്സരയിനത്തിലെ അഞ്ചാം ശതകം നേടിയപ്പോള്‍ ന്യൂസിലാണ്ട് 200 എന്ന സ്കോറും കടന്ന് മുന്നോട്ട് നീങ്ങി. കെയിന്‍ വില്യംസണും അനായാസം ബാറ്റ് വീശിയപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് ന്യൂസിലാണ്ട് എത്തുമെന്ന് ഉറപ്പായി.

ശതകം നേടി അധികം വൈകാതെ രവീന്ദ്രയെ ന്യൂസിലാണ്ടിന് നഷ്ടപ്പെടുകയായിരുന്നു. 174 റൺസാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. തുടര്‍ന്ന് കെയിന്‍ വില്യംസൺ തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും 102 റൺസ് നേടി താരവും പുറത്തായി.

ഡാരിൽ മിച്ചലും ഗ്ലെന്‍ ഫിലിപ്പ്സും അതിവേഗ സ്കോറിംഗുമായി ന്യൂസിലാണ്ടിനെ 300 കടത്തിയപ്പോള്‍ മിച്ചൽ 49 റൺസ് നേടി പുറത്തായി. ഫിലിപ്പ്സ് 27 പന്തിൽ പുറത്താകാതെ 49 റൺസാണ് നേടിയത്.

മധുര പ്രതികാരം!!! ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 264 റൺസിന് പുറത്തായപ്പോള്‍ ഇന്ത്യ 48.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് നേടിയാണ് വിജയം കരസ്ഥമാക്കിയത്.

വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ശ്രേയസ്സ് അയ്യര്‍, കെഎൽ രാഹുല്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും അക്സര്‍ പട്ടേൽ, ഹാര്‍ദ്ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളും ഇന്ത്യയുടെ വിജയത്തിന് സഹായിച്ചു.

പവര്‍പ്ലേയ്ക്കുള്ളിൽ ശുഭ്മന്‍ ഗില്ലനെ (8)നഷ്ടമായ ഇന്ത്യയ്ക്ക് എട്ടാം ഓവറിൽ രോഹിത്തിനെയും നഷ്ടമായി. 28 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിൽ 43 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നു.

ആ ഘട്ടത്തിൽ നിന്ന് വിരാട് കോഹ്‍ലി ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 91 റൺസ് നേടിയെങ്കിലും 45 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ ആഡം സംപ ബൗള്‍ഡാക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു.

51 റൺസിൽ കോഹ്‍ലിയെ കൈവിട്ടത് ഓസ്ട്രേലിയയ്ക്ക് തലവേദനയാകുകയായിരുന്നു. അക്സറുമായി 44 റൺസും കെഎൽ രാഹുലുമായി 47 റൺസും കോഹ്‍ലി ഇന്ത്യയ്ക്കായി നേടി.

അക്സര്‍ 27 റൺസ് നേടി പുറത്തായപ്പോള്‍ കോഹ്‍ലി 84 റൺസ് നേടിയാണ് പുറത്തായത്. കോഹ്‍ലിയുടെ വിക്കറ്റും ആഡം സംപയ്ക്കായിരുന്നു. 46 ഓവറിൽ ഇന്ത്യ 238/5 എന്ന നിലയിലായിരുന്നു. സംപ എറിഞ്ഞ 47ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രം വന്നപ്പോള്‍ അവസാന രണ്ട് പന്തിൽ തുടരെ സിക്സറുകള്‍ നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ ലക്ഷ്യം 18 പന്തിൽ 12 റൺസാക്കി മാറ്റി.

48ാം ഓവറിൽ ഹാര്‍ദ്ദിക് പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തിന് 6 റൺസ് അകലെയായിരുന്നു. 24 പന്തിൽ നിന്ന് 28 റൺസാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നേടിയത്. രാഹുലും ഹാര്‍ദ്ദിക്കും ചേര്‍ന്ന് നി‍ര്‍ണ്ണായകമായ 34 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്.

മാക്സ്വെൽ എറിഞ്ഞ 49ാം ഓവറിലെ ആദ്യ പന്തിൽ കെഎൽ രാഹുല്‍ സിക്സര്‍ നേടിയപ്പോള്‍ ഇന്ത്യ തങ്ങളുടെ 4 വിക്കറ്റ് വിജയം പൂര്‍ത്തിയാക്കി. കെഎൽ രാഹുല്‍ 34 പന്തിൽ നിന്ന് 42 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

ഫൈനലിലെത്തുവാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ ലക്ഷ്യം 265 റൺസ്

ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഓസ്ട്രേലിയയ്ക്ക് നേടാനായത് 264 റൺസ്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ നിരയിൽ സ്റ്റീവന്‍ സ്മിത്ത്, അലക്സ് കാറെ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് മികച്ച് നിന്നത്. 49.3 ഓവറിൽ ഓസ്ട്രേലിയ ഓള്‍ഔട്ട് ആകുകയായിരുന്നു.

തുടക്കത്തിൽ തന്നെ കോപ്പര്‍ കൊന്നോലിയെ മൊഹമ്മദ് ഷമി പുറത്താക്കിയെങ്കിലും ട്രാവിസ് ഹെഡ് – സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. അപകടകരമായ കൂട്ടുകെട്ടിനെ തകര്‍ത്തത് ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വരുൺ ചക്രവര്‍ത്തിയായിരുന്നു.

33 പന്തിൽ 39 റൺസ് നേടിയ ട്രാവിസ് ഹെഡിനെ നഷ്ടമായപ്പോള്‍ രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 50 റൺസാണ് നേടിയത്. ഹെഡ് പുറത്തായ ശേഷം സ്മിത്തിന് കൂട്ടായി എത്തിയ മാര്‍നസ് ലാബൂഷാനെയും റൺസ് കണ്ടെത്തിയപ്പോള്‍ ഓസ്ട്രേലിയ 100 കടന്നു.

46 റൺസ് നേടി മൂന്നാം വിക്കറ്റിൽ ഓസ്ട്രേലിയ നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് രവീന്ദ്ര ജഡേജ ലാബൂഷാനെയുടെ അന്തകനായി എത്തിയത്. 29 റൺസാണ് ലാബൂഷാനെ നേടിയത്.

അധികം വൈകാതെ ജോഷ് ഇംഗ്ലിസിനെയും ജഡേജ മടക്കിയയച്ചപ്പോള്‍ ഓസ്ട്രേലിയ 144/4 എന്ന നിലയിലായിരുന്നു. 54 റൺസ് സ്റ്റീവ് സ്മിത്തും അലക്സ് കാറെയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയപ്പോള്‍ 73 റൺസ് നേടിയ സ്മിത്തിനെ ഷമിയാണ് പുറത്താക്കിയത്. മാക്സ്വെല്ലിനെ തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേൽ പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 205/6 എന്ന നിലയിലായിരുന്നു.

അലക്സ് കാറെ തന്റെ അര്‍ദ്ധ ശതകം തികച്ച് അവസാന ഓവറുകളിൽ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ശ്രേയസ്സ് അയ്യര്‍ മികച്ചൊരു ഡയറക്ട് ഹിറ്റിലൂടെ താരത്തെ പവലിയനിലേക്ക് മടക്കിയയ്ച്ചത്. 57 പന്തിൽ നിന്ന് 61 റൺസായിരുന്നു കാറെ നേടിയത്.

ഇന്ത്യക്ക് എതിരെ ടോസ് ജയിച്ച് ഓസ്ട്രേലിയ, വരുൺ ചക്രവർത്തി ടീമിൽ

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയ ടോസ് നേടി. ടോസ് ജയിച്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യ ന്യൂസിലൻഡിന് എതിരെ കളിച്ച അതേ ഇലവനുമായാണ് ഇറങ്ങുന്നത്. വരുൺ ചക്രവർത്തി ടീമിൽ ഉണ്ട്.

🇮🇳 (Playing XI): Rohit Sharma (c), Shubman Gill, Virat Kohli, Shreyas Iyer, Axar Patel, KL Rahul (wk), Hardik Pandya, Ravindra Jadeja, Mohammad Shami, Kuldeep Yadav, Varun ച്ഛക്രവർത്യ്

🇦🇺 (Playing XI): Cooper Connolly, Travis Head, Steve Smith (c), Marnus Labuschagne, Josh Inglis (wk), Alex Carey, Glenn Maxwell, Ben Dwarshuis, Nathan Ellis, Adam Zampa, Tanveer Sangha

വരുൺ ചക്രവർത്തിയിൽ മാത്രമല്ല ഓസ്ട്രേലിയയുടെ ശ്രദ്ധ – സ്മിത്ത്

ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യയുടെ സ്പിൻ ആക്രമണത്തെക്കുറിച്ചുള്ള സംസാരിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലൻഡിനെതിരെ അഞ്ച്യ് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തി മാത്രമല്ല ഇന്ത്യയുടെ മുഴുവൻ സ്പിൻ ബൗളിംഗും ശക്തമാണെന്ന് സ്മിത്ത് പറഞ്ഞു.

“വരുൺ ചക്രവർത്തി മാത്രമല്ല, ബാക്കിയുള്ള ഇന്ത്യൻ സ്പിന്നർമാരും ഗുണനിലവാരമുള്ളവരാണെന്ന് ഞാൻ കരുതുന്നു, അതിനാൽ ഞങ്ങൾ ഈ സ്പിൻ എങ്ങനെ കളിക്കുന്നു, പ്രത്യേകിച്ച് മധ്യ ഓവറുകളിൽ, എന്നത് ആശ്രയിച്ച് ആകും കളിയുടെ ഫലം നിർണയിക്കപ്പെടുന്നത്.” സ്മിത്ത് പറഞ്ഞു.

ഇന്ത്യയുടെ ഫൈനൽ പ്ലെയിംഗ് ഇലവനിൽ ഇന്ന് കരുൺ ചക്രവർത്തിയും ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

ന്യൂസിലാണ്ടിനെ വട്ടംകറക്കി വരുൺ ചക്രവര്‍ത്തി, ഇന്ത്യയ്ക്ക് 44 റൺസ് വിജയം

ചാമ്പ്യന്‍സ് ട്രോഫിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. ഇന്ത്യ നൽകിയ 250 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ട് 45.3 ഓവറിൽ 205 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 5 വിക്കറ്റുമായി വരുൺ ചക്രവര്‍ത്തി ന്യൂസിലാണ്ട് നിരയെ വട്ടം ചുറ്റിച്ചപ്പോള്‍ 81 റൺസുമായി കെയിന്‍ വില്യംസണ് ആണ് ന്യൂസിലാണ്ടിന് വേണ്ടി പൊരുതിയത്.

കെയിന്‍ വില്യംസണെ അക്സര്‍ പട്ടേൽ പുറത്താക്കുമ്പോള്‍ ന്യൂസിലാണ്ട് 169/7 എന്ന നിലയിലായിരുന്നു. 28 റൺസ് നേടിയ മിച്ചൽ സാന്റനര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദ്ദിക്ക്, അക്സര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി.

ഇതോടെ സെമി ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം സെമിയിൽ ന്യൂസിലാണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

ശ്രേയസ്സ് അയ്യര്‍ക്ക് ഫിഫ്റ്റി, ഇന്ത്യയെ 249 റൺസിലെത്തിക്കുവാന്‍ സഹായിച്ച് ഹാര്‍ദ്ദിക്കും അക്സറും

ചാമ്പ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ടോപ്പറെ അറിയുവാനുള്ള മത്സരത്തിൽ ഇന്ത്യയെ 249 റൺസിലൊതുക്കി ന്യൂസിലാണ്ട്. മുന്‍ നിര ബാറ്റ്സ്മാന്മാര്‍ മടങ്ങിയ ശേഷം ശ്രേയസ്സ്, അക്സര്‍, ഹാര്‍ദ്ദിക് എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ 9 വിക്കറ്റ് നഷ്ടമായപ്പോള്‍ മാറ്റ് ഹെന്‍‍റി 5 വിക്കറ്റ് നേടി.

ടോപ് ഓര്‍ഡറിൽ പിടിച്ച് നിന്നത് ശ്രേയസ്സ് അയ്യര് ‍മാത്രമാണ്. ഗില്ലും രോഹിതും വിരാട് കോഹ്‍ലിയും പുറത്താകുമ്പോള്‍ 30/3 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ പിന്നീട് ശ്രേയസ്സ് അയ്യര്‍ – അക്സര്‍ പട്ടേൽ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. കോഹ്‍ലിയെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ ഫിലിപ്പ്സ് പിടിച്ചപ്പോള്‍ മാറ്റ് ഹെന്‍‍റി രോഹിത്തിന് ശേഷം മത്സരത്തിൽ നേടുന്ന രണ്ടാമത്തെ വിക്കറ്റായിരുന്നു ഇത്.

ശ്രേയസ്സും അക്സറും ചേര്‍ന്ന് 98 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 42 റൺസ് നേടിയ അക്സര്‍ പട്ടേലിനെ രച്ചിന്‍ രവീന്ദ്ര പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്.

44 റൺസ് കെഎൽ രാഹുലുമായി ചേര്‍ത്ത ശേഷം 72 റൺസ് നേടിയ ശ്രേയസ്സ് അയ്യരെയാണ് ഇന്ത്യയ്ക്ക് അടുത്തതായി നഷ്ടമായത്. രാഹുലും പത്ത് റൺസ് കൂടി നേടുന്നതിനിടെ പുറത്തായപ്പോള്‍ ഇന്ത്യ 182/6 എന്ന നിലയിലായി.

അവസാന ഓവറുകളിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുക എന്ന ദൗത്യം എത്തിയത് ഹാര്‍ദ്ദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ കൂട്ടുകെട്ടിലാണ്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നിര്‍ണ്ണായകമായ 41 റൺസ് നേടിയെങ്കിലും മാറ്റ് ഹെന്‍‍റി 16 റൺസ് നേടിയ രവീന്ദ്ര ജഡേജയെ പുറത്താക്കി.

47ാം ഓവറിലും 48ാം ഓവറിലും യഥാക്രമം വെറും 2 റൺസും 4 റൺസും മാത്രം ഇന്ത്യ നേടിയപ്പോള്‍ 49ാം രണ്ട് ഫോറും ഒരു സിക്സും അടക്കം ഹാര്‍ദ്ദിക് കളം നിറഞ്ഞപ്പോള്‍ ഓവറിൽ നിന്ന് 15 റൺസാണ് വന്നത്.

മാറ്റ് ഹെന്‍‍റിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ ഹാര്‍ദ്ദിക് 45 റൺസാണ് നേടിയത്. മത്സരത്തിൽ നിന്ന് ന്യൂസിലാണ്ട് പേസര്‍ 5 വിക്കറ്റാണ് നേടിയത്.

ന്യൂസിലൻഡിനെതിരെ മുഹമ്മദ് ഷമിക്ക് വിശ്രമം നൽകും

ന്യൂസിലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചേക്കും. പകരം അർഷ്ദീപ് സിംഗ് പ്ലെയിംഗ് ഇലവനിൽ ഇടംനേടിയേക്കു എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നീണ്ട പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ഷമി, വെള്ളിയാഴ്ചത്തെ പരിശീലന സെഷനിൽ 6-7 ഓവറുകൾ മാത്രമാണ് ബൗൾ ചെയ്തത്.

ഫെബ്രുവരി 23 ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ, ഷമിയുടെ വലതുകാലിന് വേദന അനുഭവപ്പെട്ടിരുന്നു.

ഇന്ത്യ ഇതിനകം തന്നെ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചതിനാൽ, നോക്കൗട്ട് ഘട്ടങ്ങളിൽ ഷമിയുടെ ഫിറ്റ്നസിന് ടീം മാനേജ്മെൻ്റ് മുൻഗണന നൽകിയേക്കാം.

പരിക്ക്, മാറ്റ് ഷോർട്ടിന് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ നഷ്ടമാകും

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ മാറ്റ് ഷോർട്ടിന് ഓസ്‌ട്രേലിയയുടെ ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ നഷ്ടമാകും. ഷോർട്ടിന് സെമിക്ക് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുക പ്രയാസം ആയിരിക്കും എന്ന് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് സമ്മതിച്ചു. ജേക്ക് ഫ്രേസർ-മക്ഗുർക്ക് ഷോർട്ടിന് പകരം ടീമിൽ എത്താൻ സാധ്യതയുണ്ട്. ഓൾറൗണ്ടർ ആരോൺ ഹാർഡിയും ടീമിൽ എത്താൻ സാധ്യതയുണ്ട്.

ഷോർട്ടിൻ്റെ പരിക്ക് ഓസ്‌ട്രേലിയയുടെ വിലയേറിയ സ്പിൻ ബൗളിംഗ് ഓപ്ഷനും ഇല്ലാതാക്കുന്നു, അഫ്ഗാനിസ്ഥാനെതിരെ അദ്ദേഹം ഏഴ് നല്ല ഓവറുകൾ എറിഞ്ഞിരുന്നു.

അഫ്ഗാനിസ്ഥാന് നിരാശ, മഴ കാരണം മത്സരം ഉപേക്ഷിച്ചു, ഓസ്ട്രേലിയ സെമിയിൽ

ചാമ്പ്യന്‍സ് ട്രോഫിയിൽ അഫ്ഗാനിസ്ഥാന് നിരാശ നൽകുന്ന ഫലം. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 273 റൺസ് നേടിയപ്പോള്‍ ഓസ്ട്രേലിയ 12.5 ഓവറിൽ 109/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മത്സരം മഴ കാരണം നിര്‍ത്തേണ്ടി വന്നത്.

പിന്നീട് മത്സരം ഉപേക്ഷിച്ചതോടെ ഓസ്ട്രേലിയ സെമിയിലേക്ക് നീങ്ങി. അഫ്ഗാന്റെ സെമി പ്രതീക്ഷകള്‍ കണക്കിൽ മാത്രം നിലകൊള്ളുന്ന സ്ഥിതിയിലാണ് ഇപ്പോള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 207 റൺസിന് വിജയിക്കുകയോ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11.1 ഓവറിൽ ലക്ഷ്യം നേടുകയോ ചെയ്താൽ മാത്രമേ അഫ്ഗാനിസ്ഥാന് സെമിയിലേക്ക് എത്താനാകൂ. (ആദ്യ ഇന്നിംഗ്സിൽ 300ന് മേൽ സ്കോര്‍ രണ്ട് അവസരങ്ങളിലും വന്നാലുള്ള കാര്യമാണ് മേൽപറഞ്ഞിരിക്കുന്നത്.

 

Exit mobile version