ഷമി ഹീറോയാടാ ഹീറോ, പകരക്കാരനായി എത്തി ഇന്ത്യയ്ക്ക് വിജയം നല്‍കി മുഹമ്മദ് ഷമി

ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക് കാരണം ടീമിലേക്ക് എത്തിയ മുഹമ്മദ് ഷമിയുടെ മാസ്മരിക സ്പെല്ലാണ് ഇന്ത്യയ്ക്ക് ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വിജയം നല്‍കിയത്. ചരിത്രം കുറിയ്ക്കാന്‍ തുനിഞ്ഞിറങ്ങിയ മുഹമ്മദ് നബിയുടെ കൈകളില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചെടുത്തത് ഷമിയാണ്. പിന്നീടുള്ള അഫ്ഗാന്‍ വാലറ്റത്തെ തുടച്ച് നീക്കി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ഷമി ടോപ് ഓര്‍ഡറില്‍ ഹസ്രത്തുള്ള സാസായിയെും പുറത്താക്കിയിരുന്നു.

9.5 ഓവറില്‍ 40 റണ്‍സിനാണ് 4 വിക്കറ്റ് ഷമി നേടിയത്. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായത് 55 പന്തില്‍ 52 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ വിക്കറ്റ്. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പറത്തി മുഹമ്മദ് നബി അര്‍ദ്ധ ശതകം നേടിയപ്പോള്‍ ലക്ഷ്യം അഞ്ച് പന്തില്‍ 12 റണ്‍സായിരുന്നു. രണ്ടാം പന്തില്‍ സിംഗിള്‍ വേണ്ടെന്ന് നബി തീരുമാനിച്ചപ്പോള്‍ താരം തീരുമാനിച്ചുറച്ച് തന്നെയാണ് എത്തിയതെന്ന് ഉറപ്പായിരുന്നു.

അഫ്ഗാനിസ്ഥാന്റെ ജയം രണ്ട് സിക്സുകള്‍ അകലെ എന്നാല്‍ അടുത്ത പന്തില്‍ ലോംഗ് ഓണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പിടിച്ച് പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ നിലച്ച ശ്വാസം മുഹമ്മദ് ഷമി തിരിച്ച് നല്‍കുകയായിരുന്നു. അതിനു ശേഷം തന്റെ ഹാട്രിക്ക് നേടിയ ഷമിയ്ക്ക് ഇനി ടീം മാനേജ്മെന്റിനോടും ആരാധകരോടും പറയാം – ഷമി ഹീറോയാടാ ഹീറോ എന്ന്.

അവസാന ഓവറില്‍ നബി വീണു, മുഹമ്മദ് ഷമിയുടെ ഹാട്രിക്കോടു കൂടി ത്രില്ലര്‍ മത്സരത്തില്‍ കടന്ന് കൂടി ഇന്ത്യ

സൗത്താംപ്ടണിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ഇന്ത്യ നല്‍കിയ 225 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനാകാതെ അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് നബിയുടെ മുഹമ്മദ് നബിയുടെ വീരോചിതമായ ചെറുത്ത് നില്പ് മൂന്ന് പന്ത് അവശേഷിക്കെ അവസാനിച്ചപ്പോള്‍ 11 റണ്‍സിന്റെ തോല്‍വിയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീഴുകയായിരുന്നു. നബി പുറത്തായ ശേഷം അടുത്ത രണ്ട് പന്തുകളില്‍ ശേഷിക്കുന്ന അഫ്ഗാന്‍ താരങ്ങളെയും പുറത്താക്കി മുഹമ്മദ് ഷമി തന്റെ ഹാട്രിക്കും ഇന്ത്യയ്ക്ക് തങ്ങളുടെ വിജയവും നേടിക്കൊടുക്കുകയായിരുന്നു.

വലിയ സ്കോര്‍ നേടാനാകാതെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പോലെ അഫ്ഗാന്‍ താരങ്ങളും മടങ്ങിയപ്പോള്‍ നിശ്ചിത 49.5 ഓവറില്‍ 213 റണ്‍സ് മാത്രമേ അഫ്ഗാനിസ്ഥാനും നേടാനായുള്ളു. പല കൂട്ടുകെട്ടുകളും അഫ്ഗാന്‍ ക്യാമ്പില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീട്ടാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്ത് കൊണ്ടേ ഇരിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍ പിറന്നപ്പോള്‍ അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി ടോപ് സ്കോറര്‍ ആയി നിന്നു.  52 റണ്‍സാണ് താരം നേടിയത്.

ഒരു ഘട്ടത്തില്‍ 106/2 എന്ന നിലയില്‍ ശക്തമായ അടിത്തറ അഫ്ഗാനിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് മത്സരത്തിന്റെ 29ാം ഓവറില്‍ ജസ്പ്രീത് ബുംറ അഫ്ഗാനിസ്ഥാന് ഇരട്ട പ്രഹരം നല്‍കുന്നത്. 36 റണ്‍സ് നേടിയ റഹ്മത് ഷായെ യൂസുവേന്ദ്ര ചഹാല്‍ പിടിച്ച് പുറത്താക്കിയപ്പോള്‍ രണ്ട് പന്തുകള്‍ക്ക് ശേഷം 21 റണ്‍സ് നേടിയ ഹസ്മത്തുള്ള ഷഹീദിയെ സ്വന്തം ബൗളിംഗില്‍ പിടിച്ച് ബുംറ പുറത്താക്കി.

പിന്നീട് മുഹമ്മദ് നബി മറ്റു താരങ്ങള്‍ക്കൊപ്പം നിന്ന് ചെറിയ കൂട്ടുകെട്ടുകള്‍ നേടിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 32 റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന് വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. ഇതിനിടെ മുഹമ്മദ് നബിയെ ഷമി വിക്കറ്റിനു മുന്നില്‍ കുടുക്കി അമ്പയറുടെ അനുകൂല വിധി ഇന്ത്യ സമ്പാദിച്ചുവെങ്കിലും തീരുമാനം റിവ്യൂ ചെയ്ത് നബി രക്ഷപ്പെടുകയായിരുന്നു. ഇക്രം അലി ഖില്ലിനെ കൂട്ടുപിടിച്ച് ലക്ഷ്യം അവസാന രണ്ട് ഓവറില്‍ 21 ആക്കി നബി മാറ്റിയിരുന്നു.

ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ ഒന്നും പിറക്കാതിരുന്നപ്പോള്‍ ബുംറ വെറും 5 റണ്‍സ് മാത്രം വിട്ട് നല്‍കി അവസാന ഓവറിലെ ലക്ഷ്യം 16 റണ്‍സാക്കി മാറ്റി. അവസാന പന്തില്‍ സിംഗിള്‍ നേടിയതിനാല്‍ സ്ട്രൈക്ക് മുഹമ്മദ് നബിയ്ക്ക് തന്നെയായിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ഓവറിലെ ആദ്യ പന്ത് ലോംഗ്-ഓണ്‍ ബൗണ്ടറിയിലേക്ക് പായിച്ച് നബി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ നബിയെയും അടുത്ത പന്തുകളില്‍ അഫ്താഭ് അലം മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ പുറത്താക്കി മുഹമ്മദ് ഷമി ലോകകപ്പിലെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിക്കറ്റുകള്‍ രണ്ടെണ്ണം മാത്രമേ വീഴ്ത്തിയുള്ളുവെങ്കിലും ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്പെല്ലും എടുത്ത് പറയേണ്ട ഒന്നാണ്. 2 വിക്കറ്റുകള്‍ വീഴ്ത്തിയ താരം 39 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ഇതില്‍ അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കിയ നിര്‍ണ്ണായകമായ 49ാം ഓവറുമുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചഹാല്‍ 36 റണ്‍സ് മാത്രമാണ് പത്തോവറില്‍ നിന്ന് നല്‍കിയത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും കുല്‍ദീപ് യാദവ് 39 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

 

അവസാന 17 പന്തുകള്‍ എട്ട് റണ്‍സ്, 7 വിക്കറ്റുകള്‍, ഇത് പഞ്ചാബിന്റെ തിരിച്ചുവരവിന്റെ കഥ

ഒരു ഘട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് കൈവിട്ട മത്സരമായിരുന്നു ഇത്. ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രാമും മത്സരിച്ച് കളിച്ച മത്സരത്തില്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. 144/3 എന്ന നിലയില്‍ നിന്ന് 152 റണ്‍സിനു ‍ഡല്‍ഹി ഓള്‍ഔട്ട് ആവുമ്പോള്‍ പഞ്ചാബ് തങ്ങളുടെ മൊഹാലിയെന്ന കോട്ട കാത്ത് രക്ഷിക്കുകയായിരുന്നു.

16.4ാം ഓവറില്‍ മുഹമ്മദ് ഷമി പന്തിനെ പുറത്താക്കിയതോടെയാണ് ഡല്‍ഹിയുടെ തകര്‍ച്ചയുടെ ആരംഭം. അവിടെ നിന്ന് 17 പന്തിനുള്ളില്‍ എട്ട് റണ്‍സ് നേടുന്നതിനിടെ ഡല്‍ഹിയുടെ 7 വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ സാം കറന്റെ ഹാട്രിക്കും ഉള്‍പ്പെടുന്നു. മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുമായി രംഗത്തെത്തിയപ്പോള്‍ നിര്‍ണ്ണായകമായൊരു റണ്ണൗട്ടുമായി അശ്വിനും കളം നിറഞ്ഞു.

വീണ്ടും ഗെയിം ചേഞ്ചറായി സാം കറന്‍, ഹാട്രിക്ക്, മൊഹാലി കോട്ട കാത്ത് പഞ്ചാബ്

അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറുകളില്‍ വേണ്ടാത്ത ഷോട്ടുകള്‍ കളിച്ച് പുറത്തായി സ്വയം സമ്മര്‍ദ്ദത്തിലാക്കി ‍‍ഡല്‍ഹി ക്യാപിറ്റല്‍സ് കളഞ്ഞ് കുളിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു തങ്ങളുടെ മൂന്നാം ജയം. രാജസ്ഥാനെതിരെ ആദ്യ മത്സരത്തിലേത് പോലെ അവസാന നാലോവറില്‍ എതിരാളികള്‍ക്ക് നേടുവാനുള്ള ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് തിരികെ എത്തുകയായിരുന്നു.

സാം കറന്‍ എറിഞ്ഞ 18ാം ഓവറാണ് മത്സരം തിരികെ കൊണ്ടുവന്നത്. ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിന്റെ ഉള്‍പ്പെടെ രണ്ട് വിക്കറ്റാണ് കറന്‍ നേടിയത്. ഋഷഭ് പന്തിന്റെ വിക്കറ്റുകള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി സാം കറന്‍ ഹാട്രിക് നേടിയപ്പോള്‍ മത്സരം 14 റണ്‍സിനു വിജയം കുറിച്ചു. 19.2 ഓവറില്‍ 152 റണ്‍സിനു ഡല്‍ഹി ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം പൃഥ്വി ഷായെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡല്‍ഹിയെ ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. അശ്വിനായിരുന്നു ഷായുടെ വിക്കറ്റ്.

61 റണ്‍സ് നേടി കുതിയ്ക്കുകയായിരുന്നു കൂട്ടുകെട്ടില്‍ അയ്യരാണ്(28) ആദ്യം പുറത്തായത്. 21 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ടീമിനു ധവാനെയും നഷ്ടമായി. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാം ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

പന്തിനെ കാഴ്ചക്കാരനാക്കി അതിവേഗത്തില്‍ സ്കോറിംഗ് നടത്തുന്ന ഇന്‍ഗ്രാമിനെയാണ് പിന്നീടുള്ള ഓവറുകളില്‍ കണ്ടതെങ്കിലും പന്തും ഇന്നിംഗ്സിന്റെ അവസാനത്തോടെ വലിയ ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തി.

അവസാന നാലോവറില്‍ ജയിക്കുവാന്‍ ഡല്‍ഹിയ്ക്ക് വേണ്ടിയിരുന്നത് 30 റണ്‍സായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ഒരു കൂറ്റന്‍ സിക്സര്‍ നേടിയ പന്തിനെ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി തിരിച്ചടിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് ഫോറും 2 സിക്സും സഹിതമായിരുന്നു പന്തിന്റെ പ്രകടനം. അടുത്ത പന്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രിസ് മോറിസിനെ റണ്ണൗട്ടാക്കി അശ്വിന്‍ വീണ്ടും മത്സരം മാറ്റി മറിച്ചു.

കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ ഡല്‍ഹിയ്ക്കായി ഇറങ്ങിയ കൂട്ടുകെട്ടിന്റെ പുറത്തായി പിന്നീട് വിജയം ഉറപ്പാക്കേണ്ട ദൗത്യം. കോളിന്‍ ഇന്‍ഗ്രാമിനും ഹനുമ വിഹാരിയ്ക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ 18 പന്തില്‍ 23 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

സാം കറന്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തുകളില്‍ വലിയ ഷോട്ടുകള്‍ നേടുവാന്‍ പഞ്ചാബ് ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഗ്രാം വലിയ ഷോട്ടിനു മുതിരുകയും ബൗണ്ടറി ലൈനില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് നേടി കരുണ്‍ നായര്‍ ഇന്‍ഗ്രാമിനെ പുറത്താക്കുകയായിരുന്നു.

ഇതോടെ ക്രീസില്‍ രണ്ട് പുതിയ താരങ്ങളായി പഞ്ചാബിനു വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെയും പുറത്താക്കി സാം കറന്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ എറിഞ്ഞ തരത്തിലുള്ള ഗെയിം ചേഞ്ചിംഗ് ഓവര്‍ എറിഞ്ഞ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

12 പന്തില്‍ 20 റണ്‍സ് വേണ്ട ഘട്ടത്തില്‍ മുഹമ്മദ് ഷമി വെറും 5 റണ്‍സ് നല്‍കി പഞ്ചാബിനു വേണ്ടി വിഹാരിയെ പുറത്താക്കി അവസാന ഓവറിലെ ലക്ഷ്യം 15 ആക്കി മാറ്റി. അവസാന ഓവറില്‍ സാം കറന്‍ ആദ്യ പന്തില്‍ തന്നെ കാഗിസോ റബാഡയെ പുറത്താക്കി. അടുത്ത പന്തില്‍ സന്ദീപ് ലാമിച്ചാനയെയും പുറത്താക്കി സാം കറന്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. 2.2 ഓവറില്‍ 11 റണ്‍സിനാണ് കറന്‍ 4 വിക്കറ്റ് നേടിയത്.

അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിയ്ക്ക് വിശ്രമം

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ അവസാന രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ എംഎസ് ധോണിയ്ക്ക് വിശ്രമം നല്‍കും. ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധോണിയ്ക്ക് പകരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറുടെ റോള്‍ കൈയ്യാളുക. മുഹമ്മദ് ഷമിയ്ക്കും അടുത്ത മത്സരം നഷ്ടമായേക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. മൂന്നാം ഏകദിനത്തിനിടെ ബൗളിംഗിനിടെ താരത്തിനു പരിക്കേറ്റിരുന്നു.

തന്റെ ബൗളിംഗില്‍ സ്ട്രെയിറ്റ് ഡ്രൈവ് കാലില്‍ വന്ന് തട്ടി ഷമി കളം വിട്ടുവെങ്കിലും പിന്നീട് തന്റെ ഓവറുകളുടെ ക്വോട്ട തികയ്ക്കുവാന്‍ താരം തിരികെ എത്തിയിരുന്നു. ഷമിയുടെ ഫിറ്റ്നെസ്സ് അവലോകവനം ചെയ്ത ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ബംഗാര്‍ പറഞ്ഞു. ഷമി കളിയ്ക്കുന്നില്ലെങ്കില്‍ പകരക്കാരനായി ഭുവനേശ്വര്‍ കുമാര്‍ എത്തും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ക്യാപ്റ്റനും കോച്ചുമാവും കൈക്കൊള്ളുക എന്നും ബംഗാര്‍ വ്യക്തമാക്കി.

ഷമി തുടങ്ങി, കുല്‍ദീപ് അവസാനിപ്പിച്ചു, ഏകനായി കെയിന്‍ വില്യംസണ്‍

നേപ്പിയര്‍ ഏകദിനത്തില്‍ ന്യൂസിലാണ്ടിനു നാണംകെട്ട ബാറ്റിംഗ് പ്രകടനം. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ന്യൂസിലാണ്ടിനെ 38 ഓവറില്‍ 157 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഷമി തുടങ്ങിവെച്ച തകര്‍ച്ച കെയിന്‍ വില്യംസണെ ഉള്‍പ്പെടെ അവസാന നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ് ആണ് അവസാനിപ്പിച്ചത്. കുല്‍ദീപ് യാദവ് നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ചഹാലിനു രണ്ട് വിക്കറ്റും ലഭിച്ചു.

64 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ ചെറുത്ത് നില്പിനു ശ്രമിച്ചത്. ഒരോവറില്‍ കെയിന്‍ വില്യംസണെയും ഡഗ് ബ്രേസ്‍വെല്ലിനെയും പുറത്താക്കിയ കുല്‍ദീപ് തന്റെ അടുത്ത രണ്ട് ഓവറുകളിലായി ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

നൂറ് ഏകദിന വിക്കറ്റുകള്‍ തികച്ച് മുഹമ്മദ് ഷമി

ന്യൂസിലാണ്ടിനെതിരെ നേപ്പിയറില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ പുറത്താക്കിയപ്പോള്‍ തന്റെ ഏകദിനത്തിലെ നൂറ് വിക്കറ്റുകള്‍ തികച്ച് മുഹമ്മദ് ഷമി. 5 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്ടിലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി തന്റെ 100 വിക്കറ്റ് നേട്ടം കൊയ്തത്. മുഹമ്മദ് ഷമി തന്നെ മറ്റൊരു ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും വീഴ്ത്തി ന്യൂസിലാണ്ടിനു വീണ്ടും തിരിച്ചടിയേല്പിക്കുകയായിരുന്നു.

56 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റിലെത്തിയ മുഹമ്മദ് ഷമി തന്നെയാണ് ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം. 59 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കുറിച്ച ഇര്‍ഫാന്‍ പത്താന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. സഹീര്‍ ഖാന്‍ 65 മത്സരങ്ങളില്‍ നിന്നും അജിത് അഗാര്‍ക്കര്‍ 67 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൊയ്തത്.

ഷമി 15 ഓവറിലുമധികം എറിയുവാന്‍ തയ്യാറായിരുന്നു: ബംഗാള്‍ കോച്ച്

രഞ്ജിയില്‍ 15ലധികം ഓവറുകള്‍ ഒരിന്നിംഗ്സില്‍ എറിയരുതെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം അവഗണിച്ച് 26 ഓവറുകള്‍ കേരളത്തിനെതിരെ എറിഞ്ഞ വിഷയത്തില്‍ വിശദീകരണവുമായി ബംഗാള്‍ കോച്ച്. മുഹമ്മദ് ഷമി 15ലധികം ഓവറുകള്‍ എറിയുവാന്‍ തയ്യാറായാണ് വന്നതെന്നും ബംഗാള്‍ കോച്ച് അറിയിക്കുകയായിരുന്നു. ആദ്യ ദിവസം 147 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം കേരളത്തെ 114/5 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയതില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു.

എന്നാല്‍ ജലജ് സക്സേനയുടെ മികവില്‍ കേരളം മുന്നോട്ട് കുതിച്ചപ്പോള്‍ വിക്കറ്റിനായി ഷമിയെ കൂടുതല്‍ ഓവറുകള്‍ ബംഗാള്‍ എറിയിപ്പിക്കുകയായിരുന്നുവെങ്കിലും താരത്തിനു തന്റെ മൂന്ന് വിക്കറ്റ് നേട്ടത്തോട് കൂട്ടിചേര്‍ക്കുവാന്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. താനും ടീം മാനേജ്മെന്റും താരത്തിനോട് വിശ്രമം എടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന ഷമി കൂടുതല്‍ ഓവറുകള്‍ എറിയുവാന്‍ സന്നദ്ധനായിരുന്നുവെന്ന് ബംഗാള്‍ കോച്ച് സായിരാജ് ബഹുതുലേ അറിയിച്ചു.

ഷമി തയ്യാറാണെങ്കില്‍ രണ്ടാം ഇന്നിംഗ്സിലും താരം കൂടുതല്‍ ഓവറുകള്‍ എറിയുമെന്ന് ബഹുതുലെ അറിയിക്കുകയായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് താരത്തെ തടയാനാകില്ലെന്നും അദ്ദേഹം തന്നെ എടുക്കേണ്ട തീരുമാനമാണിതെന്നുമാണ് ബഹുതുലെയുടെ അഭിപ്രായം. അശ്വിനോടും ഇഷാന്തിനോടും രഞ്ജിയില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ ആവശ്യപ്പെട്ട ബിസിസിഐ ഷമിയോട് ഉപാധികളോടെ മത്സരിക്കുവാന്‍ അനുവാദം നല്‍കുകയായിരുന്നു.

ഓരോ ദിവസത്തിനു ശേഷവും താരത്തിന്റെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് ബിസിസിഐ ഫിസിയോയ്ക്ക് നല്‍കുവാനും ബംഗാളിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ബിസിസിഐ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഷമിയും ബംഗാളും

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ കളിക്കുവാന്‍ ബിസിസിഐ മുഹമ്മദ് ഷമിയ്ക്ക് അനുമതി നല്‍കുമ്പോള്‍ ആവശ്യപ്പെട്ടിരുന്ന കാര്യം ഒരിന്നിംഗ്സില്‍ 15ലധികം ഓവറുകള്‍ എറിയരുതെന്നാണ്. മത്സരത്തിന്റെ സാഹചര്യമനുസരിച്ച് മൂന്നോ നാലോ ഓവറുകള്‍ അധികം എറിയുന്നത് വരെ അനുവദനീയമാണെന്ന് ബിസിസിഐ കൃത്യമായ നിര്‍ദ്ദേശം കൊടുത്തിരിക്കുന്നു. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരമ്പര വിജയ സാധ്യതകളെ ബാധിക്കാതിരിക്കുവാനായി ടെസ്റ്റ് താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് ചെയ്യുന്നതിനായിരുന്നു ഈ നിര്‍ദ്ദേശം.

എന്നാല്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മുഹമ്മദ് ഷമി 26 ഓവറുകളാണ് എറിഞ്ഞത്. അനുവദനീയമായ അളവിലും ഏറെ അധികം ഓവറുകള്‍ താരം എറിഞ്ഞതിനു എന്ത് വിശദീകരണമാവും ഷമിയും ടീം മാനേജ്മെന്റും ബിസിസിഐയ്ക്ക് നല്‍കുന്നതെന്നാവും വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി കേരളം

ബംഗാളിന്റെ 147 റണ്‍സ് പിന്തുടരാനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടി. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 148/5 എന്ന നിലയിലാണ്. ജലജ് സക്സേന പുറത്താകാതെ 71 റണ്‍സുമായി നില്‍ക്കുമ്പോള്‍ വി എ ജഗദീഷ് ആണ് കൂട്ടായി 17 റണ്‍സുമായി ക്രീസില്‍ ഒപ്പമുള്ളത്. മത്സരത്തില്‍ കേരളത്തിനു 1 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

ബംഗാളിനു വേണ്ടി മുഹമ്മദ് ഷമിയാണ് മൂന്ന് വിക്കറ്റുമായി തിളങ്ങിയത്. സഞ്ജുവിനെ പൂജ്യത്തിനു പുറത്താക്കിയ ഷമി സച്ചിന്‍ ബേബിയെയും(23) ഇന്നലെ അരുണ്‍ കാര്‍ത്തിക്കിന്റെയും വിക്കറ്റുകള്‍ നേടിയിരുന്നു. മുകേഷ് കുമാറും അശോക് ദിന്‍ഡയും ഓരോ വിക്കറ്റ് നേടി.

നിയന്ത്രണങ്ങളോടെ ഷമിയ്ക്ക് കേരളത്തിനെതിരെ കളിയ്ക്കാം

വരുന്ന ചൊവ്വാഴ്ച കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ബംഗാളിനു വേണ്ടി മുഹമ്മദ് ഷമിയ്ക്ക് കളിയ്ക്കുവാന്‍ അനുമതി നല്‍കി ബിസിസിഐ. എന്നാല്‍ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളത്തിനെതിരെ കളിയ്ക്കുമ്പോള്‍ ഷമിയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ അംഗമായ ഷമിയുടെ വര്‍ക്ക് ലോഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

ഒരിന്നിംഗ്സില്‍ 15 ഓവറുകള്‍ വരെ മാത്രമേ താരത്തിനു എറിയാനാകുള്ളുന്നുവെന്ന ഉപാധിയാണ് ബോര്‍ഡ് നടപ്പിലാക്കിയിരിക്കുന്നത്. കൂടി വന്നാല്‍ രണ്ടോ മൂന്നോ ഓവറുകള്‍ മാത്രം അധികം എറിയുവാനുള്ള അനുമതിയാണ് താരത്തിനുള്ളത്. ബംഗാള്‍ ടീം മാനേജ്മെന്റിനോട് ഷമിയുടെ ഫിറ്റ്‍നെസ് സംബന്ധിച്ച് ദിനം പ്രതിയുള്ള റിപ്പോര്‍ട്ട് ബോര്‍ഡിന്റെ ഫിസിയോയ്ക്ക് കൈമാറുവാനും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗംഭീറും മാക്സ്വെല്ലും ടീമില്‍ വേണ്ടെന്ന് തീരുമാനിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

പുതിയ സീസണില്‍ തങ്ങളുടെ ടീമില്‍ നിന്ന് ഗൗതം ഗംഭീറിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും ഒഴിവാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ ഗംഭീറിനെ ടീമില്‍ നിന്ന് കഴിഞ്ഞ സീസണ്‍ പാതിയില്‍ ഒഴിവാക്കിയിരുന്നു. അതിനു ശേഷം ശ്രേയസ്സ് അയ്യര്‍ ടീമിനെ നയിക്കുകയും ഗംഭീറിന്റെ സ്ഥാനം ‍ബെഞ്ചിലാവുകയും ചെയ്തിരുന്നു.

എന്നാല്‍ വലിയ വില കൊടുത്ത് ലേലത്തില്‍ ടീം നേടിയ താരമായിരുന്നു ഗ്ലെന്‍ മാക്സ്വെല്‍. എന്നാല്‍ മധ്യനിരയില്‍ താരം മികവ് പുലര്‍ത്തുവാന്‍ സാധിക്കാതെ വന്നതും മാക്സ്വെല്ലിനു തിരിച്ചടിയായി. പത്ത് താരങ്ങളെയാണ് ഡല്‍ഹി ടീമില്‍ നിന്ന് റിലീസ് ചെയ്തത്.

മുഹമ്മദ് ഷമി, ജേസണ്‍ റോയ്, ജൂനിയര്‍ ഡാല, ലിയാം പ്ലങ്കറ്റ്, സയാന്‍ ഘോഷ്, നമന്‍ ഓജ, ഗുര്‍കീരത്ത് സിംഗ് മന്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ പെടും.

Exit mobile version