പന്തിന് ആത്മവിശ്വാസം കിട്ടുന്ന ദിവസം മുതല്‍ അവന്‍ അപകടകാരിയായ ക്രിക്കറ്ററായി മാറുമെന്ന് മുഹമ്മദ് ഷമി

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് എന്ന് ആത്മവിശ്വാസം ലഭിയ്ക്കുന്നുവോ അന്ന് താരം അപകടകാരിയായി ബാറ്റ്സ്മാനായി മാറുമെന്ന് അഭിപ്രായപ്പെട്ട മുഹമ്മദ് ഷമി. മികച്ച പ്രതിഭയുള്ള താരമാണ് പന്ത്, തന്റെ സുഹൃത്തായത് കൊണ്ട് വെറുതേ പറയുന്നതല്ല, താരത്തിന് ആത്മവിശ്വാസത്തിന്റെ കുറവ് മാത്രമാണിപ്പോളുള്ളതെന്നും അത് താരം ആര്‍ജ്ജിക്കുന്ന ദിവസം മുതല്‍ തീര്‍ത്തും അപകടകാരിയായ ബാറ്റ്സ്മാനായി പന്ത് മാറുമെന്നും ഷമി പറഞ്ഞു.

ഇന്ത്യന്‍ ടീമിലെത്തിയത് മുതല്‍ പന്തിന്റെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നും വിവാദമായിട്ടുണ്ട്. ലോകകപ്പിന്റെ സമയം മുതല്‍ ടീമില്‍ വന്നും പോയിയും നില്‍ക്കുന്ന പന്തിന് സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. താരം ക്രിക്കറ്റിനെ അത്ര ഗൗരവത്തില്‍ കാണുന്നില്ലെന്നാണ് പലരുടെയും ആരോപണം. എന്നാല്‍ ഇതിനെതിരെ യുവരാജ് സിംഗും രോഹിത് ശര്‍മ്മയുമെല്ലാം രംഗത്തെത്തിയിരുന്നു.

ഇത്രയും മാധ്യമ ശ്രദ്ധ കിട്ടുന്നത് താരത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നാണ് അന്ന് ഇവര്‍ പറഞ്ഞത്. ഉടന്‍ താരം ഇതെല്ലാം മറികടന്ന് ഇന്ത്യന്‍ നിരയിലെ അവിഭാജ്യ ഘടകം ആകുമെന്നാണ് ഏവരും കരുതുന്നത്.

തിരിച്ചടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍, ഏഴ് റണ്‍സ് ലീഡ്, ചെറുത്തിനില്പുമായി കൈല്‍ ജൈമിസണ്‍

ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയുടെ ബാറ്റിംഗ് പരാജയത്തിന് ശേഷം മികച്ച തുടക്കം നേടിയ ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍. തലേ ദിവസത്തെ സ്കോറായ 63/0 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ടിനെ 235 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ മത്സരത്തില്‍ 7 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത്. 49 റണ്‍സുമായി വാലറ്റത്തില്‍ പൊുതിയ കൈല്‍ ജൈമിസണാണ് ഇന്ത്യയുടെ ലീഡ് കുറച്ച് കൊണ്ടുവന്നത്. അര്‍ദ്ധ ശതകം നേടിയ ടോം ലാഥം ആണ് മറ്റൊരു പ്രധാന സ്കോറര്‍. 52 റണ്‍സാണ് ലാഥം നേടിയത്.

മുഹമ്മദ് ഷമി 4 വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന് കനത്ത പ്രഹരങ്ങള്‍ നല്‍കിയത്. 177/8 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലാണ്ടിന് 9ാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 51 റണ്‍സ് നേടിയ ജൈമിസണ്‍-നീല്‍ വാഗ്നര്‍(21) കൂട്ടുകെട്ടിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കോളിന്‍ ഡി ഗ്രാന്‍ഡോം 26 റണ്‍സ് നേടി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് കൈല്‍ ജൈമിസണ്‍ മടങ്ങിയത്.

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത്, 31 ഓവറിനുള്ളില്‍ ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിന് നാണംകെട്ട ബാറ്റിംഗ് തകര്‍ച്ച. ചരിത്രം പിറന്ന ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 30.3 ഓവറില്‍ 106 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇഷാന്ത് ശര്‍മ്മയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ഉമേഷ് യാദവ് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ വെള്ളം കുടിയ്ക്കുകയായിരുന്നു. മുഹമ്മദ് ഷമിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

29 റണ്‍സ് നേടിയ ഓപ്പണര്‍ ഷദ്മന്‍ ഇസ്ലാം ടോപ് സ്കോറര്‍ ആയപ്പോള്‍ ലിറ്റണ്‍ ദാസ് 24 റണ്‍സ് നേടി പുറത്തായി. നയീം ഹസന്‍(19) ആണ് രണ്ടക്ക സ്കോറിലേക്ക് കടന്ന മറ്റൊരു താരം.

മയാംഗ് അഗര്‍വാളിനും മുഹമ്മദ് ഷമിയ്ക്കും ടെസ്റ്റ് റാങ്കിംഗില്‍ വലിയ നേട്ടം

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമിയും മയാംഗ് അഗര്‍വാളും. ഇന്‍ഡോറില്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെയും 130 റണ്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരങ്ങള്‍ റാങ്കിംഗില്‍ വലിയ നേട്ടമാണ് നേടിയിട്ടുള്ളത്.

ഇരട്ട ശതകം നേടിയ മയാംഗ് 691 റേറ്റിംഗ് പോയിന്റ് നേടി 11ാം സ്ഥാനത്തിലേക്ക് എത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയ്ക്ക് തൊട്ടുപുറകെയാണ് മയാംഗ് നില്‍ക്കുന്നത്. രോഹിത്തിന് 701 റേറ്റിംഗ് പോയിന്റാണുള്ളത്. രോഹിത്ത് പത്താം സ്ഥാനത്താണുള്ളത്.
ഇന്‍ഡോറില്‍ 243 റണ്‍സാണ് മയാംഗ് നേടിയത്. മയാംഗ് തന്റെ ആദ്യ എട്ട് ടെസ്റ്റില്‍ നിന്ന് 858 റണ്‍സാണ് നേടിയിട്ടുള്ളത്. ഡോണ്‍ ബ്രാഡ്മാനും(121) സുനില്‍ ഗവാസ്കറും(938), മാര്‍ക്ക് ടെയിലറും(907) ഉള്‍പ്പെടെ ഏഴ് താരങ്ങള്‍ മാത്രമാണ് ആദ്യ എട്ട് ടെസ്റ്റില്‍ മയാംഗിനെക്കാള്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങള്‍. എവര്‍ട്ടണ്‍ വീക്സ്(968), ജോര്‍ജ്ജ് ഹെഡ്ലി(904), ഫ്രാങ്ക് വോറെല്‍(890), ഹെര്‍ബെര്‍ട് സട്ക്ലിഫ്(872) എന്നിവരാണ് മയാംഗിനെക്കാള്‍ അധികം റണ്‍സ് ആദ്യ എട്ട് ടെസ്റ്റുകളില്‍ നേടിയിട്ടുള്ള താരങ്ങള്‍.

മുഹമ്മദ് ഷമി ആദ്യ ഇന്നിംഗ്സില്‍ മൂന്നും രണ്ടാം ഇന്നിംഗ്സില്‍ നാലും വിക്കറ്റ് നേടിയപ്പോള്‍ 8 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. 790 റേറ്റിംഗ് പോയിന്റുള്ള ഷമി ഒരു ഇന്ത്യന്‍ പേസ് ബൗളര്‍ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ റേറ്റിംഗ് പോയിന്റിലേക്കാണ് എത്തിയത്. കപില്‍ ദേവ് 877 പോയിന്റും ജസ്പ്രീത് ബുംറ 832 പോയിന്റ് നേടിയതുമാണ് ഷമിയ്ക്ക് മേലുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.

മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയാണ് നിലവിൽ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ എന്ന് മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 7 വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെയാണ് മുൻ താരങ്ങളുടെ അഭിപ്രായം.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമി രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ജയം അനായാസമാക്കിയിരുന്നു. പന്തിന്റെ നിറം ഏതായാലും പ്രശ്‌നമില്ല, മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തുമെന്ന് ഗംഭീർ പറഞ്ഞു. നിലവിൽ റെഡ് ബോളിൽ ഏറ്റവും മികച്ച ബൗളർ ഷമിയാണെന്നും ഗംഭീർ പറഞ്ഞു.

മുഹമ്മദ് ഷമിയെ വെസ്റ്റിൻഡീസ് ബൗളിംഗ് ഇതിഹാസം മാൽകം മാർഷനോടാണ് സുനിൽ ഗാവസ്‌കർ ഉപമിച്ചത്. ഷമിയുടെ ബൗളുകൾ മിസൈൽ പോലെയാണെന്നും പ്രതിരോധിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ഗാവസ്‌കർ പറഞ്ഞു.

രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ച് മുഹമ്മദ് ഷമി

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക നീങ്ങുന്നത് വമ്പന്‍ തോല്‍വിയിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ 162 റണ്‍സിന് പുറത്തായ ടീം രണ്ടാം ഇന്നിംഗ്സില്‍ ചായയ്ക്ക് പിരിയുമ്പോള്‍ 26/4 എന്ന നിലയിലാണ്. 309 റണ്‍സിന് പിന്നിലായുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഈ ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കുക അസാധ്യമായി മാറിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ദുരന്തം വിതച്ചത്.

3 വിക്കറ്റ് ഷമി നേടിയപ്പോള്‍ ഉമേഷ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു. 16 റണ്‍സുമായി ഡീന്‍ എല്‍ഗാറും റണ്ണൊന്നുമെടുക്കാതെ ഹെയിന്‍റിച്ച് ക്ലാസ്സെനുമാണ് ക്രീസിലുള്ളത്.

കുറ്റപത്രം കാണുന്നതുവരെ മുഹമ്മദ് ഷമിക്കെതിരെ നടപടിയില്ലെന്ന് ബി.സി.സി.ഐ

ഗാർഹിക പീഡന കേസിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ താരത്തിനെതിരെ പെട്ടെന്ന് നടപടിയുണ്ടാവില്ലെന്ന് ബി.സി.സി.ഐ. ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ നൽകിയ കേസിലാണ് ഇപ്പോൾ കോടതി വിധി പുറത്തുവന്നത്. കൊൽക്കത്ത കോടതി വിധി പ്രകാരം 15 ദിവസത്തിനകം ഷമി കീഴടങ്ങണം.

എന്നാൽ ഷമിക്കെതിരെയുള്ള കുറ്റപത്രം കണ്ടതിന് ശേഷം മാത്രമേ നടപടി ഉണ്ടാവു എന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ അവസരത്തിൽ ഷമിക്കെതിരെ പെട്ടെന്ന് നടപടി എടുക്കുന്നത് ശെരിയല്ലെന്നും ബി.സി.സി.ഐ വക്താവ് അറിയിച്ചു. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് മുഹമ്മദ് ഷമി ഇപ്പോൾ.

നേരത്തെ 2018ൽ ഷമിക്കെതിരെ ഭാര്യാ ഹസിൻ ജഹാൻ പരാതി നൽകിയപ്പോൾ ഷമിയുടെ കരാർ തടഞ്ഞു വെച്ചിരുന്നു. ഷമി മാച്ച് ഫിക്സിങ് നടത്തി എന്ന് ഭാര്യ ആരോപിച്ചതിന് ശേഷമാണ് ബി.സി.സി.ഐ കരാർ തടഞ്ഞുവെച്ചത്. എന്നാൽ തുടർന്ന് ബി.സി.സി.ഐ നടത്തിയ അന്വേഷണത്തിൽ ഷമി മാച്ച് ഫിക്സിങ്ങിൽ ഉൾപെട്ടിട്ടില്ലെന്ന് തെളിയുകയും ഷമിക്ക് കരാർ നൽകുകയും ചെയ്യുകയായിരുന്നു.

മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറന്റ്

ഗാര്‍ഹിക പീഢന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അലിപ്പൂര്‍ ജില്ല കോടതി. ഷമിയ്ക്കും സഹോദരന്‍ ഹസീദ് അഹമ്മദിനും എതിരെയാണ് അറസ്റ്റ് വാറന്റ്. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതിയുടെ വിധി. താരത്തിനോട് 15 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതിയുടെ ഉത്തരവുണ്ട്.

നിലവില്‍ വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പരയില്‍ കളിയ്ക്കുകയാണ് മുഹമ്മദ് ഷമി. ഈ സാഹചര്യത്തില്‍ ജമൈക്കയിലെ രണ്ടാം ടെസ്റ്റിന് ശേഷം താരം നാട്ടിലേക്ക് മടങ്ങുമെന്നാണ് കരുതേണ്ടത്. കഴിഞ്ഞ വര്‍ഷം ഷമിയ്ക്കെതിരെ സമാനമായ കേസില്‍ കേസുണ്ടായിരുന്നു. താരത്തിനെതിരെ അന്ന് വലിയ ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. ഇതില്‍ കോഴ ഇടപാട് വരെയുണ്ടായിരുന്നു.

150 ടെസ്റ്റ് വിക്കറ്റുകള്‍ നേടി മുഹമ്മദ് ഷമി

ടെസ്റ്റില്‍ 150 വിക്കറ്റുകള്‍ നേടി മുഹമ്മദ് ഷമി. ഇന്ന് സബീന പാര്‍ക്ക് ടെസ്റ്റിന്റെ മൂന്നാം ദിവസം വീണ ആദ്യ വിക്കറ്റ് നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം ഷമി നല്‍കുകയായിരുന്നു. 14 റണ്‍സ് നേടിയ റഖീം കോണ്‍വാലിനെ പുറത്താക്കിയാണ് ഷമി തന്റെ 150ാം ടെസ്റ്റ് വിക്കറ്റ് നേടിയത്. അധികം വൈകാതെ വിന്‍ഡീസ് 117 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 42 ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് ഈ നേട്ടം ഷമി നേടിയത്.

ഈ നേട്ടം നേടുന്ന 15ാമത്തെ ഇന്ത്യന്‍ താരം ആണ് ഷമി. വേഗത്തില്‍ ഈ നേട്ടത്തിലേക്ക് എത്തുന്നവരില്‍ മൂന്നാം സ്ഥാനം ഷമിയ്ക്കാണ്. കപില്‍ ദേവ്(39 മത്സരം), ജവഗല്‍ ശ്രീനാഥ്(40) എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിയെക്കാള്‍ മുന്നിലുള്ള താരം.

ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സംഹാര താണ്ഡവത്തിന് ശേഷം ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് , ഷമിയ്ക്ക് അഞ്ച് വിക്കറ്റ്

ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും ആദ്യ പത്തോവറില്‍ 47 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും പിന്നീട് ഗിയര്‍ മാറി അടി തുടങ്ങിയപ്പോള്‍ പതറിയെങ്കിലും ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗത കുറയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 400നു മേലുള്ള സ്കോറിലേക്ക് കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറും അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് 337 റണ്‍സിലേക്ക് എത്തി. 79 റണ്‍സ് നേടിയാണ് സ്റ്റോക്സ് പുറത്തായത്.

പിച്ച് പതിഞ്ഞ വേഗതയിലേക്ക് മാറിയതും ഇന്ത്യയുടെ ബൗളിംഗ് മികവും ഒരു പോലെ തുണയ്ക്കെത്തിയപ്പോള്‍ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ 22.1 ഓവറില്‍ നിന്ന് 160 റണ്‍സ് നേടി കുതിയ്ക്കുമ്പോള്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി ഗ്രൗണ്ടിലെത്തിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 66 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് പുറത്തായത്.

റോയ് പുറത്തായെങ്കിലും തന്റെ വെടിക്കെട്ട് പ്രകടനം തുടര്‍ന്ന ബൈര്‍സ്റ്റോ 111 റണ്‍സ് നേടി ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 6 സിക്സും 10 ഫോറും സഹിതമായിരുന്നു ബൈര്‍സ്റ്റോയുടെ ഇന്നിംഗ്സ്. അടുത്ത ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും ഷമി പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട 207/3 എന്ന നിലയിലേക്കായി.

മത്സരം അവസാന പത്തോവറിലേക്ക് കടക്കുമ്പോള്‍ ഇംഗ്ലണ്ട് 245/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ജോ റൂട്ടും-ബെന്‍ സ്റ്റോക്സും നേടിയ 70 റണ്‍സ് കൂട്ടുകെട്ടിനു ശേഷം ജോ റൂട്ടിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 44 റണ്‍സ് നേടിയ റൂട്ടിനെയും വീഴ്ത്തിയത് ഷമിയായിരുന്നു. ഇതിനിടെ 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ബെന്‍ സ്റ്റോക്സ് പൂര്‍ത്തിയാക്കി. 8 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ ബട്‍ലറെയും ഷമി പുറത്താക്കിയെങ്കിലും ഓവറില്‍ നിന്ന 17 റണ്‍സാണ് താരം വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടന്നു. 33 റണ്‍സാണ് ബട്‍ലര്‍-സ്റ്റോക്സ് കൂട്ടുകെട്ട് നേടിയത്.

ഷമിയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ ക്രിസ് വോക്സ് പുറത്തായെങ്കിലും രണ്ട് ഫോറും ഒരു സിക്സും അടക്കം നേടി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. മത്സരത്തിലെ അഞ്ചാം വിക്കറ്റാണ് ഷമി നേടിയത്. 54 പന്തില്‍ നിന്ന് 6 ഫോറും 3 സിക്സും സഹിതം 79 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് അവസാന ഓവറിലെ നാലാം പന്തിലാണ് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. അവസാന പത്തോവറില്‍ ഇംഗ്ലണ്ട് 92 റണ്‍സാണ് നേടിയത്.

 

നാണംകെട്ട് തോറ്റ് പുറത്തായി വിന്‍ഡീസ്, ഇന്ത്യയ്ക്ക് 125 റണ്‍സ് വിജയം

വിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ ആധികാരിക വിജയം കരസ്ഥമാക്കി ഇന്ത്യ. ഇന്ന് മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 268/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 143 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ സുനില്‍ അംബ്രിസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍ 28 റണ്‍സ് നേടി.

മുഹമ്മദ് ഷമിയാണ് വിന്‍ഡീസിന് ആദ്യ രണ്ട് പ്രഹരങ്ങള്‍ ഏല്പിച്ചത്. പിന്നീട് അംബ്രിസ്-പൂരന്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഇരുവരെയും പുറത്താക്കി 71/2 എന്ന നിലയില്‍ നിന്ന് വിന്‍ഡീസിനെ 80/4 എന്ന നിലയിലേക്കാക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിന്റെ ആധികാരിക വിജയം ഉറപ്പാക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ഈ തലമുറയിലെ ആളുകള്‍ക്ക് എന്നെ ഷമിയിലൂടെ അറിയാം

മുഹമ്മദ് ഷമി അഫ്ഗാനിസ്ഥാന്‍ വാലറ്റത്തെ തുടച്ച് നീക്കി തന്റെ ലോകകപ്പ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ ലോകകപ്പില്‍ നേടുന്ന രണ്ടാമത്തെ ഹാട്രിക്ക് നേട്ടമായിരുന്നു അത്. 1987 ലോകകപ്പില്‍ ന്യൂസിലാണ്ടിനെതിരെയാണ് ചേതന്‍ ശര്‍മ്മ ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് ഹാട്രിക്ക് നേടിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ചേതന് ഒപ്പം മറ്റൊരു ഇന്ത്യക്കാരന്‍ കൂടി ഈ ചരിത്ര നേട്ടം കുറിച്ചപ്പോള്‍ താന്‍ നാഗ്പ്പൂരിലെ വിസിഎ ഗ്രൗണ്ടിലെ 32 വര്‍ഷം മുമ്പത്തെ ഓര്‍മ്മകളിലേക്ക് തിരികെ പോയെന്നാണ് ചേതന്‍ ശര്‍മ്മ പറഞ്ഞത്.

സ്വന്തം നാട്ടുകാരന്‍ താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവരിച്ച നേട്ടം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അത് വലിയൊരു സന്തോഷമാണ് നല്‍കുന്നതെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് മൂന്ന് പതിറ്റാണ്ട് മുമ്പുള്ള കാര്യം അറിയണമെന്നില്ല, എന്നാല്‍ ഷമിയുടെ ഈ നേട്ടത്തിലൂടെ താനും വീണ്ടും ശ്രദ്ധയിലേക്ക് വരുമെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു.

ഈ നേട്ടം ഷമി സ്വന്തമാക്കിയതിലൂടെ ഒരു ഇന്ത്യന്‍ താരമാണ് ലോകകപ്പിലെ ആദ്യ ഹാട്രിക്കിനു ഉടമ എന്ന് ഇന്നത്തെ യുവതലമുറ അറിയും. അന്ന് താന്‍ സെമി ഫൈനല്‍ മത്സരത്തിനായി ഫ്ലൈറ്റില്‍ കയറിയപ്പോള്‍ അന്നത്തെ സഹയാത്രികരെല്ലാം എഴുന്നേറ്റ് നിന്ന് തന്നെ കൈയ്യടിച്ചാണ് വരവേറ്റതെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. ഇന്നും അതോര്‍ക്കുമ്പോള്‍ തനിക്ക് കുളിര് കോരുന്നുണ്ടെന്ന് ചേതന്‍ ശര്‍മ്മ പറഞ്ഞു. അത് കൂടാതെ ടൈംസ് ഓഫ് ഇന്ത്യയുടെ മുന്‍ പേജില്‍ തന്നെ തന്റെ ചിത്രം അടിച്ച് വന്നു. അതെല്ലാം അന്ന് അത്യപൂര്‍വ്വ നിമിഷങ്ങളായിരുന്നുവെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു.

Exit mobile version