കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചേരുവാന്‍ മുഹമ്മദ് ഹഫീസും

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2019 സീസണില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസും ചേരും. 2019 സീസണില്‍ താരം സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനോടൊപ്പമാണ് ടൂര്‍ണ്ണമെന്റിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന് പകരമാണ് ഹഫീസ് ടീമിലേക്ക് വരുന്നത്. റാസ്സി അന്താരാഷ്ട്ര മത്സരങ്ങളുമായി തിരക്കിലാകുമെന്നതിനാലാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

സെപ്റ്റംബര്‍ 4 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് 2019 കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.

ലക്ഷ്യബോധമില്ലാതെ പാക് ടോപ് ഓര്‍ഡര്‍, പൊരുതി നോക്കിയത് വഹാബ്-സര്‍ഫ്രാസ് കൂട്ടുകെട്ട്, ഓസ്ട്രേലിയയ്ക്കെതിരെ 41 റണ്‍സിന്റെ തോല്‍വി

307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന് 266 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക് ബാറ്റ്സ്മാന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ കാര്യങ്ങള്‍ ടീമിനു കൂടുതല്‍ ശ്രമകരമായി. 136/2 എന്ന നിലയില്‍ നിന്ന് 160/6 എന്ന നിലയിലേക്ക് വീണതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്.

ഫകര്‍ സമനെ ആദ്യം തന്നെ നഷ്ടമായെങ്കിലും പിന്നീട് ഇമാം ഉള്‍ ഹക്ക് അര്‍ദ്ധ ശതകം നേടിയെങ്കിലും ബാബര്‍ അസം(30), മുഹമ്മദ് ഹഫീസ്(46) എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാതിരുന്നപ്പോള്‍ പാക് ബാറ്റിംഗ് ലക്ഷ്യ ബോധമില്ലാതെ നീങ്ങുകയായിരുന്നു. ഹസന്‍ അലിയുടെ 15 പന്തില്‍ നിന്നുള്ള 32 റണ്‍സും സര്‍ഫ്രാസ് അഹമ്മദ്-വഹാബ് റിയാസ് എന്നിവരുടെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമെല്ലാം പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്നു കുറച്ച് കൂടി ഉത്തരവാദിത്വമുള്ള പ്രകടനം വന്നിരുന്നുവെങ്കില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നേനെ.

സര്‍ഫ്രാസും വഹാബ് റിയാസും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 64 റണ്‍സാണ് നേടിയതെങ്കിലും കൂട്ടുകെട്ട് മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ക്കുകയായിരുന്നു. 45 റണ്‍സാണ് വഹാബ് റിയാസ് നേടിയത്. 2 ഫോറും 3 സിക്സുമാണ് താരത്തിന്റെ സംഭാവന.  ഏറെ വൈകാതെ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 45.4 ഓവറില്‍ 266 റണ്‍സിനു അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങളത് ചെയ്തു

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വിജയ വഴിയിലേക്ക് എത്തിയ പാക്കിസ്ഥാന് വേണ്ടി മാന്‍ ഓഫ് ദി മാച്ചായി മാറിയത് സീനിയര്‍ താരം മുഹമ്മദ് ഹഫീസ് ആയിരുന്നു. 62 പന്തില്‍ നിന്ന് 84 റണ്‍സും 7 ഓവറില്‍ 43 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റും നേടിയ താരം പറഞ്ഞത് ടീമില്‍ എല്ലാവരും ഇന്ന് ഇംഗ്ലണ്ടിനെതിരെ വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നാണ്. അടുത്തിടെയായി മികച്ച ക്രിക്കറ്റാണ് ടീം കളിച്ചിട്ടുള്ളത്, എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ജയം കരസ്ഥമാക്കുവാന്‍ ടീമിനായിട്ടില്ലായിരുന്നു. വളരെ അധികം ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാന്‍ മത്സരത്തെ സമീപിച്ചതെന്ന് പറഞ്ഞ ഹഫീസ് ടീം തീവ്രമായ പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പറഞ്ഞു.

മികച്ച മീറ്റിംഗും ടീമംഗങ്ങളും മാനേജ്മെന്റും തമ്മിലുണ്ടായിരുന്നു. ആദ്യ മത്സരം വിചാരിച്ച പോലെ നടന്നില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ഞങ്ങളുടെ കഴിവ് ഞങ്ങള്‍ പുറത്തെടുത്തുവെന്നും പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ പറഞ്ഞു. ചില സമയത്ത് ചില റിസ്കുകള്‍ എടുക്കണമെന്നും ഇന്ന് കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുകയായിരുന്നുവെന്നും മുഹമ്മദ് ഹഫീസ് പറയുകയായിരുന്നു. തുടക്കം മുതലെ സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്നതായിരുന്നു തന്റെ നയമെന്നും അത് വിജയം കണ്ടുവെന്നാണ് മത്സര ഫലമെന്നതും ഹഫീസ് പറഞ്ഞു.

ജേസണ്‍ റോയ് കൈവിട്ടത് ഇംഗ്ലണ്ടിന്റെ വിജയമോ?

തന്റെ വ്യക്തിഗത സ്കോര്‍ 14ല്‍ നില്‍ക്കെ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് ഫഹീസിനു ജീവന്‍ നല്‍കി ജേസണ്‍ റോയ് ക്യാച്ച് കൈവിട്ടതോടെ ഇംഗ്ലണ്ടിനു പാക്കിസ്ഥാനെതിരെയുള്ള മത്സരം തന്നെ കൈവിട്ട സ്ഥിതിയിലാണ് ഇപ്പോള്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 348 റണ്‍സ് നേടിയപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായി മാറിയത് മുഹമ്മദ് ഹഫീസ് ആയിരുന്നു.

ആദില്‍ റഷീദ് എറിഞ്ഞ മത്സരത്തിന്റെ 25ാം ഓവറിന്റെ ആദ്യ പന്തില്‍ റോയ് കൈവിടുമ്പോള്‍ 14 റണ്‍സായിരുന്നു ഹഫീസ് നേടിയിരുന്നത്. തുടര്‍ന്ന് 42.4 ഓവറില്‍ പുറത്താകുമ്പോള്‍ ഹഫീസ് 62 പന്തില്‍ നിന്ന് 84 റണ്‍സാണ് നേടിയത്. 8 ഫോറും രണ്ട് സിക്സും സഹിതമായിരുന്നു ഹഫീസിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. സര്‍ഫ്രാസുമായി നാലാം വിക്കറ്റില്‍ 80 റണ്‍സാണ് താരം നേടിയത്. 59 പന്തില്‍ നിന്നായിരുന്നു ഈ കൂട്ടുകെട്ട്.

ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്ന ബാറ്റ്സ്മാന്മാരും തുടര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ഫകര്‍ സമന്‍-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് നേടിയത്. ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ മോയിന്‍ അലിയാണ് ബ്രേക്ക് ത്രൂ നേടിക്കൊടുത്തത്. 36 റണ്‍സ് നേടിയ ഫകര്‍ സമനെയാണ് മോയിന്‍ ആദ്യം പുറത്താക്കിയത്. അധികം വൈകാതെ മോയിന്‍ തന്നെ ഇമാം ഉള്‍ ഹക്കിനെയും(44) മടക്കി.

രണ്ടാം വിക്കറ്റില്‍ 29 റണ്‍സാണ് ബാബര്‍ അസവുമായി ഇമാം നേടിയത്. പിന്നീട് മത്സരത്തിലെ തന്നെ മികച്ച രണ്ട് കൂട്ടുകെട്ടുകളാണ് മുഹമ്മദ് ഹഫീസുമായി ചേര്‍ന്ന് ബാബര്‍ അസവും സര്‍ഫ്രാസ് അഹമ്മദും നേടിയത്. മൂന്നാം വിക്കറ്റില്‍ 88 റണ്‍സ് നേടി പാക്കിസ്ഥാനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് ബാബര്‍ അസം തോന്നിപ്പിച്ച നിമിഷത്തില്‍ 63 റണ്‍സ് നേടിയ താരത്തെ മോയിന്‍ അലി പുറത്താക്കി.

മുഹമ്മദ് ഹഫീസ് അതിവേഗത്തില്‍ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ സര്‍ഫ്രാസ് അഹമ്മദ് ഹഫീസിനു മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 62 പന്തില്‍ നിന്ന് 84 റണ്‍സ് നേടി ഹഫീസിനെ മാര്‍ക്ക് വുഡ് ആണ് പുറത്താക്കിയത്. സര്‍ഫ്രാസ് 44 പന്തില്‍ നിന്ന് 55 റണ്‍സ് നേടി പുറത്തായി.

ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലിയും ക്രിസ് വോക്സും 3 വീതം വിക്കറ്റും മാര്‍ക്ക് വുഡ് 2 വിക്കറ്റും നേടി.

 

ഇംഗ്ലണ്ടില്‍ എന്നും ടീമിനു ലഭിയ്ക്കുന്നത് വമ്പന്‍ പിന്തുണ

ലോകകപ്പിനോ അല്ലാതെയോ എന്ന് ഇംഗ്ലണ്ടില്‍ എത്തിയാലും പാക്കിസ്ഥാന് ലഭിയ്ക്കുന്ന പിന്തുണ വളരെ വലുതാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ സീനിയര്‍ താരം മുഹമ്മദ് ഹഫീസ്. നാട്ടില്‍ കളിയ്ക്കുന്ന് അതേ പ്രതീതിയാണ് ഇവിടുത്തേതെന്നും പാക് ആരാധകര്‍ എന്നും പിന്തുണയുമായി ഗ്രൗണ്ടിലെത്താറുണ്ടെന്നും ഹഫീസ് പറഞ്ഞു.

ഒരു ക്രിക്കറ്ററെന്ന നിലയില്‍ മികവ് പുലര്‍ത്തുവാനും വളരെയേറെ ബഹുമാനം ലഭിയ്ക്കണമെന്നുമാണ് ഓരോ കളിക്കാരനും ആഗ്രഹിക്കുന്നതെന്നും ഹഫീസ് പറഞ്ഞു.

ഞാനൊരു ഓപ്പണറാണ്, ആ സ്ഥാനത്ത് കളിയ്ക്കുവാന്‍ ആഗ്രഹം

പാക്കിസ്ഥാന്റെ സ്ഥിരം ഓപ്പണര്‍മാരായി പുതുമുഖ താരങ്ങളായ ഫകര്‍ സമനും ഇമാം-ഉള്‍-ഹക്കുമാണ് ഇപ്പോള്‍ കളം നിറഞ്ഞ് നില്‍ക്കുന്നതെങ്കിലും തന്റെ ഓപ്പണിംഗ് സ്ഥാനത്തോടുള്ള മോഹം തുറന്ന് പറഞ്ഞ് മുഹമ്മദ് ഹഫീസ്. താരം ഇപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാമനായി ആണ് ഇറങ്ങുന്നതെങ്കിലും ഒരു സമയത്ത് ടീമിന്റെ ഓപ്പണറായിരുന്നു ഹഫീസ്. പിന്നീട് ബാബര്‍ അസം വണ്‍-ഡൗണ്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഹഫീസ് വീണ്ടും ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ട് പോകുകയായിരുന്നു. മധ്യനിരയില്‍ ഏറെ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും തനിക്ക് ബാറ്റിംഗില്‍ ഓപ്പണറായി എത്തുവാന്‍ ആഗ്രഹമുണ്ടെന്നാണ് ഹഫീസ് തുറന്ന് പറയുന്നത്.

താനൊരു ഓപ്പണറാണ്, ഒരു ഓപ്പണറായി കളിയ്ക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. അതേ സമയം ഇപ്പോളത്തെ ടീം മാനേജ്മെന്റ് തന്നോട് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. കാരണം പുതിയ രണ്ട് മികച്ച രീതിയില്‍ കളിയ്ക്കുന്ന ഓപ്പണര്‍മാരാണ് ടീമിലുള്ളത്. ഞാന്‍ പാക്കിസ്ഥാന്‍ ടീമിനു വേണ്ടിയാണ് കളിയ്ക്കുന്നത്, ടീം നല്‍കുന്ന സ്ഥാനത്ത് കളിയ്ക്കുവാനാണ് താന്‍ ശ്രമിക്കുക എന്നും ഹഫീസ് പറഞ്ഞു.

ചെറുപ്പം മുതല്‍ ഓപ്പണറായി കളിച്ചിട്ടുള്ളതിനാല്‍ തന്നെ താന്‍ ബാറ്റിംഗില്‍ കൂടുതല്‍ ഓവറുകള്‍ നേരിടണമെന്ന് കരുതുന്ന ഒരാളാണ്, ഉത്തരവാദിത്വം ഏറ്റെടുത്ത് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞു.

ശതകം തികച്ചയുടന്‍ പുറത്തായി ഇമാം, പാക്കിസ്ഥാനെ മുന്നൂറ് കടത്തി മാലിക്കും ഇമാദ് വസീമും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിനൊപ്പം ബാബര്‍ അസവും മുഹമ്മദ് ഫഹീസും അര്‍ദ്ധ ശതകങ്ങള്‍ നേടി തിളങ്ങിയപ്പോള്‍ 317/6 എന്ന വലിയ സ്കോറാണ് പാക്കിസ്ഥാന്‍ നേടിയത്. ഇമാം പുറത്തായ ശേഷം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി ഷൊയ്ബ് മാലിക്-ഇമാദ് വസീം കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ സ്കോര്‍ 300 കടത്തിയത്.

അരങ്ങേറ്റം നടത്തിയ ബ്യൂറന്‍ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഫകര്‍ സമനെ മടക്കി അയയ്ക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് നാലായിരുന്നു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഇമാമും ബാബര്‍ അസവും ചേര്‍ന്ന് 132 റണ്‍സാണ ചേര്‍ത്തത്. 69 റണ്‍സ് നേടിയ ബാബര്‍ അസമിനെ ഡെയില്‍ സ്റ്റെയിന്‍ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഹഫീസ് ഇമാം ഉള്‍ ഹക്കിനു കൂട്ടായി എത്തി. ഇരുവരും ചേര്‍ന്ന് 84 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 45 പന്തില്‍ നിന്ന് 52 റണ്‍സാണ് ഹഫീസ് നേടിയത്.

തന്റെ ശതകം തികച്ച് ഉടന്‍ തന്നെ ഇമാം ഉള്‍ ഹക്കും(101) പുറത്തായെങ്കിലും ഷൊയ്ബ് മാലികും ഇമാദ് വസീമും ചേര്‍ന്ന് പാക്കിസ്ഥാന്റെ സ്കോര്‍ മുന്നോട്ട് നയിച്ചു. ഹഫീസിന്റെ വിക്കറ്റ് റബാഡയ്ക്കും ഇമാമിനെ ഷംസിയുമാണ് പുറത്താക്കിയത്. 35 റണ്‍സ് നേടിയ മാലിക്കിനെ റബാഡ പുറത്താക്കിയപ്പോള്‍ 23 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ ഇമാദ് വസീം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി റബാഡയും ഡെയില്‍ സ്റ്റെയിനും രണ്ട് വീതം വിക്കറ്റ് നേടി.

ഹഫീസിനിത് അവസാന ടെസ്റ്റ്

അബുദാബിയില്‍ ന്യൂസിലാണ്ടും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനു ശേഷം വിട വാങ്ങുവാനൊരുങ്ങി മുഹമ്മദ് ഫഹീസ്. പാക്കിസ്ഥാന്‍ ടീമിലേക്ക് അടുത്തിടെ മാത്രം മടങ്ങിയെത്തിയ താരം ടെസ്റ്റിന്റെ രണ്ടാം ദിവസത്തിന്റെ അവസാനമാണ് വിരമിക്കല്‍ തീരമാനം അറിയിച്ചത്. ഈ ടെസ്റ്റിന്റെ അവസാനത്തിനു ശേഷം താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് താരം അറിയിക്കുകയായിരുന്നു.

ഒക്ടോബറില്‍ മാത്രമാണ് താരം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന്‍ ടീമിലേക്ക് എത്തുന്നത്. മടങ്ങി വരവില്‍ ഓസ്ട്രേലിയയ്ക്കെതിരെ ശതകം നേടിയെങ്കിലും പിന്നീടങ്ങോട്ട് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ഹഫീസിനായിരുന്നില്ല. 60 റണ്‍സാണ് താരം അടുത്ത അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് നേടിയത്. മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും മോശം ഫോം തുടര്‍ന്ന താരം പൂജ്യത്തിനു പുറത്താകുകയായിരുന്നു.

മോശം ഫോമല്ല, കൂടുതല്‍ ശ്രദ്ധ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്നാണ് താരം അറിയിച്ചത്. കറാച്ചിയില്‍ 2003ല്‍ ബംഗ്ലാദേശിനെതിരെയാണ് താരത്തിന്റെ അരങ്ങേറ്റം. 55 ടെസ്റ്റുകളില്‍ നിന്ന് 10 ശതകങ്ങളും 12 അര്‍ദ്ധ ശതകങ്ങളും നേടിയ ഹഫീസ് 53 വിക്കറ്റുകളും നേടിയിട്ടുണ്ട്.

എന്നാല്‍ ആക്ഷന്റെ കാരണം ഏറെ തവണ ബൗളിംഗ് വിലക്ക് നേരിടേണ്ടി വന്ന താരവുമാണ് മുഹമ്മദ് ഹഫീസ്.

അടിച്ച് തകര്‍ത്ത് ബാബര്‍ അസവും മുഹമ്മദ് ഹഫീസും

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20 മത്സരത്തില്‍ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ബാബര്‍ അസം, മുഹമ്മദ് ഫഹീസ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 166/3 എന്ന കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 58 പന്തില്‍ 79 റണ്‍സ് നേടിയ ബാബര്‍ അസം പുറത്തായപ്പോള്‍ മുഹമ്മദ് ഹഫീസ് 53 റണ്‍സുമായി പുറത്താകാതെ നിന്നു. 34 പന്തില്‍ നിന്നാണ് ഹഫീസിന്റെ വെടിക്കെട്ട് 53 റണ്‍സ്.

ന്യൂസിലാണ്ടിനായി കോളിന്‍ ഡി ഗ്രാന്‍ഡോം രണ്ടും, ലോക്കി ഫെര്‍ഗൂസണ്‍ ഒരു വിക്കറ്റും നേടി.

വീണ്ടുമൊരു അവസാന ഓവര്‍ ജയം നേടി പാക്കിസ്ഥാന്‍, നിര്‍ണ്ണായകമായത് ഫഹീസിന്റെ പ്രകടനം

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 153/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറുകളില്‍ മറികടക്കുകയായിരുന്നു. 21 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസിന്റെ ഇന്നിംഗ്സാണ് മത്സര ഗതി മാറ്റിയത്. ബൗണ്ടറി നേടി പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയതും ഹഫീസ് ആയിരുന്നു. ബാബര്‍ അസം(40), ആസിഫ് അലി(38), ഫകര്‍ സമന്‍(24) എന്നിവരും നിര്‍ണ്ണായകമായ ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചു.

ഇഷ് സോധിയുടെ 17ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടിയ ഹഫീസാണ് പാക്കിസ്ഥാനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന രണ്ടോവറില്‍ വിജയിക്കുവാന്‍ 14 റണ്‍സാണ് നേടേണ്ടിയിരുന്നത്. കൂറ്റനടികള്‍ പിറന്നില്ലെങ്കിലും ടിം സൗത്തി എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 7 റണ്‍സ് നേടുവാന്‍ പാക്കിസ്ഥാനു സഹായിച്ചു. എക്സ്ട്രാസ് എറിഞ്ഞ് സൗത്തിയും പാക്കിസ്ഥാനെ സഹായിക്കുകയായിരുന്നു

അവസാന ഓവര്‍ എറിഞ്ഞ ആഡം മില്‍നെയുടെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഹഫീസ് സ്ട്രൈക്ക് കൈമാറിയെങ്കിലും ഷൊയ്ബ് മാലികിനെ രണ്ടാം പന്തില്‍ പാക്കിസ്ഥാനു നഷ്ടമായി. മൂന്നാം പന്തില്‍ ഡബിളും നാലാം പന്തില്‍ ബൗണ്ടറിയും നേടി പരിചയസമ്പന്നനായ ഹഫീസ് പാക്കിസ്ഥാന്‍ വിജയം രണ്ട് പന്ത് അവശേഷിക്കെ ഉറപ്പാക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് കോളിന്‍ മണ്‍റോ, കോറെ ആന്‍ഡേഴ്സണ്‍ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകള്‍ക്ക് പിന്നാലെ കെയിന്‍ വില്യംസണ്‍ നേടിയ 37 റണ്‍സിന്റെയും ബലത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയത്. 28 പന്തില്‍ നിന്ന് മണ്‍റോ 44 റണ്‍സ് നേടിയപ്പോള്‍ ആന്‍ഡേഴ്സണ്‍ 25 പന്തില്‍ നിന്ന് 44 റണ്‍സുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിജയം കൈവിടാതെ പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനെതിരെ 2 റണ്‍സിനും ജയം

ടി20യിലെ ഒന്നാം റാങ്കുകാര്‍ വിജയത്തുടര്‍ച്ചയുമായി തന്നെ മുന്നോട്ട്. ഓസ്ട്രേലിയയെ 3-0നു വൈറ്റ് വാഷ് ചെയ്ത ശേഷം ന്യൂസിലാണ്ടിനെതിരെ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 2 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ ആറ് മാസത്തിനു മേലെ വിശ്രമത്തിനു ശേഷം മത്സരത്തിനെത്തിയ കിവീസിനു 146 റണ്‍സ് വരെ നേടുവാനെ കഴിഞ്ഞുള്ളു. മുഹമ്മദ് ഹഫീസാണ് കളിയിലെ താരം.

45 റണ്‍സ് നേടിയ ഹഫീസിനൊപ്പം സര്‍ഫ്രാസ് അഹമ്മദ്(34), ആസിഫ് അലി(24) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് മികവാണ് ടീമിനെ 148 റണ്‍സിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി ആഡം മില്‍നെ രണ്ടും അജാസ് പട്ടേല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മികച്ച ബൗളിംഗ് വഴി പാക്കിസ്ഥാനെ ചെറുത്ത് നിര്‍ത്തിയെങ്കിലും ന്യൂസിലാണ്ടിന്റെ ബാറ്റ്സ്മാന്മാര്‍ക്ക് അവസരത്തിനൊത്തുയരുവാന്‍ സാധിച്ചില്ല. കോളിന്‍ മണ്‍റോയും(58), റോസ് ടെയിലറും(42*) പൊരുതി നോക്കിയെങ്കിലും വേണ്ടത്ര പിന്തുണ മറ്റു താരങ്ങളില്‍ നിന്ന് ലഭിയ്ക്കാതെ വന്നപ്പോള്‍ ന്യൂസിലാണ്ട് പൊരുതി വീഴുകയായിരുന്നു.

26 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ റോസ് ടെയിലര്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിനു ഓവറില്‍ നിന്ന് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ ആറ് റണ്‍സ് നേടിയാല്‍ സൂപ്പര്‍ ഓവറിലേക്ക് കളി എത്തിക്കാമായിരുന്നുവെങ്കിലും ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്തില്‍ നിന്ന് ബൗണ്ടറി മാത്രമേ റോസ് ടെയിലര്‍ക്ക് നേടാനായുള്ളു.

ഹസന്‍ അലി മൂന്ന് വിക്കറ്റുമായി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ഇമാദ് വസീം ഷദബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version