വെടിക്കെട്ട് അര്‍ദ്ധ ശതകവുമായി മുഹമ്മദ് ഹഫീസ്, ബാബര്‍ അസമിനും ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 195 റണ്‍സ്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 72 റണ്‍സ് നേടിയ ബാബര്‍ അസം – ഫകര്‍ സമന്‍ കൂട്ടുകെട്ടിനെ തകര്‍ത്ത് ആദില്‍ റഷീദ് തന്റെ കരിയറിലെ ആയിരം വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ബാബര്‍ ഹഫീസിനൊപ്പം 40 റണ്‍സ് കൂടി നേടുകയായിരുന്നു. ഫകര്‍ 36 റണ്‍സും ബാബര്‍ 56 റണ്‍സും നേടി ആദില്‍ റഷീദിന്റെ ഇരയായി മടങ്ങുകയായിരുന്നു.

ഇരുവരും പുറത്തായ ശേഷം മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്‍ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. അടിച്ച് തകര്‍ത്ത് കളിച്ച താരം 36 പന്തില്‍ നിന്ന് 69 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. 20 ഓവറില്‍ നിന്ന് പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ്  നേടിയത്.

 

ഹഫീസിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്, സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് ശേഷം സ്ക്വാഡില്‍ ചേരും

കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച് ബയോ ബബിളിന് പുറത്ത് പോയ മുഹമ്മദ് ഹഫീസിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്. താരത്തിന്റെ ഈ സുരക്ഷ വീഴ്ചയ്ക്ക് ശേഷം താരത്തെ അഞ്ച് ദിവസത്തേക്ക് ബോര്‍ഡ് ഐസൊലേറ്റ് ചെയ്തിരുന്നു. ടെസ്റ്റ് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ബാക്കി സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് ശേഷം താരത്തിന് സ്വാഡിനൊപ്പം ചേരാം.

രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പാണ് ഈ സംഭവം നടക്കുന്നത്. ബയോ ബബിളിന് അടുത്തുള്ള ഗോള്‍ഫ് കോഴ്സിലേക്ക് ചെന്ന താരം അവിടെ പ്രായമായ ഒരു ആരാധികയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍ ഇത്തരത്തില്‍ വീഴ്ച വന്നപ്പോള്‍ താരത്തിനെ അടുത്ത മത്സരത്തില്‍ നിന്ന് ടീം മാനേജ്മെന്റ് പുറത്ത് ഇരുത്തുകയായിരുന്നു.

കോവിഡ് മാനദണ്ഡം ലംഘിച്ച് ഹഫീസ്, താരത്തെ ഐസൊലേറ്റ് ചെയ്തുവെന്ന് അറിയിച്ച് ബോര്‍ഡ്

കോവിഡ് മാനദണ്ഡം ലംഘിച്ച് പാക് താരം മുഹമ്മദ് ഹഫീസ്. ബയോ ബബിളിന് പുറത്ത് ഇറങ്ങി ഗോള്‍ഫ് കളിക്കുകയും മറ്റൊരു വ്യക്തിയുമായുള്ള ചിത്രം തന്റെ ട്വിറ്ററില്‍ പങ്കുവെച്ച് ഹഫീസ് തന്നെയാണ് ഈ വിഷയം ലോകത്തെ അറിയിക്കുന്നത്. താരത്തെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

അറിയാതെ പറ്റിയ പിഴവാണ് ഇതെങ്കിലും എത്രത്തോളം പ്രധാനമുള്ളതാണ് കോവിഡ് മാനദണ്ഡങ്ങളെന്ന് ഏവരെയും ഓര്‍മ്മപ്പെടുത്തുവാന്‍ ഹഫീസിന്റെ ഈ പിഴവ് ഉപകരിക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്. താരത്തിന്റെ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ മാത്രമേ ഇനി ടീമിനൊപ്പം ചേരുവാന്‍ സമ്മതിക്കുകയുള്ളു. ഫലം നാളെ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹഫീസിന്റെ ടെസ്റ്റ് വീണ്ടും നടത്തി പാക്കിസ്ഥാന്‍ ബോര്‍ഡ്, താരം വീണ്ടും കോവിഡ് പോസിറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍

പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവായി മുഹമ്മദ് ഹഫീസ്. താരം ആദ്യം കോവിഡ് പോസിറ്റീവ് എന്ന് ബോര്‍ഡ് പ്രഖ്യാപിച്ച ശേഷം സ്വന്തമായി താരം ടെസ്റ്റ് നടത്തുകയും താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് താരം ട്വിറ്ററില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബോര്‍ഡ് താരത്തിന്റെ പരിശോധന വീണ്ടും നടത്തിയത്. അത് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.

താരത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. താരത്തിന്റെ വ്യക്തിഗമായ പരിശോധനയ്ക്ക് വിധേയനാകുവാന്‍ എല്ലാവിധ അവകാശങ്ങളുമുണ്ടെങ്കിലും അദ്ദേഹം ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും പിസിബി സിഇഒ വസീം ഖാന്‍ വ്യക്തമാക്കി.

താരം ഈ വിഷയം കൈകാര്യം ചെയ്തതില്‍ ബോര്‍ഡിന് വലിയ തരത്തിലുള്ള അതൃപ്തിയാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.

സ്വകാര്യ ലാബില്‍ പരിശോധന നടത്തി മുഹമ്മദ് ഹഫീസ്, കോവിഡ് നെഗറ്റീവ്

താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്. ഇന്നലെ പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധന ഫലത്തില്‍ താരം ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരണം വന്നിരുന്നു. ഇതോടെ പാക്കിസ്ഥാനില്‍ 10 ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് ആണെന്ന് തിരിച്ചറിയുകയായിരുന്നു.

https://twitter.com/MHafeez22/status/1275689746765840395

ഹഫീസ് ട്വിറ്ററിലൂടെയാണ് താനും കുടുംബവും രണ്ടാം പരിശോധനയ്ക്ക് വിധേയനായെന്നും അതിന് ശേഷം താന്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയെന്നും പറഞ്ഞത്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ടിലേക്കുള്ള 29 അംഗ സംഘത്തില്‍ അംഗമായിരുന്നു ഹഫീസ്. ഇപ്പോള്‍ പത്ത് താരങ്ങള്‍ ആണ് കോവിഡ് ബാധിച്ചുവെന്ന് ബോര്‍ഡ് തന്നെ വ്യക്തമാക്കിയത്.

പത്ത് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചുവെങ്കിലും പരമ്പര മുന്നോട്ട് പോകുമെന്ന് തന്നെയാണ് പാക്കിസ്ഥാന്‍ സിഇഒ വസീം ഖാന്‍ വ്യക്തമാക്കുന്നത്.

ഏഴ് പാക് താരങ്ങള്‍ക്ക് കൂടി കോവിഡ്, ഫകര്‍ സമനും മുഹമ്മദ് ഹഫീസും പൊസിറ്റീവ്

പാക്കിസ്ഥാന്റെ ഏഴ് താരങ്ങള്‍ക്ക് കൂടി കോവിഡ് എന്ന സ്ഥിരീകരണം പുറത്ത് വരുന്നു. ഇന്ന് പുറത്ത് വന്ന ഫലങ്ങളില്‍ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫകര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, കാശിഫ് ബട്ടി, മുഹമ്മദ് ഹസ്നൈന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പത്ത് താരങ്ങളാണ് കോവിഡ് ബാധിതരായിരിക്കുന്നത്. നേരത്തെ ഷദബ് ഖാന്‍, ഹാരിസ് റൗഫ്, ഹൈദരലി എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

ഇത് പാക്കിസ്ഥാന്‍ ബോര്‍ഡ് തന്നെ സ്ഥിരീകരിച്ച വാര്‍ത്തയാണ്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പരമ്പര ഇനി സാധ്യമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ബാബര്‍ അസം പാക്കിസ്ഥാന് വേണ്ടി കാലങ്ങളോളം നയിക്കുമെന്ന് മുഹമ്മദ് ഹഫീസ്, താരം തന്റെ ഇളയ സഹോദരനെ പോലെ

പാക്കിസ്ഥാന്റെ പുതിയ വൈറ്റ് ബോള്‍ നായകന്‍ ബാബര്‍ അസം തനിക്ക് തന്റെ ഇളയ സഹോദരനെ പോലെയാണെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് ഫഹീസ്. പാക്കിസ്ഥാനെ കാലങ്ങളോം നയിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഹഫീസ് വ്യക്തമാക്കി. പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഹഫീസ് പറയുന്നത് താരം ക്യാപ്റ്റനായി കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച് തുടങ്ങുമ്പോള്‍ അത് ബാബറിന്റെ ബാറ്റിംഗിനും ഗുണം ചെയ്യുമെന്നാണ്.

പാക്കിസ്ഥാന് വേണ്ടി ഇപ്പോള്‍ കളിച്ചിട്ടുള്ള അഞ്ച് വര്‍ഷത്തെ കരിയര്‍ മാത്രം പരിഗണിച്ചാല്‍ താരം ഭാവിയില്‍ ലോകം കീഴടക്കുവാന്‍ പോകുന്ന താരമാണെന്ന് അറിയാമെന്നും ഹഫീസ് വ്യക്തമാക്കി. താരത്തിന് എവിടെ എത്താമോ അവിടെ ഇതുവരെ താരം എത്തിപ്പിടിച്ചിട്ടില്ല എന്നും ഇപ്പോള്‍ കാണുന്നത് ചെറിയ ഒരു പ്രകടനം മാത്രമാണെന്നും വലിയ പ്രകടനങ്ങള്‍ വരാനിരിക്കുന്നതെയുള്ളുവന്നും ഹഫീസ് വ്യക്തമാക്കി.

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് ഹഫീസ്

ടി20 ലോകകപ്പിൽ പാകിസ്ഥാൻ വേണ്ടി കളിച്ച് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനാണ് തനിക്ക് താൽപര്യമെന്ന് പാകിസ്ഥാൻ വെറ്ററൻ താരം മുഹമ്മദ് ഹഫീസ്. അതിന് ശേഷം ടി20 ലീഗിൽ കളിക്കാനാണ് തന്റെ ആഗ്രഹമെന്നും 39കാരനായ മുഹമ്മദ് ഹഫീസ് പറഞ്ഞു.

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പരിശീലകനാവാൻ സാധ്യതയുണ്ടെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞു. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിൽ മുഹമ്മദ് ഹഫീസിന് ഇടം ലഭിച്ചിരുന്നില്ല. എന്നാൽ തുടർന്ന് ബംഗ്ളദേശിനെതിരായ ടി20 പരമ്പരയിൽ താരത്തിന് അവസരം ലഭിക്കുകയായിരുന്നു.

പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റുകൾ 218 ഏകദിന മത്സരങ്ങളും 91 ടി20 ഇന്റർനാഷണൽ മത്സരങ്ങളും മുഹമ്മദ് ഹഫീസ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.

ഈ താരതമ്യം അരുത്, കോഹ്‍ലി – ബാബര്‍ അസം താരതമ്യം ശരിയല്ലാത്തതെന്ന് ഹഫീസ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെയും പാക്കിസ്ഥാന്റെ കോഹ്‍ലിയെന്ന് വിളിക്കപ്പെടുന്ന ബാബര്‍ അസമിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. കോഹ്‍ലി ലോകത്തെമ്പാടും പോയി മികവ് പുലര്‍ത്തിയ താരമാണ്. അതേ സമയം ബാബര്‍ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഇരു താരങ്ങളും രണ്ട് വ്യത്യസ്തമായ ടീമുകളിലാണ് കളിക്കുന്നത് അതിനാല്‍ തന്നെ ഇവരുടെ താരതമ്യം ശരിയാകില്ലെന്നും ഹഫീസ് പറഞ്ഞു.

അസമിനെ പാക് ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പാക്കിസ്ഥാന് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് മുതല്‍ താരത്തിന്റെ പ്രകടനം മികവാര്‍ന്നതാണ്. അതിനാല്‍ തന്നെ ഇന്ത്യയുടെ കോഹ്‍ലിയുമായി പലപ്പോഴും താരത്തിനെ താരതമ്യപ്പെടുത്തുന്നത് പതിവാണ്.

പ്രായം വളരെ കുറവായതിനാല്‍ ഇനിയും ലോക ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ ബാബര്‍ അസമിന് കീഴടക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോഹ്‍ലിയെ അനുകരിക്കാതിരിക്കൂ, ഹഫീസിനോട് ട്വിറ്ററിലൂടെ ആവശ്യം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടി കളിക്കുന്ന മുഹമ്മദ് ഹഫീസ് സെയിന്റ് ലൂസിയയുടെ സൂര്യാസ്തമയത്തിന്റെയും സ്വിമ്മിംഗ് പൂളിലെ ഫോട്ടോയും ഇട്ടപ്പോള്‍ അതേറ്റ് പിടിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍. ഹഫീസിന്റെ ഷര്‍ട്ടിടാത്ത ഫോട്ടോയെയാണ് ആളുകള്‍ കമന്റുകളിലൂടെ ട്രോളുന്നത്. ഷര്‍ട്ടിടാതെ വിരാട് കോഹ്‍ലിയെ അനുകരിക്കുകയാണ് താരമെന്നും അങ്ങനെ ചെയ്യുന്നതിന് പകരം കളത്തിലിറങ്ങി കളിച്ചാണ് കോഹ്‍ലിയെ അനുകരിക്കേണ്ടതെന്നാണ് ട്രോളുകള്‍.

പാവപ്പെട്ടവരുടെ വിരാട് കോഹ്‍ലിയെന്ന തരത്തിലുള്ള ഒട്ടനവധി മറുപടികളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതു വരെ കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ആറ് മത്സരങ്ങള്‍ കളിച്ച താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 37 റണ്‍സാണ്. ഇതുവരെ തന്റെ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുവാന്‍ താരത്തിന് സാധിച്ചിട്ടില്ല.

സാധ്യത ടീമില്‍ ഇടമില്ലാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങള്‍

ശ്രീലങ്കന്‍ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള സാധ്യത ടീമില്‍ ഇടം ലഭിയ്ക്കാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും. ഇന്ന് മിസ്ബ ഉള്‍ ഹക്ക് ചീഫ് സെലക്ടറായി തിരഞ്ഞെടുത്ത ആദ്യ സംഘത്തിലാണ് ഈ താരങ്ങള്‍ക്ക് അവസരം നഷ്ടമായത്. ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്കുള്ള 20 അംഗ സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുഹമ്മദ് ഹഫീസിനും ഷൊയ്ബ് മാലിക്കിനും ഒക്ടോബര്‍ 12 വരെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാനുള്ള അനുമതി കൊടുത്തതിനാലാണ് താരങ്ങളെ പരിഗണിക്കാത്തതെന്നാണ് പിസിബി പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്. ബുധനാഴ്ചയാണ് ക്യാമ്പ് ആരംഭിക്കുക.

സാധ്യത ടീം: Sarfaraz Ahmed, Babar Azam, Abid Ali, Ahmed Shehzad, Asif Ali, Faheem Ashraf, Fakhar Zaman, Haris Sohail, Hasan Ali, Iftikhar Ahmed, Imad Wasim, Imam-ul-Haq, Mohammad Amir, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Shadab Khan, Umar Akmal, Usman Shinwari and Wahab Riaz

ഡി വില്ലിയേഴ്സിന് പകരം മുഹമ്മദ് ഹഫീസ്, പകരക്കാരനാകുന്നത് ഡി വില്ലിയേഴ്സ് തിരികെ മടങ്ങിയെത്തുന്നത് വരെ

ടി20 ബ്ലാസ്റ്റില്‍ എബി ഡി വില്ലിയേഴ്സിന് ചെറിയ ഇടവേളയിലേക്ക് പകരക്കാരനായി മുഹമ്മദ് ഹഫീസിനെ എത്തിച്ച് മിഡില്‍സെക്സ്. ചെറിയ ഇടവേളയെടുത്ത് പോകുന്ന എബി ഡി വില്ലിയേഴ്സ് ഓഗസ്റ്റ് 29ന് ഹാംഷയറുമായുള്ള മത്സരത്തിന്റെ സമയത്തേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗ്ലോബല്‍ ടി20 കാനഡയില്‍ പങ്കെടുത്ത ശേഷമാണ് താരം ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കാനായി എത്തുന്നത്. ഓഗസ്റ്റ് 14ന് എസ്സെക്സിനെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ലോര്‍ഡ്സില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 12 പോയിന്റുകള്‍ നേടി എസ്സെക്സ് രണ്ടാം സ്ഥാനത്താണ് സൗത്ത് ഗ്രൂപ്പില്‍ നില്‍ക്കുന്നത്. അഞ്ച് മത്സരങ്ങള്‍ അവശേഷിക്കെ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version