വസീം വീണ്ടും, ഓസ്ട്രേലിയയ്ക്കെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്നലെ ദുബായിയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 136/8 എന്ന സ്കോറിലേക്ക് മാത്രമേ ചേസ് ചെയ്ത് എത്തുവാനായുള്ളു. 4 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഇമാദ് വസീം ആണ് കളിയിലെ താരം.

ഓസ്ട്രേലിയയ്ക്കായി ഗ്ലെന്‍ മാക്സ്വെല്‍ 37 പന്തില്‍ 52 റണ്‍സുമായി പൊരുതിയെങ്കിലും ടോപ് ഓര്‍ഡറില്‍ മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 17 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ മിച്ചല്‍ മാര്‍ഷ് 21 റണ്‍സ് നേടി. അനായാസ ലക്ഷ്യം കളഞ്ഞ് കുളിച്ചതിനു ബാറ്റ്സ്മാന്മാരെ മാത്രമേ ഓസ്ട്രേലിയയ്ക്ക് പഴി ചാരാനാകുള്ളു. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയെങ്കിലും ഇമാദ് വസീമിന്റെ സ്പെല്ലാണ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനു വേണ്ടി ബാബര്‍ അസം(45), മുഹമ്മദ് ഹഫീസ്(40) എന്നിവരാണ് തിളങ്ങിയത്. എന്നാലും ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കുവാന്‍ പാക് ബാറ്റ്സ്മാന്മാര്‍ക്കായിരുന്നില്ല. 10 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി ഫഹീം അഷ്റഫിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാനെ 147 റണ്‍സിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 3 വിക്കറ്റും ബില്ലി സ്റ്റാന്‍ലേക്ക് രണ്ട് വിക്കറ്റും നേടി.

റിട്ടയര്‍മെന്റില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് തന്റെ ഭാര്യയും ഷൊയ്ബ് അക്തറും ചേര്‍ന്ന്: ഹഫീസ്

ഏഷ്യ കപ്പില്‍ നിന്ന് യോ-യോ ടെസ്റ്റ് മൂലം ഒഴിവാക്കപ്പെട്ട ശേഷവും ഓസ്ട്രേലിയന്‍ ടൂറിലേക്കുള്ള ടെസ്റ്റ് ടീമില്‍ തന്നെ പരിഗണിക്കാതെയും ഇരുന്ന ശേഷം താന്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് കാര്യമായി തന്നെ ചിന്തിച്ചുവെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് ഹഫീസ്. തനിക്ക് ഇനി പാക് ടീമില്‍ ഇടമില്ലെന്ന ചിന്തയാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്ന് പറഞ്ഞ താരം എന്നാല്‍ തന്നെ പിന്തിരിപ്പിച്ചത് തന്റെ ഭാര്യയും ഷൊയ്ബ് അക്തറുമാണെന്ന് വ്യക്തമാക്കി.

അവസാന നിമിഷം പാക്കിസ്ഥാന്‍ ടീമില്‍ ഇടം പിടിച്ച മുഹമ്മദ് ഹഫീസ് പിന്നീട് ടെസ്റ്റില്‍ ശതകം നേടിയാണ് വിമര്‍ശകരുടെ വായടക്കിയത്. ഞാന്‍ വിരമിക്കുവാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ തന്റെ ഭാര്യ അത് വിലക്കി. അതിനു ശേഷം അക്തര്‍ തന്നെ വിളിച്ച് സംസാരിച്ച് ഈ സാഹസത്തിനു മുതിരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് ഹഫീസ് വ്യക്തമാക്കി.

പാക്കിസ്ഥാനായി 51 ടെസ്റ്റുകളിലും 200 ഏകദിനത്തിലും 83 ടി20 മത്സരങ്ങളിലും കളിച്ച താരം ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ 126 റണ്‍സാണ് നേടിയത്. ആദ്യ ദിവസം രണ്ട് സെഷനുകളോളം വിക്കറ്റുകള്‍ നല്‍കാതെ മുന്നോട്ട് നീങ്ങിയ പാക് ഓപ്പണര്‍മാര്‍ അവസാന സെഷനിലാണ് പുറത്തായത്. പുറത്താകുന്നതിനു മുമ്പ് ഹഫീസ് തന്റെ പത്താം ശതകവും സ്വന്തമാക്കി.

അവസാന സെഷനില്‍ വിക്കറ്റുകളുമായി ഓസ്ട്രേലിയ, ഹഫീസിനു ശതകം

ആദ്യ രണ്ട് സെഷനിലും പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുവാന്‍ കഴിയാതിരുന്ന ഓസ്ട്രേലിയയ്ക്ക് അവസാന സെഷനില്‍ മൂന്ന് വിക്കറ്റ് നേട്ടം. ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഫഹീസ് ശതകവും ഓപ്പണിംഗ് കൂട്ടാളി ഇമാം-ഉള്‍-ഹക്ക് അര്‍ദ്ധ ശതകവും നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ആദ്യ ദിവസം 255/3 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 199/0 എന്ന നിലയില്‍ ചായയ്ക്ക് പിരിഞ്ഞ പാക്കിസ്ഥാനെ അവസാന സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് ഓസ്ട്രേലിയ തിരിച്ചടിച്ചത്.

മുഹമ്മദ് ഫഫീസ് പാക്കിസ്ഥാന്‍ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് ശതകം നേടിയാണ് ആഘോഷിച്ചത്. ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നഥാന്‍ ലയണ്‍ ആണ്. ക്യാപ്റ്റന്‍ ടിം പെയിനിന്റെ കൈകളില്‍ ഇമാം-ഉള്‍-ഹക്കിനെ എത്തിക്കുമ്പോള്‍ താരം 76 റണ്‍സാണ് നേടിയത്. ഏറെ വൈകാതെ ഫഹീസിനെ(126) പാക്കിസ്ഥാനു നഷ്ടമായി. പീറ്റര്‍ സിഡില്‍ ഹഫീസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അസ്ഹര്‍ അലിയെ പുറത്താക്കി ജോണ്‍ ഹോളണ്ടും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ പാക്കിസ്ഥാനായി ഹാരിസ് സൊഹൈലും(15*) മുഹമ്മദ് അബ്ബാസുമാണ്(1*) ക്രീസില്‍.

വിക്കറ്റ് നഷ്ടമില്ല, മന്ദ ഗതിയില്‍ പാക്കിസ്ഥാന്‍, ഹഫീസ് അര്‍ദ്ധ ശതകത്തിനരികെ

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍. റണ്‍സ് തീരെ മന്ദഗതിയിലാണ് പാക്കിസ്ഥാന്‍ നേടിയതെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന്‍ ഒഴിവാക്കുവാന്‍ സാധിച്ചു എന്നത് ടീമിനു ആത്മവിശ്വാസം നല്‍കും. നഥാന്‍ ലയണിനെ ഏറെ ബഹുമാനത്തോടെയാണ് പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ നേരിട്ടത്. അതേ സമയം ജോണ്‍ ഹോളണ്ടിനെതിരെ റണ്‍സ് നേടുവാനും പാക്കിസ്ഥാന്‍ താരങ്ങള്‍ ശ്രദ്ധിച്ചു. 31 ഓവറുകള്‍ പിന്നിടുമ്പോള്‍ 89 റണ്‍സാണ് പാക്കിസ്ഥാനു സാധിച്ചത്.

3 റണ്‍സിനു താഴെയായിരുന്ന റണ്‍റേറ്റ് മൂന്നിനു മുകളിലേക്ക് പാക്കിസ്ഥാന് എത്തിക്കാനായത് ലഞ്ചിനോടടുത്തപ്പോളാണെങ്കിലും ലഞ്ചിനു പിരിയുമ്പോള്‍ റണ്‍ റേറ്റ് വീണ്ടും 3നു താഴേക്ക് പോയി. ജോണ്‍ ഹോളണ്ടിനെതിരെ യഥേഷ്ടം റണ്‍സ് കണ്ടെത്താനായപ്പോള്‍ താരത്തിന്റെ എക്കണോമി 5നു മുകളിലാണ് ആദ്യ സെഷനില്‍.

48 റണ്‍സുമായി മുഹമ്മദ് ഫഹീസും 36 റണ്‍സ് നേടി ഇമാം ഉള്‍ ഹക്കുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലായിരുന്നുവെങ്കിലും അവസാന നിമിഷം ടീമിനൊപ്പം ചേരുവാന്‍ മുഹമ്മദ് ഹഫീസിനോട് ആവശ്യപ്പെടുകയായിരുന്നു. ടീമിനൊപ്പമെത്തിയ ഹഫീസിനു ആദ്യ ഇലവനില്‍ സ്ഥാനവും ലഭിച്ചു.

 

മുഹമ്മദ് ഹഫീസ് ടെസ്റ്റ് ടീമിലേക്ക്, താരത്തോട് ഉടന്‍ ദുബായിയിലെത്തുവാന്‍ ആവശ്യപ്പെട്ടു

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിലേക്ക് മുഹമ്മദ് ഹഫീസിനെ ഉള്‍പ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സ്ക്വാഡില്‍ താരമില്ലായിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റും ഈ തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. ലഭിയ്ക്കുന്ന ആദ്യ ഫ്ലൈറ്റില്‍ തന്നെ താരം പാക്കിസ്ഥാനില്‍ നിന്ന് ദുബായിയിലേക്ക് പറക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

പാക്കിസ്ഥാന്‍ ടീമില്‍ അധികം ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായതിനാല്‍ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍ കൂടിയായ മുഹമ്മദ് ഹഫീസിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ടീമിനു കൂടുതല്‍ സന്തുലിതാവസ്ഥ നല്‍കുമെന്നാണ് സെലക്ടര്‍മാരുടെ വാദം.

നാലാം ഏകദിനം, വീണ്ടും തിളങ്ങി മുഹമ്മദ് ഫഹീസ്

മൂന്നാം ഏകദിനം പോലെത്തന്നെ പാക് ബാറ്റിംഗ് നിരയില്‍ തിളങ്ങി മുഹമ്മദ് ഹഫീസ്. ഇന്ന് ഹാമിള്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഭേദപ്പെട്ടതും മെച്ചപ്പെട്ടതുമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ന് ടീം പുറത്തെടുത്തത്. നാല് പാക് താരങ്ങള്‍ അര്‍ദ്ധ ശതകം നേടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സാണണ് നേടിയത്.

11/2 എന്ന നിലയില്‍ തകര്‍ന്നുവെങ്കിലും ആദ്യം ഫകര്‍ സമന്‍(54)-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ടും(50) പിന്നീട് വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്(81)-സര്‍ഫ്രാസ് അഹമ്മദ്(51) കൂട്ടുകെട്ടുമാണ് പാക് ടീമിന്റെ രക്ഷയ്ക്കെത്തിയത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ റണ്‍ഔട്ട് ആയാണ് ഹഫീസ് പുറത്തായത്.

ന്യൂസിലാണ്ടിനായി ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പാര്‍ട് ടൈം ബൗളിംഗ് നടത്തിയ കെയിന്‍ വില്യംസണ്‍ രണ്ട് വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ഏകദിനത്തിലും ന്യൂസിലാണ്ടിനു ജയം, മാര്‍ട്ടിന്‍ ഗുപ്ടില്‍ 86*

മഴ മൂലം കളി തടസ്സപ്പെട്ടതിനാല്‍ 25 ഓവറായി ചുരുക്കിയ മത്സരത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയെങ്കിലും പിന്നീട് ലക്ഷ്യം 25 ഓവറില്‍ 151 റണ്‍സായി മാറ്റുകയായിരുന്നു. 7 പന്തുകള്‍ ശേഷിക്കെയാണ് 104 റണ്‍സ് അപരാജിത കൂട്ടുകെട്ടുമായി മാര്‍ട്ടിന്‍ ഗുപ്ടില്‍(86*)-റോസ് ടെയിലര്‍ കൂട്ടുകെട്ട് ആതിഥേയരെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

14 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 64/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. കോളിന്‍ മണ്‍റോ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 19 റണ്‍സ് നേടിയ നായകന്‍ കെയിന്‍ വില്യംസണും വേഗം പുറത്തായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ടോപ് ഓര്‍ഡറിനു പിഴച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് മുഹമ്മദ് ഹഫീസ്(60), ഷദബ് ഖാന്‍(52), ഹസന്‍ അലി(51) എന്നിവരായിരുന്നു. ഹസന്‍ അലി 31 പന്തില്‍ 51 റണ്‍സ് നേടി പാക് ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കി. ഷൊയ്ബ് മാലിക്കും(27) നിര്‍ണ്ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍(3), ടിം സൗത്തി(2), ടോഡ് ആസ്ട്‍ലേ(2) എന്നിവര്‍ക്ക് പുറമേ ട്രെന്റ് ബൗള്‍ട്ടും മിച്ചല്‍ സാന്റനറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version