കേരള ക്രിക്കറ്റ് ലീഗ് ആദ്യ കളിയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ഹീറോ

കേരളാ ക്രിക്കറ്റ് ലീഗ് ട്വന്‍റി 20 മത്സരങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ആലപ്പുഴ റിപ്പിള്‍സിന് അഞ്ച് വിക്കറ്റ് ജയം.
92 റണ്‍സുമായി മുഹമ്മദ് അസ്ഹറുദീന്‍ ടീമിന്‍റെ വിജയ ശിൽപിയായി.
47 പന്തില്‍ ഒന്‍പത് സിക്‌സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടയായിരുന്നു അസറുദ്ദീൻ്റെ പ്രകടനം.

47 ബോളിൽ 92 റൺസ് എടുത്ത മുഹമ്മദ് അസറുദീൻ്റ ബാറ്റിങ്ങ് പ്രകടനം നിർണായകമായി

ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 161 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം മറികടക്കാൻ ആലപ്പുഴ റിപ്പിള്‍സിന് 18.3 ഓവർ വേണ്ടി വന്നുള്ളൂ.
ടോസ് നേടിയ ആലപ്പുഴ ബൗളിംഗ് തെരഞ്ഞെടുക്കുകയാരുന്നു.
ആലപ്പുഴയ്ക്കു വേണ്ടി ആദ്യ ഓവര്‍ എറിഞ്ഞ ഫായിസ് ഫനൂസിന്‍റെ ആദ്യ പന്തില്‍ തന്നെ തൃശൂരിന്റെ ഓപ്പണര്‍ അഭിഷേക് പ്രതാപിന്റെ വിക്കറ്റ് നഷ്ടമായി.
അക്ഷയ് മനോഹറാണ് തൃശ്ശൂറിൻ്റെ ടോപ് സ്കോറർ . 44 പന്ത് നേരിട്ട അക്ഷയ് അഞ്ചു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് സ്വന്തമാക്കി.
നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് ആലപ്പി റിപ്പിള്‍സിനു വേണ്ടി ആനന്ദ് ജോസഫ് മൂന്നു വിക്കറ്റും മൂന്ന് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ഫാസില്‍ ഫനൂസ് രണ്ട് വിക്കറ്റും നേടി.

ആലപ്പി റിപ്പിള്‍സിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീനാണ് മാന്‍ ഓഫ് ദ മാച്ച്. മികച്ച വിക്കറ്റാണ് കാര്യവട്ടത്തേതെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ മത്സരത്തിനു ശേഷം പ്രതികരിച്ചു.

ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റായി തിരികെ എത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍

കോടതി വിധിയുടെ ആനുകൂല്യത്തിൽ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡിന്റായി തിരിച്ചെത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഓംബുഡ്സ്മാന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് ദീപക് വര്‍മ്മ ആണ് മുന്‍ ഇന്ത്യന്‍ നായകനെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കുവാന്‍ തീരുമാനിച്ചത്.

നേരത്തെ അസ്ഹറുദ്ദീനെ പ്രസിഡന്റ് ചുമതലകളിൽ നിന്ന് ഹൈദ്രാബാദ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അപെക്സ് കൗൺ‍സിലിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ബോര്‍ഡ് ഭരണഘടനയെ ലംഘിച്ചു എന്നതായിരുന്നു അസ്ഹറുദ്ദീനെതിരെയുള്ള കുറ്റം.

ഇപ്പോള്‍ അപെക്സ് കൗൺസിലിലെ ഈ അഞ്ച് അംഗങ്ങളെ അയോഗ്യരാക്കുവാനും ഓംബുഡ്സ്മാന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിനായി കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റനെന്ന് നിലയില്‍ കോഹ്‍ലിയുടെ ഇരുനൂറാം അന്താരാഷ്ട്ര മത്സരം ആണ് ഇത്. 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണിയാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് റിക്കി പോണ്ടിംഗും(324) മൂന്നാം സ്ഥാനത്ത് 303 മത്സരങ്ങളുമായി സ്റ്റീഫന്‍ ഫ്ലെമിംഗുമാണ് പട്ടികയിലുള്ളത്.

ഗ്രെയിം സ്മിത്ത്(286), അലന്‍ ബോര്‍ഡര്‍(271), അര്‍ജ്ജുന രണതുംഗ(249), മുഹമ്മദ് അസ്ഹറുദ്ദീന്‍(221) എന്നിവരാണ് ഏറ്റവും അധികം മത്സരങ്ങള്‍ ക്യാപ്റ്റനായി കളിച്ചിട്ടുള്ള കോഹ്‍ലിയ്ക്ക് മുന്നിലുള്ള താരങ്ങള്‍.

തന്നെ ആജീവനാന്തം വിലക്കിയത് എന്തിനാണെന്ന് അറിയില്ലായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ധീൻ

തന്നെ എന്തിനാണ് ബി.സി.സി.ഐ ആജീവനാന്തം വിലക്കിയതെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ. വാതുവെപ്പ് വിവാദത്തെ തുടർന്ന് 2000ലാണ് ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീനെ ബി.സി.സി.ഐ ആജീവനാന്തം വിലക്കിയത്. എന്നാൽ ദീർഘ കാലത്തെ നിയമ പോരാട്ടത്തിന് ശേഷം താരത്തെ 2012ൽ ഹൈദരാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

എന്നാൽ താൻ ഇപ്പോൾ ആരെയും കുറ്റപെടുത്തില്ലെന്നും തനിക്ക് ഇപ്പോഴും എന്തിനാണ് തന്നെ ആജീവനാന്തം വിലക്കിയതെന്ന് അറിയില്ലെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. നിലവിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുകൂടിയാണ് മുഹമ്മദ് അസ്ഹറുദ്ധീൻ.

ഇന്ത്യക്ക് വേണ്ടി 16-17 വർഷത്തോളം തനിക്ക് കളിക്കാൻ സാധിച്ചെന്നും അതിൽ തന്നെ 10 വർഷത്തിൽ അധികം താൻ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നെന്നും അസ്ഹറുദ്ധീൻ പറഞ്ഞു. അതുകൊണ്ട് തന്നെ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയില്ലെന്നും അസ്ഹർ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 99 ടെസ്റ്റ് മത്സരങ്ങളും 334 ഏകദിന മത്സരങ്ങളും അസ്ഹർ കളിച്ചിട്ടുണ്ട്.

 

വിദേശ താരങ്ങൾ പോലും ഐ.പി.എൽ വേണ്ടെന്ന് പറയില്ലെന്ന് അസ്ഹറുദ്ധീൻ

വിദേശ താരങ്ങൾ പോലും ഇത്തവണത്തെ ഐ.പി.എൽ വേണ്ടെന്ന് പറയില്ലെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ധീൻ. ഒരുപാട് താരങ്ങൾ ഐ.പി.എല്ലിൽ കൂടെയാണ് മികച്ച നിലയിൽ എത്തുന്നതെന്നും അസ്ഹർ പറഞ്ഞു. ഐ.പി.എൽ നടത്താൻ അടുത്ത രണ്ട് വർഷത്തേക്കുള്ള പരമ്പരകളിൽ മാറ്റം വരുത്തണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ഐ.പി.എൽ നടത്തണമെങ്കിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരുമെന്നും അത്കൊണ്ട് ഇന്ത്യയുടെ ഭാവി പരമ്പരകൾ മാറ്റേണ്ടി വരുമെന്നും അസ്ഹർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ വേണ്ടി ഇന്ത്യയുടെ ഭാവി പരമ്പരകളിൽ മാറ്റം വരുത്തണമെന്നും അസ്ഹർ പറഞ്ഞു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞതിന് ശേഷം ക്രിക്കറ്റ് ബോർഡുകൾ ഇന്റർനാഷണൽ ക്രിക്കറ്റ് കലണ്ടർ മൊത്തം മാറ്റി നിശ്ചയിക്കണമെന്നും അസ്ഹർ പറഞ്ഞു.

ഐപിഎലില്‍ വേണ്ടത് ഇന്ത്യന്‍ കോച്ചുമാര്‍ – മുഹമ്മദ് അസ്ഹറുദ്ദീന്‍

ഐപിഎലില്‍ വേണ്ടത് ഇന്ത്യന്‍ മുഖ്യ കോച്ചുമാരാണെന്നും ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഇതിന്മേല്‍ കാര്യമായി തന്നെ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ തലവനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍.

ഐപിഎലില്‍ പൊതുവേ വിദേശ കോച്ചുമാര്‍ക്കാണ് പ്രാമുഖ്യം നല്‍കി വരുന്നതെന്നും എന്നാല്‍ ബിസിസിഐ ഇതിന്മേല്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നാണ് അസ്ഹര്‍ പറയുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ കോച്ചുമാരായി നിയമിക്കേണ്ടതുണ്ടെന്നാണ് അസ്ഹറിന്റെ ഭാഷ്യം.

ഇതെല്ലാം ഫ്രാഞ്ചൈസികളുടെ തീരുമാനമാണെന്ന് തനിക്കറിയാമെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗുണം മുന്‍ ഇന്ത്യന്‍ താരങ്ങളും അനുഭവിക്കേണ്ടതുണ്ടെന്നാണ് അസ്ഹര്‍ പറയുന്നത്. ഇന്ത്യന്‍ കോച്ചുമാരെ പ്രമോട്ട് ചെയ്യേണ്ട ആവശ്യകത ഏറെയാണെന്നും ബോര്‍ഡ് തന്റെ ആവശ്യം വേണ്ട വിധം പരിഗണിക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും അസ്ഹറുദ്ദീന്‍ വ്യക്തമാക്കി.

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സച്ചിന്‍ ബേബി, മണിപ്പൂരിനെതിരെ 186 റണ്‍സ് നേടി കേരളം

16 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകര്‍ച്ചയില്‍ നിന്ന് 186 റണ്‍സെന്ന വലിയ സ്കോര്‍ നേടി കേരളം. ഇന്ന് നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെയായിരുന്നു കേരളത്തിന്റെ വെടിക്കെട്ട് പ്രകടനം. സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിനു തുണയായത്. 46 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്ന സച്ചിനു പിന്തുണയായി മുഹമ്മദ് അസ്ഹറുദ്ദീന്‍ 26 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്തായി.

വിഷ്ണു വിനോദ് 34 റണ്‍സും ഡാരില്‍ എസ് ഫെരാരിയോ 22 റണ്‍സും നേടി പുറത്തായി. രണ്ട് കേരള താരങ്ങള്‍ റണ്‍ഔട്ട് ആയപ്പോള്‍ മണിപ്പൂരിനായി ക്യാപ്റ്റന്‍ ഹോമേന്ദ്രോ രണ്ട് വിക്കറ്റ് നേടി.

അസ്ഹറിനാകാമെങ്കില്‍ തനിക്കായാലെന്തെന്ന് ചോദിച്ച് ശ്രീശാന്ത്

തനിക്ക് തന്നിരിക്കുന്ന ശിക്ഷ ഏറെ കടുത്തതാണെന്നും തന്നെ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ അനുവാദം നല്‍കണമെന്നും സുപ്രീം കോടതിയില്‍ അറിയിച്ച് മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ ശ്രീശാന്ത്. തനിക്ക് 36 വയസ്സായെന്നും തന്റെ സമയം അവസാനിക്കുകയാണെന്നും തനിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ശ്രീശാന്തിനു വേണ്ടി അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു.

ട്രയല്‍ കോടതി സ്പോട്ട് ഫിക്സിംഗ് കേസില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയതാണെന്നും ആജീവനാന്ത വിലക്ക് ഒഴിവാക്കി കളത്തിലേക്ക് മടങ്ങി വരുവാനുള്ള അവസരം താരത്തിനു നല്‍കണമെന്നും ശ്രീശാന്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിക്കുകയായിരുന്നു. പ്രാദേശിക ക്ലബ്ബുകള്‍ക്ക് പോലും കളിക്കാനാകാത്ത ആജീവനാന്ത വിലക്ക് ഏറെ കടുപ്പമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ശ്രീശാന്തിനപ്പം പേര് വന്ന താരങ്ങളുടെ വിലക്ക് 3-5 വര്‍ഷം വരെയായിരുന്നുവെന്നും താരത്തിനു മാത്രം എന്തിനാണ് ഇത്തരത്തില്‍ കടുത്ത ശിക്ഷയെന്നും അദ്ദേഹം വാദിച്ചു.

മുഹമ്മദ് അസ്ഹറുദ്ദീനെ സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ബിസിസിഐ അനുവദിച്ചിരുന്നു. സിഒഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത് ക്രിക്കറ്റിലെ കൊള്ളരുതായ്മയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുവാനുള്ള കടുത്ത ശിക്ഷയാണിതെന്നാണ്. ഇത് മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണ്.

ഷാ താരതമ്യങ്ങളെ ശ്രദ്ധിക്കരുത്: അസ്ഹറുദ്ദീന്‍

അരങ്ങേറ്റ ടെസ്റ്റില്‍ വിന്‍‍ഡീസിനെതിരെ ശതകവും മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മുന്‍ നായകന്‍ അസ്ഹറുദ്ദീന്‍. പൃഥ്വി ഷാ ഒരിക്കലും ഇപ്പോള്‍ നടക്കുന്ന താരതമ്യങ്ങളെ ഗൗനിക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്റെ അഭിപ്രായം. വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായുള്ള താരതമ്യമാണ് ഇപ്പോള്‍ പൃഥ്വിയെ വെച്ച് ആരാധകര്‍ നടത്തുന്നത്. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ തന്നെ ബാറ്റിംഗില്‍ മാത്രമാണ് പൃഥ്വി ശ്രദ്ധിക്കേണ്ടതെന്ന് അസ്ഹര്‍ പറഞ്ഞു.

തന്റെ ടെക്നിക്കിലും കഴിവിലും മാത്രം വിശ്വാസവും ശ്രദ്ധയും നല്‍കിയാല്‍ പൃഥ്വി ഷാ ഇനിയും മുന്നോട്ട് ഏറെ പോകുമെന്ന് അസ്ഹര്‍ പറഞ്ഞു. വിവിധ കാലഘട്ടത്തിലുള്ള താരങ്ങളെ താരതമ്യം ചെയ്യുന്നത് തന്നെ ശുദ്ധ അബദ്ധമാണെന്നാണ് അസ്ഹറിന്റെ അഭിപ്രായം. ഓരോ താരങ്ങളും അവരുടേതായ മേഖലകളില്‍ പ്രാവീണ്യം കൈവരിച്ചവരാണ്.

പൃഥ്വി തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണം. രഞ്ജിയിലും അണ്ടര്‍ 19ലും അതാണ് യുവ താരത്തിനു റണ്‍സ് നേടിക്കൊടുക്കാവന്‍ സഹായിച്ചത്. ചില മത്സരങ്ങളില്‍ പരാജയപ്പെട്ടേക്കാം എന്നാല്‍ സ്വന്തം ശക്തിയ്ക്കനുസരിച്ച് താരം മുന്നോട്ട് പോകണമെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റില്‍ ഇന്ത്യ അശ്വിന്‍-കുല്‍ദീപ് കൂട്ടുകെട്ടിനെ മത്സരത്തിനിറക്കണം: അസ്ഹറുദ്ദീന്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് അശ്വിന്‍-കുല്‍ദീപ് സ്പിന്‍ കൂട്ടുകെട്ടിനെ ഇറക്കണമെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീന്‍. ഭുവനേശ്വര്‍ കുമാറിന്റെ ലഭ്യതയില്ലായ്മയും ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി വിലയിരുത്താമെങ്കിലും ഈ സ്പിന്‍ കൂട്ടുകെട്ടിനു ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനാകുമെന്നാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ വിശ്വസിക്കുന്നത്.

പൊതുവേ വിദേശ പിച്ചുകളില്‍ ഇന്ത്യ ഏക സ്പിന്നറുമായാണ് കളിക്കാറുള്ളത്. എന്നാല്‍ കുല്‍ദീപിനെ നേരിടാന്‍ ഇംഗ്ലണ്ട് ഏകദിന-ടി20 പരമ്പരകളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമുള്ളതിനാല്‍ ടീമില്‍ കുല്‍ദീപിനെ ഉള്‍പ്പെടുത്തണമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ പൊതുവേയുള്ള വിലയിരുതത്തല്‍. ജഡേജയെക്കാള്‍ കുല്‍ദീപിനാണ് അസ്ഹറുദ്ദീന്‍ അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യത കല്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version