രണ്ടാം കോവിഡ് ടെസ്റ്റും നെഗറ്റീവ്, മുഹമ്മദ് അമീര്‍ നാളെ ഇംഗ്ലണ്ടിലേക്ക് യാത്രയാകും

ഇംഗ്ലണ്ടില്‍ പര്യടനത്തിനായി പോകുന്ന പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരുവാന്‍ മുഹമ്മദ് അമീര്‍ നാളെ യാത്രയാകും. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ നിന്ന് വിരമിച്ച താരത്തെ ഏകദിന ടീമില്‍ പരിഗണിക്കുവാന്‍ ഇരുന്നതാണെങ്കിലും താരം വ്യക്തിഗത കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

തന്റെ രണ്ടാം കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍ തീരുമാനിച്ച താരം കഴിഞ്ഞാഴ്ച കുഞ്ഞ് ജനിച്ച ശേഷം ടീമിനൊപ്പം ചേരുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ ഏതാനും ദിവസം മുമ്പ് കോവിഡ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. ആദ്യ ടെസ്റ്റും രണ്ടാം ടെസ്റ്റും നെഗറ്റീവായ താരം നാളെ ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

കഴിവ് തെളിയിച്ചാല്‍ അമീറിനെ ടെസ്റ്റിലും പരിഗണിക്കും – വഖാര്‍ യൂനിസ്

മുഹമ്മദ് അമീര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് പോസിറ്റീവായി കാണുന്നുവെങ്കിലും താരത്തിനെ കഴിവ് തെളിയിച്ചാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ താരം പ്രഖ്യാപിച്ചിരുന്നു.

ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു ഈ തീരുമാനം. ഇതിനെതിരെ വഖാറും മിസ്ബ ഉള്‍ ഹക്കും താരത്തെ വിമര്‍ശിച്ചിരുന്നു. ഇംഗ്ലണ്ട് ടൂറില്‍ നിന്ന് താരം വ്യക്തിപരമായ കാരണങ്ങള്‍ കാരണം വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചുവെങ്കിലും പിന്നീട് ഹാരിസ് റൗഫ് കൊറോണ പോസിറ്റീവ് ആയതോടെ താരത്തിനെ വീണ്ടം ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.

താരത്തിന് മുന്നില്‍ വാതിലുകളൊന്നും കൊട്ടിയടച്ചിട്ടില്ലെന്നും താരം മികച്ച രീതിയില്‍ പരിശീലനത്തിലെല്ലാം കഴിവ് തെളിയിക്കുകയാണെങ്കില്‍ താരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കുവാനാണ് മാനേജ്മെന്റ തീരുമാനം എന്നും വഖാര്‍ യൂനിസ് വ്യക്തമാക്കി.

താരം ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ഇത്തരം തീരുമാനം കൈക്കൊണ്ടതാണ് ഏവര്‍ക്കും നീരസം ഉണ്ടാക്കിയതെന്നും താരം ഇപ്പോള്‍ മടങ്ങി വരുന്നത് പാക്കിസ്ഥാന് ടീമിന് ഗുണം ചെയ്യുമെന്നും വഖാര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരുവാന്‍ മുഹമ്മദ് അമീര്‍ ഉടന്‍ യാത്രയാകുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ ഇംഗ്ലണ്ടിലേക്ക് ഉടന്‍ യാത്രയാകുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ടിലേക്ക് യാത്രയായ സംഘത്തിനൊപ്പം താരം യാത്ര ചെയ്തിരുന്നില്ല. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം സംബന്ധിച്ചാണ് താരം പാക്കിസ്ഥാനില്‍ കുടുംബത്തോടൊപ്പം ചെലഴിച്ചത്.

നേരത്തെ ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ നിന്ന് ഇതേ കാരണത്താല്‍ താരം വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ച കുഞ്ഞിന്റെ ജനനത്തിന് ശേഷം താരം ഇംഗ്ലണ്ടിലേക്ക് പറക്കുവാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറി മുഹമ്മദ് അമീറും ഹാരിസ് സൊഹൈലും

പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് പിന്മാറി മുഹമ്മദ് അമീറും ഹാരിസ് സൊഹൈലും. ഇരുവരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറിയിരിക്കുന്നത്. അമീര്‍ തന്റെ രണ്ടാം കുഞ്ഞിന്റെ ജനനത്തിനായി ആണഅ പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെങ്കില്‍ ഹാരിസ് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞാണ് പരമ്പരയില്‍ നിന്ന് പിന്മാറിയത്.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ് പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പരമ്പര നടക്കേണ്ടിയിരുന്നത്. അമീറിന് അടുത്തിടെ കേന്ദ്ര കരാര്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് നല്‍കിയിരുന്നില്ല. 28 കളിക്കാരെയും 14 സപ്പോര്‍ട്ട് സ്റ്റാഫിനെയുമാവും പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് അയയ്ക്കുക എന്ന് വെളിപ്പെടുത്തിയിരുന്നു.

മുഹമ്മദ് അമീറിനെതിരെ ഷൊയ്ബ് അക്തര്‍

മുഹമ്മദ് അമീറിനെതിരെ ആരോപണങ്ങളുമായി ഷൊയ്ബ് അക്തര്‍. 2010ലെ സ്പോട്ട് ഫിക്സിംസിന് ശേഷം വിലക്ക് കഴിഞ്ഞ് അടുത്തിടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അമീര്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏകദിനത്തിലും ടി20യിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പല മുന്‍ താരങ്ങളും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇപ്പോള്‍ ഷൊയ്ബ് അക്തറും താരത്തെ വിമര്‍ശിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് താരത്തെ തിരികെ കൊണ്ടുവരുവാന്‍ ശ്രമിച്ച ബോര്‍ഡിനോടും രാജ്യത്തോടും മുഖം തിരിച്ച് താരം ചതിച്ചുവന്നാണ് അക്തര്‍ ആരോപിച്ചത്. രാജ്യത്തിന് തന്റെ സേവനങ്ങള്‍ അമീര്‍ നിഷേധിക്കുകയാണെന്നും ഇത് കൊടുംചതിയായി കണക്കാക്കേണ്ടതാണെന്നും അക്തര്‍ പറഞ്ഞു.

മുഹമ്മദ് അമീറിനെ തിരികെ കൊണ്ടുവരുവാന്‍ മറ്റു താരങ്ങള്‍ക്കില്ലാത്ത പരിഗണനയാണ് ബോര്‍ഡ് നല്‍കിയത്. എന്നിട്ട് എന്താണ് ഫലം ലഭിച്ചത്, ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്ന് പറഞ്ഞ് താരം പുറകില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

കോച്ചുമാര്‍ തരുന്ന സ്വാതന്ത്ര്യം തന്നെ വേറൊരു ബൗളറാക്കി മാറ്റുന്നു – മുഹമ്മദ് അമീര്‍

പിഎസ്എലില്‍ വിക്കറ്റുകള്‍ കൊയ്ത് മുന്നേറിയ താരമാണ് മുഹമ്മദ് അമീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തനിക്ക് മികവ് പുലര്‍ത്താനായതിന്റെ കാരണം താരം വ്യക്തമാക്കുകയായിരുന്നു.

ബൗളര്‍മാര്‍ക്ക് വേണ്ട സ്വാതന്ത്ര്യം കോച്ചുമാര്‍ തരികയാണെങ്കില്‍ തന്നെ തങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കുവാനുള്ള പ്രഛോദനം ആകുമെന്ന് മുഹമ്മദ് അമീര്‍ സൂചിപ്പിച്ചു. തനിക്ക് വസീം അക്രമും ഡീന്‍ ജോണ്‍സും നല്‍കിയ ഉപദേശം ഒരോവറില്‍ നിന്നെ രണ്ട് ബൗണ്ടറി അടിച്ചാലും ടീമിന് വിക്കറ്റ് ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നതായിരുന്നുവെന്ന് മുഹമ്മദ് അമീര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിന് വേണ്ടിയാണ് മുഹമ്മദ് അമീര്‍ കളിക്കുന്നത്.

വഹാബും അമീറും ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ടീമിനെ കൈവിട്ടു, അതിനാല്‍ തന്നെ യുവതാരങ്ങളെ ആശ്രയിക്കേണ്ടി വന്നു

ഓസ്ട്രേലിയന്‍ ടൂറിന് തൊട്ട് മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ വഹാബ് റിയാസും മുഹമ്മദ് അമീറും ടീമിനെ അവസാന നിമിഷം കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പാണ് ഇരു താരങ്ങളുടെയും ഈ നീക്കം. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ യുവ താരങ്ങളെ ആശ്രയിക്കേണ്ടി വന്നു. പരമ്പരയില്‍ ദയനീയ പ്രകടനമായിരുന്നു ടീമിന്റേത്.

എന്നാല്‍ അവരുടെ തീരുമാനത്തിന് ടീം മാനേജ്മെന്റിന് അവരോട് അമര്‍ഷമൊന്നുമില്ലെന്ന് വഖാര്‍ പറഞ്ഞു. എന്നാല്‍ അവര്‍ ടീമിനെ കൈവിട്ടുവെന്നത് സത്യമാണെന്ന് വഖാര്‍ കൂട്ടിചേര്‍ത്തു. ടെസ്റ്റ് മതിയാക്കിയെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന് വേണ്ടി ഈ താരങ്ങള്‍ക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വഖാര്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുഹമ്മദ് അമീര്‍

പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമില്‍ അവസാനം എത്തിയ താരം ആദ്യം പ്രാഥമിക സ്ക്വാഡില്‍ അംഗമായിരുന്നില്ല. പിന്നീട് ആദ്യ മത്സരങ്ങളില്‍ പാക് നിരയില്‍ താരം മാത്രമാണ് ബൗളിംഗ് മികവ് കണ്ടെത്തിയത്. ടൂര്‍ണ്ണമെന്റ് പുരോഗമിക്കവേ പാക്കിസ്ഥാന്‍ താരത്തിന്റെ ഫോം നഷ്ടമാകുകയും ചെയ്തിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്നാണ് താരം പറയുന്നത്.

വെറും 27 വയസ്സ് മാത്രമുള്ള താരത്തിന്റെ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത കാലത്തായി മോശം ഫോമിലൂടെയാണ് താരം കടന്ന് പോകുന്നതെങ്കിലും ലോകകപ്പില്‍ താരത്തിന്റെ പരിചയ സമ്പത്തിനെ പാക്കിസ്ഥാന്‍ പരിഗണിക്കുകയായിരുന്നു.

36 ടെസ്റ്റ് മത്സരങ്ങളിലായി പാക്കിസ്ഥാന് വേണ്ടി 119 വിക്കറ്റുകളാണ് അമീര്‍ നേടിയിട്ടുള്ളത്. 2010ല്‍ അമീറിനെ സ്പോട്ട് ഫിക്സിംഗിന് ഐസിസി അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. 2016 ജനുവരിയില്‍ ന്യൂസിലാണ്ട് ടൂറിലാണ് താരം വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നത്. 2007ല്‍ വസീം അക്രം ആണ് ഈ മിന്നും പേസ് ബൗളറെ കണ്ടെത്തിയത്.

അന്ന് 15 വയസ്സ് പ്രായം  മാത്രമുണ്ടായിരുന്ന താരം പാക്കിസ്ഥാന്‍ അണ്ടര്‍ 19 ടീമില്‍ ഇടം പിടിച്ച് ഇംഗ്ലണ്ടിനെതിരെ മികവാര്‍ന്ന പ്രകടനം പുറത്തെടുത്തിരുന്നു. 2009ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു താരം ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്.

ലോര്‍ഡ്സ് ടെസ്റ്റില്‍ മനഃപ്പൂര്‍വ്വം നോ ബോളുകള്‍ എറിഞ്ഞെന്ന് കണ്ടെത്തിയതിന് സഹ താരം മുഹമ്മദ് ആസിഫിനൊപ്പം അമീറിനെയും വിലക്കുകയായിരുന്നു.

15 വിക്കറ്റുമായി മൂന്ന് താരങ്ങള്‍ വിക്കറ്റ് വേട്ടയില്‍ മുമ്പില്‍

ലോകകപ്പില്‍ വിക്കറ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നേടുന്നതിനായി മൂന്ന് താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഇന്ന് പാക്കിസ്ഥാന് വേണ്ടി ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ 15 വിക്കറ്റുകളുമായി മുഹമ്മദ് അമീര്‍ കൂടി ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ജോഫ്ര ആര്‍ച്ചര്‍ക്കും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം എത്തുകയാണുണ്ടായത്. മൂന്ന് താരങ്ങളും 15 വിക്കറ്റുകളുമായി ഒപ്പമാണെങ്കിലും മികച്ച സ്ട്രൈക്ക് റേറ്റും ഇക്കണോമിയുമായി മുഹമ്മദ് അമീര്‍ ആണ് ഒന്നാം സ്ഥാനത്ത്.

നാലാം സ്ഥാനത്ത് 14 വിക്കറ്റുമായി ന്യൂസിലാണ്ടിന്റെ ലോക്കി ഫെര്‍ഗൂസണും 12 വിക്കറ്റ് നേടി ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ് അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു.

അവസാന ഓവറുകളില്‍ ഇന്ത്യയുടെ താളം തെറ്റിച്ച് മഴയും മുഹമ്മദ് അമീറും, പാക്കിസ്ഥാനെതിരെ 336 റണ്‍സ് നേടി ഇന്ത്യ

ഇന്ത്യയുടെ 350 റണ്‍സെന്ന പ്രതീക്ഷകളെ തടഞ്ഞ് പാക്കിസ്ഥാന്റെ മുഹമ്മദ് അമീര്‍. ശതകം നേടിയ രോഹിത് ശര്‍മ്മയുടെയും അര്‍ദ്ധ ശതകങ്ങള്‍ നേടിയ വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍ എന്നിവരുടെ പ്രകടനങ്ങളുടെ ബലത്തില്‍ ഇന്ത്യ 350നു മുകളിലേക്കുള്ള സ്കോറിലേക്ക് നീങ്ങുമെന്നാണ് കരുതിയതെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മഴയും മുഹമ്മദ് അമീറും. 50 ഓവറില്‍ നിന്ന് 336 റണ്‍സാണ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മുഹമ്മദ് അമീറിന്റെ സ്പെല്ലാണ് അടികൊണ്ട് മടുത്ത പാക് ബൗളിംഗ് നിരയിലെ ഏക ആശ്വാസം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താരം പത്തോവറില്‍ നിന്ന് 47 റണ്‍സാണ് വിട്ട് നല്‍കിയത്. രോഹിത് ശര്‍മ്മ 140 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‍ലി 77 റണ്‍സ് നേടി ഇടവേളയ്ക്ക് ശേഷം പുറത്തായി. ലോകേഷ് രാഹുല്‍ 57 റണ്‍സാണ് നേടിയത്.

ടോപ് ഗിയറില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍, മഴ കളി മുടക്കി

രോഹിത് ശര്‍മ്മ ശതകവും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും അര്‍ദ്ധ ശതകങ്ങളും നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അവസാനത്തോടെ വില്ലനായി മഴയെത്തി. ഇന്ത്യ 46.4 ഓവറില്‍ 305/4 എന്ന നിലയിലാണ്. മുഹമ്മദ് അമീര്‍ ഇന്നിംഗ്സ് അവസാനത്തോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെയും(26), എംഎസ് ധോണിയെയും(1) പുറത്താക്കിയെങ്കിലും ടോപ് ഓര്‍ഡറിന്റെ പ്രകടനം ഇന്ത്യയെ ശക്തമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

ഓപ്പണിംഗില്‍ ശിഖര്‍ ധവാന് പകരം എത്തിയ ലോകേഷ് രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സ് നേടിയ ശേഷം 23.5 ഓവറിലാണ് രാഹുലിന്റെ(57) രൂപത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ 98 റണ്‍സ് ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോഹ്‍ലി കൂട്ടുകെട്ട് നേടുകയായിരുന്നു. 113 പന്തില്‍ നിന്ന് 14 ഫോറും 3 സിക്സും സഹിതമായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

വിരാട് കോഹ്‍ലി 62 പന്തില്‍ 71 റണ്‍സും വിജയ് ശങ്കര്‍ 3 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോളാണ് മഴ തടസ്സം സൃഷ്ടിച്ചത്.

ലോകകപ്പിലെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദ് അമീര്‍

ലോകകപ്പ് 2019ല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായി മാറി മുഹമ്മദ് അമീര്‍. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ ടീം പരാജയപ്പെട്ടുവെങ്കിലും തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച് മുഹമ്മദ് അമീര്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. പത്തോവറില്‍ നിന്ന് 30 റണ്‍സ് മാത്രം വഴങ്ങി അമീര്‍ 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അതില്‍ 2 മെയ്ഡന്‍ ഓവറുകളുമുണ്ടായിരുന്നു. തന്റെ സ്പെല്ലില്‍ വെറും ഒരു ഫോര്‍ മാത്രമാണ് താരം വഴങ്ങിയത്.

ടെസ്റ്റ് കളിയ്ക്കുന്ന രാജ്യത്തിനെതിരെ ലോകകപ്പിലെ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ മുഹമ്മദ് അമീര്‍ പുറത്തെടുത്തത്. വസീം അക്രം നമീബിയയ്ക്കെതിരെ നേടിയ 28/5 എന്ന ഫിഗര്‍ ആണ് ലോകകപ്പിലെ പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അതേ സമയം 9 വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇവര്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മുഹമ്മദ് അമീര്‍ 3 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ കളിച്ചത്.

ന്യൂസിലാണ്ട് താരങ്ങളായ ലോക്കി ഫെര്‍ഗൂസണ്‍(8 വിക്കറ്റ്), മാറ്റ് ഹെന്‍റി(7 വിക്കറ്റ്) എന്നിവര്‍ക്ക് പിന്നിലായി 6 വിക്കറ്റ് നേടി 5 താരങ്ങളാണ് വിക്കറ്റ് വേട്ടക്കാരില്‍ പ്രധാനികളായി നില്‍ക്കുന്നത്. ഇവരില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലിനോടൊപ്പം മുഹമ്മദ് സൈഫുദ്ദീന്‍(ബംഗ്ലാദേശ്), ജെയിംസ് നീഷം(ന്യൂസിലാണ്ട്), ജോഫ്ര ആര്‍ച്ചര്‍(ഇംഗ്ലണ്ട്), ഒഷെയ്ന്‍ തോമസ്(വിന്‍ഡീസ്) എന്നിവരാണുള്ളത്.

Exit mobile version