കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് അമീര്‍, ശ്രമം വിഫലം

തന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം മുഹമ്മദ് അമീര്‍ നടത്തുമ്പോള്‍ അത് പാക്കിസ്ഥാന്റെ തിരിച്ചുവരവിന്റെ സൂചനകളായിരുന്നു നല്‍കിയത്. 350നു മേലുള്ള സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയയെ 84 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തി 307 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുമ്പോള്‍ അതില്‍ കന്നി അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് അമീറിന്റെ പ്രകടനം വേറിട്ട് നിന്നുവെങ്കിലും ടോപ് ഓര്‍ഡറിന്റെ പരാജയം ഈ ശ്രമം വിജയത്തിനോടൊപ്പം ആഘോഷിക്കുവാനുള്ള അമീറിന്റെ ആഗ്രഹം സാധിപ്പിക്കാതെ പോയി.

ലോകകപ്പിലെ പ്രാഥമിക 15 അംഗ സംഘത്തിലില്ലാതിരുന്ന താരമായിരുന്നു മുഹമ്മദ് അമീര്‍, എന്നാല്‍ അവസാനം വരുത്തിയ മൂന്ന് മാറ്റങ്ങളില്‍ പ്രധാനിയായിരുന്നു താരം. കഴിഞ്ഞ ഏറെ നാളായി താരം ഫോമിലല്ലാതിരുന്നപ്പോളും ലോകകപ്പില്‍ താരത്തിന്റെ സേവനം വേണമെന്ന സെലക്ടര്‍മാരുടെ തീരുമാനം ശരിയാകുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസിനെതിരെ പാക് ബാറ്റിംഗ് തകര്‍ന്നപ്പോളും പാക്കിസ്ഥാന്‍ ബൗളിംഗില്‍ നിന്നുള്ള തീപാറും പ്രകടനം നയിച്ചത് അമീര്‍ ആയിരുന്നു. പത്തോവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ വെറും 30 റണ്‍സ് വിട്ട് നല്‍കിയാണ് അമീര്‍ തന്റെ അഞ്ച് വിക്കറ്റ് നേടിയത്.

ഫിഞ്ച്-വാര്‍ണര്‍ തുടക്കത്തിനു ശേഷം ഓള്‍ഔട്ട് ഓസ്ട്രേലിയ, പാക്കിസ്ഥാന്റെ തിരിച്ചുവരവ് ഒരുക്കിയത് മുഹമ്മദ് അമീര്‍

ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും നല്‍കിയ മിന്നും തുടക്കം കൈവിട്ട് ഓസ്ട്രേലിയ. ഇരുവരും ചേര്‍ന്ന് ഓസ്ട്രേലിയയെ ഒന്നാം വിക്കറ്റില്‍ 146 റണ്‍സിലേക്ക് നയിച്ച ശേഷം ഡേവിഡ് വാര്‍ണര്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയെങ്കിലും വാര്‍ണര്‍ ഉള്‍പ്പെടെയുള്ള മറ്റു ഓസ്ട്രേലിയന്‍ വിക്കറ്റുകളെ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി ഓസ്ട്രേലിയയെ 307 റണ്‍സിലേക്ക് പിടിച്ചു കെട്ടുവാന്‍ പാക്കിസ്ഥാന്‍ കഴിയുകയായിരുന്നു. മുഹമ്മദ് അമീറിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാക്കിസ്ഥാനെ 49 ഓവറില്‍ ഓസ്ട്രേലിയയെ പുറത്താക്കുവാന്‍ സഹായിച്ചത്.

ഫിഞ്ച്(82) പുറത്തായ ശേഷം മികച്ചൊരു കൂട്ടുകെട്ട് നേടുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചിരുന്നില്ല. മുഹമ്മദ് അമീര്‍ ആണ് ഫിഞ്ചിനെ പുറത്താക്കി ഓസ്ട്രേലിയയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. സ്റ്റീവന്‍ സ്മിത്ത്(10), ഗ്ലെന്‍ മാക്സ്വെല്‍(20), ഷോണ്‍ മാര്‍ഷ്(23), ഉസ്മാന്‍ ഖവാജ(18) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന്‍ തിരിച്ചടിയ്ക്കുകയായിരുന്നു.

45 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് ഓസ്ട്രേലിയ നേടിയിരുന്നത്. എന്നാല്‍ 16 റണ്‍സ് നേടുന്നതിനിടയില്‍ ശേഷിക്കുന്ന നാല് വിക്കറ്റുകള്‍ കൂടി ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. അമീറിനു പുറമെ ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അര്‍ദ്ധ ശതകം നേടി ക്രിസ് ഗെയില്‍, അടിച്ച് തകര്‍ത്ത് നിക്കോളസ് പൂരനും, നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍

പാക്കിസ്ഥാന് ലോകകപ്പില്‍ നാണംകെട്ട തോല്‍വിയോടെ തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 105 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം വെറും 13.4 ഓവറിലാണ് വിന്‍ഡീസ് അടിച്ചെടുത്തത്. ഒഷെയ്‍ന്‍ തോമസ് നാലും ജേസണ്‍ ഹോള്‍ഡറും 3 വിക്കറ്റും ആന്‍ഡ്രേ റസ്സല്‍ രണ്ട് വിക്കറ്റും നേടി വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ 22 റണ്‍സ് വീതം നേടിയ ഫകര്‍ സമനും ബാബര്‍ അസവുമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഷായി ഹോപിനെയും ഡാരെന്‍ ബ്രാവോയെയും വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍ മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്നു. 34 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ഗെയിലിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റും നേടിയത് മുഹമ്മദ് അമീര്‍ ആയിരുന്നു. 19 പന്തില്‍ നിന്ന് 34 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളസ് പൂരന്‍ വിന്‍ഡീസിന്റെ വിജയം വേഗത്തിലാക്കുകയായിരുന്നു.

ടീം സെലക്ഷന്‍ ശ്രമകരം, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ്

ലോകകപ്പ് സ്ക്വാഡിനു വേണ്ട 15 താരങ്ങളെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണെന്നാണ് ജനത്തിന്റെ വിചാരമെന്നും എന്നാല്‍ അതല്ല സംഭവമെന്നും വളരെയേറെ സമ്മര്‍ദ്ദമുള്ള കാര്യമാണ് ഇതെന്നും അഭിപ്രായപ്പെട്ട് പാക് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടീം സെലക്ഷന്‍ എന്നും ദുഷ്കരമായ കാര്യമാണ്. പാക്കിസ്ഥാനില്‍ പ്രത്യേകിച്ച് ലോകകപ്പിനു വേണ്ടി ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുക്കുക എന്നത് അതിനെക്കാള്‍ ശ്രമകരമാണെന്നും ഇന്‍സമാം പറഞ്ഞു.

മുഹമ്മദ് അമര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി എന്നിങ്ങനെ മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ടീം തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രയാസകരമാണെന്നും ഇന്‍സമാം പറഞ്ഞു. അതേ സമയം പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളാണ് പാക്കിസ്ഥാന്‍ വരുത്തിയത്. ജുനൈദ് ഖാനും ഫഹീം അഷ്റഫും ഒഴിവാക്കപ്പെട്ടപ്പോള്‍ മുഹമ്മദ് അമീറും വെറ്ററന്‍ താരം വഹാബ് റിയാസും ടീമിലേകേ്ക് തിരികെ എത്തി.

മൂന്ന് മാറ്റങ്ങളോടെ പാക്കിസ്ഥാന്‍, ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

15 അംഗ പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി പാക്കിസ്ഥാന്‍. ഇന്ന് തങ്ങളുടെ ലോകകപ്പിനുള്ള അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, ആസിഫ് അലി എന്നിവരെ ഉള്‍പ്പെടുത്തി. അതേ സമയം ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്റഫ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.

സ്ക്വാഡ്: സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്‍, ഇമാം-ഉള്‍-ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ആസിഫ് അലി, ഷദബ് ഖാന്‍, ഇമാദ് വസീം, ഹാരിസ് സൊഹൈല്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈന്‍.

മൂന്നാം ഏകദിനം ഇന്ന്, ചിക്കന്‍പോക്സ് കാരണം മുഹമ്മദ് അമീര്‍ കളിയ്ക്കില്ല

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ന് മുഹമ്മദ് അമീര്‍ കളിയ്ക്കില്ല. താരത്തിനു ചിക്കന്‍പോക്സ് പിടിപെട്ടുവെന്ന് സംശയിക്കുന്നതിനാലാണ് ഇത്. ഇതോടെ താരത്തിനു ലോകകപ്പിനുള്ള ടീമിലേക്കുള്ള തന്റെ സാധ്യതകള്‍ക്കായി മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള അവസരം കൂടിയാണ് നഷ്ടമായിരിക്കുന്നത്.

താരം നിലവില്‍ ടീമിനൊപ്പം യാത്ര ചെയ്യാതെ ലണ്ടിനില്‍ തന്റെ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. ആദ്യ മത്സരം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സൗത്താംപ്ടണിലെ രണ്ടാം മത്സരത്തില്‍ അസുഖം മൂലം താരം കളിച്ചിരുന്നില്ല. ഇപ്പോള്‍ ചിക്കന്‍പോക്സാണെന്ന് കണ്ടെത്തിയാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം കളിയ്ക്കുമോ എന്ന കാര്യവും സംശയത്തിലാണ്.

ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡില്‍ നിന്ന് താരത്തെ പാക്കിസ്ഥാന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള 17 അംഗ സംഘത്തില്‍ താരത്തെ ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ ലോകകപ്പിനു മുമ്പ് താരത്തിനു ഒരവസരം കൂടി നല്‍കുകയായിരുന്നു. ഇപ്പോളത്തെ സ്ഥിതിയില്‍ താരത്തിനു ഇനി മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാനോ ലോകകപ്പ് ടീമിലേക്കുള്ള തന്റെ സാധ്യതകളെ സ്വാധീനിക്കുവാനോ സാധിക്കില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇംഗ്ലണ്ടിലെ പ്രകടനം അമീറിന്റെ സാധ്യതകളെ തീരുമാനിക്കും

ലോകകപ്പില്‍ പാക്കിസ്ഥാന്‍ മുഹമ്മദ് അമീര്‍ ഇല്ലാതെ ടീം പ്രഖ്യാപിച്ചുവെങ്കിലും താരത്തിനു ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അവസരം കൂടിയുണ്ടെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പരിശീലന ക്യാമ്പിലും സന്നാഹ മത്സരത്തിലും താരം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അതേ സമയം താരത്തിനു ഇംഗ്ലണ്ടില്‍ ഒരവസരം ടീം മാനേജ്മെന്റ് നല്‍കുമെന്ന് തന്നെയാണ് പറഞ്ഞത്.

ആറ് പേസ് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത് ബൗളര്‍മാരെ മാറ്റി പരീക്ഷിക്കുവാനാണെന്നും പാക് നായകന്‍ വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയ്ക്കെതിരെ ഐസിസി ചാമ്പ്യനവ്‍സ് ട്രോഫിയില്‍ മികവ് പുലര്‍ത്തിയ ശേഷം അമീര്‍ ഫോം ഔട്ട് ആവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ കാലയളവില്‍ വെറും 5 വിക്കറ്റുകളാണ് താരം 101 ഓവറുകളില്‍ നിന്ന് നേടിയിട്ടുള്ളത്.

പൊരുതി നോക്കി ക്രിസ് മോറിസ്, ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി അമീറും ഷദബ് ഖാനും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ 141/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ ടി20 പരമ്പരയിലെ ആശ്വാസ വിജയം കണ്ടെത്തിയത്.

ക്രിസ് മോറിസ് 29 പന്തില്‍ 55 റണ്‍സ് നേടി പുറത്താകാതെ പൊരുതിയെങ്കിലും മുഹമ്മദ് അമീറും ഷദബ് ഖാനും വീഴ്ത്തിയ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. 55 റണ്‍സ് നേടിയ മോറിസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 41 റണ്‍സ് നേടി പുറത്തായി.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീര്‍ മൂന്നും ഷദബ് ഖാനും ഫഹീം അഷ്റഫും രണ്ടും വിക്കറ്റാണ് നേടിയത്.

ജൂലായ് 2018നു ശേഷം ആദ്യമായി ഏകദിനത്തില്‍ വിക്കറ്റ് നേടി മുഹമ്മദ് അമീര്‍

തന്റെ മോശം ബൗളിംഗ് ഫോമിലൂടെ കടന്ന് പോകുന്ന പാക് താരം മുഹമ്മദ് അമീറിനു ആശ്വാസമായി ഒരു വിക്കറ്റ്. ജൂലായ് 13 2018ല്‍ ഇതിനു മുമ്പ് ഏകദിനത്തില്‍ വിക്കറ്റ് നേടിയ ശേഷം മുഹമ്മദ് അമീര്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഒരു വിക്കറ്റ് നേടുന്നത്. ഈ കാലയളവില്‍ ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന അമീര്‍ ഏഴ് മത്സരങ്ങളാണ് ഇതിനിടെ കളിച്ചത്.

275 പന്തുകള്‍ വിക്കറ്റില്ലാതെ എറിഞ്ഞ ശേഷമാണ് അമീറിനു ഇന്നത്തെ വിക്കറ്റ് ലഭിച്ചത്. 4 റണ്‍സ് നേടിയ ഡേവിഡ് മില്ലറെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് അമീര്‍ തന്റെ വിക്കറ്റ് വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത്.

ഫകര്‍ സമനും മുഹമ്മദ് അമീറും തിരികെ എത്തുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. മുഹമ്മദ് അമീര്‍, ഫകര്‍ സമന്‍ എന്നിവര്‍ ടീമിലേക്ക് തിരികെ എത്തുന്നു എന്നതാണ് പ്രധാനം. ബിലാല്‍ ആസിഫ്, മിര്‍ ഹംസ, സാദ് അലി എന്നിവര്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു. മോശം ഫോമില്‍ തുടരുകയായിരുന്ന മുഹമ്മദ് അമീറിനെ ഏഷ്യ കപ്പിനു ശേഷം പാക്കിസ്ഥാന്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

മുഹമ്മദ് ഹഫീസ് വിരമിച്ചതിനെത്തുടര്‍ന്ന് ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുവാന്‍ ഷാന്‍ മക്സൂദിനെയും ഫകര്‍ സമനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമന്‍ ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും താരത്തിനു പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിനു പുറത്ത് പോകുകയായിരുന്നു. ഡിസംബര്‍ 26നു സെഞ്ചൂറിയണിലാണ് ആദ്യ ടെസ്റ്റ്. ജനുവരി 3നു കേപ് ടൗണിലും ജനുവരി 11നു ജോഹന്നസ്ബര്‍ഗിലുമാണ് മറ്റു മത്സരങ്ങള്‍.

പാക്കിസ്ഥാന്‍: ഇമാം-ഉള്‍-ഹക്ക്, ഫകര്‍ സമന്‍, ഷാന്‍ മക്സൂദ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്ക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, മുഹമ്മദ് റിസ്വാന്‍, യസീര്‍ ഷാ, ഷദബ് ഖാന്‍, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ്, ഷഹീന്‍ അഫ്രീദി

ഫോം വീണ്ടെടുക്കുവാന്‍ തീവ്ര ശ്രമം, അമീര്‍ പ്രാദേശിക ക്രിക്കറ്റിനെത്തുന്നു

തന്റെ നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കുവാനായി പാക്കിസ്ഥാന്‍ പേസ് ബൗളര്‍ പ്രാദേശിക ക്രിക്കറ്റില്‍ കളിക്കും. മോശം ഫോം തുടര്‍ന്ന പാക്കിസ്ഥാന്‍ ബൗളറെ ടീമിന്റെ ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. നേരത്തെ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദും കോച്ച് മിക്കി ആര്‍തറും താരത്തിനു വിക്കറ്റെടുക്കാന്‍ കഴിയാത്തതിനെക്കുറിച്ച് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ വിക്കറ്റ് നേടാനാകാതെ പോയപ്പോള്‍ താരത്തിനെ അഫ്ഗാനിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും പുറത്താക്കുകയായിരുന്നു.

ഡിപ്പാര്‍ട്മെന്റ് ടീം ആയി സുയി സത്തേണ്‍ ഗ്യാസ് കോര്‍പ്പറേഷനു വേണ്ടിയാണ് താരം ഈ സീസണില്‍ കളിക്കാനെത്തുന്നത്. ടീം കോച്ചാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഏഷ്യ കപ്പില്‍ വിക്കറ്റ് ലഭിക്കാതിരുന്ന താരം ഈ വര്‍ഷം 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് നേടിയത്.

“ഹോം ഗ്രൗണ്ടിലെ” മോശം പ്രകടനം, ഓസ്ട്രേലിയയ്ക്കെതിരെ അമീറിനെ പുറത്താക്കി പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു. ഏഷ്യ കപ്പില്‍ മോശം ഫോം തുടര്‍ന്ന മുഹമ്മദ് അമീര്‍ യുഎഇയില്‍ തന്നെ നടക്കുന്ന പാക്-ഓസ്ട്രേലിയ പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. വഹാബ് റിയാസിനെയാണ് പകരം ടീമില്‍ എടുത്തിരിക്കുന്നത്. അയര്‍ലണ്ട്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ നിന്ന് പരിശീലനത്തില്‍ പിന്നോട്ടാണെന്ന കാര്യം പറഞ്ഞ് റിയാസിനെ പാക്കിസ്ഥാന്‍ നേരത്തെ തഴഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ സ്ക്വാഡ്: അസ്ഹര്‍ അലി, ഫകര്‍ സമന്‍, ഇമാം-ഉള്‍-ഹക്ക്, ബാബര്‍ അസം, ആസാദ് ഷഫീക്ക്, ഹാരിസ് സൊഹൈല്‍, ഉസ്മാന്‍ സലാഹുദ്ദീന്‍, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ, ഷദബ് ഖാന്‍, ബിലാല്‍ ആസിഫ്, മുഹമ്മദ് അബ്ബാസ്, ഹസന്‍ അലി, വഹാബ് റിയാസ്, ഫഹീം അഷ്റഫ്, മിര്‍ ഹംസ, മുഹമ്മദ് റിസ്വാന്‍

Exit mobile version