അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, പൊരുതി നിന്നത് മിത്താലി മാത്രം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയിലെ അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 79 റണ്‍സുമായി പുറത്താകാതെ നിന്ന മിത്താലി രാജ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത്. ഹര്‍മ്മന്‍പ്രീത് കൗര്‍ 30 റണ്‍സ് നേടിയെങ്കിലും റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ പ്രിയ പൂനിയ(18), സ്മൃതി മന്ഥാന(18) എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയതും ടീമന് തിരിച്ചടിയായി.

188 റണ്‍സാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി നദീന്‍ ഡി ക്ലെര്‍ക്ക് മൂന്നും ഷാന്‍ഗാസേ, ഷേഖുനേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഏകദിനത്തില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ വനിത താരമെന്ന ഖ്യാതി സ്വന്തമാക്കി മിത്താലി രാജ്

കഴിഞ്ഞ മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച മിത്താലി രാജ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലാം ഏകദിനത്തിനിടെ ഏഴായിരം ഏകദിന റണ്‍സെന്ന ബഹുമതി കൂടി സ്വന്തമാക്കി. വനിത ക്രിക്കറ്റില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യത്തെ താരമാണ് മിത്താലി രാജ്.

5992 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വേര്‍ഡ്സ് ആണ് രണ്ടാം സ്ഥാനത്തുള്ള താരം.

പൂനം റൗത്തിന് ശതകം , വെടിക്കെട്ട് ഫിഫ്റ്റി നേടി ഹര്‍മ്മന്‍പ്രീത് കൗര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തില്‍ 266 റണ്‍സ് നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൂനം റൗത്ത്(104*), മിത്താലി രാജ്(45), പ്രിയ പൂനിയ(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോറിലേക്ക് എത്തിയത്. 4 വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അവസാന ഓവറുകളില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ പരമ്പരയില്‍ ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.

103 റണ്‍സിന്റെ കൂട്ടുകട്ടാണ് മിത്താലിയും പൂനവും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. മിത്താലി പുറത്തായ ശേഷം പൂനവുമായി ചേര്‍ന്ന് അതിവേഗ കൂട്ടുകെട്ടാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ നേടിയത്. 35 പന്തില്‍ 54 റണ്‍സ് നേടി താരം പുറത്താകുമ്പോള്‍ 88 റണ്‍സ് നാലാം വിക്കറ്റില്‍ ഇന്ത്യന്‍ കൂട്ടുകെട്ട് നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തുമി ഷേക്കുഖുനേ രണ്ടും ഷബ്നിം ഇസ്മൈല്‍, നോന്‍ഡുമിസോ ഷന്‍ഗാസേ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

പതിനായിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് മിത്താലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം ടെസ്റ്റ് റണ്‍സ് തികച്ച് മിത്താലി രാജ്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിനിടെ 36 റണ്‍സ് നേടി പുറത്താകുന്നതിനിടെ ആണ് മിത്താലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ ചരിത്ര നേട്ടം കുറിച്ചത്.

1999ല്‍ ആണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. 20 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആണ് താരത്തിന് സ്വന്തമായിട്ടുള്ളത്. 311 മത്സരങ്ങളാണ് മൂന്ന് ഫോര്‍മാറ്റിലായി താരം നേടിയിട്ടുള്ളത്.

10001 റണ്‍സ് തികച്ച താരത്തിന് മുന്നിലുള്ളത് മുന്‍ ഇംഗ്ലണ്ട് താരം ചാര്‍ലോട്ട് എഡ്വേര്‍ഡ്സ് മാത്രമാണ്. 75 അര്‍ദ്ധ ശതകങ്ങളും 8 ശതകങ്ങളുമാണ് മിത്താലി ഇതുവരെ നേടിയിട്ടുള്ളത്.

ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു, മിത്താലിയ്ക്ക് അര്‍ദ്ധ ശതകം, ടീം നേടിയത് 177 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്നൗവിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ഇന്ന് മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മിത്താലി രാജ് – ഹര്‍മ്മന്‍പ്രീത് കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

മിത്താലി തന്റെ അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായപ്പോള്‍ 40 റണ്‍സാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ നേടിയത്. 27 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈല്‍ മൂന്നും നോന്‍കുലുലേകോ മ്ലാബ രണ്ട് വിക്കറ്റും നേടി.

ഒരു ഘട്ടത്തില്‍ 120/4 എന്ന നിലയിലായിരുന്നു 30 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ. പിന്നീടുള്ള 20 ഓവറില്‍ നിന്ന് ഇന്ത്യയ്ക്ക് 57 റണ്‍സാണ്  5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്.

മിത്താലിയ്ക്കൊപ്പം വീണ്ടും കളിക്കാനാകുന്നതിനായി ഉറ്റുനോക്കുന്നു – ജഹനാര ആലം

മിത്താലിയ്ക്കൊപ്പം കളിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് താരം ജഹനാര ആലം. കഴിഞ്ഞ വര്‍ഷവും വനിത ടി20 ചലഞ്ചില്‍ മിത്താലിയുടെ ക്യാപ്റ്റന്‍സിയില്‍ വെലോസിറ്റിയ്ക്ക് വേണ്ടി ജഹനാര കളിച്ചിരുന്നു. അന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍നോവാസിനോട് ഫൈനലില്‍ ടീം പരാജയപ്പെടുകയായിരുന്നു.

വീണ്ടും വെലോസിറ്റി ടീമില്‍ തന്നെ ഇടം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അന്ന് ടീമംഗങ്ങളെല്ലാവരും മികച്ച പിന്തുണ നല്‍കിയവരാണെന്നും അവരോടൊപ്പം വീണ്ടും ഒരേ ഡ്രസ്സിംഗ് റൂം പങ്കുവയ്ക്കുവാനാകുമെന്നതില്‍ തനിക്ക് ആഹ്ലാദമുണ്ടെന്നും ജഹനാര വ്യക്തമാക്കി.

Jahanara

തന്റെയും മിത്താലിയുടെയും സ്വഭാവം ഏകദേശം ഒരുപോലെയാണെന്നും താരങ്ങള്‍ക്ക് അവരുടെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുവാന്‍ മിത്താലി പ്രോത്സാഹിപ്പിക്കാറുണ്ടന്നും ജഹനാര വ്യക്തമാക്കി. താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ മിത്താലി ശ്രമിക്കാറില്ലെന്നും എന്നാല്‍ എതിരാളികളുടെ ദൗര്‍ഭല്യം തങ്ങളോട് പങ്കുവയ്ക്കാറുണ്ടെന്നും ജഹനാര വ്യക്തമാക്കി.

2021ലും ഇന്ത്യയ്ക്കായി കളിക്കാനാകുമെന്നാണ് കരുതുന്നതെന്ന് – മിത്താലി രാജ്

വനിത ഏകദിന ലോകകപ്പ് മാറ്റുവാന്‍ തീരുമാനിച്ച ഐസിസിയുടെ തീരുമാനം നിരാശാജനകമാണെങ്കിലും അതായിരുന്നു താരങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഐസിസിയ്ക്ക് എടുക്കുവാന്‍ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമെന്ന് അഭിപ്രായപ്പെട്ട് മിത്താലി രാജ്. ഈ തീരുമാനം ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് വൈകിപ്പിച്ചേക്കാമെങ്കിലും താരങ്ങള്‍ക്ക് ലോകകപ്പിന് മുമ്പ് തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ സഹായകരമാകുമെന്നാണ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ പറയുന്നത്.

കോവിഡ് കാരണം ഇന്ത്യയുടെ ആഭ്യന്തര സീസണ്‍ ഒക്ടോബര്‍ നവംബറില്‍ മാത്രമേ നടക്കുകയുള്ളുവായിരുന്നു. ലോകകപ്പ് ഫെബ്രുവരിയിലാണ് നടക്കുവാനിരുന്നത്, അതിനര്‍ത്ഥം മൂന്ന് മാസത്തില്‍ താഴെ മാത്രം സമയമെ ലോകകപ്പിനായി ടീമിന് ലഭിയ്ക്കുകയുള്ളുവെന്നും മിത്താലി രാജ് പറഞ്ഞു.

വലിയ ഇടവേളയ്ക്ക് ശേഷമാണ് താരങ്ങള്‍ തിരികെ വരുന്നതെന്നും അതിനാല്‍ തന്നെ എല്ലാം പഴയ പടിയാകുവാന്‍ കുറച്ച് കാലമെടുത്തേക്കാമെന്നും താരം വ്യക്തമാക്കി. താന്‍ 2021 സീസണ്‍ മുഴുവനായി കളിക്കുവാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും മിത്താലി പറഞ്ഞു. ഇപ്പോള്‍ ലോകകപ്പ് നീട്ടിയതിനാല്‍ ലോകകപ്പ് വരെ താന്‍ തുടരുമെന്നാണ് കരുതുന്നതെന്നും ഇന്ത്യയുടെ സീനിയര്‍ താരം വ്യക്തമാക്കി.

സാധ്യമാകുന്നതെല്ലാം ബിസിസിഐ ചെയ്തു, വിദേശ താരങ്ങളുടെ വിമര്‍ശനങ്ങളിന്മേല്‍ മിതാലി രാജ്

ഇന്ത്യന്‍ വനിത ടി20 ചലഞ്ച് ഐപിഎലിനൊപ്പം നടത്തുവാനുള്ള തീരുമാനത്തെ വനിത വിദേശ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. വനിത ബിഗ് ബാഷിന് ഇടയ്ക്ക് ഈ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത് വഴി ബിസിസിഐ ക്രിക്കറ്റിനോട് അനീതിയാണ് കാണിച്ചതെന്നാണ് വനിത വിദേശ താരങ്ങളുടെ അഭിപ്രായം. ഒക്ടോബര്‍ 17 മുതല്‍ 10 വരെയാണ് വനിത ബിഗ് ബാഷ് നടക്കാനിരിക്കുന്നത്. വനിത ടി20 ചലഞ്ച് നവംബര്‍ 1 മുതല്‍ 10 വരെ ഐപിഎല്‍ പ്ലേ ഓഫുകള്‍ക്കൊപ്പം നടക്കും.

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ബിസിസിഐയ്ക്ക് മുന്നില്‍ വേറെ മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ് ഇന്ത്യന്‍ ഏകദിന വനിത ക്യാപ്റ്റന്‍ മിത്താലി രാജ് അഭിപ്രായപ്പെട്ടത്. പുരുഷ ഐപിഎല്‍ തന്നെ നടക്കുമോ എന്നതില്‍ ഒരു വ്യക്തതയില്ലാത്ത ഘട്ടത്തില്‍ തങ്ങള്‍ക്ക് ടി20 ചഞ്ച് കളിക്കാനാകില്ലെന്നാണ് കരുതിയതെന്നും ഇപ്പോള്‍ ഇത്തരത്തിലെങ്കിലും ടൂര്‍ണ്ണമെന്റ് നടത്തുവാന്‍ തീരുമാനിച്ച ബിസിസിഐ തീരുമാനം ഏറെ മികച്ചതാണെന്നും മിത്താലി വ്യക്തമാക്കി.

പലരും ടൂര്‍ണ്ണമെന്റിന്റെ ഷെഡ്യൂളിന്മേല്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. വനിത ബിഗ് ബാഷിനൊപ്പം നടത്തിയതാണ് അവരുടെ അതൃപ്തിയ്ക്ക് കാരണം. ഇന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വേറെ മികച്ച ഒരു സമയം ഇല്ലായിരുന്നു എന്നതാണ് സത്യമെന്നും ബിസിസിഐ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ മികച്ച തീരുമാനം ആണ് കൈകൊണ്ടതെന്നും മിത്താലി രാജ് വ്യക്തമാക്കി.

2021 ലോകകപ്പിന് വേണ്ടി തന്റെ ഊര്‍ജ്ജം സംരക്ഷിക്കുവാനാണ് വിരമിക്കല്‍

2006 മുതല്‍ ഇന്ത്യയെ ടി20യില്‍ പ്രതിനിധീകരിച്ച് വരുന്ന തനിക്ക് ഇപ്പോള്‍ ടി20യില്‍ നിന്ന് വിരമിക്കുന്നതാണ് ശരിയായ തീരുമാനമെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടി20 നായിക മിത്താലി രാജ്. 2021 ഏകദിന ലോകകപ്പിനായി തന്നെ തയ്യാറാക്കുന്നതിനായി തന്റെ സര്‍വ്വ ഊര്‍ജ്ജവും സംരക്ഷിച്ച് വയ്ക്കുന്നതിനായി ഈ വിരമിക്കല്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് മിത്താലി പറഞ്ഞു. രാജ്യത്തിനായി ലോകകപ്പ് വിജയിക്കണമെന്നത് തന്റെ സ്വപ്നമാണ്, അതിന് തന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കണമെന്നുണ്ട്.

തന്നെ ഇതുവരെ പിന്തുണച്ച് പോന്ന ബിസിസിഐയ്ക്ക് നന്ദിയുണ്ടെന്ന് താരം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ ടി20 ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി മിത്താലി രാജ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീം മാനേജ്മെന്റുമായി അത്ര സുഖത്തിലല്ല മിത്താലിയെന്ന് വേണം മനസ്സിലാക്കുവാന്‍. രമേശ് പവാറുമായി ലോകകപ്പിന് ശേഷമുള്ള തര്‍ക്കങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കോച്ച് മാറിയിട്ടും മിത്താലിയെ ടി20 ടീമിലേക്ക് അധികം പരിഗണിക്കപ്പെടുന്നില്ലായിരുന്നു.

ടി20യില്‍ നിന്ന് വിരമിച്ച് മിത്താലി രാജ്

ഇന്ത്യയുടെ സീനിയര്‍ വനിത ക്രിക്കറ്റ് താരം മിത്താലി രാജ് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ ടി20 ക്യാപ്റ്റനായി 2006ല്‍ ചുമതലയേറ്റ താരം 89 മത്സരങ്ങളില്‍ നിന്നായി 2364 റണ്‍സ് നേടിയിട്ടുണ്ട്. ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും അധികം റണ്‍സ് കൂടിയാണ് ഇത്. 32 മത്സരങ്ങളില്‍ മിത്താലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതില്‍ 2012, 2014, 2016 ലോകകപ്പുകളും ഉള്‍പ്പെടുന്നു.

ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ അവസാന ടി20 മത്സരം. അന്ന് 32 പന്തില്‍ നിന്ന് 30 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു താരം. 2000ലധികം റണ്‍സ് നേടിയ ഏക ഇന്ത്യന്‍ താരമെന്ന ബഹുമതിയുള്ള മിത്താലി നിലവില്‍ ടി20 റണ്‍സില്‍ ആറാം സ്ഥാനത്താണ്. സൂസി ബെയ്റ്റ്സ്, സ്റ്റെഫാനി ടെയിലര്‍, ചാര്‍ലട്ട് എഡ്വേര്‍ഡ്സ്, മെഗ് ലാന്നിംഗ്, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരാണ് പട്ടികയില്‍ മിത്താലിയ്ക്ക് മുന്നിലുള്ളത്.

ഇന്ത്യയ്ക്കായി ഏറ്റവും അധികം ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രണ്ടാമത്തെ താരമാണ് മിത്താലി രാജ്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് 96 മത്സരങ്ങളുമായി ഒന്നാം സ്ഥാനത്ത്.

വനിത ടി20 ചലഞ്ച്, വെലോസിറ്റിയെ മിത്താലി രാജ് നയിക്കും, ട്രെയില്‍ബ്ലേസേഴ്സിന്റെ കോച്ചായി ബിജു ജോര്‍ജ്ജ്

ബിസിസിസിഐയുടെ ഏറ്റവും പുതിയ വനിത ടി20 ടീമായ വെലോസിറ്റിയെ ഇന്ത്യയുടെ ഏകദിന നായിക മിത്താലി രാജ് നയിക്കും. ടൂര്‍ണ്ണമെന്റില്‍ മൂന്ന് ടീമുകളാണ് കളിയ്ക്കുന്നത്. കഴിഞ്ഞ തവണ കളിച്ച സൂപ്പര്‍നോവാസിനെ ട്രെയില്‍ബ്ലേസേഴ്സും കളിച്ചപ്പോള്‍ ഇത്തവണ വെലോസിറ്റിയും കൂടി ടീമായി എത്തുന്നു. ഡബ്ല്യുവി രാമന്‍ സൂപ്പര്‍നോവാസിന്റെ കോച്ചാകുമ്പോള്‍ ട്രെയില്‍ബ്ലേസേഴ്സിന്റെ കോച്ചായി എത്തുന്നത് മലയാളി താരം ബിജു ജോര്‍ജ്ജാണ്.

ചാമരി അട്ടപ്പട്ടുവും(ശ്രീലങ്ക) ഇംഗ്ലണ്ടിന്റെ നത്താലി സ്കിവര്‍, സോഫി എക്സെല്‍സ്റ്റോണ്‍, വിന്‍ഡീസില്‍ നിന്ന് സകീര സീമാന്‍, സ്റ്റെഫാനി ടെയിലര്‍, ഹെയിലി മാത്യൂസ്, ന്യൂസിലാണ്ടില്‍ നിന്ന് അമേലിയ കെര്‍, ബംഗ്ലാദേശിന്റെ ജഹനാര അലം എന്നിവര്‍ ആണ് പുതുതായി ടൂര്‍ണ്ണമെന്റില്‍ എത്തു്ന താരങ്ങള്‍. അതേ സമയം ഓസ്ട്രേലിയന്‍ താരങ്ങളായ അലീസ ഹീലി, ബെത്ത് മൂണി, മെഗ് ലാന്നിംഗ്, എല്‍സെ പെറി, മെഗാന്‍ ഷൂട്ട് എന്നിവര്‍ ഇത്തവണ കളിയ്ക്കാനെത്തില്ല.

അവസാന ഓവറില്‍ വിജയിക്കുവാന്‍ മൂന്ന് റണ്‍സ്, ഇന്ത്യയ്ക്ക് നേടാനായത് ഒരു റണ്‍സ്

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ കാലിടറി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ 119 റണ്‍സിനു പിടിച്ചുകെട്ടിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. ഇരു ടീമുകള്‍ക്കും ആറ് വിക്കറ്റാണ് നഷ്ടമായത്. സ്മൃതി മന്ഥാന മികച്ച തുടക്കം നല്‍കിയ ശേഷം ഇന്ത്യ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 39 പന്തില്‍ നിന്ന് സ്മൃതി 58 റണ്‍സ് നേടി പുറത്തായ ശേഷം ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറയുകയായിരുന്നു. 30 റണ്‍സുമായി മിത്താലി രാജ് പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്ക് മികവ് പുലര്‍ത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ ജയിക്കുവാന്‍ 3 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന ടീമിനു ഒരു റണ്‍സാണ് ഓവറില്‍ നിന്ന് നേടാനായത്. ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ട ഭാരതി ഫുല്‍മാലി റണ്ണെടുക്കാനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ അടുത്ത പന്തില്‍ താരം പുറത്തായപ്പോള്‍ ലക്ഷ്യം രണ്ട് പന്തില്‍ നിന്ന് മൂന്നായി മാറി.

അടുത്ത പന്തില്‍ അനൂജ പാട്ടിലിനെ പുറത്താക്കി കേറ്റ് ക്രോസ് ഹാട്രിക്കിന്റെ വക്കിലെത്തി. അവസാന പന്തില്‍ നിന്ന് ടൈയ്ക്കായി 2 റണ്‍സ് വേണ്ടിയിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ടേയ്ക്ക് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ കേറ്റ് ക്രോസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഡാനിയേല്‍ വയട്ട് പരമ്പരയിലെ താരമായി മാറി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട്(24), താമി ബ്യൂമോണ്ട്(29), ആമി എല്ലെന്‍ ജോണ്‍സ്(26) എന്നിവര്‍ മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും അവസാന ഓവറിലെ പ്രകടനം ടീമിനെ പരമ്പര തൂത്തുവാരാന്‍ സഹായിച്ചു. ഇന്ത്യയ്ക്കായി അനൂജ പാട്ടിലും ഹര്‍ലീന്‍ ഡിയോളും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version