സ്നേഹ് റാണ ഇന്ത്യയുടെ ഫിനിഷര്‍ റോളിൽ ശോഭിക്കും – മിത്താലി രാജ്

ഇന്ത്യയുടെ ഈ ഇംഗ്ലണ്ട് ടൂറിലെ കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കാവുന്നത് ഓള്‍റൗണ്ടര്‍ സ്നേഹ് റാണയെയാണ്. താരം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ആദ്യം ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ഇന്ത്യയുടെ സമനിലയൊരുക്കിയും പിന്നീട് ഇന്നലെ മൂന്നാം ഏകദിനത്തിൽ നിര്‍ണ്ണായകമായ കൂട്ടുകെട്ട് മിത്താലി രാജിനൊപ്പം പുറത്തെടുത്ത് ടീമിന്റെ വിജയം ഒരുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുകയായിരുന്നു.

40 പന്തിൽ 50 റൺസ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയ മിത്താലി – സ്നേഹ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയം ഒരുക്കിയത്. താരത്തിന് ഇന്ത്യയുടെ ഫിനിഷര്‍ റോള്‍ ഏറ്റെടുക്കാനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും 2022 ഏകദിന ലോകകപ്പില്‍ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്നും മിത്താലി രാജ് പറഞ്ഞു.

ഫീല്‍ഡ് ക്ലിയര്‍ ചെയ്യുവാന്‍ ശേഷിയുള്ള ഒരാളെ ഫിനിഷര്‍ സ്ലോട്ടിൽ ഇന്ത്യ കുറച്ച് കാലമായി കാത്തിരിക്കുകയായിരുന്നുവെന്നും സ്നേഹയുടെ ഓള്‍റൗണ്ട് കഴിവ് താരത്തിനെ ആ റോളിലേക്ക് ശക്തമായി തന്നെ പരിഗണിക്കുവാന്‍ കാരണമാകുന്നുവെന്നും മിത്താലി വ്യക്തമാക്കി.

 

റെക്കോര്‍ഡുകള്‍ തകര്‍ത്തെറി‍ഞ്ഞ് മിത്താലി

ഇന്ന് തന്റെ പുറത്താകാതെയുള്ള 75 റൺസിന്റെ ബലത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ മിത്താലി രാജ് മറികടന്നത് ഒട്ടനവധി നേട്ടം. അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമായി മിത്താലി രാജ് മാറി. 10337 റൺസാണ് മിത്താലി നേടിയത്.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ ശതകം നേടിയ താരം ആറായിരം അന്താരാഷ്ട്ര റൺസ് നേടുന്ന ക്യാപ്റ്റനുമായി മാറി. ഇംഗ്ലണ്ടിന്റെ ചാര്‍ലട്ട് എഡ്വേര്‍ഡ്സിന് പിറകിൽ രണ്ടാമത്തെ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മാറി.

ഇന്ത്യയ്ക്കായി ക്യാപ്റ്റനെന്ന നിലയിൽ 84 വിജയങ്ങളുമായി മിത്താലി വനിത ക്രിക്കറ്റിൽ ഏറ്റവും അധികം വിജയം നേടുന്ന ക്യാപ്റ്റനുമായി ഇന്നത്തെ വിജയത്തോടെ.

മിത്താലിയുടെ മികവിൽ ആവേശകരമായ വിജയം നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ആവേശകരമായ വിജയം നേടി ഇന്ത്യ. മിത്താലി രാജ് പുറത്താകാതെ നിന്ന് ഇന്ത്യയെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.

86 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയ മിത്താലിയ്ക്കൊപ്പം സ്മൃതി മന്ഥാനയാണ്(49) റൺസ് കണ്ടെത്തിയ മറ്റൊരു താരം. ഷഫാലി വര്‍മ്മ(19), ദീപ്തി ശര്‍മ്മ(18), ഹര്‍മ്മന്‍പ്രീത് കൗര്‍(16) എന്നിവര്‍ക്ക് അധിക സമയം ക്രീസിൽ ചെലവഴിക്കാനായില്ല.

ആറാം വിക്കറ്റിൽ മിത്താലി രാജും സ്നേഹ് റാണയും ചേര്‍ന്ന് 40 പന്തിൽ 50 റൺസ് നേടിയെങ്കിലും 24 റൺസ് നേടിയ സ്നേഹ് പുറത്താകുമ്പോല്‍ ഇന്ത്യയ്ക്ക് ജയിക്കുവാന്‍ ആറ് പന്തിൽ ആറ് റൺസായിരുന്നു നേടേണ്ടിയിരുന്നത്. കാത്തറിന്‍ ബ്രണ്ട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ മിത്താലിയ്ക്ക് സിംഗിള്‍ മാത്രമേ നേടാനായുള്ളു.

അടുത്ത പന്ത് നേരിട്ട ജൂലന്‍ ഗോസ്വാമിയും രണ്ടാമത്തെ പന്തിൽ സിംഗിള്‍ നേടിയപ്പോള്‍ ലക്ഷ്യം 4 പന്തിൽ 4 ആയി മാറി. മൂന്നാമത്തെ പന്തിൽ ബൗണ്ടറി നേടി മിത്താലി രാജ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 3 പന്ത് അവശേഷിക്കെയാണ് ഇന്ത്യയുടെ 4 വിക്കറ്റ് വിജയം.

 

കേറ്റ് ക്രോസിന് അഞ്ച് വിക്കറ്റ്, തകര്‍ന്ന ഇന്ത്യയ്ക്ക് ആശ്വാസമായി മിത്താലിയുടെ അര്‍ദ്ധ ശതകം

ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷഫാലി വര്‍മ്മയും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് അടിഞ്ഞ് ഇന്ത്യ. ഇന്നിംഗ്സിലെ അവസാന പന്തിൽ ഇന്ത്യ 221 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിത്താലി രാജിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം 192/9 എന്ന നിലയിലേക്ക് വീണ ടീം പത്താം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 29 റൺസിന്റെ ബലത്തിൽ ആണ് 221 എന്ന സ്കോറിലേക്ക് എത്തിയത്.

11.5 ഓവറിൽ 56 റൺസ് നേടിയ ശേഷം മന്ഥാന(22) – ഷഫാലി കൂട്ടുകെട്ടിനെ കേറ്റ് ക്രോസ് തകര്‍ക്കുകയായിരുന്നു.

Katecross

ജെമീമ റോഡ്രിഗസിനെയും(8) ഷഫാലി വര്‍മ്മയെയും(44) അടുത്തടുത്ത ഓവറുകളിൽ നഷ്ടമായ ശേഷം മിത്താലി രാജാണ് ഇന്ത്യയ്ക്കായി പൊരുതി നിന്നത്. താരം 9ാം വിക്കറ്റായി പുറത്താകുമ്പോള്‍ 192 റൺസാണ് ഇന്ത്യ നേടിയത്.

59 റൺസാണ് മിത്താലി രാജ് നേടിയത്. അഞ്ച് വിക്കറ്റ് നേടിയ കേറ്റ് ക്രോസാണ് ഇന്ത്യയുടെ നടുവൊടിച്ചത്. സോഫി എക്ലെസ്റ്റോൺ മൂന്ന് വിക്കറ്റ് നേടി. പത്താം വിക്കറ്റിൽ ജൂലന്‍ ഗോസ്വാമിയും പൂനം യാദവും കൂടി നേടിയ 29 റൺസാണ് ഇന്ത്യയുടെ സ്കോര്‍ 221 റൺസിലേക്ക് എത്തിച്ചത്.

ഗോസ്വാമി 19 പന്തിൽ 20 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 10 റൺസ് നേടിയ പൂനം യാദവ് അവസാന വിക്കറ്റായി പുറത്തായി.

മിത്താലി രാജിനും അശ്വിനും ഖേൽ രത്നയുടെ ശുപാര്‍ശ നല്‍കി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവിചന്ദ്രന്‍ അശ്വിനും മിത്താലി രാജിനും ഇന്ത്യന്‍ സ്പോര്‍ട്സിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആയ രാജീവ് ഗാന്ധി ഖേൽ രത്ന അവാര്‍ഡ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് ബിസിസിഐ.

ഇന്ത്യന്‍ വനിത ക്രിക്കറ്റിലെ ഇതിഹാസം ആണ് മിത്താലി രാജ്. അതേ സമയം അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകം ആണ്.

നേരത്തെ ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, കെഎൽ രാഹുല്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനായും ബിസിസിഐ ശുപാര്‍ശ ചെയ്തിരുന്നു.

സ്ട്രൈക്ക് റൊട്ടേഷനിൽ ഇന്ത്യ ശ്രദ്ധ ചെലുത്തണം – മിത്താലി രാജ്

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള 8 വിക്കറ്റിന്റെ കനത്ത തോല്‍വിയ്ക്ക് ശേഷം ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് സ്ട്രൈക്ക് റൊട്ടേഷനാണെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിത്താലി രാജ്. മത്സരത്തിൽ ഇന്ത്യ 181 ഡോട്ട് ബോളുകളാണ് കളിച്ചത്. നാട്ടിൽ ദക്ഷിണാഫ്രിക്കയോട് പരാജയം ഏറ്റുവാങ്ങിയപ്പോളും ഇതേ സാഹചര്യം തന്നെയാണ് ഇന്ത്യയ്ക്ക് വിനയായത്.

72 റൺസ് നേടിയ മിത്താലി രാജ് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. ബൗണ്ടറി മാത്രം ലക്ഷ്യം വയ്ക്കാതെ ഇന്ത്യ സിംഗിളും ഡബിളും നേടുവാന്‍ ശ്രമിക്കണമെന്നും മിത്താലി സൂചിപ്പിച്ചു. ഷഫാലി വര്‍മ്മയുടെ സ്ട്രൈക്ക് റേറ്റ് ഒഴിച്ച് നിര്‍ത്തിയാൽ മറ്റെല്ലാ താരങ്ങളുടെയും സ്ട്രൈക്ക് റേറ്റ് 70ൽ താഴെയായിരുന്നു.

2022 ഐസിസി ഏകദിന ലോകകപ്പ് ഇങ്ങടുത്തെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് വലിയ തലവേദനയാകുകയാണ് ഈ സ്ട്രൈക്ക് റൊട്ടേഷന്‍. രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് ഓര്‍ഡറിൽ മാറ്റം വന്നേക്കാമെന്നും മിത്താലി രാജ് വ്യക്തമാക്കി.

മിത്താലി രാജിന്റെ ബലത്തിൽ 201 റൺസ് നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 201 റൺസ് നേടി ഇന്ത്യന്‍ വനിതകള്‍. മിത്താലി രാജ് നേടിയ 72 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. 108 പന്തിൽ 72 റൺസാണ് മിത്താലി രാജ് നേടിയത്. പൂനം റൗത്ത്(32), ദീപ്തി ശര്‍മ്മ(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

പൂജ വസ്ട്രാക്കര്‍ 15 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണും മൂന്നും അന്യ ഷ്രുബ്സോളെ രണ്ടും വിക്കറ്റ് നേടി.

സ്നേഹ് റാണയുടെ ഓള്‍റൗണ്ട് മികവാണ് താരത്തിന്റെ സെലക്ഷനുറപ്പാക്കിയത്

ഇംഗ്ലണ്ടിനെതിരെ തോൽവി മുന്നിൽക്കണ്ട ഇന്ത്യയെ വാലറ്റത്തോടൊപ്പം ചെറുത്ത് നിന്ന് ഇന്ത്യയ്ക്ക് അവിസ്മരണീയമായ സമനില നല്‍കിയത് സ്നേഹ് റാണയുടെ മിന്നും ബാറ്റിംഗ് പ്രകടനമായിരുന്നു. 199/7 എന്ന നിലയിൽ നിന്ന് ഒരു സെഷന്‍ മുഴുവന്‍ ഇന്ത്യയുടെ ചെറുത്ത്നില്പിന്റെ പ്രധാന സൂത്രധാര സ്നേഹ് ആയിരുന്നു. എട്ടാം വിക്കറ്റിൽ ശിഖ പാണ്ടേയോടൊപ്പവും ഒമ്പതാം വിക്കറ്റിൽ താനിയ ഭാട്ടിയയോടൊപ്പമുള്ള അപരാജിത കൂട്ടുകെട്ടും ഇംഗ്ലണ്ടിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുകകയായിരുന്നു.

ടീമിലെ രണ്ടാമത്തെ ഓഫ് സ്പിന്നറായിരുന്നുവെങ്കിലും താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് താരത്തിന് ടീമിലവസരം കൊടുത്തതെന്നാണ് ക്യാപ്റ്റന്‍ മിത്താലി രാജ് വ്യക്തമാക്കിയത്. മറ്റ് സ്പിന്‍ ഓപ്ഷനുകളുണ്ടായിരുന്നുവെങ്കിലും താരത്തിന്റെ ബാറ്റിംഗ് മികവ് രാധ യാദവിനും പൂനം യാദവിനും പകരം ടീമിലേക്ക് റാണയെ എത്തിക്കുകയായിരുന്നുവെന്ന് മിത്താലി പറഞ്ഞു.

ദീപ്തി ശര്‍മ്മയ്ക്കൊപ്പം മികച്ച രീതിയിൽ നെറ്റ്സിൽ ബൗള്‍ ചെയ്യുന്നതും ബാറ്റിംഗും ചെയ്യുമെന്നതാണ് താരത്തിന് മുന്‍തൂക്കം നല്‍കിയതെന്നും മിത്താലി സൂചിപ്പിച്ചു.

കൂടുതൽ ടെസ്റ്റുകള്‍ കളിക്കാന്‍ അവസരം ലഭിക്കണം – മിത്താലി രാജ്

മൂന്ന് ഫോര്‍മാറ്റും അടങ്ങിയ പരമ്പരക വനിത ടീമുകള്‍ക്ക് കളിക്കാന്‍ പറ്റണമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മിത്താലി രാജ്. ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നാളെ കളിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരം 2014ന് ശേഷം ടീമിന്റെ ആദ്യത്തേതാണ്. ഈ സാഹചര്യം മാറി ഇന്ത്യയ്ക്ക് കൂടുതൽ ഫുള്‍ സീരീസുകള്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് ഗുണം ചെയ്യുമെന്ന് മിത്താലി രാജ് വ്യക്തമാക്കി.

ഈ ടെസ്റ്റ് മത്സരവും അടുത്ത വരാനിരിക്കുന്ന ഓസ്ട്രേലിയയിലെ പിങ്ക് ബോള്‍ ടെസ്റ്റും പുതിയ തുടക്കമാകട്ടെ എന്നാണ് താന്‍ കരുതുന്നതെന്നും മിത്താലി പറഞ്ഞു. ഇത്തരം ഫുള്‍ പരമ്പരകള്‍ വനിത ക്രിക്കറ്റിന്റെ മുഖം മാറ്റുമെന്നും മിത്താലി പറ‍ഞ്ഞു. ഏത് ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കണമെന്നാണ് അവര്‍ പറയുകയെന്നും ഈ ഫോര്‍മാറ്റാണ് ഒരു താരത്തിന്റെ ശരിയായ പ്രതിഭയെ അളക്കുന്നതെന്നാണ് ഏവരും കരുതുന്നതെന്നും മിത്താലി പറ‍ഞ്ഞു.

വരും വര്‍ഷങ്ങളിൽ ഒരു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോലെ ഒരു ടൂര്‍ണ്ണമെന്റ് വനിതകള്‍ക്കും വരികയാണെങ്കിൽ അത് ഏറെ ഗുണകരമാകുമെന്നും മിത്താലി വ്യക്തമാക്കി. ഇനിയങ്ങോട്ട് മൂന്ന് ഫോര്‍മാറ്റും അടങ്ങിയ ബൈലാറ്ററൽ പരമ്പരകള്‍ കൂടുതൽ ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്നും മിത്താലി കൂട്ടിചേര്‍ത്തു.

ജഴ്സി ലോഞ്ചിനിടെ പാഡ് ധരിച്ചതിന് കാരണം വ്യക്തമാക്കി മിത്താലി രാജ്

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ജഴ്സി ലോഞ്ചിനിടെ മിത്താലി രാജ് പാഡുകൾ അണിഞ്ഞെത്തിയത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. 2014ൽ ആണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്. അതിന് ശേഷം 2021ൽ വീണ്ടും അതിന് അവസരം ലഭിക്കുമ്പോൾ ഏറെ സമയം പാഡ് അണിയുന്നതുമായി പൊരുത്തപ്പെടുവാനുള്ള തയ്യാറെടുപ്പുകളാണ് താൻ നടത്തിയതെന്ന് മിത്താലി പറഞ്ഞു.

ക്വാറന്റീനിൽ കഴിയുന്ന താരങ്ങൾക്ക് ജഴ്സി നൽകുന്നതിന്റെ ചിത്രങ്ങളിലാണ് മിത്താലി പാഡ് അണിഞ്ഞത് ആരാധകരുടെ ശ്രദ്ധയിൽ പെട്ടത്. താൻ ടെസ്റ്റ് ക്രിക്കറ്റിനുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് ഇത് ചെയ്തതെ്നനാണ് മിത്താലി പറഞ്ഞത്. കൂടുതൽ സമയം ക്രീസിൽ ബാറ്റിംഗിനായി ചെലവഴിക്കേണ്ട ഒരു ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റെന്നും അതിനുള്ള തയ്യാറെടുപ്പുകളാണ് ഇതെന്നും ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വ്യക്തമാക്കി.

2002ൽ ടൊണ്ടണിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടപ്പോൾ മിത്താലി 214 റൺസ് നേടിയിരുന്നു. അന്നത്തെ ഏറ്റവും ഉയർന്ന വനിത ടെസ്റ്റ് സ്കോർ ആയിരുന്നു അത്.

തനിക്ക് പേഴ്സണൽ ഈഗോ ഇല്ല, പഴയ കാര്യങ്ങളിൽ നിന്ന് താൻ മുന്നോട്ട് നീങ്ങി – മിത്താലി രാജ്

2018 വനിത ടി20 ലോകകപ്പിൽ സെമി ഫൈനലിൽ ഇന്ത്യൻ ടീം പുറത്തായ ശേഷം കോച്ച് രമേശ് പവാറിന്റെ സ്ഥാനം നഷ്ടമാകുകയായിരുന്നു. മിത്താലി രാജുമായുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു താരത്തിന്റെ സ്ഥാനം നഷ്ടമാകുവാൻ കാരണം. സെമിയിൽ മിത്താലിയെ ടീമിൽ ഉൾപ്പെടുത്താതിരുന്ന പവാറിന്റെ തീരുമാനം വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.

ഇപ്പോൾ വീണ്ടും രമേശ് പവാർ ഇന്ത്യൻ വനിത ടീമിന്റെ കോച്ചായി എത്തുമ്പോൾ തനിക്ക് പഴയ കാര്യങ്ങളെ ഓർത്തിരിക്കുവാനുള്ള സമയമില്ലെന്നും താൻ അന്നത്തെ സംഭവത്തിൽ നിന്ന് മുന്നോട്ട് ഏറെ നീങ്ങിയെന്നുമാണ് ഇന്ത്യയുടെ ടെസ്റ്റ് ഏകദിന ക്യാപ്റ്റൻ പറയുന്നത്. പഴയ കാര്യങ്ങളെ ഓർത്ത് ആർക്കും ജീവിക്കാനില്ലെന്നും താൻ ഏറെക്കാലം ക്രിക്കറ്റ് കളിച്ച വ്യക്തിയാണെന്നും തനിക്ക് ഈഗോ ഇല്ലെന്നും മിത്താലി പറഞ്ഞു.

രാജ്യത്തെ സേവിക്കുക എന്നതാണ് പ്രധാനമെന്നും വ്യക്തിഗത പ്രശ്നങ്ങൾക്ക് താൻ അധികം മൂല്യം നൽകുന്നില്ലെന്നും മിത്താലി പറഞ്ഞു.

മിത്താലിയ്ക്ക് ബി ഗ്രേഡ് കരാര്‍, ബിസിസിഐയില്‍ അതൃപ്തി

ഇന്ത്യന്‍ വനിത താരങ്ങളുടെ കേന്ദ്ര കരാര്‍ സംബന്ധിച്ച കാര്യത്തില്‍ ബിസിസിഐയില്‍ അതൃപ്തിയുണ്ടെന്ന് സൂചന. മിത്താലി രാജിന് ബി ഗ്രേഡ് കരാര്‍ മാത്രം നല്‍കിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകളെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളിക്കളഞ്ഞു.

സെലക്ടര്‍മാരാണ് കേന്ദ്ര കരാറിനെക്കുറിച്ച് തീരുമാനിക്കുന്നതെന്നും അവര്‍ എടുത്ത തീരുമാനത്തില്‍ താന്‍ തൃപ്തനാണെന്നുമാണ് ഗാംഗുലി അറിയിച്ചത്. ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ് എന്നിങ്ങനെ വെറും മൂന്ന് പേര്‍ക്ക് മാത്രമാണ് ഇത്തവണ എ ഗ്രേഡ് കരാര്‍ ലഭിച്ചത്.

Exit mobile version