മൂന്നാം ഏകദിനം വിജയിച്ച് ശ്രീലങ്ക, പരമ്പരയിലെ ആശ്വാസ ജയം

ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയം കുറിച്ച് ശ്രീലങ്ക. ഇരു ടീമുകളിലെയും ക്യാപ്റ്റന്മാര്‍ ശതകങ്ങള്‍ നേടിയ മത്സരത്തില്‍ മിത്താലി രാജ്(125*), സ്മൃതി മന്ഥാന(51) എന്നിവര്‍ക്കൊപ്പം ദീപ്തി ശര്‍മ്മയും(38) ചേര്‍ന്ന് ഇന്ത്യയെ 253/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. 254 റണ്‍സ് വിജയ ലക്ഷ്യം ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് അവശേഷിക്കെയാണ് മറികടന്നത്. 156/1 എന്ന നിലയില്‍ നിന്ന് ശ്രീലങ്കന്‍ നിരയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ഇന്ത്യയ്ക്കായെങ്കിലും പരമ്പര തൂത്തുവാരുവാന്‍ ടീമിനായില്ല.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 6 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്ക ആദ്യ നാല് പന്തില്‍ നിന്ന് തന്നെ സ്കോര്‍ ഒപ്പമെത്തിക്കുകയും അഞ്ചാം പന്ത് ബൗണ്ടറി പായിച്ച് വിജയം നേടുകയുമായിരുന്നു. ശ്രീപാലി വീരകോഡി(14*), കവിഷ ദില്‍ഹാരി(12*) എന്നിവരാണ് ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. എട്ടാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 16 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്.

നേരത്തെ ചാമരി അട്ടപ്പട്ടു ശ്രീലങ്കയ്ക്കായി ശതകം(115) നേടി അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്ത്യ തിരിച്ചടിയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഹസിനി പെരേരയും(45) ചാമരിയും 101 റണ്‍സാണ് നേടിയത്. അനായാസ ജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന ശ്രീലങ്കയെ 156/1 എന്ന നിലയില്‍ നിന്ന് 229/6 എന്ന നിലയിലേക്ക് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അവസാന ഓവറുകളില്‍ സമ്മര്‍ദ്ദം അതിജീവിച്ച് ലങ്ക വിജയം നേടി.

ഇന്ത്യയ്ക്കായി മാന്‍സി ജോഷിയും ജൂലന്‍ ഗോസ്വാമിയും രണ്ട് വിക്കറ്റും പൂനം യാദവ്, ദയലന്‍ ഹേമലത എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മിത്താലിയുടെ ശതകം, ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 253 റണ്‍സ്

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 253 റണ്‍സ്. മിത്താലി രാജ് നേടിയ ശതകവും സ്മൃതി മന്ഥാനയുടെ അര്‍ദ്ധ ശതകവും ദീപ്തി ശര്‍മ്മയുടെ ബാറ്റിംഗുമാണ് ടീമിനെ 5 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടുവാന്‍ സഹായകരമായത്. മന്ഥാന 51 റണ്‍സ് നേടിയപ്പോള്‍ മിത്താലി രാജ് 125 റണ്‍സുമായി പുറത്താകാതെ നിന്നു. ദീപ്തി ശര്‍മ്മ(38), ഹര്‍മ്മന്‍പ്രീത് കൗര്‍(17) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ ജെമീമ റോഡ്രിഗസിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യ തങ്ങളുടെ അക്കൗണ്ട് തുറന്നിരുന്നില്ല. പിന്നീട് രണ്ടാം വിക്കറ്റില്‍ 102 റണ്‍സുമായി സ്മൃതി മന്ഥാനയും മിത്താലി രാജും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹര്‍മ്മന്‍പ്രീതിനെയും, ദയാലന്‍ ഹേമലതയെയും നഷ്ടപ്പെട്ട് 154/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍  92റണ്‍സ് നേടി മിത്താലി-ദീപ്തി ശര്‍മ്മ കൂട്ടുകെട്ടാണ് 250 കടത്തിയത്. 2 പന്തുകള്‍ അവശേഷിക്കെയാണ് ദീപ്തി പുറത്തായത്.

ശ്രീലങ്കയ്ക്കായി ഉദ്ദേശിക പ്രബോധിനി, നീലാക്ഷി ഡി സില്‍വ, ശശികല സിരിവര്‍ദ്ധേനെ, ചാമരി അട്ടപ്പട്ടു, കവിഷ ദില്‍ഹാരി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വിജയമൊരുക്കി ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ഏകദിന പരമ്പര

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏകദിന പരമ്പര വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 36/3 എന്ന നിലയില്‍ വീണ ശേഷം കരകയറി 219 റണ്‍സ് എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. മിത്താലി രാജ്(52), താനിയ ഭാട്ടിയ(68) എന്നിവര്‍ക്കൊപ്പം ദയാലന്‍ ഹേമലത(35) കൂടി സ്കോറിംഗ് ദൗത്യം ഏറ്റെടുത്തുവെങ്കിലും 50ാം ഓവറില്‍ ഇന്ത്യ 219 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ശ്രീലങ്കയ്ക്കായി ചാമരി അട്ടപ്പട്ടു മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉദ്ദേശിക പ്രബോധിനി, ശ്രീപാലി വീരക്കോഡി എന്നിവര്‍ രണ്ടും ഇനോക രണവീര, ശശികല സിരിവര്‍ദ്ധനേ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടവും ശശികല സിരിവര്‍ദ്ധനേയും ശ്രീലങ്കയെ മുന്നോട്ട് നയിച്ചുവെങ്കിലും ഇന്ത്യന്‍ സ്കോറിനു 7 റണ്‍സ് അകലെ വരെയെത്തുവാനേ ടീമിനു സാധിച്ചുള്ളു. അവസാന ഓവറുകളില്‍ നീലാക്ഷി ഡിസില്‍വ 19 പന്തില്‍ 31 റണ്‍സുമായി ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തിയെങ്കിലും 48.1 ഓവറില്‍ ഇന്ത്യ ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കി.

10 ഓവര്‍ പിന്നിടുമ്പോള്‍ 40/3 എന്ന നിലയിലായിരുന്ന ശ്രീലങ്കയ്ക്കായി നാലാം വിക്കറ്റില്‍ 89 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ശശികല റണ്ണൗട്ട് രൂപത്തില്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. ചാമരി അട്ടപട്ടു അടുത്ത ഓവറില്‍ പുറത്തായതോടെ ശ്രീലങ്കയുടെ കാര്യം പരുങ്ങലിലായി. നീലാക്ഷി ഡിസില്‍വയുടെ മികവില്‍ 165/7 എന്ന നിലയില്‍ നിന്ന് 205/7 എന്ന നിലയിലേക്ക് ശ്രീലങ്ക മുന്നോട്ട് നീങ്ങിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി മാനസി ജോഷി, രാജേശ്വരി ഗായക്വാഡ് എന്നിവര്‍ രണ്ടും ശിഖ പാണ്ഡേ, പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version