വീണ്ടും ബാറ്റിംഗ് പരാജയം, 111 റണ്‍സ് മാത്രം നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. 20 റണ്‍സ് നേടിയ മിത്താലി രാജ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ദീപ്തി ശര്‍മ്മ, ഭാരതി ഫുല്‍മാലി എന്നിവര്‍ 18 റണ്‍സും നേടി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് ശക്തമായ ഒരു പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിനു വേണ്ടി കാത്തറിന്‍ ബ്രണ്ട് മൂന്നും ലിന്‍സെ സ്മിത്ത് രണ്ടും വിക്കറ്റ് നേടി.

ബാറ്റിംഗില്‍ സ്മൃതി തന്നെ മുന്നില്‍, മിത്താലി നാലാം സ്ഥാനത്ത്

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര വിജയത്തില്‍ മിന്നിത്തിളങ്ങിയ ബാറ്റിംഗ് താരം സ്മൃതി മന്ഥാന തന്റെ ഏകദിനത്തിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ 837 റണ്‍സുമായി ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരം കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റ് സ്വന്തമാക്കിയാണ് നിലകൊള്ളുന്നത്. അതേ സമയം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ മിത്താലി രാജ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കില്‍ എത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ എല്‍സെ പെറി രണ്ടാം റാങ്കിലും ന്യൂസിലാണ്ടിന്റെ ആമി സാത്തെര്‍ത്‍വൈറ്റ് മൂന്നാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ നത്താലി സ്കിവര്‍ ആണ് ആദ്യ അഞ്ച് പട്ടിക പൂര്‍ത്തിയാക്കുന്ന താരം.

അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍ തിളങ്ങി സ്മൃതി

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. നത്താലി സ്കിവര്‍ 85 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് പുറത്ത് വരാത്തതാണ് ടീമിനു തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ പൂനം യാദവിനു രണ്ട് വിക്കറ്റ് ലഭിച്ചു. 28 റണ്‍സ് നേടിയ ലൗറന്‍ വിന്‍ഫീല്‍ഡും 20 റണ്‍സ് നേടിയ താമി ബ്യൂമോണ്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ജെമീമ റോഡ്രിഗസിനെ വേഗത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയുടെയും പൂനം റൗത്ത്, മിത്താലി രാജ് എന്നിവരുടെയും മികവില്‍ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. സ്മൃതി 63 റണ്‍സും പൂനം 32 റണ്‍സും നേടി പുറത്തായപ്പോള്‍ മിത്താലി 47 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

200 എന്നത് വെറുമൊരു നമ്പര്‍, നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിത മിത്താലി രാജിന്റെ പ്രതികരണം

ഇന്ന് ന്യൂസിലാണ്ടിനെതിരെ വനിത ക്രിക്കറ്റില്‍ ആദ്യമായി 200 ഏകദിനം കളിക്കുന്ന താരമെന്ന ബഹുമതി നേടി ഇന്ത്യയുടെ ഏകദിന നായിക മിത്താലി രാജ്. ന്യൂസിലാണ്ടിനെതിരെ തന്റെ 200ാം മത്സരം വിജയത്തോടെ ആഘോഷിക്കുവാന്‍ താരത്തിനായില്ലെങ്കിലും ചരിത്രമായ നേട്ടമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയിരിക്കുന്നത്. 1999ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച മിത്താലി 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഏകദിനത്തിലെ തന്റെ 200ാം മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ അയര്‍ലണ്ട് ആയിരുന്നു അന്ന് എതിരാളികള്‍.

അന്ന് തന്റെ 16ാം വയ്സിലായിരുന്നു മിത്താലിയുടെ അരങ്ങേറ്റം. ഇന്ന് തന്റെ 200ാം ഏകദിന മത്സരം പൂര്‍ത്തിയാക്കിയ മിത്താലി പറയുന്നത് 200 എന്നത് തനിക്ക് വെറുമൊരു നമ്പര്‍ മാത്രമാണെന്നാണ്. വനിത ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരവും മിത്താലി രാജ് തന്നെയാണ്. വനിത ക്രിക്കറ്റിന്റെ പല മാറ്റങ്ങളും താന്‍ കണ്ടിട്ടുണ്ട്. അന്താരാഷ്ട്ര വനിത ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ഐസിസിയുടെ കീഴിലേക്ക് എത്തുന്നതിന്റെ മാറ്റവും ഏറെ ശ്രദ്ധേയമാണെന്ന് മിത്താലി പറഞ്ഞു.

തനിക്ക് ഏറെ കാലം രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലാണ് ആനന്ദം എന്നാണ് മിത്താലി പറഞ്ഞത്. അരങ്ങേറ്റം കുറിക്കുമ്പോള്‍ താന്‍ ഇത്ര കാലം കളിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മിത്താലി പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ രോഹിത് ശര്‍മ്മ തന്റെ 200ാം ഏകദിന മത്സരം പൂര്‍ത്തിയാക്കിയിരുന്നു.

രണ്ടാം ഏകദിനത്തിലും ഇന്ത്യ തന്നെ

പുരുഷ ടീമിന്റേത് പോലെ തന്നെ ന്യൂസിലാണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ വനിതകളു. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരെ 161 റണ്‍സിനു പുറത്താക്കിയ ശേഷം 35.2 ഓവറില്‍ നിന്ന് 2 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം കുറിച്ചത്. 15 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയും ക്യാപ്റ്റന്‍ മിത്താലി രാജും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 150 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 8 വിക്കറ്റിന്റെ വിജയം നേടുകയായിയരുന്നു. സ്മൃതി പുറത്താകാതെ 90 റണ്‍സും മിത്താലി 62 റണ്‍സും നേടിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. വിജയ റണ്‍സ് സിക്സറിലൂടെ നേടി മിത്താലിയാണ് ഇന്ത്യയെ പരമ്പരയില്‍ 2-0നു മുന്നിലെത്തിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 4.2 ഓവറില്‍ 161 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 71 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആമി സാറ്റെര്‍വെയ്റ്റ് മാത്രമാണ് ന്യൂസിലാണ്ട് നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി മൂന്നും എക്ത ബിഷ്ട്, ദീപ്തി ശര്‍മ്മ, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി.

ഇന്ത്യന്‍ വനിത ടീമിനു ബിസിസിഐ പുതിയ കോച്ചിനെ തേടുന്നു

ലോക ടി20 സെമിയിലെ തോല്‍വിയ്ക്ക് ശേഷം ടീമിലെ അസ്വാരസ്യം പുറത്ത് പ്രകടിപ്പിച്ച് മിത്താലി രാജും രോമേഷ് പവാറും രംഗത്തെത്തിയ ശേഷം പുതിയ കോച്ചിനെ തേടുവാന്‍ തീരുമാനിച്ച് ബിസിസിഐ. നേരത്തെയുണ്ടായിരുന്നു വനിത കോച്ച് തുഷാര്‍ അറോത്തെ ഏകദിന ലോകകപ്പിനു ശേഷം താരങ്ങളുടെ അതൃപ്തി മൂലം രാജിവെച്ച ശേഷം താല്‍ക്കാലിക കോച്ചെന്ന നിലയിലാണ് രോമേഷ് പവാര്‍ രംഗത്തെത്തിയത്. എന്നാല്‍ അറോത്തെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അത്ര കണ്ട് പുറം ലോകം അറിഞ്ഞില്ലെങ്കില്‍ മിത്താലി-പവാര്‍ പടലപ്പിണക്കം മറ നീക്കി പുറത്ത് വന്ന് ഏറെ വഷളാകുന്ന സ്ഥിതിയിലേക്ക് വന്നിരുന്നു.

താല്പര്യമുള്ളവരില്‍ നിന്ന് ഉടന്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്. നിലവിലെ താല്‍ക്കാലിക കോച്ച് രോമേഷ് പവാറിനു കോച്ചാകുവാനായി അപേക്ഷ നല്‍കാമോയെന്നതിനെക്കുറിച്ച് വ്യക്തത ബിസിസിഐ വരുത്തിയിട്ടുമില്ല.

മിതാലി രാജുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു, തുറന്ന് സമ്മതിച്ച് പവാർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജുമായി തനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പവാർ. മിതാലി പലപ്പോഴും തന്നിൽ നിന്ന് അകൽച്ച പാലിച്ചിരുന്നു എന്നും താരത്തെ കൈകാര്യം ചെയ്യുക എന്നത് പരിശീലകൻ എന്ന നിലയിൽ പ്രയാസമേറിയത് ആയിരുന്നെനും പവാർ ചൂണ്ടികാട്ടി. എങ്കിലും ടി 20 സെമി ഫൈനലിൽ താരത്തെ കളിപ്പിക്കാതിരുന്നത് ഇതുകൊണ്ട് അല്ലെന്നും ആദ്ദേഹം ബി സി സി ഐ കമ്മിറ്റിക്ക് മുൻപാകെ വ്യക്തമാക്കി.

ബി.സി.സിഐ യുടെ മുംബൈ ആസ്ഥാനത്ത് ബി.സി.സിഐ പ്രതിനിധികളായ സാബ കരീം, രാഹുൽ ജൊഹ് എന്നുവർക്ക് മുന്നിലാണ് പവാർ കാര്യങ്ങൾ വിശദീകരിച്ചത്. ഇന്നലെ മിതാലി പവാർ തന്നെ മനഃപൂർവ്വം അവഗണിച്ചതായി മിതാലി ആരോപിച്ചിരുന്നു. മിതാലിയെ സെമി ഫൈനലിൽ നിന്ന് പുറത്തിരുത്തിയത് പൂർണ്ണമായും ക്രിക്കറ്റ് സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു എന്ന് പവാർ പറഞ്ഞതായി ബി.സി.സിഐ വൃത്തങ്ങൾ വ്യക്തമാക്കി.

താത്കാലിക പരിശീലകനായി ചുമതലയേറ്റ പവാറിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. ടീമിലെ മുതിർന്ന അംഗം ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയ സ്ഥിതിക്ക് പവാറിനെ സ്ഥിരം പരിശീലകനാകാനുള്ള സാധ്യത വിരളമാണ്.

പവാറിനെതിരെ ആരോപണവുമായി മിത്താലി രാജ്

ഇന്ത്യയുടെ വിനത കോച്ച് രോമേഷ് പവാറിനെതിരെ വലിയ ആരോപണവുമായി മിത്താലി രാജ്. ടൂര്‍ണ്ണമെന്റിലുടനീളം തന്നെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് ബിസിസിഐയ്ക്ക് നല്‍കിയ കത്തില്‍ മിത്താലി ആരോപിച്ചത്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ താരത്തിനെ പുറത്തിരുത്തുവാന്‍ കോച്ച് തീരുമാനിക്കുകയായിരുന്നു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

കരീബിയന്‍ ദ്വീപിലെത്തിയ നിമിഷം മുതല്‍ തന്നോട് രണ്ടാം തരത്തിലുള്ള പെരുമാറ്റമാണ് പവാര്‍ നടത്തിയതെന്ന് കത്തില്‍ ആരോപിക്കപ്പെടുന്നു. പരിശീലന മത്സരങ്ങളില്‍ മികവ് പുലര്‍ത്താനാകാത്തതിനെത്തുടര്‍ന്ന് തന്നോട് ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ മിത്താലിയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നില്ല. തുടര്‍ന്ന് ഓപ്പണിംഗിലേക്ക താരമ തിരികെ എത്തുകയും പാക്കിസ്ഥാനെതിരെയും അയര്‍ലണ്ടിനെതിരെയും അര്‍ദ്ധ ശതകങ്ങളും കളിയിലെ താരം പുരസ്കാരവും മിത്താലി സ്വന്തമാക്കിയിരുന്നു.

തന്നെ ഓപ്പണിംഗില്‍ പരിഗണിക്കുവാനുള്ള കാരണം സെലക്ടര്‍മാരുടെ ഇടപെലടലാണെന്നാണ് മിത്താലി പറയുന്നത്. പാക്കിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുള്ള തന്നെ ഓപ്പണിംഗില്‍ പരിഗണിക്കണമെന്ന് മിത്താലി തന്നെ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ തനിക്ക് പനിയായിരുന്നുവെങ്കിലും ടീമിന്റെ മത്സരം കാണുവാന്‍ താന്‍ ഗ്രൗണ്ടില്‍ വരേണ്ടതില്ലെന്നും രോമേഷ് പവാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും മിത്താലി പറയുന്നു.

മിത്താലി രാജിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം – https://en.fanport.in/cricket/mithali-rajs-letter-to-bcci/

സെമിയില്‍ മിത്താലി പുറത്തിരിക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി: ജൂലന്‍ ഗോസ്വാമി

വനിത ലോക ടി20യില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യയുടെ സെമി പരാജയം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമ്പോള്‍ മിത്താലിയെ പുറത്തിരുത്തിയത് കണ്ട് സങ്കടം തോന്നിയെന്ന അഭിപ്രായവുമായി ജൂലന്‍ ഗോസ്വാമി. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് പ്രതികാരത്തിനുള്ള അവസരം കൂടിയായിരുന്നു ടി20യിലെ സെമി ഫൈനല്‍. എന്നാല്‍ അതുവരെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യ സെമിയില്‍ കാലിടറുകയായിരുന്നു. ഒരു ഘട്ടത്തില്‍ 89/2 എന്ന നിലയില്‍ നിന്ന് 112 റണ്‍സിനു ടീം ഓള്‍ഔട്ട് ആയതോടെ ലക്ഷ്യം ഇംഗ്ലണ്ട് അധികം വിയര്‍പ്പൊഴുക്കാതെ അടിച്ചെടുത്തു.

ഈ വര്‍ഷം ഓഗസ്റ്റില്‍ ടി20കളില്‍ നിന്ന് വിരമിച്ച ജൂലന്‍ ഗോസ്വാമി എന്നാല്‍ മിത്താലിയെ ഒഴിവാക്കിയത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്ന് പറഞ്ഞു. ടീം മാനേജ്മെന്റിനു ആ തീരുമാനത്തിനു വ്യക്തമായ കാരണമുണ്ടെങ്കിലും തന്നെപോലുള്ള മറ്റു ക്രിക്കറ്റ് ആരാധകര്‍ക്ക് ആ കാഴ്ച ദുഖകരമായിരുന്നു എന്നാണ് പറഞ്ഞത്.

മികച്ച തുടക്കത്തിനു ശേഷമാണ് ഇന്ത്യ തകര്‍ന്നത്. 6 ഓവറില്‍ 43 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ശേഷം പിന്നീട് 89 റണ്‍സ് വരെ 2 വിക്കറ്റ് നഷ്ടത്തില്‍ എത്തിയ ശേഷമാണ് ഇന്ത്യ 112 റണ്‍സിനു ഓള്‍ഔട്ട് ആവുന്നത്. അതുവരെ ഇന്ത്യ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയെങ്കിലും ഒരു മത്സരത്തില്‍ ബാറ്റിംഗ് പരാജയപ്പെട്ടപ്പോള്‍ ടീമിനു വലിയ വില കൊടുക്കേണ്ടി വന്നു.

റണ്‍സ് നേടുന്നുവെങ്കിലും വേഗത പോര, മിത്താലിയെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായോ?

ഇന്ത്യയുടെ ആദ്യ ലീഗ് മത്സരങ്ങളില്‍ അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയ മിത്താലി രാജിനെയാണ് ഇന്ന് ഇന്ത്യ പുറത്തിരുത്തി സെമിയില്‍ കളിക്കാനിറങ്ങിയത്. അതിന്റെ ഫലമെന്ന് പറയാനാകില്ലെങ്കിലും ഇന്ത്യ ഇംഗ്ലണ്ടിനോട് കീഴടങ്ങി സെമിയില്‍ പുറത്താകുകയും ചെയ്തു. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ മിത്താലി ബാറ്റഅ ചെയ്യാനിറങ്ങിയിരുന്നില്ല. രണ്ടാം മത്സരത്തിലാകട്ടെ 56 റണ്‍സുമായി പാക്കിസ്ഥാനെതിരെ കളിയിലെ താരമായി മുന്‍ ഇന്ത്യന്‍ നായിക മാറിയിരുന്നു.

അയര്‍ലണ്ടിനെതിരെയും അര്‍ദ്ധ ശതകവും കളിയിലെ താരവുമായി മിത്താലി മാറിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിെര ഇന്ത്യ താരത്തിനു വിശ്രമം നല്‍കി. നേരത്തെ തന്നെ സെമിയില്‍ കടന്ന ഇന്ത്യ സീനിയര്‍ താരത്തിനു വിശ്രമം നല്‍കുകയായിരുന്നുവെന്നതില്‍ ആര്‍ക്കും അതിശയം തോന്നിയില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ചത് സെമിയില്‍ ഇന്ത്യ മിത്താലി രാജിനെ പുറത്തിരുത്തിയപ്പോളാണ്. രണ്ട് അര്‍ദ്ധ ശതകങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ നേടിയ താരത്തെയാണ് നിര്‍ണ്ണായകമായ മത്സരത്തില്‍ രോമേഷ് പവാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റ് പുറത്തിരുത്തിയത്.

മിത്താലിയുടെ സ്കോറിംഗ് വേഗതയില്ലായ്മയ്ക്കൊപ്പം തന്നെ പകരക്കാരിയായി എത്തിയ അനൂജ പാട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ പുറത്തെടുത്ത ബൗളിംഗ് പ്രകടനമാണ് താരത്തെ ഇംഗ്ലണ്ടിനെതിരെ കളിപ്പിക്കുവാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചതെന്ന് ഉറപ്പ്. അന്ന് മൂന്ന് വിക്കറ്റാണ് അനൂജ നേടിയത്. ഓള്‍റൗണ്ടര്‍ കൂടിയായ അനൂജയെ മധ്യനിരയില്‍ കളിപ്പിക്കുക വഴി ഒരു ബൗളിംഗ് ഓള്‍റൗണ്ടറെ ടീമില്‍ എത്തിച്ച് ബാറ്റിംഗിനെ ശക്തിപ്പെടുത്താമെന്നും ഇന്ത്യന്‍ ടീം മാനേജ്മെന്റ് കരുതിക്കാണും.

ഹര്‍മ്മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയുമൊന്നും നേടുന്ന വേഗത്തില്‍ മിത്താലി റണ്‍സ് കണ്ടെത്തുന്നില്ലെങ്കിലും ഇന്ന് ഇന്ത്യ 89/2 എന്ന നിലയില്‍ നിന്ന് 112നു ഓള്‍ഔട്ട് ആവുന്ന സാഹചര്യത്തില്‍ ഇത്രയും അധികം അനുഭവസമ്പത്തുള്ള ഒരു താരം മധ്യനിരയിലോ അല്ലെങ്കില്‍ ടോപ് ഓര്‍ഡറിലോ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ 20 റണ്‍സ് അധികം നേടിയിരുന്നിക്കാം അല്ലെങ്കില്‍ ഓള്‍ഔട്ട് ആവാതിരുന്നിരിക്കാം. ഈ പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാലും ഇംഗ്ലണ്ട് ഇന്ന് കളിച്ച രീതിയില്‍ ഇന്ത്യയ്ക്ക് അവരെ പരാജയപ്പെടുത്തുവാനാകുമെന്ന് പറയുന്നില്ലെങ്കിലും 112 റണ്‍സിനു സൃഷ്ടിക്കാവുന്ന സമ്മര്‍ദ്ദത്തെക്കാള്‍ അധികം 130 റണ്‍സിനു സൃഷ്ടിക്കാനാകുമെന്നത് ഇന്ത്യയ്ക്ക് പൊരുതുവാനുള്ള അവസരം നല്‍കുമായിരുന്നുവെന്ന പ്രതീക്ഷ പുലര്‍ത്താമായിരുന്നു.

തന്റെ രണ്ട് അര്‍ദ്ധ ശതകങ്ങളിലും മിത്താലി അത്ര വേഗത്തിലായിരുന്നില്ല സ്കോര്‍ ചെയ്തത്. 50 പന്തില്‍ ശതകം നേടുന്ന താരങ്ങള്‍ ഇന്ത്യന്‍ ടി20 നിരയിലുള്ളപ്പോള്‍ മിത്താലിയുടെ പ്രകടനം ടി20 നിലവാരത്തില്‍ താഴ്ന്നതായിരുന്നിരിക്കാം. 47 പന്തില്‍ നിന്നാണ് പാക്കിസ്ഥാനെതിരെ മിത്താലി തന്റെ 56 റണ്‍സ് നേടിയത്. അയര്‍ലണ്ടിനെതിരെ 51 റണ്‍സ് നേടാന്‍ 56 പന്തുകള്‍ താരം നേരിട്ടു. എന്നാല്‍ ആ രണ്ട് മത്സരങ്ങളിലും കളിയിലെ താരമായി മിത്താലി തിരഞ്ഞെടുത്തപ്പോള്‍ ആ പ്രകടനങ്ങളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ടോസിന്റെ സമയത്ത് ഹര്‍മ്മന്‍പ്രീത് കൗര്‍ പറഞ്ഞത് മിത്താലിയെ ഒഴിവാക്കിയത് പരിക്ക് മൂലമല്ലെന്നും ടീമിന്റെ വിജയ കോമ്പിനേഷനു വേണ്ടിയാണെന്നുമാണ്. ഓസ്ട്രേലിയയെ 48 റണ്‍സിനു കീഴടക്കിയ ആ ടീമിനെ മാറ്റി പരീക്ഷിക്കേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചതിനെ കുറ്റം പറയാനാകില്ലെങ്കിലും ഇന്നത്തെ ടീമിന്റെ പ്രകടനം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തും. ഫലം പ്രതികൂലമാകുമ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇവര്‍ ഉത്തരം നല്‍കേണ്ടതുമായുണ്ട്.

പേരും പെരുമയുമുള്ള താരങ്ങളെ പേടിച്ച് മോശം കാലത്തിലും പിന്താങ്ങുന്ന കീഴ്‍വഴക്കം മാറുന്നത് ഏറെ നല്ലതാണ്. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമിനു പുറത്താകുമെന്ന സൂചന വ്യക്തമായി നല്‍കുന്നതും ടീമിനു നീണ്ട കാലത്തില്‍ ഗുണകരമായി മാറിയേക്കാം എന്നാല്‍ സെമി പോലൊരു നിര്‍ണ്ണായകമായ മത്സരത്തില്‍ ഇന്ത്യയുടെ വനിത സച്ചിനെ പുറത്തിരുത്തിയ തീരുമാനത്തില്‍ രോമേഷ് പവാറിന്റെ തലയുരുണ്ടാല്‍ അത്ഭുതപ്പെടുവാനില്ല.

സെമി ഉറപ്പാക്കി ഇന്ത്യ, അയര്‍ലണ്ടിനെതിരെ 52 റണ്‍സ് വിജയം

വനിത ലോക ടി20യില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഉറപ്പാക്കി ഇന്ത്യ. ഓസ്ട്രേലിയയ്ക്ക് പിന്നാലെ മൂന്നാം ജയം കരസ്ഥമാക്കി ഇന്ത്യയും സെമി ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 52 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിത്താലി രാജ് നേടിയ അര്‍ദ്ധ ശതകത്തിന്റെയും സ്മൃതി മന്ഥാനയുടെ പിന്തുണയോടും കൂടി 145 റണ്‍സിലേക്ക് നീങ്ങുകയായിരുന്നു.

6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറില്‍ നിന്ന് ഈ സ്കോര്‍ നേടുന്നത്. മിത്താലി 51 റണ്‍സ് നേടിയപ്പോള്‍ സ്മൃതി 33 റണ്‍സാണ് നേടിയത്. അയര്‍ലണ്ടിനായി കിം ഗാര്‍ത്ഥ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനു 93 റണ്‍സ് മാത്രമേ 20 ഓവറില്‍ നിന്ന് നേടാനായുള്ളു. ഇസോബെല്‍ ജോയ്സ് 33 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ക്ലെയര്‍ ഷില്ലിംഗ്ടണ് 23 റണ്‍സ് നേടി പുറത്തായി. 8 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്ത്യയ്ക്കായി രാധ യാദവ് മൂന്നും ദീപ്തി ശര്‍മ്മ മൂന്നും വിക്കറ്റാണ് നേടിയത്.

ഏഴ് വിക്കറ്റ് ജയം, പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ലോക ടി20യിലെ രണ്ടാം ജയം

ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെ തകര്‍ത്തെത്തിയ ഇന്ത്യ പാക്കിസ്ഥാനെയും കീഴടക്കി ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ജൈത്ര യാത്ര തുടരുന്നു. ലോക ടി20യിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 133/7 എന്ന സ്കോറില്‍ നിയന്ത്രിച്ച് നിര്‍ത്തിയ ശേഷം 19 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 137 റണ്‍സ് നേടി വിജയം കരസ്ഥമാക്കുകയായിരുന്നു.

ബൗളിംഗില്‍ ഇന്ത്യയ്ക്കായി പൂനം യാദവും ദയാലന്‍ ഹേമലതയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ അരുന്ധതി റെഡ്ഢിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. പാക്കിസ്ഥാനു വേണ്ടി ബിസ്മ മഹ്റൂഫും(53) നിദ ദാറും(52) അര്‍ദ്ധ ശതകങ്ങള്‍ നേടി.

ഇന്ത്യയ്ക്കായി മിത്താലി രാജ് അര്‍ദ്ധ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 47 പന്തില്‍ നിന്നാണ് മുന്‍ ഇന്ത്യന്‍ നായികയുടെ 56 റണ്‍സ്. സ്മൃതി മന്ഥാന 26 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെമീമ റോഡ്രിഗസ്(16) ആണ് പുറത്തായ മറ്റൊരു താരം. വിജയ സമയത്ത് ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് കൗറും(14*) വേദ കൃഷ്ണമൂര്‍ത്തി(8*)യും ആയിരുന്നു ക്രീസില്‍.

Exit mobile version