പരിക്ക് മൊര്‍തസ ലങ്കന്‍ പര്യടനത്തില്‍ നിന്ന് പുറത്ത്, ടീമിനെ തമീം നയിക്കും

ഏകദിന വിരമിക്കില്‍ ഉടനില്ലെന്ന് സൂചിപ്പിച്ച് മഷ്റഫെ മൊര്‍തസയെ ബംഗ്ലാദേശ് ലങ്കന്‍ പര്യടനത്തിന്റെ നായകനായിക്കിയിരുന്നുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി. ധാക്കയിലെ ടീമിന്റെ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ലങ്കയ്ക്കെതിരെയുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശിനെ നയിക്കേണ്ട ചുമതല തമീം ഇക്ബാലിനായി. ബംഗ്ലാദേശിനെ ടെസ്റ്റില്‍ ഒരു മത്സരത്തില്‍ നയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തമീം ഇക്ബാല്‍ ഏകദിനത്തില്‍ ടീമിനെ നയിക്കുവാനെത്തുന്നത്.

മൊര്‍തസയ്ക്ക് പകരം ബംഗ്ലാദേശ് ടാസ്കിന്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് മൂന്ന് മുതല്‍ നാലാഴ്ച വരെ മൊര്‍തസയ്ക്ക് വിശ്രമം ആവശ്യമാണെന്നാണ് പരിശോധനയ്ക്ക് ശേഷം ബംഗ്ലാദേശ് ചീഫ് ഫിസിഷ്യന്‍ വിശദീകരിച്ചത്. പരിക്ക് മൂലം മുഹമ്മദ് സൈഫുദ്ദീനും ലങ്കന്‍ പര്യടനത്തിനുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം ഫര്‍ഹദ് റീസയെ ബംഗ്ലാദേശ് ടീമില്‍ എടുത്തിട്ടുണ്ട്.

ജൂലൈ 26നാണ് പരമ്പര ആരംഭിക്കുന്നത്. 26, 28, 31 തീയ്യതികളില്‍ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ഷാക്കിബിന് വിശ്രമം, മൊര്‍തസ ക്യാപ്റ്റനായി തുടരും

ശ്രീലങ്കന്‍ ടൂറിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. മഷ്റഫെ മൊര്‍തസയുടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി താരം തന്നെ ലങ്കന്‍ പര്യടനത്തിലും ടീമിനെ നയിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. അതേ സമയം ഷാക്കിബ് അല്‍ ഹസന് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചു. നേരത്തെ തന്നെ ബംഗ്ലാദേശ് ബോര്‍ഡിനോട് ഷാക്കിബ് തനിക്ക് വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിറ്റണ്‍ ദാസിനും വിശ്രമം നല്‍കി. താരത്തിന്റെ വിവാഹം അടുത്തിരിക്കുന്നതിനാലാണ് ഈ തീരുമാനം.

ഷാക്കിബ് ലോകകപ്പില്‍ 606 റണ്‍സും 11 വിക്കറ്റുകളുമാണ് നേടിയത്. ലോകകപ്പ് സ്ക്വാഡില്‍ അംഗമായ അബു ജയേദിനെ ലങ്കന്‍ പര്യടനത്തിന് പരിഗണിച്ചില്ല. ലോകകപ്പില്‍ താരത്തിന് ഒരു മത്സരവും കളിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. ജൂലൈ 26, 28, 31 തീയ്യതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.

സ്ക്വാഡ്: മഷ്റഫെ മൊര്‍തസ, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിക്കുര്‍ റഹിം, മഹമ്മദുള്ള റിയാദ്, മുഹമ്മദ് മിഥുന്‍, മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്, സബ്ബിര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അനാമുള്‍ ഹക്ക്, മെഹ്ദി ഹസന്‍, മുഹമ്മദ് സൈഫുദ്ദീന്‍, തൈജുല്‍ ഇസ്ലാം.

വിരമിക്കലുടനില്ല, ശ്രീലങ്കന്‍ പരമ്പരയില്‍ മൊര്‍തസ കളിക്കുവാന്‍ ഏറെ സാധ്യത

ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പറയപ്പെട്ടിരുന്ന ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും സൂചന. ലോകകപ്പിന് ശേഷം വിരമിക്കുമോയെന്നതില്‍ താരത്തില്‍ നിന്ന് പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ജൂലൈ 26, 28, 31 എന്നീ തീയ്യതികളില്‍ നടക്കാനിരിക്കുന്ന ഏകദിനങ്ങളില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ബംഗ്ലാദേശ് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ താരത്തിന്റെ ഫോമും ഫിറ്റ്നെസ്സും അത്ര മികച്ചതല്ലെന്നതാണ് പ്രധാന പ്രശ്നം. മഷ്റഫെ മൊര്‍തസ പൂര്‍ണ്ണാരോഗ്യവാനാണെങ്കില്‍ കളിക്കുമെന്നാണ് ദേശീയ സെലക്ടര്‍ ഹബീബുള്‍ ബഷര്‍ പറയുന്നത്. താരം ഫിറ്റ്നെസ്സ് ടെസ്റ്റിന് വിധേയനാകേണ്ടി വരുമെന്ന് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ അറിയിച്ചു. താരം ലോകകപ്പില്‍ പരിക്കുമായാണ് കളിച്ചതെന്നും അതിനാല്‍ തന്നെ ശ്രീലങ്കയ്ക്കെതിരെ ആവശ്യമായ രീതിയില്‍ താരം പുരോഗതി കൈവരിച്ചാല്‍ മാത്രമേ താരത്തിനെ തിരഞ്ഞെടുക്കുവാന്‍ സാധ്യതയുള്ളുവെന്നും ബഷര്‍ വ്യക്തമാക്കി.

ഷാക്കിബിനും മൊര്‍തസയ്ക്കും പകരക്കാരില്ല

ലോകകപ്പില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തുവെങ്കിലും മെച്ചപ്പെട്ട ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നല്ലായിരുന്നു ബംഗ്ലാദേശിന്റേത്. എന്നാല്‍ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ലോകകപ്പില്‍ നായകന്‍ മഷ്റഫെ മൊര്‍തസയുടെ പ്രകടനമായിരുന്നു ഏറ്റവും മോശം. തന്റെ ടീമംഗങ്ങളെ ആവേശം കൊള്ളിക്കുന്ന ബൗളിംഗ് പ്രകടനം താരത്തിന് പുറത്തെടുക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റാണ് താരം നേടിയത്. അതേ സമയം ഷാക്കിബ് അല്‍ ഹസന്‍ ടൂര്‍ണ്ണമെന്റില്‍ തന്റെ ഓള്‍റൗണ്ട് മേധാവിത്വം കൊണ്ട് ശ്രദ്ധേയനാകുകയായിരുന്നു.

മൊര്‍തസ ലോകകപ്പിന് ശേഷം വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കില്‍ ഷാക്കിബ് ഇനിയും കുറച്ച് കാലം കൂടി ബംഗ്ലാദേശിന് വേണ്ടി കളത്തിലുണ്ടാകും എന്നുറപ്പാണ്. എന്നാല്‍ ഇരു താരങ്ങള്‍ക്കും പകരക്കാരനെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണെന്ന് നസ്മുള്‍ പറഞ്ഞു. ഈ രണ്ട് താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഉപാധികള്‍ ബംഗ്ലാദേശിന് മുന്നിലുണ്ട്, എന്നാല്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുക ശ്രമകരമാണെന്ന് നസ്മുള്‍ വ്യക്തമാക്കി.

മൊര്‍തസ താരമായി മാത്രമല്ല ടീമിലെത്തുന്നതെന്നും അത് പോലൊരു ക്യാപ്റ്റനെ ലഭിക്കുക പ്രയാസകരമാണെന്നും ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. അയര്‍ലണ്ട് പരമ്പരയില്‍ പരിക്കേറ്റിരുന്നതിനാല്‍ ലോകകപ്പില്‍ മൊര്‍തസ അത്ര മികവ് പുലര്‍ത്താന്‍ സാധ്യതയില്ലെന്ന് തങ്ങള്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നതാണെന്ന് നസ്മുള്‍ പറഞ്ഞു.

എന്നാല്‍ മൊര്‍തസ തികഞ്ഞൊരു പോരാളിയാണ്. ചില മത്സരങ്ങളില്‍ താരത്തിനോട് വിശ്രമിക്കുവാന്‍ ആവശ്യപ്പെട്ടിരുപ്പോള്‍ ആദ്യം താരം സമ്മതിച്ചുവെങ്കിലും പിന്നീട് താന്‍ ഇത്രയും നാള്‍ തന്റെ മുഴുവന്‍ ആത്മാര്‍ത്ഥതയും കൊടുത്ത് പൊരുതിയ രാജ്യത്തിന് വേണ്ടി അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പരിക്കുമായി താന്‍ മുമ്പും കളിച്ചിട്ടുണ്ടെന്നും, അതില്‍ വലിയ കാര്യമില്ലെന്നും മൊര്‍തസ അന്ന് വ്യക്തമാക്കിയെന്ന് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി. ഇത്തരം മനോഭാവമാണ് എല്ലാവരിലും വേണ്ടതെന്ന് നസ്മുള്‍ സൂചിപ്പിച്ചു.

ഷാക്കിബിന് പിന്തുണ നല്‍കാനാകാതെ പോയത് തിരിച്ചടിയായി, തന്റെ കരിയറിന്റെ കാര്യം നാട്ടിലെത്തിയ ശേഷം തീരുമാനിക്കും

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷാക്കിബ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തപ്പോളും മധ്യനിരയില്‍ താരത്തിന് പിന്തുണ നല്‍കുവാന്‍ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായതെന്ന് പറഞ്ഞ് നായകന്‍ മഷ്റഫെ മൊര്‍തസ. വിക്കറ്റ് ബാറ്റിംഗിനും ബൗളിംഗിനും അനുകൂലമായതായിരുന്നു എന്നാല്‍ ഷാക്കിബിനൊപ്പം മറ്റ് താരങ്ങള്‍ വേണ്ടത്ര മികവ് പുറത്തെടുക്കാനാകാതെ പോയത് തിരിച്ചടിയായി.

ടൂര്‍ണ്ണമെന്റില്‍ ടീം മൂന്ന് മേഖലകളിലും മികച്ച് നിന്നു. എന്നാല്‍ ചില മത്സരങ്ങളില്‍ ബൗളിംഗും ഫീല്‍ഡിംഗും തിരിച്ചടിയായിട്ടുണ്ടെന്നത് സമ്മതിക്കുന്നു, അതേ സമയം ബാറ്റിംഗില്‍ ടീം ഏറെ മികച്ച നിന്നുവെന്നും മൊര്‍തസ പറഞ്ഞു. മുസ്തഫിസുര്‍ തന്റെ കരിയറിന്റെ തുടക്കം മുതല്‍ അപകടകാരിയായ ബൗളറാണ്, താരത്തിനെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പരിക്ക് അലട്ടുകയായിരുന്നുവെന്നും മൊര്‍തസ പറഞ്ഞു. അയര്‍ലണ്ട് പരമ്പരയിലെ തിരിച്ചവരവ് മുതല്‍ മുസ്തഫിസുര്‍ മികച്ച കളിയാണ് പുറത്തെടുക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ് താരമെന്നും നായകന്‍ വ്യക്തമാക്കി.

നാട്ടിലെത്തിയ ശേഷം തന്റെ കരിയറിനെക്കുറിച്ചുള്ള തീരുമാനം താന്‍ എടുക്കുമെന്നും മൊര്‍തസ സൂചിപ്പിച്ചു. ബംഗ്ലാദേശിന് ടൂര്‍ണ്ണമെന്റ് ജയിച്ച് അവസാനിപ്പിക്കുവാനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും അത് ടീമിന് സാധിച്ചില്ല, എന്നാലും ടീം 100% ആത്മാര്‍ത്ഥതയോടെയാണ് ടൂര്‍ണ്ണമെന്റില്‍ ഇറങ്ങിയതെന്ന് മൊര്‍തസ വ്യക്തമാക്കി.

അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കും, ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം മികച്ചതെന്ന് കരുതുന്നു

ഈ ലോകകപ്പില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഷാക്കിബും മുഷ്ഫിക്കുറും ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും അല്പം ഭാഗ്യം കൂടി തുണച്ചിരുന്നുവെങ്കില്‍ സെമി ഫൈനലിലേക്ക് ടീം കടന്നേനെയെന്നും ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ വിജയം അനിവാര്യമായ മത്സരമായിരുന്നു പക്ഷേ ടീമിന് സാധിച്ചില്ല, എന്നാല്‍ അവിസ്മരണീയമായ പ്രകടനമാണ് മുസ്തഫിസുര്‍ റഹ്മാന്‍ നടത്തിയതെന്നും മൊര്‍തസ പറഞ്ഞു.

അവസാന മത്സരത്തില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ ശ്രമിക്കുമെന്നും ടൂര്‍ണ്ണമെന്റ് വിജയിച്ച് അവസാനിപ്പിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു. പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുക തന്നെയാവും ബംഗ്ലാദേശിന്റെ ലക്ഷ്യമെന്നും ടൂര്‍ണ്ണമെന്റ് വിജയിപ്പിച്ച് അവസാനിപ്പിക്കുവാന്‍ ടീം ശ്രമിക്കുമെന്നും മഷ്റഫെ മൊര്‍തസ പറഞ്ഞു.

ലോകകപ്പ് കഴിഞ്ഞയുടന്‍ വിരമിക്കുവാന്‍ താനില്ല

2019 ലോകകപ്പ് കഴിഞ്ഞ് ഒട്ടനവധി താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും താന്‍ അതിനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. മൊര്‍തസ് ലോകകപ്പ് കഴിഞ്ഞയുടനെ വിരമിക്കില്ലെന്നാണ് താരം തന്നെ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം തന്റെ 18 വര്‍ഷത്തെ കരിയറിന് വിട പറയുമെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും അത് ടൂര്‍ണ്ണമെന്റ് കഴിഞ്ഞ ഉടനെ ഉണ്ടാകില്ലെന്നാണ് മൊര്‍തസ പറഞ്ഞത്.

എന്നാല്‍ ബോര്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ വിരമിക്കുമെന്ന് താരം വ്യക്തമാക്കി. തനിക്ക് ഇനിയും കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ബോര്‍ഡ് പറഞ്ഞാല്‍ ഉടനടി വിരമിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ബോര്‍ഡില്‍ നിന്ന് തനിക്കൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നു, അത് തന്റെ കുടുംബാംഗങ്ങള്‍ക്ക് ഇത്തരം ഒരു ടൂര്‍ണ്ണമെന്റില്‍ താന്‍ അവസാനമായി കളിക്കുന്നത് കാണുവാനുള്ള അവസരത്തിന് വേണ്ടിയായിരുന്നു.

ഇപ്പോള്‍ താന്‍ വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അത് ശ്രദ്ധ തെറ്റുവാന്‍ ഇടയാക്കുമെന്നും മൊര്‍തസ പറഞ്ഞു. ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ സജീവമായി തന്നെയുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ഇത് ആലോചിച്ച് വ്യാകുലപ്പെടേണ്ട സാഹചര്യമില്ലെന്നും ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കി.

ഈ പിച്ചില്‍ ബാറ്റിംഗ് പ്രയാസകരമായിരുന്നു, മുഷ്ഫിക്കുര്‍-ഷാക്കിബ് എന്നിവരുടെ ഇന്നിംഗ്സുകള്‍ തുണയായി

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം അരങ്ങേറിയ സൗത്താംപ്ടണിലെ പിച്ച് ബാറ്റിംഗിന് അനായാസമായിരുന്നില്ലെന്നു ബംഗ്ലാദേശ് നിരയിലെ താരങ്ങള്‍ കടുത്ത സാഹചര്യങ്ങളെ മറികടന്നാണ് 262 റണ്‍സ് നേടിയതെന്നും പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ടും ഓപ്പണിംഗ് ഇറങ്ങി തമീം നടത്തിയ പ്രകടനവും ശ്രദ്ധേയമായിരുന്നു. മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും നല്‍കിയ അവസാനവും നിര്‍ണ്ണായകമായി എന്ന് മൊര്‍തസ പറഞ്ഞു.

മഹമ്മദുള്ളയുടെ പരിക്കിനെക്കുറിച്ചുള്ള തീരുമാനം ഫിസിയോ ആണ് എടുക്കേണ്ടതെന്നും ഒരാഴ്ച അവശേഷിക്കുന്നതിനാല്‍ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ശരിയാകുമെന്നാണ് കരുതുന്നതെന്നും മൊര്‍തസ പറഞ്ഞു. ഇതുപോലെ മികച്ച രീതിയില്‍ കളിച്ചാല്‍ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും ബംഗ്ലാദേശിന് മികവ് പുലര്‍ത്താനാകുമെന്നും ബംഗ്ലാദേശ് നായകന്‍ പ്രതീക്ഷ പുലര്‍ത്തി.

ഫീല്‍ഡിംഗ് കൈവിട്ടു, അല്ലായിരുന്നുവെങ്കില്‍ സാധ്യതയുണ്ടായിരുന്നു

ബംഗ്ലാദേശ് ഫീല്‍ഡിംഗില്‍ 40-50 റണ്‍സ് കൈവിട്ടുവെന്നും അതല്ലായിരുന്നുവെങ്കില്‍ ഈ റണ്‍ ചേസ് ചരിത്രമായിരുന്നേനെ എന്നും പറഞ്ഞ് ടീം നായകന്‍ മഷ്റഫെ മൊര്‍തസ. എല്ലാ ക്രെഡിറ്റും ഡേവിഡ് വാര്‍ണറക്കും മറ്റു ഓസീസ് ബാറ്റ്സ്മാന്മാര്‍ക്കുമാണ്. അവസാന പത്തോവറില്‍ 131 റണ്‍സാണ് അവര്‍ നേടിയത്, അതിനൊപ്പം ബംഗ്ലാദേശ് കൈവിട്ട ഫീല്‍ഡിംഗിലെ റണ്‍സ് കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

381 റണ്‍സ് എപ്പോളും കടുപ്പമേറിയ ചേസിംഗ് ആണ്. സൗമ്യ സര്‍ക്കാര്‍ മികച്ച തുടക്കത്തിനു ശേഷം റണ്ണൗട്ടായത് തിരിച്ചടിയായി. ഷാക്കിബും തമീമും നന്നായി കളിച്ചു, പിന്നീട് മുഷ്ഫിക്കുറും മഹമ്മദുള്ളയും തിളങ്ങിയെങ്കിലും 381 റണ്‍സ് എന്നത് അപ്രാപ്യമായ കാര്യം തന്നെയായിരുന്നു. ബംഗ്ലാദേശ് പോസിറ്റീവ് ക്രിക്കറ്റാണ് കളിക്കുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും മൊര്‍തസ കൂട്ടിചേര്‍ത്തു.

മത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍

മുസ്തഫിസു‍ര്‍ റഹ്മാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കിയതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഹെറ്റ്മ്യറിനെ പുറത്താക്കി രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ പുറത്താക്കിയതാണ് 350നു മേലുള്ള സ്കോര്‍ നേടുന്നതില്‍ നിന്ന് വിന്‍ഡീസിനു തടസ്സമായത്. മത്സരത്തില്‍ പിന്നെ വിന്‍ഡീസിന്റെ റണ്ണൊഴുക്ക് നഷ്ടപ്പെടുകയായിരുന്നു. ഇന്നിംഗ്സ് 321 റണ്‍സില്‍ എത്തിച്ചുവെങ്കിലും ബംഗ്ലാദേശ് ലക്ഷ്യം അനായാസം മറികടന്നു.

ഈ ലോകകപ്പില്‍ ഷാക്കിബ് ടീമിനു വേണ്ടി ബാറ്റ് കൊണ്ടും ബോള് കൊണ്ടും സംഭാവന ചെയ്തിട്ടുണ്ട്. തമീമും സൗമ്യ സര്‍ക്കാരും മികച്ച തുടക്കമാണ് നല്‍കിയത്. ലിറ്റണ്‍ ദാസിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. താരം പൊതുവേ ടോപ് 3ല്‍ ബാറ്റ് ചെയ്യുന്ന ആളാണ്, ലിറ്റണിനോട് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് കടന്ന കൈയ്യാണെങ്കിലും തന്റെ ദൗത്യം ഇന്ന് ലിറ്റണ്‍ ദാസ് നിറവേറ്റിയെന്നും ടീമിനു അത് ഏറെ ഗുണകരമായി എന്നും മൊര്‍തസ പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നു, അതിലെ ആദ്യ പടിയാണ് ഇന്നത്തെ വിജയമെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ഡെത്ത് ഓവറുകള്‍ എറിയുവാന്‍ ആവശ്യത്തിനു ബൗളര്‍മാരുണ്ടെന്നും അതിനാല്‍ അത് ഒരു തലവേദനയല്ലെന്നും മൊര്‍തസ പറഞ്ഞു.

താന്‍ മെച്ചപ്പെടാനുണ്ടെന്ന് സമ്മതിക്കുന്നു, മുഴുവന്‍ ക്വോട്ട എറിയേണ്ടതില്ലെന്ന് വിശ്വസിക്കുന്നു

ലോകകപ്പില്‍ ബംഗ്ലാദേശ് നായകനായ മഷ്റഫെ മൊര്‍തസയ്ക്ക് ബൗളിംഗില്‍ അത്ര മികച്ച ഫോമൊന്നുമല്ല ഇതുവരെ പുറത്തെടുക്കുവാനായത്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ 21 ഓവറില്‍ നിന്ന് 149 റണ്‍സ് വഴങ്ങിയ താരം ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് നേടിയിട്ടുള്ളത്. താന്‍ അത്ര മികച്ച ഫോമിലല്ലെന്നും ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും സമ്മതിച്ച മൊര്‍തസ താന്‍ മുഴുവന്‍ ക്വോട്ടയും എറിയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ താന്‍ എട്ട്-ഒമ്പത് ഓവര്‍ വരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവസാന ഓവറില്‍ 18 റണ്‍സ് വഴങ്ങേണ്ടി വന്നത് തന്റെ പത്തോവറിലെ വഴങ്ങിയ റണ്‍സ് 68 ആക്കി ഉയര്‍ത്തി. താന്‍ മുഴുവന്‍ ഓവറുകളും എപ്പോളും എറിയണമെന്ന ചിന്ത തനിക്കൊരിക്കലുമില്ല എന്നും മൊര്‍തസ പറഞ്ഞു. മറ്റാരെങ്കിലും മികച്ച രീതിയില്‍ പന്തെറിയുകയാണെങ്കില്‍ താന്‍ അവര്‍ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും മൊര്‍തസ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ ക്വോട്ടയും പൂര്‍ത്തിയാക്കേണ്ടി വരുന്ന സാഹചര്യത്തില്‍ താന്‍ കുറച്ച് കൂടി മികവ് പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് മൊര്‍തസ പറഞ്ഞു.

താന്‍ മികവ് പുലര്‍ത്തുന്നില്ലെന്നത് ശരിയാണെന്നും അതിനാല്‍ തന്നെ താന്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്നും ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ തന്നില്‍ നിന്ന് മികച്ച പ്രകടനമാണ് ഏവരും പ്രതീക്ഷിക്കുന്നതെന്നും അതില്ലാത്തപ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും മൊര്‍തസ പറഞ്ഞു. ആളുകള്‍ എന്ത് പറയുന്നതിനെക്കാള്‍ സ്വയം എന്ത് തോന്നുന്നുവെന്നതാണ് പ്രധാനം. ഞാന്‍ മോശമാണെങ്കില്‍ എനിക്ക് സ്വയം ഞാന്‍ മോശമാണെന്ന് തോന്നും അപ്പോള്‍ കാണികള്‍ എന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും മഷ്റഫെ മൊര്‍തസ പറഞ്ഞു.

കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ ബൈര്‍സ്റ്റോ പുറത്ത്

തന്റെ കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായി ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ. ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ എറിഞ്ഞ 20ാം ഓവറിന്റെ ആദ്യ പന്തില്‍ ആണ് ബൈര്‍സ്റ്റോ പുറത്തായത്. 50 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 128 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി നേടിയത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ബൈര്‍സ്റ്റോ ഇന്ന് മികച്ച രീതിയിലാണ് റോയിയ്ക്ക് പിന്തുണ നല്‍കിയത്. മെഹ്ദി ഹസന്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് മൊര്‍തസയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തത്.

Exit mobile version