മോശം ക്രിക്കറ്റല്ല ബംഗ്ലാദേശ് കളിച്ചത്, കാഴ്ചവെച്ചത് അഭിമാനാര്‍ഹമായ പോരാട്ടം

ന്യൂസിലാണ്ടിനോട് രണ്ട് വിക്കറ്റ് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നുവെങ്കിലും തന്റെ ടീം മോശം ക്രിക്കറ്റല്ല കളിച്ചതെന്ന് പറഞ്ഞ് മഷ്റഫെ മൊര്‍തസ. ന്യൂസിലാണ്ടിനെ വിജയത്തിനായി അവസാന നിമിഷം വരെ പോരാടേണ്ടി വരുന്ന സ്ഥിതിയിലേക്ക് എത്തിയ്ക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചിരുന്നു. 245 റണ്‍സെന്ന ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ടിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തുവാനായത് തന്നെ വലിയ നേട്ടമാണെന്നാണ് മൊര്‍തസ പറഞ്ഞ്.

ഓവലിലെ പിച്ച് റണ്ണൊഴുകുന്ന പിച്ചാണ്, അവിടെ ന്യൂസിലാണ്ട് പോലുള്ള ടീമിനെ ബുദ്ധിമുട്ടിപ്പിക്കുവാന്‍ സാധിച്ചുവെങ്കില്‍ അത് ബംഗ്ലാദേശ് ടീമിനു അഭിമാന നിമിഷം തന്നെയാണ്. അടുത്ത മത്സരം ടൂര്‍ണ്ണമെന്റിലെ തന്നെ കരുത്തരായ ഇംഗ്ലണ്ടിനോടാണ്, അതിനാല്‍ തന്നെ കൂടുതല്‍ ശ്രമകരമാകും. എന്നാല്‍ മികച്ച ക്രിക്കറ്റ് കളിച്ചാല്‍ പ്രയാസകരമെങ്കിലും വിജയം കിട്ടാക്കനിയല്ലെന്ന് മൊര്‍തസ പറഞ്ഞു.

 

മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്ന് മൊര്‍തസ

ബംഗ്ലാദേശിനെ 244 റണ്‍സിനു ചുരുട്ടിക്കെട്ടിയെങ്കിലും ന്യൂസിലാണ്ടിന്റെ വിജയം ആധികാരികമായിരുന്നില്ല. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനു 2 വിക്കറ്റിന്റെ വിജയമാണ് 47.1 ഓവറില്‍ നേടാനായത്. റോസ് ടെയിലര്‍ നേടിയ 82 റണ്‍സാണ് മത്സരം ന്യൂസിലാണ്ടിനു അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ മത്സരത്തിലെ ഏറെ നിര്‍ണ്ണായകമായ ഒരു കൂട്ടുകെട്ടായിരുന്നു ന്യൂസിലാണ്ടിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്.

55/2 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത് ഈ കൂട്ടുകെട്ടായിരുന്നു. 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ എന്നാല്‍ തന്റെ വ്യക്തിഗത സ്കോര്‍ 8ല്‍ നില്‍ക്കെ വലിയൊരു റണ്ണൗട്ട് വെല്ലുവിളിയെയാണ് അതിജീവിച്ചത്. മുഷ്ഫിക്കുര്‍ സ്റ്റംപുകള്‍ തകര്‍ക്കുമ്പോള്‍ വില്യംസണ്‍ ക്രീസിലെത്തിയില്ലായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ തന്റെ മുട്ട് കൊണ്ടാണ് വിക്കറ്റുകളെ തകര്‍ക്കുന്നതെന്ന് റീപ്ലേയില്‍ വ്യക്തമാകുകയായിരുന്നു. ഈ ലഭിച്ച ജീവന്‍ ന്യൂസിലാണ്ട് വിജയത്തില്‍ ഏറെ നിര്‍ണ്ണായകമാകുകയും ചെയ്തു.

എന്നാല്‍ ഈ തെറ്റിനു മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറയുന്നത്. ഇത്തരത്തിലുള്ള തെറ്റുകള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത് മത്സരത്തിലെ വളരെ വലിയ നിര്‍ണ്ണായക മുഹൂര്‍ത്തമാണെന്നത് സത്യമാണ്. പക്ഷേ ഇത്തരം തെറ്റുകള്‍ മത്സരത്തിന്റെ ഭാഗമാണ്, ആരും ഇത്തരം തെറ്റുകള്‍ അറിഞ്ഞോണ്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും മൊര്‍തസ പറഞ്ഞു.

തമീം ഇക്ബാലിന്റെ ത്രോ വിക്കറ്റിനു മുന്നില്‍ ചെന്ന് പിടിക്കുവാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ കൈമുട്ട് വിക്കറ്റുകളില്‍ പതിച്ചത്.

ഇത് തയ്യാറെടുപ്പുകളുടെ വിജയം, ആദ്യ മത്സരം ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നുവെന്ന് വിശ്വസിക്കുന്നു

തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടാനായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. നേരത്തെ അയര്‍ലണ്ടിലെത്തി അവിടെ വിജയിച്ചത് സാഹചര്യങ്ങളെ മനസ്സിലാക്കുവാന്‍ ടീമിനെ സഹായിച്ചുവെന്ന് പറഞ്ഞ മൊര്‍തസ് ആദ്യ മത്സരം എപ്പോളും ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നതാണെന്നും അത് ദക്ഷിണാഫ്രിക്ക പോലൊരു ടീമിനെതിരെ വിജയത്തോടെ തുടങ്ങാനായതില്‍ ടീമിനു വലിയ ആത്മവിശ്വാസം നല്‍കുമെന്നും മൊര്‍തസ പറഞ്ഞു.

നേരത്തെ ഒരു മത്സരത്തില്‍ ഉപയോഗിച്ച വിക്കറ്റെന്ന നിലയില്‍ ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നതില്‍ പ്രശ്നമില്ലായിരുന്നുവെന്നതായിരുന്നു തന്റെ തോന്നലെന്ന് പറഞ്ഞ മര്‍തസ സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കത്തെ പ്രശംസിച്ചു. മുഷ്ഫിക്കുറും ഷാക്കിബും നല്‍കിയ കൂട്ടുകെട്ടും അവസാന ഓവറുകളില്‍ മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും നടത്തിയ വെടിക്കെട്ടും ടീമിനെ തുണച്ചുവെന്ന് മൊര്‍തസ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവരെ എല്ലാവരെക്കാളും സൗമ്യ സര്‍ക്കാര്‍ നല്‍കിയ തുടക്കമാണ് ടീമിനു ഗുണം ചെയ്തതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മൊര്‍തസ പറഞ്ഞു.

ആരാധകരുടെ പിന്തുണ തുടര്‍ന്നുള്ള മത്സരങ്ങളിലും പ്രതീക്ഷിക്കുന്നു

ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിജയത്തെ വളരെ വലിയ ആരാധകൂട്ടമാണ് സാക്ഷ്യം വഹിച്ചത്. ഈ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മഷ്റഫെ മൊര്‍തസ തങ്ങള്‍ക്ക് ഇനിയുള്ള മത്സരങ്ങളിലും ഇവരുടെ പിന്തുണ ഇത് പോലെ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. സമാനമായ രീതിയില്‍ നാട്ടിലുള്ളവരും അടുത്ത മത്സരത്തില്‍ വിജയ പ്രതീക്ഷ പുലര്‍ത്തുവാന്‍ തുടങ്ങിക്കാണെന്നും അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൊര്‍തസ പറഞ്ഞു.

മികച്ച സ്കോര്‍ നേടിയെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ മത്സരം കൈവിട്ട് പോകുമെന്ന് തനിയ്ക്കും ടീമിനും ബോധ്യമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ ശരിയായ ഇടങ്ങളില്‍ പന്തെറിയുവാനായിരുന്നു വിക്കറ്റുകള്‍ നേടുവാനുള്ള ആദ്യ പടിയെന്നും മൊര്‍തസ പറഞ്ഞു. മുസ്തഫിസുറിനും സൈഫുദ്ദീനും വിക്കറ്റ് നേടിക്കൊടുക്കുവാന്‍ വേണ്ട സാഹചര്യങ്ങള്‍ സ്പിന്നര്‍മാരുണ്ടാക്കികൊടുത്തുവെന്നും ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പില്‍ ഏറ്റവും അധികം വിജയം നേടുന്ന ബംഗ്ലാദേശ് നായകനായി മഷ്റഫെ മൊര്‍തസ

ലോകകപ്പില്‍ ബംഗ്ലാദേശിനു വേണ്ടി ഏറ്റവും അധികം വിജയം നേടുന്ന നായകനായി മഷ്റഫെ മൊര്‍തസ. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ആധികാരിക ജയത്തോടെ 6 മത്സരങ്ങളില്‍ നിന്ന് താരത്തിനു കീഴില്‍ ബംഗ്ലാദേശ് 4 വിജയം കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ മൊര്‍തസയും ഷാക്കിബ് അല്‍ ഹസനും 3 വിജയങ്ങളാണ് പങ്കുവെച്ചിരുന്നത്. ലോകകപ്പില്‍ ഷാക്കിബ് 7 മത്സരങ്ങളില്‍ ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്.

ഇന്നത്തെ പ്രകടനത്തോടെ മൊര്‍തസയുടെ കീഴില്‍ ഇനിയും വിജയങ്ങള്‍ ലോകകപ്പില്‍ കരസ്ഥമാക്കുവാന്‍ സാധിക്കുമെന്നാണ് ബംഗ്ലാദേശ് വിശ്വസിക്കുന്നത്. ഹബീബുള്‍ ബഷര്‍(9 മത്സരങ്ങളില്‍ മൂന്ന് വിജയം), അമിനുള്‍ ഇസ്ലാം(5 മത്സരങ്ങളില്‍ രണ്ട് വിജയം), ഖലീദ് മഷൂദ്(6 മത്സരങ്ങളില്‍ നിന്ന് വിജയമൊന്നുമില്ല) എന്നിവരാണ് ബംഗ്ലാദേശിനെ ലോകകപ്പില്‍ നയിച്ച നായകന്മാര്‍.

5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല് വിക്കറ്റ് പ്രകടനവും മഷ്റഫെ മൊര്‍തസ നേടിയ മൂന്ന് വിക്കറ്റുമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ഷായി ഹോപും(87) ജേസണ്‍ ഹോള്‍ഡറും(62) നേടിയ അര്‍ദ്ധ ശതകങ്ങളാണ് വിന്‍ഡീസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം രേഖപ്പെടുത്തിയത്. മുഷ്ഫിക്കുര്‍ റഹിം 63 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 54 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാര്‍ നിര്‍ണ്ണായ പ്രകടനം നടത്തി. മുഹമ്മദ് മിഥുന്‍ 43 റണ്‍സും മഹമ്മദുള്ള പുറത്താകാതെ 30 റണ്‍സും നേടി ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തമീം ഇക്ബാല്‍(21), ഷാക്കിബ് അല്‍ ഹസന്‍(29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

വിന്‍ഡീസിനു വേണ്ടി ആഷ്‍ലി നഴ്സ് മൂന്ന് വിക്കറ്റും കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

തുടര്‍ച്ചയായ രണ്ടാം ശതകം നേടി ഷായി ഹോപ്, ബംഗ്ലാദേശിനെതിരെ 261 റണ്‍സ് നേടി വിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത് 261 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപിന്റെ ശകത്തിന്റെ ബലത്തിലാണ് വിന്‍ഡീസ് ഈ സ്കോര്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹോപ് അയര്‍ലണ്ടിനെതിരെ ശതകം നേടിയിരുന്നു. ഷായി ഹോപ് 132 പന്തില്‍ നിന്ന് 109 റണ്‍സാണ് നേടിയത്.

ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മികച്ച രീതിയില്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. 205/2 എന്ന നിലയില്‍ നിന്ന് 219/6 എന്ന നിലയിലേക്ക് വീണ വിന്‍ഡീസ് 50 ഓവറില്‍ നിന്ന് 261 റണ്‍സാണ് 9 വിക്കറ്റ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി മഷ്റഫെ മൊര്‍തസ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വിന്‍‍ഡീസ് ബാറ്റിംഗിന്റെ നെടുംതൂണായത് 115 റണ്‍സ്  നേടിയ റോഷ്ടണ്‍ ചേസ്-ഷായി ഹോപ് എന്നിവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. റോഷ്ടണ്‍ ചേസ് 51 റണ്‍സ് നേടിയപ്പോള്‍ സുനില്‍ ആംബ്രിസ് 38 റണ്‍സ് നേടി. അവസാന ഓവറുകളില്‍ 19 റണ്‍സുമായി ആഷ്‍ലി നഴ്സാണ് ടീമിന്റെ സ്കോര്‍ 261 റണ്‍സിലേക്ക് എത്തിച്ചത്.

സ്മിത്ത് വീണ്ടും പരാജയം, കോമില്ലയെ എറിഞ്ഞിട്ട് മഷ്റഫെ മൊര്‍തസ്, രംഗ്പൂര്‍ റൈഡേഴ്സിനു മികച്ച ജയം

മഷ്റഫെ മൊര്‍തസയുടെ ബൗളിംഗ് മികവില്‍ കോമില്ല വിക്ടോറിയന്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. സ്റ്റീവന്‍ സ്മിത്ത് ഉള്‍പ്പെടെ ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റുകള്‍ മൊര്‍തസ വീഴ്ത്തിയപ്പോള്‍ കരകയറാനാകാതെ കോമില്ല വിക്ടോറിയന്‍സ് കീഴടങ്ങുകയായിരുന്നു. 16.2 ഓവറില്‍ 63 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ 25 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയാണ് ടീമിന്റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും തന്നെ വിക്ടോറിയന്‍സിനായി രണ്ടക്കം കടക്കാനായില്ല. നസ്മുള്‍ ഇസ്ലാം മൂന്നും ഷൈഫുള്‍ ഇസ്ലാം രണ്ടും വിക്കറ്റ് നേടി.

ക്രിസ് ഗെയില്‍ പരാജയപ്പെട്ടുവെങ്കിലും മെഹ്ദി മാറൂഫ്(36*), റീലി റൂസോ(20*) എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ വിജയം 12 ഓവറില്‍ സാധ്യമാക്കുകയായിരുന്നു.

രണ്ടാം ഏകദിനം കൈവിട്ടത്തിനു പിന്നില്‍ ഫീല്‍ഡിംഗും അവസാന ഓവറുകളിലെ ബാറ്റിംഗും: മൊര്‍തസ

ബംഗ്ലാദേശിന്റെ രണ്ടാം ഏകദിനത്തിലെ തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. കൈവിട്ട ക്യാച്ചുകളും അവസാന ഓവറുകളിലെ ബാറ്റിംഗുമാണ് ടീമിനെ പിന്നോട്ടടിച്ചതെന്നാണ് മൊര്‍തസയുടെ അഭിപ്രായം. നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളിലെ ആദ്യ തോല്‍വിയാണ് ടീമിനു ഇന്നലെ നേരിടേണ്ടി വന്നത്. ജയത്തോടെ വിന്‍ഡീസ് പരമ്പരയിലെ വിജയ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്. 146 റണ്‍സ് നേടിയ ഷായി ഹോപിന്റെ മികവിലാണ് വിന്‍ഡീസ് പരമ്പരയില്‍ 1-1നു ഒപ്പമെത്തിയത്.

15-20 റണ്ണുകള്‍ കുറവാണ് ടീം നേടിയത്. 300നടുത്തുള്ള സ്കോറാണ് ബംഗ്ലാദേശ് നേടേണ്ടിയിരുന്നത്. എന്നാല്‍ മഹമ്മദുള്ള പുറത്തായത് ടീമിനു തിരിച്ചടിയായി. മത്സരത്തില്‍ മൂന്നോളം ക്യാച്ചുകളാണ് ബംഗ്ലാദേശ് കൈവിട്ടത്. ഇതില്‍ ഏഴാം വിക്കറ്റില്‍ ഷായി ഹോപുമായി ചേര്‍ന്ന് 71 റണ്‍സ് നേടിയ കീമോ പോളിന്റെ രണ്ട് അവസരങ്ങളും ഉള്‍പ്പെടുന്നു.

പോള്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിന്‍ഡീസ് 2 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ പിഴവുകള്‍ അടുത്ത മത്സരത്തില്‍ ഒഴിവാക്കേണ്ടതാണെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

ലക്ഷ്യം 2019 ലോകകപ്പ് വരെ കളിയ്ക്കുക: മൊര്‍തസ

അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പ് വരെ ബംഗ്ലാദേശിനു വേണ്ടി കളിയ്ക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് അറിയിച്ച് മഷ്റഫേ മൊര്‍തസ. 2017 ഏപ്രിലില്‍ ടി20യില്‍ നിന്ന് വിരമിച്ച മൊര്‍തസ ഉടന്‍ തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ തീരുമാനം അറിയിക്കുമെന്നാണ് സൂചിപ്പിച്ചത്. അത് തനിക്ക് ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സജീവമാകുന്നതിനു വേണ്ടിയാണെന്നാണ് താരം അഭിപ്രായപ്പെട്ടത്. ടെസ്റ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിക്കുമ്പോളും 2009നു ശേഷം മൊര്‍തസ ടെസ്റ്റില്‍ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടില്ല എന്ന വസ്തുതയും പ്രേക്ഷകര്‍ മനസ്സിലാക്കേണ്ടതുണ്ട്.

വ്യക്തിപരമായ തന്റെ ലക്ഷ്യം ലോകകപ്പ് വരെ കളിക്കുക എന്നതാണ്. 2017 ചാമ്പ്യന്‍സ് ട്രോഫിയുടെ സമയത്ത് താന്‍ വിരമിക്കുവാനുള്ള ആലോചനകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് മൊര്‍തസ പറഞ്ഞത്. ഫിറ്റ്നെസും ഫോമും താന്‍ പ്രതീക്ഷിക്കുന്നത് പോലെ നിലനില്‍ക്കുന്നതിനാലാണ് ലോകകപ്പ് വരെ തുടരുവാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ തനിക്ക് ഫോമും ഫിറ്റ്നെസും ഇതുപോലെ തുടരുവാന്‍ സാധിച്ചില്ലെങ്കില്‍ വിരമിക്കല്‍ തീരുമാനം പ്രതീക്ഷിക്കാവുന്നതാണെന്നും താരം കൂട്ടിചേര്‍ത്തു. ലോകകപ്പിനു ശേഷം കളി തുടരണമോ എന്നത് അപ്പോള്‍ മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു.

ആ ഒരു ജയം മതി, ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രം മാറുവാന്‍: സ്റ്റീവ് റോഡ്സ്

ബംഗ്ലാദേശിനു കിട്ടാക്കനിയായ ഫൈനല്‍ മത്സര ജയം ഒരു തവണ സ്വന്തമാക്കാനായാല്‍ ടീമിന്റെ ആത്മവിശ്വാസം തന്നെ മാറിമറിയുമെന്ന് അറിയിച്ച് ടീം കോച്ച് സ്റ്റീവ് റോഡ്സ്. ആറാമത്തെ തവണയാണ് ഫൈനലില്‍ ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങുന്നത്. അതിനു പുറമേ നാലോളം വലിയ പരമ്പരകളില്‍ മൂന്ന് തവണയെങ്കിലും പരമ്പര വിജയിക്കുവാനുള്ള അവസരം ടീം നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മാറി മറിയുവാന്‍ ഒരു ഫൈനലിലെ വിജയം മാത്രം മതിയെന്നാണ് ബംഗ്ലാദേശ് കോച്ച് അഭിപ്രായപ്പെടുന്നത്.

നിദാഹസ് ട്രോഫിയില്‍ കൈപ്പിടിയിലൊതുങ്ങിയ മത്സരമാണ് നഷ്ടമായതെങ്കില്‍ ഏഷ്യ കപ്പില്‍ അവസാന ഓവര്‍ വരെ പൊരുതിയ ശേഷം ഇന്ത്യ വിജയം കൊയ്തു. ഒരു വിജയം സ്വന്തമാക്കാനായാല്‍ ബംഗ്ലാദേശ് മാനസികമായി ഈ കഷ്ടതകളെ മറികടക്കുമെന്നാണ് റോഡ്സ് പറയുന്നത്.

കോച്ചിനോട് സമാനമായ അഭിപ്രായമാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയും അഭിപ്രായപ്പെട്ടത്. മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞതില്‍ ബാറ്റിംഗ് നിരയ്ക്ക് തുല്യമായ പങ്കുണ്ടെന്നാണ് മഷ്റഫേ മൊര്‍തസ അഭിപ്രായപ്പെട്ടത്. വലിയ മത്സരത്തിന്റെ സമ്മര്‍ദ്ദമാവാം മധ്യ നിരയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ബംഗ്ലാദേശ് നായകന്‍ അഭിപ്രായപ്പെട്ടു.

രോഹിത് മികച്ച നായകന്‍ പക്ഷേ മഷ്റഫേ മൊര്‍തസ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ചത്: റമീസ് രാജ

ബംഗ്ലാദേശിനെ വിജയകിരീടത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഏഷ്യ കപ്പിലെ ഏറ്റവും മികച്ച നായകനായി താന്‍ വിലയിരുത്തുന്നത് മഷ്റഫേ മൊര്‍തസയെയാണെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. ടീമിലെ പല പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റുവെങ്കിലും ടീമിന്റെ പ്രകടനത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് മൊര്‍തസ മത്സര ശേഷം പറഞ്ഞിരുന്നു.

പാക്കിസ്ഥാനെതിരെ 37 റണ്‍സ് വിജയം നേടി ഫൈനലില്‍ കടന്ന ബംഗ്ലാദേശ് ഇന്ത്യയെ അവസാന നിമിഷം വരെ വെള്ളംകുടിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. തമീം ഇക്ബാലിനെ ആദ്യ മത്സരത്തില്‍ തന്നെ നഷ്ടമായ ടീമിനു നിര്‍ണ്ണായക മത്സരത്തിനു മുമ്പ് ഷാക്കിബ് അല്‍ ഹസനെയും പരിക്ക് മൂലം നഷ്ടമായിരുന്നു. മൊര്‍തസയും മുഷ്ഫിക്കുര്‍ റഹിമും പരിക്കുമായാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

രോഹിത് മികച്ചൊരു നായകനാണെങ്കില്‍ ടൂര്‍ണ്ണമെന്റിലെ തന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ മൊര്‍തസയാണെന്നും അദ്ദേഹത്തെ തന്നെ ടൂര്‍ണ്ണമെന്റിലെ ക്യാപ്റ്റനായും താന്‍ വിലയിരുത്തുമെന്ന് തന്റെ ട്വിറ്ററിലൂടെ റമീസ് രാജ വ്യക്തമാക്കി.

ബംഗ്ലാദേശ് നായകന്മാരില്‍ എറ്റവുമധികം വിജയ ശതമാനമുള്ള നായകനും മൊര്‍തസ തന്നെയാണ്. ഷാക്കിബ് അല്‍ ഹസന്‍, ഹബീബുള്‍ ബഷര്‍ എന്നിവരെക്കാള്‍ വിജയ ശതമാനം കൂടിയ താരമാണ് മഷ്റഫേ മൊര്‍തസ.

Exit mobile version